വരണ്ടുണങ്ങിക്കിടക്കുന്ന മരുഭൂമികളുടെയും നിർജീവമായ മൊട്ടക്കുന്നുകളുടെയും നാടായ അറേബ്യ; കാട്ടാറുകളുടെ കളകളാരവവും പക്ഷികളുടെ കളകൂജനവും ഇടതൂർന്നു നിൽക്കുന്ന സസ്യലതാദികളുടെ ദളമർമ്മരവുമുള്ള, ചിത്രശലഭങ്ങളും ചീവീടുകളും ചിലയ്ക്കുന്ന പൂന്തോപ്പുകളുള്ള, തവളകൾ ക്രോക്രോ മുഴക്കുന്ന, കുളങ്ങളും തടാകങ്ങളുമുള്ള, ഹരിതാഭമായ പുൽമേടുകളുടെ നാടായാൽ എങ്ങനെയിരിക്കും? എന്നാൽ എഴുതി വെച്ചോളൂ, ഒരിക്കൽ അങ്ങനെ ആവുകതന്നെ ചെയ്യും. തിരുനബി പ്രവചിച്ചതാണത്. അതിനെക്കുറിച്ചുള്ള തിരുവചനം ഇങ്ങനെയാണ്:
"لا تقوم الساعة حتى تعود أرض العرب مروجاً وأنهاراً"
“അറേബ്യൻ നാട് തോട്ടങ്ങളും പുഴകളും ഉള്ള പ്രദേശമായി മടങ്ങി വരുന്നതുവരെ ലോകാവസാനം സംഭവിക്കുകയില്ല.”
അറേബ്യ ഹരിതാഭമായി മാറുന്നതിന്റെ ലക്ഷണങ്ങൾ കണ്ടു തുടങ്ങിയിട്ടുണ്ട്. അതേക്കുറിച്ച് പഠനങ്ങൾ വന്നുകഴിഞ്ഞു. മരുപ്രദേശമായി കിടന്നിരുന്ന പലയിടത്തും കിലോമീറ്ററോളം നീണ്ടുനിൽക്കുന്ന കൃഷികളും തോട്ടങ്ങളും ഉണ്ടായിത്തുടങ്ങി. ചിലയിടങ്ങളിൽ ജലധാരകൾ പുറപ്പെട്ടതായും വായിച്ചതോർക്കുന്നു. പച്ചയണിഞ്ഞു നിൽക്കുന്ന മരുഭൂമിയെ കാണാൻ നമുക്ക് ഭാഗ്യമുണ്ടാകുമോ ആവോ!
ആ തിരുവചനത്തിലേക്ക് തന്നെ വരിക. ഭാവി പ്രവചനം മാത്രമല്ല അതിലുള്ളത്; മറിച്ച്, അത് ഭൂതത്തെ അനാവരണം ചെയ്യുന്നുമുണ്ട്. കാരണം ‘മടങ്ങിവരിക’ എന്നതിൻ്റെ അർത്ഥമെന്താണ്? ഒരു കാലത്ത് അറേബ്യ സസ്യശ്യാമളമായ പ്രദേശമായിരുന്നു എന്നാണ്! അങ്ങനെയായിരുന്നോ? അവിടെ ആറുകളും പുഴകളും പൂന്തോട്ടങ്ങളും യഥേഷ്ടം ഉണ്ടായിരുന്നോ? അതെ, ഉണ്ടായിരുന്നു! ഖുർആനിൽ അങ്ങനെ പറഞ്ഞിട്ടുണ്ട്! എവിടെ? ഹൂദ് നബിയുടെ സമുദായത്തെക്കുറിച്ച് പറഞ്ഞപ്പോൾ! അവർക്ക് അല്ലാഹു നൽകിയ അനുഗ്രഹങ്ങൾ ദൈവദൂതനായ ഹൂദ് എണ്ണിയെണ്ണി പറയുകയാണ്: “നിങ്ങൾക്ക് അവൻ സമ്പത്തും സന്താനങ്ങളും നൽകിയില്ലേ? തോട്ടങ്ങളും അരുവികളും നൽകിയില്ലേ?”
ആദ്, സമൂദ് വിഭാഗങ്ങളുടെ വിശ്വാസങ്ങളും ആചാരങ്ങളും സാമൂഹിക - സാമ്പത്തിക വ്യവഹാരങ്ങളും മാത്രമല്ല, അവരുടെ ശരീരപ്രകൃതവും നിർമാണരീതികളും ഭൂപ്രദേശത്തിൻ്റെ അവസ്ഥവരെ വിശുദ്ധ ഖുർആൻ വിശദീകരിച്ചു എന്നാണ് ഇതിൽ നിന്നും മനസ്സിലാക്കേണ്ടത്.
ഖുർആനിൽ അങ്ങനെ പറഞ്ഞു എന്നതുകൊണ്ട് അത് സത്യമായിക്കൊള്ളണമെന്നുണ്ടോ എന്ന് ചിലർക്ക് തോന്നിയേക്കാം. എന്നാൽ പുതിയ ഗവേഷണങ്ങളുടെ വെളിച്ചത്തിൽ ആ യാഥാർത്ഥ്യത്തിലേക്ക് ജിയോളജിസ്റ്റുകൾ എത്തിച്ചേർന്നിട്ടുണ്ട് എന്നതാണ് സത്യം. ലണ്ടനിൽ ഡോക്ടറേറ്റ് ബിരുദത്തിനുവേണ്ടി 1984-ൽ അറേബ്യൻ മരുഭൂമിയെക്കുറിച്ച് പഠനം നടത്തിയ Dr Mc Lure പറയുന്നു: “37000 - 17000 കൊല്ലങ്ങൾക്ക് മുമ്പ് അറേബ്യ ഹരിതാഭവും ജലസമൃദ്ധവുമായിരുന്നു. പിന്നീട് അന്തരീക്ഷത്തിൽ മാറ്റം സംഭവിച്ചു, മരുഭൂമി രൂപപ്പെട്ടു. ആയിരക്കണക്കിന് വർഷം മരുഭൂമിയായ പ്രദേശങ്ങൾ പിന്നീട് വീണ്ടും കാടുകളും മേടുകളും തടാകങ്ങളും തോട്ടങ്ങളുമുള്ള നാടായി മാറി. ഇപ്പോൾ 5000 വർഷങ്ങളായി വരണ്ടുണങ്ങിയ മരുഭൂമിയായിക്കിടക്കുന്നു. സൗദി അറേബ്യയിലെ ‘റുബുഉൽ ഖാലീ’ എന്ന പ്രദേശത്ത് നീർക്കുതിരയുടെ പല്ലുകൾ ഞങ്ങൾ കണ്ടെത്തുകയുണ്ടായി. ഒട്ടനവധി ജലജീവികളുടെ ശേഷിപ്പുകൾ കണ്ടെത്തി. മഴക്കാടുകൾ തിരിച്ചുവന്ന് ഈ പ്രദേശം വീണ്ടും സസ്യശ്യാമളമാവുകയില്ലെന്ന് ആരു കണ്ടു?”
Dr Ron Bloom - ഉം ഇതേ നിരീക്ഷണങ്ങൾ അവതരിപ്പിച്ചിട്ടുണ്ട്. അറേബ്യൻ ഉപദ്വീപിലെയും മറ്റും മരുഭൂമികളെക്കുറിച്ച് ഗവേഷണം നടത്തുന്ന അദ്ദേഹം ഈ മരുഭൂമി ഒരു കാലത്ത് ആറുകളും പൂങ്കാവനങ്ങളും ജന്തുക്കളും നിറഞ്ഞ പ്രദേശമായിരുന്നുവെന്ന് സ്ഥിരീകരിച്ചിട്ടുണ്ട്. ഈ കാര്യം ലോകചരിത്രത്തിൽ ആദ്യമായി മനുഷ്യൻ അറിയുന്നത് Landsat 1 കൃത്രിമ ഉപഗ്രഹം വഴി ഇലക്ട്രോ മാഗ്നെറ്റിക് രശ്മികൾ ഉപയോഗിച്ച് 1972-ൽ എടുത്ത ചിത്രങ്ങളിലൂടെയാണ്.
1972-ൽ മാത്രം ലോകം അറിഞ്ഞ കാര്യം ആറാം നൂറ്റാണ്ടിലെ ഗ്രന്ഥത്തിൽ എങ്ങനെ വന്നു? അതിന് ഒരേ ഒരു മറുപടിയേ ഉള്ളൂ: ഖുർആൻ മുഹമ്മദ് നബിയുടെ രചനയല്ല! പ്രത്യുത ലോകരക്ഷിതാവായ അല്ലാഹുവിൽനിന്ന് അവതീർണ്ണമായതാണ്. പള്ളിക്കൂടത്തിൽ പോയിട്ടില്ലാത്ത, ഗവേഷണാലയങ്ങളിൽ നിരീക്ഷണ പരീക്ഷണങ്ങളിൽ വ്യാപൃതനാവാത്ത, വേദവിജ്ഞാനീയങ്ങൾ ആർജിച്ചിട്ടില്ലാത്ത, സത്യസന്ധനായ ഒരാൾ ഒരു മലയിറങ്ങി വന്നതിനുശേഷം പറയുന്ന കാര്യങ്ങളാണിത്. ഭ്രൂണ ശാസ്ത്രത്തിൻ്റെ ഗവേഷണാലയമായിരുന്നോ ഹിറാ ഗുഹ? ഭൂഗർഭശാസ്ത്രത്തിൻ്റെ നിരീക്ഷണ കേന്ദ്രമായിരുന്നോ ജബലുന്നൂർ?
ഭ്രൂണശാസ്ത്രവും ഭൂഗർഭശാസ്ത്രവും മാത്രമല്ല ഖുർആനിലുള്ളത്. പിൽക്കാലത്ത് കണ്ടുപിടിക്കപ്പെട്ട ധാരാളം ശാസ്ത്രീയ യാഥാർത്ഥ്യങ്ങളിലേക്ക് വിശുദ്ധ ഖുർആൻ സൂചന നൽകുന്ന ചില ഉദാഹരണങ്ങൾ മാത്രം ഇവിടെ നൽകുന്നു. വിശദീകരണങ്ങൾ വേണമെങ്കിൽ പിന്നീടാവാം.
1. സമുദ്രാന്തർഭാഗത്തെ അട്ടിഅട്ടിയായ ഇരുളുകൾ, തിരമാലകൾ
أَوْ كَظُلُمَاتٍ فِي بَحْرٍ لُجِّيٍّ يَغْشَاهُ مَوْجٌ مِنْ فَوْقِهِ مَوْجٌ مِنْ فَوْقِهِ سَحَابٌ ظُلُمَاتٌ بَعْضُهَا فَوْقَ بَعْضٍ إِذَا أَخْرَجَ يَدَهُ لَمْ يَكَدْ يَرَاهَا وَمَنْ لَمْ يَجْعَلِ اللَّهُ لَهُ نُورًا فَمَا لَهُ مِنْ نُورٍ ( 40:24)
2. തീക്കാറ്റുകൾ
أَيَوَدُّ أَحَدُكُمْ أَنْ تَكُونَ لَهُ جَنَّةٌ مِنْ نَخِيلٍ وَأَعْنَابٍ تَجْرِي مِنْ تَحْتِهَا الْأَنْهَارُ لَهُ فِيهَا مِنْ كُلِّ الثَّمَرَاتِ وَأَصَابَهُ الْكِبَرُ وَلَهُ ذُرِّيَّةٌ ضُعَفَاءُ فَأَصَابَهَا إِعْصَارٌ فِيهِ نَارٌ فَاحْتَرَقَتْ كَذَلِكَ يُبَيِّنُ اللَّهُ لَكُمُ الْآيَاتِ لَعَلَّكُمْ تَتَفَكَّرُونَ (266:2)
3. തേനീച്ചയിലെ അൽഭുതങ്ങൾ
وَأَوْحَى رَبُّكَ إِلَى النَّحْلِ أَنِ اتَّخِذِي مِنَ الْجِبَالِ بُيُوتًا وَمِنَ الشَّجَرِ وَمِمَّا يَعْرِشُونَ (68) ثُمَّ كُلِي مِنْ كُلِّ الثَّمَرَاتِ فَاسْلُكِي سُبُلَ رَبِّكِ ذُلُلًا يَخْرُجُ مِنْ بُطُونِهَا شَرَابٌ مُخْتَلِفٌ أَلْوَانُهُ فِيهِ شِفَاءٌ لِلنَّاسِ إِنَّ فِي ذَلِكَ لَآيَةً لِقَوْمٍ يَتَفَكَّرُونَ (69)النحل
4. എട്ടുകാലിയുടെ വീടിനെക്കുറിച്ചുള്ള പരാമർശങ്ങൾ
مَثَلُ الَّذِينَ اتَّخَذُوا مِنْ دُونِ اللَّهِ أَوْلِيَاءَ كَمَثَلِ الْعَنْكَبُوتِ اتَّخَذَتْ بَيْتًا وَإِنَّ أَوْهَنَ الْبُيُوتِ لَبَيْتُ الْعَنْكَبُوتِ لَوْ كَانُوا يَعْلَمُونَ (41)الْعَنْكَبُوتِ
5. പാലിന്റെ ഉറവിടം
وَإِنَّ لَكُمْ فِي الْأَنْعَامِ لَعِبْرَةً نُسْقِيكُمْ مِمَّا فِي بُطُونِهِ مِنْ بَيْنِ فَرْثٍ وَدَمٍ لَبَنًا خَالِصًا سَائِغًا لِلشَّارِبِينَ (66)النحل
6. ഇരുമ്പിന്റെ ഉറവിടം
لَقَدْ أَرْسَلْنَا رُسُلَنَا بِالْبَيِّنَاتِ وَأَنْزَلْنَا مَعَهُمُ الْكِتَابَ وَالْمِيزَانَ لِيَقُومَ النَّاسُ بِالْقِسْطِ وَأَنْزَلْنَا الْحَدِيدَ فِيهِ بَأْسٌ شَدِيدٌ وَمَنَافِعُ لِلنَّاسِ وَلِيَعْلَمَ اللَّهُ مَنْ يَنْصُرُهُ وَرُسُلَهُ بِالْغَيْبِ إِنَّ اللَّهَ قَوِيٌّ عَزِيزٌ (25) الحديد
7. വേദനയുടെ സ്വീകരണികൾ
إِنَّ الَّذِينَ كَفَرُوا بِآيَاتِنَا سَوْفَ نُصْلِيهِمْ نَارًا كُلَّمَا نَضِجَتْ جُلُودُهُمْ بَدَّلْنَاهُمْ جُلُودًا غَيْرَهَا لِيَذُوقُوا الْعَذَابَ إِنَّ اللَّهَ كَانَ عَزِيزًا حَكِيمًا (56) النساء
8. ഉയരങ്ങളിലേക്ക് പോകുമ്പോഴുള്ള ശ്വാസതടസ്സം.
فَمَنْ يُرِدِ اللَّهُ أَنْ يَهْدِيَهُ يَشْرَحْ صَدْرَهُ لِلْإِسْلَامِ وَمَنْ يُرِدْ أَنْ يُضِلَّهُ يَجْعَلْ صَدْرَهُ ضَيِّقًا حَرَجًا كَأَنَّمَا يَصَّعَّدُ فِي السَّمَاءِ كَذَلِكَ يَجْعَلُ اللَّهُ الرِّجْسَ عَلَى الَّذِينَ لَا يُؤْمِنُونَ (125) الانعام
9. ശുദ്ധജലവും - കടൽ ജലവും കൂടിക്കലാതിരിക്കുന്ന പ്രതിഭാസം
وَهُوَ الَّذِي مَرَجَ الْبَحْرَيْنِ هَذَا عَذْبٌ فُرَاتٌ وَهَذَا مِلْحٌ أُجَاجٌ وَجَعَلَ بَيْنَهُمَا بَرْزَخًا وَحِجْرًا مَحْجُورًا (53) فرقان
مَرَجَ الْبَحْرَيْنِ يَلْتَقِيَانِ (19) بَيْنَهُمَا بَرْزَخٌ لَا يَبْغِيَانِ (20) الرحمن
10. പ്രപഞ്ചോൽപത്തി
أَوَلَمْ يَرَ الَّذِينَ كَفَرُوا أَنَّ السَّمَاوَاتِ وَالْأَرْضَ كَانَتَا رَتْقًا فَفَتَقْنَاهُمَا وَجَعَلْنَا مِنَ الْمَاءِ كُلَّ شَيْءٍ حَيٍّ أَفَلَا يُؤْمِنُونَ (30) الانبياء
11. വികസിക്കുന്ന പ്രപഞ്ചം
وَالسَّمَاءَ بَنَيْنَاهَا بِأَيْدٍ وَإِنَّا لَمُوسِعُونَ (47) الذاريات
12. ഒസോൺ പാളി
وَجَعَلْنَا السَّمَاءَ سَقْفًا مَحْفُوظًا وَهُمْ عَنْ آيَاتِهَا مُعْرِضُونَ (32) الانبياء
13. വിരലടയാളം
بَلَى قَادِرِينَ عَلَى أَنْ نُسَوِّيَ بَنَانَهُ (4) القيمة
14. മഴ മേഘങ്ങൾ
وَالذَّارِيَاتِ ذَرْوًا (1) فَالْحَامِلَاتِ وِقْرًا (2)الذَّارِيَاتِ
15. സൂര്യ സഞ്ചാരം
وَالشَّمْسُ تَجْرِي لِمُسْتَقَرٍّ لَهَا ذَلِكَ تَقْدِيرُ الْعَزِيزِ الْعَلِيمِ (38) يس
16. ഭൂമിയുടെ കറക്കം
وَتَرَى الْجِبَالَ تَحْسَبُهَا جَامِدَةً وَهِيَ تَمُرُّ مَرَّ السَّحَابِ صُنْعَ اللَّهِ الَّذِي أَتْقَنَ كُلَّ شَيْءٍ إِنَّهُ خَبِيرٌ بِمَا تَفْعَلُونَ (88) النمل
17. മഴ പെയ്യുന്നത്
أَلَمْ تَرَ أَنَّ اللَّهَ يُزْجِي سَحَابًا ثُمَّ يُؤَلِّفُ بَيْنَهُ ثُمَّ يَجْعَلُهُ رُكَامًا فَتَرَى الْوَدْقَ يَخْرُجُ مِنْ خِلَالِهِ وَيُنَزِّلُ مِنَ السَّمَاءِ مِنْ جِبَالٍ فِيهَا مِنْ بَرَدٍ فَيُصِيبُ بِهِ مَنْ يَشَاءُ وَيَصْرِفُهُ عَنْ مَنْ يَشَاءُ يَكَادُ سَنَا بَرْقِهِ يَذْهَبُ بِالْأَبْصَارِ (43) النور
18. ഭൂമിയുടെ ആകൃതി
خَلَقَ السَّمَاوَاتِ وَالْأَرْضَ بِالْحَقِّ يُكَوِّرُ اللَّيْلَ عَلَى النَّهَارِ وَيُكَوِّرُ النَّهَارَ عَلَى اللَّيْلِ وَسَخَّرَ الشَّمْسَ وَالْقَمَرَ كُلٌّ يَجْرِي لِأَجَلٍ مُسَمًّى أَلَا هُوَ الْعَزِيزُ الْغَفَّارُ (5) الزمر
وَالْأَرْضَ بَعْدَ ذَلِكَ دَحَاهَا(30) النازعات
19. ബഹിരാകാശ യാത്ര
وَمَا أَنْتُمْ بِمُعْجِزِينَ فِي الْأَرْضِ وَلَا فِي السَّمَاءِ وَمَا لَكُمْ مِنْ دُونِ اللَّهِ مِنْ وَلِيٍّ وَلَا نَصِيرٍ (22) العنكبوت
وَكَأَيِّنْ مِنْ آيَةٍ فِي السَّمَاوَاتِ وَالْأَرْضِ يَمُرُّونَ عَلَيْهَا وَهُمْ عَنْهَا مُعْرِضُونَ (105) يوسف
يَامَعْشَرَ الْجِنِّ وَالْإِنْسِ إِنِ اسْتَطَعْتُمْ أَنْ تَنْفُذُوا مِنْ أَقْطَارِ السَّمَاوَاتِ وَالْأَرْضِ فَانْفُذُوا لَا تَنْفُذُونَ إِلَّا بِسُلْطَانٍ (33) الرحمن
20. OCD
വസ്തുതാവിവരണം മാത്രമല്ല, അതിൻ്റെ ആവിഷ്കാര സൗന്ദര്യവും സാഹിത്യഭംഗിയും അത്ഭുതകരമാണ്. വൈജ്ഞാനികമായി പിന്നാക്കം നിന്നിരുന്ന സമൂഹമായിരുന്നുവെങ്കിലും സാഹിത്യത്തിൽ വല്ലഭന്മാരായിരുന്നു അറബികൾ. ഒരു ഗോത്രത്തിൽ ഒരു കവി ഉണ്ടായിട്ടുണ്ട് എന്നറിഞ്ഞാൽ അവർക്ക് വലിയ ആഘോഷമായിരുന്നു. കവി അവർക്ക് അവരുടെ തത്വചിന്തകനും പ്രവാചകനും ശബ്ദവുമായിരുന്നു.
ഖുർആൻ തൻ്റെ രചനയാണെന്ന് വാദിച്ചിരുന്നെങ്കിൽ മുഹമ്മദിന് (സല്ലല്ലാഹു അലയ്ഹി വ സല്ലം) സ്വീകാര്യത ഏറെ ലഭിക്കുമായിരുന്നു. അവർ അവിടുത്തെ ആഘോഷിക്കുമായിരുന്നു; അവർ അഭിമാനം കൊള്ളുമായിരുന്നു. കാരണം, ഖുർആനിൻ്റെ സാഹിത്യ സൗന്ദര്യത്തിൽ അവർക്ക് സംശയമേതുമുണ്ടായിരുന്നില്ല. അതിൻ്റെ മാസ്മരികതയിൽ പലപ്പോഴും അവർ വീണു പോയിരുന്നു. തിരുനബിയുടെ ഖുർആൻ പാരായണം കേൾക്കാൻ വേണ്ടി അവർ പാത്തും പതുങ്ങിയും ചുറ്റുഭാഗങ്ങളിൽ ചുറ്റിപ്പറ്റി ഉണ്ടായിരുന്നു.
പക്ഷേ, തിരുനബി ഇത് തൻ്റേതല്ല എന്ന് തുറന്നു പറഞ്ഞു. തന്നെ പറഞ്ഞയച്ച ദൈവത്തിന്റേതാണെന്ന് പ്രഖ്യാപിച്ചു. അതായിരുന്നു അവരെ ചൊടിപ്പിച്ചത്. ഖുർആൻ്റെ സാഹിത്യ സൗന്ദര്യത്തിൽ അവർ ഭ്രമിച്ചുപോയി എന്ന് പറഞ്ഞല്ലോ. അതിന് വല്ല തെളിവുമുണ്ടോ? എത്രയോ ഉണ്ട്.




