“നബിയേ, ഒമാനികൾക്ക് വേണ്ടി ദുആ ചെയ്യൂ.” അതായിരുന്നു അദ്ദേഹത്തിന്റെ ആദ്യ അപേക്ഷ.
“അല്ലാഹ്! അവരെ നീ സന്മാർഗത്തിലേക്ക് വഴി നടത്തണമേ, അവർക്ക് സ്ഥൈര്യം നൽകേണമേ.”
‘ഇനിയും പ്രാർത്ഥിക്കൂ നബിയേ!’
“അവർക്ക് ധാർമികതയും സ്വയംപര്യാപ്തതയും ആത്മസംതൃപ്തിയും നൽകണേ അല്ലാഹ്.”
“തിരുനബിയേ, അപ്പുറത്ത് ഒരു കടൽ ഇരമ്പുന്നുണ്ട്. ഞങ്ങളുടെ അന്നത്തിലും കന്നുകാലികളിലും ഐശ്വര്യം ഉണ്ടാകാൻ പ്രാർത്ഥിക്കണേ”.
തിരുനബി വീണ്ടും പ്രാർത്ഥിച്ചു: “അല്ലാഹുവേ!, അവരുടെ സുപ്രധാന വരുമാനം അവരുടെ കടലിൽ നിന്നാക്കേണമേ. അവരുടെ അന്നത്തിൽ നീ ബറക്കത്ത് ചെയ്യേണമേ.”
‘ഇനിയും,” മാസിൻ വീണ്ടും ആവശ്യപ്പെട്ടു.
നബി ﷺ പ്രാർത്ഥന തുടർന്നു: “ബാഹ്യ ശക്തികൾക്ക് ഇവർക്കുമേൽ നീ ആധിപത്യം നൽകരുതേ, നീ ആമീൻ എന്നു പറയൂ. ആമീൻ പറയുന്നിടത്ത് ഉത്തരം ലഭിക്കും.” തിരുനബി ﷺ കൂട്ടിച്ചേർത്തു. മതിവരുവോളം അവിടുന്ന് പ്രാർത്ഥിച്ചു കൊടുത്തു.
മദീനയിൽനിന്ന് രണ്ടായിരത്തിലേറെ കിലോമീറ്ററുകൾക്കിപ്പുറമുള്ള, ലോകത്തെ ഏറ്റവും വരണ്ട മരുപ്രദേശമായ എംറ്റി ക്വാർട്ടറിനപ്പുറം സ്ഥിതി ചെയ്യുന്ന യമനിനോട് ചേർന്ന് കിടക്കുന്ന ഒമാൻ എന്ന നാട്ടിൽനിന്ന് വന്ന മാസിൻ എന്നയാളാണ് തിരുനബിയെ കൊണ്ട് ഇങ്ങനെ പ്രാർത്ഥിപ്പിക്കുന്നത്. ഇദ്ദേഹം ഇവിടെ എത്തിപ്പെട്ട ചരിത്രം അതിശയകരമാണ്. ആ വിചിത്ര സംഭവം നോക്കൂ: ഒമാനിലെ സമാഈൽ എന്ന പ്രദേശത്താണ് ഇദ്ദേഹം ജനിച്ചതും വളർന്നതും.
നിയമങ്ങളോ നിയന്ത്രണങ്ങളോ ഇല്ലാത്ത അടിപൊളി ജീവിതമായിരുന്നു മാസിൻ്റേത്. ലഹരി ആവോളം കുടിക്കുന്നതിന് അവർക്കിടയിൽ ഒരു പ്രശ്നവും ഉണ്ടായിരുന്നില്ല. സുന്ദരികളായ ഏത് സ്ത്രീകളെയും ലൈംഗികമായി ഉപയോഗിക്കാമായിരുന്നു. ആട്ടവും പാട്ടും കൂത്തും ഒക്കെയായി ഒരു സ്വച്ഛന്ദ വിഹാരം.
ധൈഷണിക നിലവാരം വളരെ കുറഞ്ഞ സമൂഹം. അല്ലാഹുവിന് പുറമെ കല്ലുകളെയും മരങ്ങളെയും അവർ ആരാധിച്ചു. ശൗച്യം ചെയ്യാനായി അവർ മൂന്നു കല്ലുകൾ എടുത്താൽ, രണ്ടു കല്ലുകളെ അതിനുവേണ്ടി ഉപയോഗിച്ച ശേഷം കൂട്ടത്തിൽ സുന്ദരമായ കല്ലിനെ ആരാധിക്കാൻ വേണ്ടി മാറ്റിവെക്കും. കുറേക്കാലം അതിനെ ആരാധിച്ചു നടക്കുന്നതിനിടയിൽ അതിനേക്കാൾ സുന്ദരമായ മറ്റൊരു കല്ല് കണ്ടാൽ പഴയതിനെ ഉപേക്ഷിച്ച് പുതിയതിനെ ആരാധിക്കും. തങ്ങളുടെ കൈകൊണ്ട് കൊത്തി ഉണ്ടാക്കിയ ആ കല്ലുകൾ ഒരു ഉപകാരവും ഉപദ്രവവും ചെയ്യില്ല എന്ന് അവർക്കറിയാം. എങ്കിലും അവർ അതിൽ ദൈവികത ചാർത്തി. അവയ്ക്ക് എന്തിനൊക്കെയോ കഴിയുമെന്ന് അവർ സമാശ്വസിച്ചു. അവയെ പരമമായി വണങ്ങി. മാസിൻ ആരാധിച്ചിരുന്ന വിഗ്രഹത്തിൻ്റെ പേര് ‘നാജിർ’ എന്നായിരുന്നു.
ഒരു ദിവസം ആരാധന അർപ്പിക്കുമ്പോൾ അസ്വാഭാവികമായ ഒരു സംഭവമുണ്ടായി. വിഗ്രഹത്തിൻ്റെ ഉള്ളിൽ നിന്നും ഒരു അശരീരി കേൾക്കുന്നു. അത് ഇങ്ങനെ വായിക്കാം. “മാസിൻ, കേൾക്കൂ സന്തോഷിക്കു.. നന്മ സമാഗതമായിരിക്കുന്നു. തിന്മ അപ്രത്യക്ഷമായിരിക്കുന്നു. അതിമഹത്തായ മതസംഹിതയുമായി മുദറിൽനിന്ന് പ്രവാചകൻ വന്നിരിക്കുന്നു. കല്ലിൽ കൊത്തിയുണ്ടാക്കപ്പെടുന്ന ഈ വിഗ്രഹത്തിനെ ഉപേക്ഷിച്ച് കത്തിയാളുന്ന നരകാഗ്നിയിൽനിന്ന് രക്ഷപ്പെടൂ….”
കുറച്ചു കഴിഞ്ഞപ്പോൾ വീണ്ടും അശരീരി ഉയരുകയായി “കടന്നുവരൂ, എല്ലാവർക്കും വ്യക്തമാകാൻ പോകുന്ന കാര്യം നിനക്ക് ഞാൻ പറഞ്ഞു തരാം. ദൈവത്തിൽനിന്ന് അവതീർണമായ സത്യസന്ധമായ സന്ദേശവുമായി ദൈവദൂതൻ നിയോഗിതരായിരിക്കുന്നു. അദ്ദേഹത്തിൽ വിശ്വസിക്കൂ. കത്തിജ്വലിക്കുന്ന അഗ്നികുണ്ഡത്തിൽനിന്ന് നിനക്ക് രക്ഷപ്പെടാം.”
ഈ സംഭവം അദ്ദേഹത്തെ ആഴത്തിൽ സ്പർശിച്ചു. ആലോചിച്ച് നടക്കുന്നതിനിടെ ഒരാളെ കണ്ടു. അദ്ദേഹം ഹിജാസിൽനിന്ന് വരികയാണ്. (മക്ക മദീന ഉൾപ്പെടെ ഇന്നത്തെ സൗദി അറേബിയയുടെ ഒട്ടുമിക്ക പടിഞ്ഞാറൻ തീരവും അന്ന് ഹിജാസ് എന്നാണ് അറിയപ്പെട്ടിരുന്നത്). അദ്ദേഹത്തോട് വിശേഷങ്ങൾ അന്വേഷിച്ചപ്പോൾ അയാൾ പറയുകയാണ്: “അബ്ദുൽ മുത്തലിബിൻ്റെ മകൻ അബ്ദുല്ലയുടെ മകൻ മുഹമ്മദ് അദ്ദേഹത്തെ സമീപിക്കുന്നവരോട് ഇങ്ങനെ പറയാൻ തുടങ്ങിയിരിക്കുന്നു:”
“അല്ലാഹുവിലേക്ക് വിളിക്കുന്ന ഈ പ്രബോധകനെ നിങ്ങൾ ശ്രവിക്കൂ. ഞാൻ അഹങ്കാരിയോ പരാക്രമിയോ അല്ല. ഞാൻ ദുരഭിമാനിയോ ധിക്കാരിയോ അല്ല. അല്ലാഹുവിലേക്കാണ് ഞാൻ നിങ്ങളെ ക്ഷണിക്കുന്നത്. വിഗ്രഹങ്ങളെ നിങ്ങൾ ഉപേക്ഷിക്കൂ. ആകാശഭൂമികളുടെ വിശാലതയുള്ള സ്വർഗ്ഗമായിരിക്കും അതിൻ്റെ പ്രതിഫലം. അന്തേവാസിക്ക് ഒരാശ്വാസം ലഭിക്കാത്ത, ജ്വാലകൾ അടങ്ങാത്ത നരകത്തിൽനിന്ന് നിങ്ങളെ നാം രക്ഷപ്പെടുത്തും.”
ഇതുകേട്ടപ്പോൾ വിഗ്രഹത്തിൻ്റെ ഉള്ളിൽനിന്ന് വന്ന സന്ദേശം ഓർമ്മ വന്നു. അതു തന്നെയാണല്ലോ ഇത്. പിന്നെ താമസിച്ചില്ല, തൻ്റെ വാഹനമെടുത്ത് അദ്ദേഹം മദീനയിലേക്ക് കുതിച്ചു. ബഹുദൈവ വിശ്വാസത്തിലും മറ്റു മഹാ പാപങ്ങളിലും അഭിരമിച്ചിരുന്ന മാസിൻ, തന്നെ കഴുകി വൃത്തിയാക്കാൻ തിരുനബിയോട് ആവശ്യപ്പെടുന്നു.
“തിരുനബിയെ, ഞാൻ കള്ളുകുടിച്ച്, പെണ്ണ് പിടിച്ച്, ആർമാദിച്ച് നടന്നവനായിരുന്നു. എൻ്റെ പണം അധികവും ഞാൻ അതിനായി തുലച്ചു. എനിക്കാണെങ്കിൽ ഒരു കുട്ടിയുമില്ല. ഈ പ്രയാസത്തിൽനിന്ന് എന്നെ കരകയറ്റുന്നതിനും ലജ്ജയുള്ളവനാകാനും അങ്ങ് അല്ലാഹുവിനോട് പ്രാർത്ഥിക്കണം. എനിക്ക് കൺകുളിർമയായ ഒരു കുഞ്ഞിനെ നൽകാനും.”
അപ്പോൾ തിരുനബി വീണ്ടും പ്രാർത്ഥിച്ചു. “മാസിനിന് ആസ്വാദനങ്ങൾക്ക് പകരമായി വിശുദ്ധ ഖുർആനെ നീ നൽകേണമേ.. നിഷിദ്ധങ്ങൾക്ക് പകരമായി അനുവദനീയമായ കാര്യങ്ങൾ നൽകേണമേ. ലഹരിയിൽ നിന്നും ലൈംഗിക അശുദ്ധിയിൽ നിന്നും മോചനം നൽകേണമേ. ലജ്ജ നൽകേണമേ. ഒരു മകനെ നൽകേണമേ.”
തിരുനബിയോട് പ്രാർത്ഥിക്കാൻ ആവശ്യപ്പെടുക മാത്രമല്ല, നേരിട്ട് പരാതികൾ ബോധിപ്പിച്ച സംഭവങ്ങളും ഒട്ടേറെയുണ്ട്. മറവി പിടിപെട്ട് അബൂഹുറൈറ തിരുനബിയെ സമീപിച്ച് വേവലാതി പറഞ്ഞപ്പോൾ, മറഞ്ഞ വഴിക്ക് തന്നെ പ്രശ്നം പരിഹരിച്ചതായി സ്വഹീഹുൽ ബുഖാരിയിൽ കാണാം. സലമയുടെ കാലിന് വെട്ടേറ്റപ്പോൾ പരാതി പറയാൻ പോയതും നബിയുടെ സന്നിധാനത്തിലേക്കാണ്.
ബേജാറും വെപ്രാളവും ഉണ്ടാകുമ്പോൾ തിരുനബിയുടെ ചാരത്ത് വേവലാതിപ്പെടുക എന്നത് സഹാബികളുടെ കാലം മുതലേ നിലവിലുള്ള സംസ്കാരമായിരുന്നു. മദീനയിൽ കടുത്ത ക്ഷാമം ബാധിച്ച സമയം. കന്നുകാലികൾ ചത്തൊടുങ്ങുന്നു. സ്ത്രീകളുടെ സ്തനങ്ങളിലെ പാലുപോലും വറ്റിയിരിക്കുന്നു. വറുതി കാരണം ആളുകളെല്ലാം അങ്കലാപ്പിലാണ്. അപ്പോഴാണ് ഒരാൾ വന്ന് ഇങ്ങനെ പാടുന്നത്:
وليس لنا الا اليك فرارنا. واينا فرار الناس الا الى الرسل
“ഞങ്ങൾ നിങ്ങളുടെ അടുത്തേക്കല്ലാതെ മറ്റെവിടേക്ക് ഓടിച്ചെല്ലാനാണ്? ദൂതന്മാരുടെ അടുക്കലേക്കല്ലാതെ മനുഷ്യർക്ക് ഓടിച്ചെല്ലാൻ ഒരു ഇടവുമില്ല.”
മാസിനിനു വേണ്ടി തിരുനബി നടത്തിയ പ്രാർത്ഥനകൾക്ക് ഉത്തരം ലഭിച്ചോ? എങ്ങനെ ഉത്തരം ലഭിക്കാതിരിക്കും? അവിടുന്ന് അല്ലാഹുവിൻ്റെ ഹബീബല്ലേ? പാപക്കറകളിൽ മുങ്ങിയ യുവത്വം അനുനിമിഷം കൊണ്ട് വിമലീകരിക്കപ്പെട്ടു. മാസിൻ തന്നെ പറയുന്നതിങ്ങനെയാണ്. “തോന്നിവാസങ്ങളോടുള്ള എൻ്റെ എല്ലാ താൽപര്യങ്ങളും അതോടെ ഇല്ലാതായി. ഞാൻ ധാരാളം ഹജ്ജുകൾ ചെയ്തു. വിശുദ്ധ ഖുർആൻ്റെ പകുതിഭാഗം ഞാൻ മനപ്പാഠമാക്കി. നാല് സ്ത്രീകളെ ഞാൻ വിവാഹം കഴിച്ചതിൽ എനിക്ക് ഒരു കുഞ്ഞു പിറന്നു. (ഒരു കുട്ടിയെയാണ് മാസിൻ ചോദിച്ചതെന്നതും ഒരു കുട്ടിക്ക് വേണ്ടിയാണ് തിരുനബി പ്രാർത്ഥിച്ചതെന്നതും ഇവിടെ ശ്രദ്ധേയമാണ്) അവന് ഞാൻ ഹയ്യാൻ എന്ന് പേരിട്ടു. ആ വർഷവും ശേഷമുള്ള വർഷങ്ങളിലും ഒമാനിൽ ഐശ്വര്യങ്ങൾ കളിയാടി”.
നല്ല ദാരിദ്ര്യമായിരുന്നു ഒമാനിൽ. വേണ്ടത്ര മത്സ്യം ഇല്ല, കാർഷിക വിഭവങ്ങൾ കുറവ്. ആ പ്രാർത്ഥനയോടെ രംഗം മാറി, നാട്ടിൽ പുരോഗതിയുണ്ടായി, വിവിധ ഇനം മത്സ്യങ്ങൾ ധാരാളമായി കിട്ടി. സവിശേഷമായ ഒമാൻ മത്തിയെക്കുറിച്ച് കേട്ടിട്ടില്ലേ. തിരുനബിയുടെ എല്ലാ പ്രാർത്ഥനകളും ഫലിച്ചു. തിരുനബിയുടെ പ്രാർത്ഥന മറ്റുള്ളവരുടെ പ്രാർത്ഥനയെ പോലെയല്ല. അങ്ങനെ കാണരുതെന്ന് ഖുർആൻ വളരെ വ്യക്തമായി പറഞ്ഞിട്ടുണ്ട്. അവിടുത്തെ പ്രഗത്ഭരായ അനുചരരിൽ ഒരാളായ അബൂഹുറൈറ തൻ്റെ ഉമ്മയെ പല പ്രാവശ്യം സന്മാർഗ്ഗത്തിലേക്ക് ക്ഷണിച്ചു. ഉമ്മ ഇസ്ലാമിലേക്ക് വരാത്തത് തനിക്ക് വലിയ മനോവേദനയുണ്ടാക്കി. പല വഴികളും നോക്കി. ഉമ്മയുടെ മനസ്സ് മാറുന്നില്ല. അതുമാത്രം പറയരുത് എന്നാണ് ഉമ്മയുടെ പക്ഷം. പ്രശ്നം തിരുനബിയുടെ മുമ്പിൽ അവതരിപ്പിക്കപ്പെട്ടു. അവിടുന്ന് പ്രാർത്ഥിച്ചു “അബൂഹുറൈറയുടെ ഉമ്മയെ നീ സന്മാർഗ്ഗത്തിലാക്കേണമേ!”
പ്രാർത്ഥന കഴിഞ്ഞ് വീട്ടിലെത്തിയ അബൂഹുറൈറ കൊട്ടിയടച്ച വാതിലാണ് കാണുന്നത്. വാതിൽ ചെന്ന് മുട്ടി. “മകനേ, സ്വല്പം കാത്തിരിക്കു, ഞാൻ കുളിക്കുകയാണ്.” ഉമ്മ അകത്ത്നിന്ന് വിളിച്ച് പറഞ്ഞു. കുളി കഴിഞ്ഞ് വൃത്തിയായി ഉമ്മ തിരിച്ചുവന്ന് വാതിൽ തുറക്കുമ്പോൾ ഇങ്ങനെ മൊഴിയുന്നുണ്ടായിരുന്നു. “അശ്ഹദു അൻ ലാ ഇലാഹ ഇല്ലല്ലാഹ്.. വ അശ്ഹദു അന്ന മുഹമ്മദൻ റസൂലുല്ലാഹ്..” (ആരാധിക്കപ്പെടാൻ അർഹനായി അല്ലാഹു അല്ലാതെ മറ്റൊന്നുമില്ലെന്നും മുഹമ്മദ് നബി അല്ലാഹുവിൻ്റെ ദൂതനാണെന്നും ഞാൻ മനസ്സിൽ ഉറപ്പിച്ച് നാവുകൊണ്ട് വ്യക്തമാക്കി പറഞ്ഞു സാക്ഷ്യം വഹിക്കുന്നു എന്നാണ് ഇതിനർത്ഥം.)
ഒരാൾ മുസ്ലിമാകാൻ ആവശ്യമായ പ്രഥമമായ രണ്ട് വാചകങ്ങളാണ് ഇത്. ഇങ്ങനെ സാക്ഷ്യം വഹിക്കുന്നതോടുകൂടി അയാളുടെ അതുവരെയുള്ള മുഴുവൻ പാപങ്ങളും മാഞ്ഞുപോയി പരിശുദ്ധ ഹൃദയത്തിനുടമയാകും. സ്വമനസ്സാൽ അംഗീകരിച്ചുകൊണ്ട് പറഞ്ഞാൽ മാത്രമേ മുസ്ലിമാകൂ. മറ്റൊരാളുടെ സമ്മർദ്ധത്താൽ വെറുതെ ഈ വാചകങ്ങൾ ഉറക്കെ പറയുന്നത് കൊണ്ട് മുസ്ലിമാകില്ല. എന്നാൽ ഒരാൾ മേൽ കാര്യങ്ങളിൽ വിശ്വസിക്കുകയും മനസ്സാ അംഗീകരിക്കുകയും ചെയ്തു. പക്ഷെ ജനങ്ങളോട് ഈ കാര്യം വെളിപ്പെടുത്തിയില്ല. എങ്കിൽ അല്ലാഹുവിൻ്റെ അടുത്ത് അയാൾ മുസ്ലിമാണ്. മറ്റുള്ളവരോട് ഇത് വെളിവാക്കാത്ത കാലത്തോളം അവർ തന്നെ മുസ്ലിമായി അംഗീകരിക്കില്ല എന്നുമാത്രം.
തിരുനബിയുമായി ബന്ധപ്പെട്ട ഇത്തരം സംഭവങ്ങളൊക്കെ കേൾക്കുമ്പോൾ ചിലർക്കെങ്കിലും ഉള്ളിൽ നിന്നൊരു ചോദ്യം ഉയരും. ഇതിനൊക്കെ എന്താണ് തെളിവ്? 1400 കൊല്ലങ്ങൾക്ക് മുമ്പ് സംഭവിച്ച കാര്യങ്ങളെ ഈ വർത്തമാനകാലത്ത് നിന്നുകൊണ്ട് നമുക്ക് എങ്ങനെ മനസ്സിലാക്കാനാവും? ഇതെല്ലാം ചില കേട്ടുകേൾവികൾ മാത്രമല്ലേ? നെവർ!
മാസിൻ്റെ കാര്യം തന്നെയെടുക്കുക. തൻ്റെ ഇസ്ലാം ആശ്ലേഷത്തെക്കുറിച്ച് അവിടുന്ന്തന്നെ വിശദമായി പറഞ്ഞിട്ടുണ്ട്. നിവേദക പരമ്പരകളിലൂടെ അവയെല്ലാം ഉദ്ധരിക്കപ്പെട്ടിട്ടുമുണ്ട്. ത്വബ്റാനിയുടെ ‘മുഅജമുൽ കബീർ’ എന്ന ഗ്രന്ഥത്തിൽ ഈ സംഭവം ഉദ്ധരിച്ചിട്ടുണ്ട്. മാസിൻ വരെയുള്ള നിവേദക പരമ്പരയിൽ ആറു പേരുണ്ട്. അവരുടെ ചരിത്രം ലഭ്യമാണ് (ഇസ്ലാമിക നിയമത്തിലേയും ഹദീഥിലെയും ഒരു പണ്ഡിതനായിരുന്നു അബുൽ ഖാസിം സുലൈമാൻ ഇബ്ൻ അഹ്മദ് അൽ ത്വബ്റാനി എന്ന അൽ ത്വബ്റാനി അഥവാ ഇമാം ത്വബ്റാനി (260 AH/c. 874 CE - 360 AH/971 CE. (ആയിരത്തിലധികം ഹദീസ് പണ്ഡിതരിൽ നിന്നായി തിരുവചനങ്ങൾ സമാഹരിച്ച അദ്ദേഹം അറേബ്യയിലും പേർഷ്യയിലും ഇതിനായി സഞ്ചരിച്ചു. സിറിയ, ഹിജാസ്, യെമൻ, ഈജിപ്ത്, ബാഗ്ദാദ്, കൂഫ, ബസറ, ഇസ്ഫഹാൻ എന്നിവിടങ്ങളിലെല്ലാം അദ്ദേഹം എത്തിപ്പെട്ടതായി രേഖകളുണ്ട്. തൻ്റെ ജീവിതത്തിൻ്റെ സിംഹഭാഗവും ഇറാനിലെ ഇസ്ഫഹാനിലാണ് ത്വബ്റാനി ജീവിച്ചത്. അതേ നഗരത്തിൽ തന്നെ ഹിജ്റ 360-ലെ ദുൽഖഅ്ദ 27-ന് അദ്ദേഹം അന്തരിച്ചു). ഇങ്ങനെയുള്ള ചരിത്രപരമായ ആധികാരികത മുഹമ്മദ് നബിയുടെ മാത്രം സവിശേഷതയാണ്. പ്രവാചക ജീവിതവുമായി ബന്ധപ്പെട്ട മുഴുവൻ കാര്യങ്ങളും ഇങ്ങനെ ആധികാരികമായി ക്രോഡീകരിക്കപ്പെട്ടിട്ടുമുണ്ട്.
വർത്തമാന ബിന്ദുവിൽനിന്ന് പതിനാല് നൂറ്റാണ്ടുകൾക്കപ്പുറത്തേക്ക് ചരിത്രത്തിലൂടെ സഞ്ചരിച്ചാൽ മുഴുവൻ സമയതന്തുക്കളിലും ആരോഗ്യത്തോടെ ജീവിക്കുന്ന ചരിത്ര പുരുഷനാണ് മുഹമ്മദ് എന്ന് നമുക്ക് മനസ്സിലാകും. അവിടുത്തെ അനക്കവും അടക്കവും ഉറക്കവും വാക്കും നോക്കും മൗനവും അനുവാദങ്ങളും അംഗവിക്ഷേപങ്ങളും നടത്തവും ഇരുത്തവും മൂത്രിച്ചതും തുപ്പിയതും ചിരിച്ചതും കരഞ്ഞതും എല്ലാം സ്മരിക്കുകയും പഠിപ്പിക്കുകയും ചെയ്യുന്നുണ്ട്. അവിടുത്തെ മുഖവും കണ്ണും മൂക്കും ചെവിയും മുടിയും പല്ലുകളും പുരികവും നെഞ്ചും കൈയും കൈവിരലും നഖവും അങ്ങനെയെല്ലാം വിശദീകരിക്കപ്പെട്ടിരിക്കുന്നു! അവിടുത്തെ പ്രസവവും മുലയൂട്ടലും ബാല്യകാലവും കൗമാരവും യൗവനവും വാർദ്ധക്യവും വിവാഹവും കുടുംബജീവിതവും രോഗവും ക്ഷീണവും യുദ്ധവും സന്ധിയും സന്തോഷവും സന്താപവും എല്ലാം! മരിക്കുന്ന അവസരത്തിൽ താടിയിൽ എത്ര രോമം നരച്ചിരുന്നുവെന്ന് വരെ ചരിത്രത്തിലുണ്ട്.
അനുയായികളുടെയും ശത്രുക്കളുടെയും നാടും വീടും കുടുംബവുമൊക്കെ വ്യക്തമായി രേഖപ്പെട്ടു കിടക്കുന്നു. അവിടുത്തെ ഇരുപത്തിയഞ്ച് പിതാമഹന്മാരുടെ പേരു കൂടി മുസ്ലിംകൾ ഓർക്കുന്നു. അവിടുത്തെ സഖാക്കളുടെ ചരിത്രങ്ങളും ഏറെക്കുറെ മുഴുവനായും ലഭ്യമാണ്. അവിടുത്തോടൊപ്പം ഒന്നാം ധർമസമരത്തിൽ പങ്കെടുത്ത 313 സഖാക്കളുടെയും പേരുകളും അവരുടെ പിതാവിൻ്റെയും പിതാവിൻ്റെ പിതാവിൻ്റെയും പേരുകളും കുടുംബവും ഗോത്രവും വംശവുമൊക്കെ ഒരു വലിയ വിഭാഗം മുസ്ലിംകൾക്ക് ഇന്നും മന:പാഠമാണ്. പതിനാല് നൂറ്റാണ്ടുമുമ്പ് നടന്ന ഒരു യുദ്ധത്തിൽ പങ്കെടുത്തവരുടെ പേരുകൾ തങ്ങളുടെ സ്നേഹനിധിയായ ദൈവദൂതൻ്റെ അനുചരരാണെന്നതിൻ്റെ പേരിൽ ഒരു സമൂഹം ഇപ്പോഴും ഓർമയിൽ വെക്കുന്നു.
ഇന്ന് ആ പ്രവാചകൻ്റെ ഒരു വാക്ക് ഒരു ഗ്രന്ഥത്തിൽനിന്ന് (ഉദാ: ബുഖാരി, മുസ്ലിം, അബൂദാവൂദ്...) വായിക്കുമ്പോൾ ആ ഗ്രന്ഥകാരൻ ആ വാക്ക് ആരിൽനിന്ന് കേട്ടുവെന്നും, അദ്ദേഹം അത് ആരിൽനിന്ന് കേട്ടുവെന്നും, അദ്ദേഹം ആരിൽ നിന്ന് സ്വീകരിച്ചു എന്നും രേഖപ്പെടുത്തിയിരിക്കുന്നു. അങ്ങനെ അവസാനം അത് തിരുനബിയിൽ ചെന്നുചേരുന്നു. ഇങ്ങനെ പ്രവാചകവചനങ്ങൾ നിവേദനം ചെയ്യുന്നവർക്ക് 'റാവി'മാർ എന്നും ഈ നിവേദനപരമ്പരക്ക് "സനദ്' എന്നും വിളിക്കുന്നു.
ഒരു നബിവചനത്തെക്കുറിച്ച് അത് ശരിയാണ് എന്ന് ഒരു ഗ്രന്ഥകർത്താവ് (ഉദാ: ബുഖാരി) വിധിക്കണമെങ്കിൽ, തിരുനബി വരെയുള്ള പരമ്പരയിൽ മുഴുവൻ നിവേദകരെ (നബിവചനം കൈമാറിയവർ) കുറിച്ചും ശരിക്കും പഠിച്ചിരിക്കണം. അവർ കള്ളം പറയുന്നവരാണോ? ചതിക്കുന്നവരാണോ? സത്യസന്ധരാണോ? മുൻ നിവേദകരിൽനിന്ന് നേരിട്ട് കേട്ടിട്ടുണ്ടോ? കേൾക്കാൻ സാധ്യതയുണ്ടോ? എന്നെല്ലാം പരിശോധിച്ച ശേഷമാണ് ഹദീസുകൾ രേഖപ്പെടുത്തിയിട്ടുള്ളത്. ഈ അന്വേഷണം ഒരു വിജ്ഞാന ശാഖയായി വികസിച്ചു. അങ്ങനെ നബിവചനം ഉദ്ധരിച്ച ഓരോ വ്യക്തികളുടെയും ചരിത്രം ക്രോഡീകരിക്കപ്പെട്ടു. അയാളുടെ ജീവിതം, ജനനം, മരണം, വിദ്യാഭ്യാസം, ജീവിതരീതി, ബന്ധങ്ങൾ, സ്വഭാവം, ശൈലി, കഴിവ്, ഓർമ്മശക്തി, വിശ്വസ്തത എല്ലാം! ഇതേക്കുറിച്ച് മാത്രം വിവരിക്കുന്ന ഗ്രന്ഥങ്ങൾതന്നെ നിരവധിയാണ്.
ഇങ്ങനെ കടഞ്ഞുകിട്ടിയ വചനങ്ങളാണ് വിശ്വാസയോഗ്യമായ നബിവചനങ്ങൾ (സ്വഹീഹായ ഹദീസുകൾ). ഒരു സ്വഹീഹായ ഹദീസ് വായിക്കുമ്പോൾ പതിനാല് നൂറ്റാണ്ടു മുമ്പ് ജീവിച്ച പ്രവാചകൻ നമ്മോട് നേരിട്ട് സംസാരിക്കുന്നതുപോലെ അനുഭവപ്പെടും. മറ്റൊരു ചരിത്രപുരുഷൻ്റെ കാര്യത്തിലും ഈ അനുഭവം ഉണ്ടാകില്ല.
അപ്പോൾ ഇന്ന് നിലവിലുള്ള ഇതര വേദഗ്രന്ഥങ്ങളോ ചരിത്ര പുരുഷന്മാരുടെ വാക്കുകളോ സ്വഹീഹായ ഹദീസുകളുടെ സ്ഥാനത്തെത്തുകയില്ല; ജീവിച്ചിരിക്കുന്നവരുടെ പ്രസ്താവനകളെക്കാൾ ഉറപ്പ് ഒരു സ്വഹീഹായ ഹദീസ് വായിച്ചാൽ നമുക്ക് കിട്ടുന്നു എന്നതാണ് കൂടുതൽ കൗതുകകരം! അമേരിക്കൻ പ്രസിഡൻ്റ് ഇന്നലെ ഒരു പ്രസ്താവന ഇറക്കിയാൽ ഇന്ന് വിവിധ പത്രങ്ങളിൽ അവ പ്രിൻ്റ് ചെയ്തുവരും. ഓരോ പത്രങ്ങളും അവരവരുടെ വീക്ഷണങ്ങൾക്കും ലക്ഷ്യങ്ങൾക്കും അനുസരിച്ച് പ്രസ്താവന പാകപ്പെടുത്തിയിരിക്കും. ടെക്നോളജി വികസിച്ച ഇക്കാലത്ത് നേരെ ടെലിവിഷനിൽ പ്രസംഗിക്കുന്നത് കണ്ടാൽപോലും നമുക്ക് ഉറപ്പ് കിട്ടുന്നില്ല. എന്തൊക്കെ മറിമായങ്ങൾ ഐ.ടി രംഗത്ത് നടക്കുന്നു? ഒരേ വാർത്ത രണ്ട് ചാനലുകളിൽ രണ്ട് തരത്തിലാണ് നാം അനുഭവിക്കുന്നത്.
ചുരുക്കത്തിൽ ഇതര വ്യക്തിത്വങ്ങളിൽനിന്നും വ്യത്യസ്തമായി മുഹമ്മദ് നബിയുടെ കാര്യത്തിൽ ചരിത്രം ഒരു തടസ്സമേ അല്ല. തിരുനബിയിൽനിന്ന് സ്വഹീഹായി ഉദ്ധരിക്കപ്പെട്ട ഒരു വചനം നാം വായിക്കുമ്പോൾ പതിനാല് നൂറ്റാണ്ടുകൾക്കപ്പുറത്തുനിന്നുകൊണ്ട് ഒരാൾ നമ്മുടെ ചെവിയിൽ മന്ത്രിക്കുന്നത് പോലെ നമുക്കനുഭവപ്പെടും.
നമുക്ക് മാസിനിലേക്ക് തന്നെ വരാം. വളരെ മനോഹരമായ ഒരു കവിതയിലൂടെ തൻ്റെ ഇസ്ലാം ആശ്ലേഷത്തെ അതിസുന്ദരമായി മാസിൻ തന്നെ ആവിഷ്കരിച്ചിട്ടുണ്ട്. അതിലെ വരികളിതാ:
إليك رسول الله خبت مطيتي تجوب الفيافي من عمان إلى العرج
لتشفع لي يا خير من وطئ الحصى فيغفر لي ربي فأرجع بالفلج
إلى معشر خالفت والله دينهم فلا رأيهم رأيي ولا شرجهم شرجي
وكنت امرأ بالعهر والخمر مولعا شبابي حتى آذن الجسم بالنهج
فبدلني بالخمر خوفا وخشية وبالعهر إحصانا فحصن لي فرجي
فأصبحت همي في الجهاد ونيتي فلله ما صومي ولله ما حجي
“തിരുനബിയേ, അങ്ങയിലേക്ക് എൻ്റെ വാഹനം കുതിച്ചെത്തി. ഒമാനിൽനിന്ന് മരുഭൂമികൾ താണ്ടി അറജിലെത്തി’’ (മദീനയിലെത്തി എന്നാണ് ഉദ്ദേശിക്കുന്നത്. മദീനയോട് ചേർന്ന് കിടക്കുന്ന ഒരു പ്രവശ്യയാണ് അറജ്). “ഭൂമുഖത്ത് നടന്നവരിൽ അത്യുത്തമരേ, അങ്ങ് എനിക്കുവേണ്ടി ശുപാർശ ചെയ്യണം. എൻ്റെ പാപങ്ങൾ പൊറുത്തു കിട്ടാനും വിജയശ്രീലാളിതനായി എൻ്റെ ജനതയിലേക്ക് തിരിച്ചുപോകാനും.. ആ ജനതയുടെ മതത്തോട് ഞാൻ വിയോജിച്ചിരിക്കുന്നു. അവരുടെ അഭിപ്രായമല്ല എൻ്റെ അഭിപ്രായം. അവരുടെ പാർട്ടിയല്ല എൻ്റെ പാർട്ടി.’’ “വ്യഭിചാരവും ലഹരിയും തിമർത്താടിയിരുന്ന യൗവനമായിരുന്നു എന്റേത്. അങ്ങനെ ശരീരം ശുഷ്കിച്ചു പോയി. തിരുനബി എനിക്ക് ലഹരിക്ക് പകരം ദൈവ ഭയവും വ്യഭിചാരത്തിന് പകരം വിവാഹ ജീവിതവും നൽകി.’’ “എൻ്റെ ശ്രദ്ധയും കരുത്തും ധർമസമരത്തിലായി. എൻ്റെ നോമ്പുകളും ഹജ്ജുകളും അല്ലാഹുവിന് മാത്രമായി.’’
തൻ്റെ ജനതയിലേക്ക് പോയ മാസിനിനെ തുടക്കത്തിൽ ജനം പരിഹസിക്കുകയും ആക്ഷേപഹാസ്യ കവിതകൾ ചൊല്ലി വേദനിപ്പിക്കുകയും ചെയ്തു. മാസിൻ അതിന് മറുപടി പറയാൻ പോയില്ല. അവരുടെ പല കാര്യങ്ങൾക്കും നേതൃപരമായ പങ്കുവഹിച്ചിരുന്ന ആളായിരുന്നു അദ്ദേഹം. ഇതോടെ ജനങ്ങൾക്കിടയിൽനിന്ന് മാറിനിന്നു. ‘മിള്മാർ’ എന്ന പേരിൽ സ്വന്തമായി ഒരു പള്ളിയുണ്ടാക്കി അതിൽ കഴിഞ്ഞുകൂടി (ആ പള്ളി ഇപ്പോഴുമുണ്ട്. സുൽത്താൻ ഖാബൂസ് ബിൻ സഈദിൻ്റെ ഭരണകാലത്ത് അതിന് അറ്റകുറ്റപ്പണികൾ നടത്തുകയും പുതുക്കിപ്പണിയും ചെയ്തു.) മാസിൻ മാറിത്താമസിച്ചപ്പോൾ ജനങ്ങൾ പ്രയാസപ്പെട്ടു. കാരണം നാട്ടിലെ സാമൂഹ്യ പ്രവർത്തനങ്ങളുടെ ഐക്കണായിരുന്നു അദ്ദേഹം. പിന്നീട് ജനങ്ങൾ അദ്ദേഹത്തിൻ്റെ അടുത്തേക്ക് വരികയാണ്. “നീ നിൻ്റെ മതം അനുഷ്ഠിച്ചോളൂ. ഞങ്ങൾക്ക് പ്രശ്നമില്ല. ഞങ്ങളുടെ വിഷയങ്ങളിൽ നീ ഇടപെടണം. മാറി നിൽക്കരുത്. “ ഇതായിരുന്നു അവരുടെ ആവശ്യം.
ജനങ്ങൾക്കിടയിൽ മാസിൻ മുസ്ലിമായി ജീവിച്ചപ്പോൾ അത്ഭുതമുണ്ടായി. ജനങ്ങൾ ഒറ്റയായും കൂട്ടമായും വിശുദ്ധ മതത്തിലേക്ക് പ്രവേശിച്ചു. വിശ്വാസികളായ മനുഷ്യരുടെ സംശുദ്ധമായ ജീവിതം കണ്ടുകൊണ്ടാണ് ലോകത്ത് ഇസ്ലാം ഇങ്ങനെ പടർന്ന് പന്തലിച്ചത്. അങ്ങനെ തിരുനബിയുടെ ആ പ്രാർത്ഥനയും ഫലിക്കുന്നത് മാസിൻ കണ്ടു.
വീണ്ടും മാസിൻ തിരുനബിയെ കാണാൻ വരുന്നുണ്ട്. തൻ്റെ പ്രാർത്ഥന കാരണമായി ഒമാനിലുണ്ടായ സമൃദ്ധിയെക്കുറിച്ചും ജനങ്ങൾ വിശ്വാസത്തിലേക്ക് ആകൃഷ്ടരാകുന്നതിനെക്കുറിച്ചും തിരുനബിയോട് നന്ദിയോടെ മാസിൻ സംസാരിച്ചു. അപ്പോൾ തിരുനബി ഇങ്ങനെ പ്രാർത്ഥിച്ചു: “എന്നെ കാണുകയും വിശ്വസിക്കുകയും ചെയ്തവർക്ക് മംഗളങ്ങൾ. എന്നെ കാണാതെ വിശ്വസിച്ചവർക്കും മംഗളങ്ങൾ. എന്നെ കാണുകയോ കണ്ടവരെ കാണുകയോ ചെയ്യാതെ എന്നിൽ വിശ്വസിച്ചവർക്ക് ഇരട്ടി മംഗളങ്ങൾ.”




