ഇത് ‘റബ്ദ’: ഒരു മരുപ്രദേശം. മദീനയിൽനിന്ന് കുറച്ചകലെയാണ്. പ്രവാചകാനുചരരിൽ പ്രധാനിയായ അബൂദറിന് മരണവേദന അനുഭവപ്പെട്ടു. ഭാര്യയും ഒരു കുട്ടിയും മാത്രമേ കൂടെയുള്ളൂ. ഭാര്യ കരയാൻ തുടങ്ങി.
“എന്തിനു കരയുന്നു?” അബൂദർ ചോദിച്ചു. “ഈ മരുഭൂമിയിൽ വെച്ച് നിങ്ങൾ മരിച്ചാൽ ഞാൻ എന്തുചെയ്യും? നിങ്ങളെ മറവ് ചെയ്യാൻ എനിക്ക് കഴിയില്ല! നിങ്ങളെ കഫൻ ചെയ്യാൻ (മൃതശരീരം വസ്ത്രം കൊണ്ട് പൊതിയുക) ആവശ്യമുള്ള പുടവപോലും എൻ്റെ കൈവശമില്ലല്ലോ.”
“പ്രിയേ, നീ കരയണ്ട. സന്തോഷിച്ചോളൂ. ഞാൻ ഉള്ള ഒരു സദസ്സിൽവെച്ച് തിരുനബി ഇങ്ങനെ പറയുന്നത് ഞാൻ കേട്ടിട്ടുണ്ട്: ‘നിങ്ങളുടെ കൂട്ടത്തിൽ നിന്ന് ഒരാൾ ഒരു മരുഭൂമിയിൽവെച്ച് മരണപ്പെടും. ആളുകൾ അവരുടെ അന്ത്യകർമങ്ങൾ നിർവഹിക്കും.’ അന്ന് എൻ്റെ കൂട്ടത്തിൽ ഉണ്ടായിരുന്ന എല്ലാവരും മരിച്ചുപോയി. അവരെല്ലാം ഏതെങ്കിലും ഗ്രാമത്തിൽ വെച്ചാണ് മരിച്ചത്. അല്ലെങ്കിൽ മരിക്കുമ്പോൾ അവരോടൊപ്പം ആളുകൾ ഉണ്ടായിരുന്നു. ആരും മരുഭൂമിയിൽവെച്ച് മരിച്ചിട്ടില്ല. ഞാൻ മാത്രമേ ഇനി ബാക്കിയുള്ളൂ. അതുകൊണ്ട് ഞാൻ ഇവിടെവെച്ച് മരിക്കും. പക്ഷേ അങ്ങനെയുള്ള ആൾക്കുവേണ്ടി മുഅ്മിനീങ്ങളിൽ നിന്ന് ഒരു സംഘം മയ്യത്ത് സംസ്കരണ കാര്യങ്ങൾ ചെയ്യുമെന്ന് തിരുനബി പറഞ്ഞിട്ടുണ്ട്. അതുകൊണ്ട് എൻ്റെ കാര്യത്തിൽ നീ പ്രയാസപ്പെടേണ്ടതില്ല. ഒരു സംഘം ഇവിടെയെത്തും. അവർ എൻ്റെ ചടങ്ങുകൾ നിർവഹിക്കും. അക്കാര്യം ഉറപ്പാണ്.”
വൈകാതെ അബൂദർ മരണപ്പെട്ടു. അവർ മയ്യത്ത് കുളിപ്പിച്ച്, ഉള്ള വസ്ത്രംകൊണ്ട് പൊതിഞ്ഞ് മൃതശരീരം വഴിയരികിൽ വെച്ചു. കുറച്ച് കഴിഞ്ഞപ്പോൾ ഒരു സംഘം അതിലൂടെ കടന്നുപോയി. അബ്ദുല്ലാഹിബ്നു മസ്ഊദിൻ്റെ നേതൃത്വത്തിൽ ഇറാഖിൽ നിന്നുള്ള ഒരു സംഘമായിരുന്നു അത്. ആ കാഴ്ച കണ്ട് അവർ അത്ഭുതപ്പെട്ടു. വഴിയോരത്ത് ഒരു മൃതശരീരമിരിക്കുന്നു! ഒട്ടകം അതിനെ ചവിട്ടാറായിട്ടുണ്ട്.
അപ്പോൾ ഒരു കുട്ടി ഓടിവന്നുകൊണ്ട് പറഞ്ഞു: “ഇത് അല്ലാഹുവിൻ്റെ റസൂലിൻ്റെ കൂട്ടുകാരൻ അബൂദറാണ്. ഇവരെ മറവ് ചെയ്യാൻ ഒന്ന് സഹായിക്കുമോ?” അതുകേട്ട് ഇബ്നു മസ്ഊദ് കരയാൻ തുടങ്ങി. അബൂദർറിനോട് തിരുനബി പറഞ്ഞ വാക്കുകൾ ഇബ്നു മസ്ഊദിന് ഓർമ്മ വന്നു: “നീ ഒറ്റക്ക് നടക്കും; നീ ഒറ്റയ്ക്ക് മരിക്കും; നീ ഒറ്റക്ക് പുനരുദ്ധാന ദിവസം ഹാജരാക്കപ്പെടും.” അവരെല്ലാവരും ഇറങ്ങിവന്ന് അദ്ദേഹത്തിൻ്റെ സംസ്കരണ പരിപാടികൾ പൂർണ്ണമായി നിർവഹിച്ചു. ഹിജ്റ വർഷം 31-നായിരുന്നു ഈ സംഭവം.
തിരുനബിയുടെ പ്രവചനങ്ങളെക്കുറിച്ചാണല്ലോ നമ്മുടെ ചർച്ച. നേരത്തെ പുലർന്ന പ്രവചനങ്ങൾ. അതിൽപ്പെട്ട ഒന്നാണ് മുകളിൽ എഴുതിയത്. ഇത്തരം നൂറുകണക്കിന് പ്രവചനങ്ങൾ ഉണ്ട്. തിരുനബിയുടെ പുലർന്നതും ഇനി പുലരാനിരിക്കുന്നതുമായ ഒട്ടനവധി പ്രവചനങ്ങൾ ഉണ്ട്. അവയിൽ ചിലത് നമുക്ക് പരിശോധിക്കാം.
ഒന്ന്: പശുവേട്ടക്കിറങ്ങിയ അകീദർ.
പ്രവാചകാനുചരൻ ഖാലിദ് ബിൻ വലീദിൻ്റെ (റളിയല്ലാഹു അൻഹു) അനുഭവമാണ്. തിരുനബി അദ്ദേഹത്തെ ദൂമത്തുൽ ജന്തലിലെ രാജാവായ അകീദറിൻ്റെ അടുക്കലേക്ക് അയച്ചു. തബൂക്കിനടുത്തുള്ള ഒരു പ്രദേശമാണ് ദൂമ. അദ്ദേഹം ക്രൈസ്തവ വിശ്വാസിയായിരുന്നു. രാജാവിനെ ഇസ്ലാമിലേക്ക് ക്ഷണിച്ചു. ആ നാട്ടിലെ ഇസ്ലാമിക ഭരണാധികാരിയായി അദ്ദേഹത്തെ വാഴിക്കുക, അതുമല്ലെങ്കിൽ അവരുമായി കരാർ ചെയ്ത് ഇസ്ലാം മതപ്രചരണത്തിന് സൗകര്യം ചെയ്തുകൊടുക്കാൻ ആവശ്യപ്പെടുക, അതിനും തയ്യാറില്ലെങ്കിൽ അദ്ദേഹത്തെ കീഴടക്കി, ആ ഭരണീയരുടെ ഇരുലോക വിജയം സാധ്യമാക്കുക. ഇതൊക്കെയാണ് ഒരു ഭരണം നിലനിൽക്കുന്ന സ്ഥലത്തേക്ക് മുസ്ലിം സൈന്യം കടന്നുചെല്ലുന്നതിൻ്റെ അർത്ഥം.
പോകുമ്പോൾ തിരുനബി പറഞ്ഞു: “നീ അവിടെ എത്തുമ്പോൾ രാജാവ് പശുവിനെ വേട്ടയാടാൻ ഇറങ്ങിത്തിരിച്ചതായിരിക്കും.” ഖാലിദ് പുറപ്പെട്ടു, കോട്ടയുടെ അടുക്കലെത്താറായി. ഒരു പൗർണ്ണമി രാവായിരുന്നു അന്ന്. കോട്ടയിലേക്ക് നല്ലവണ്ണം കാണാൻ സാധിക്കും. അദ്ദേഹവും ഭാര്യയും മട്ടുപ്പാവിലിരിക്കുകയാണ്. അപ്പോൾ കൊട്ടാരത്തിൻ്റെ വാതിലിനടുക്കൽ ഒരു സുന്ദരിയായ പശു കൊമ്പുകൊണ്ട് കുത്തുന്നു.
രാജാവിനോട് പത്നി പറഞ്ഞു: “എന്തു ചന്തമുള്ള പശു! നിങ്ങൾ ഇത്ര മെയ്യഴകുള്ള പശുവിനെ കണ്ടിട്ടുണ്ടോ?” രാജാവ് പറഞ്ഞു: “ഇല്ല. ഇതിനെയൊക്കെ ആരെങ്കിലും ഒഴിവാക്കുമോ?” പത്നി പറഞ്ഞു: “ഒരിക്കലും ഇല്ല.” അതോടെ രാജാവ് തൻ്റെ കുതിരയുമായി ഇറങ്ങി. കൂടെ ഒരു സംഘവും. പശുവിനെ പിടിക്കാനിറങ്ങിയ രാജാവ് ഖാലിദിൻ്റെ മുമ്പിൽപ്പെട്ടു. ഖാലിദ് രാജാവിനെ പിടികൂടി. തിരുനബിയുടെ മുമ്പിലെത്തിച്ചു. അദ്ദേഹത്തെ യാതൊരുവിധ ദേഹോപദ്രവവും ഏൽപ്പിക്കരുതെന്ന് തിരുനബി തന്റെ അനുചരരോട് ഉപദേശിച്ചു. അദ്ദേഹവുമായി സന്ധിയുണ്ടാക്കിയ ശേഷം അദ്ദേഹത്തെ മടക്കി അയച്ചു.
രണ്ട്: അംവാസ് പ്ലേഗ്.
ഇമാം അഹ്മദ് തൻ്റെ പ്രശസ്തമായ നിവേദനശേഖരത്തിൽ ഉദ്ധരിക്കുന്ന തിരുവചനം ഇങ്ങനെ: “നിങ്ങൾ ശാമിലേക്ക് പോകും. ശാം രാജ്യം നിങ്ങളുടേതാകും. പിന്നീട് നിങ്ങൾക്ക് അവിടെ അതിശക്തമായ ഒരു രോഗം പിടിപെടും. അത് മുഖേന നിങ്ങളുടെ കർമ്മങ്ങൾ ശുദ്ധീകരിക്കപ്പെടുകയും നിങ്ങൾ രക്തസാക്ഷികളാവുകയും ചെയ്യും.” (ചില മരണങ്ങൾക്ക് രക്തസാക്ഷിയുടെ പ്രതിഫലം തിരുനബി വാഗ്ദാനം ചെയ്തിട്ടുണ്ട്. അതിൽപ്പെട്ടതാണ് പ്ലേഗ് ബാധിച്ചുള്ള മരണം).
രണ്ട് പ്രവചനങ്ങളാണ് ഇതിലുള്ളത്. ശാം പ്രവിശ്യ മുസ്ലിംകൾക്ക് കീഴടങ്ങും എന്നതും അവിടെ അതിശക്തമായ പകർച്ചവ്യാധി ഉണ്ടാകുമെന്നതും. ഹിജ്റയുടെ പതിനെട്ടാം വർഷം ശാമിൽ പ്ലേഗ് രോഗമുണ്ടായി. 25,000-ത്തോളം മുസ്ലിംകളാണ് അതിൽ മരണപ്പെട്ടത്. മുആദ് ബിൻ ജബൽ, അബൂ ഉബൈദ തുടങ്ങിയ പ്രമുഖ അനുചരരെല്ലാം ആ പ്ലേഗിൽ രക്തസാക്ഷികളായവരാണ്.
മൂന്ന്: ബൈത്തുൽ മുഖദ്ദസ് കീഴടക്കുന്നു.
അന്ത്യനാളിന് മുമ്പുള്ള ആറ് അടയാളങ്ങൾ എണ്ണിയ കൂട്ടത്തിൽ തിരുനബി ഒന്നാമതായി പറഞ്ഞത് അവിടുത്തെ മരണവും രണ്ടാമതായി എണ്ണിയത് ജെറുസലേമിലെ വിശുദ്ധ ഗേഹമായ ബൈത്തുൽ മുഖദ്ദസ് കീഴടക്കലുമായിരുന്നു. മറ്റു നാല് കാര്യങ്ങൾ പിന്നീട് പറയാം. ഇസ്ലാമിലെ ഏറ്റവും ആധികാരികമായ തിരുനബിവചന സമാഹാര ഗ്രന്ഥം രചിച്ച ഇമാം ബുഖാരിയാണ് ഈ തിരുമൊഴി ഉദ്ധരിച്ചത്. രണ്ടാം ഖലീഫ ഉമറിൻ്റെ കാലഘട്ടത്തിലാണ് ബൈത്തുൽ മുഖദ്ദസ് മുസ്ലിംകൾ തിരിച്ചുപിടിച്ചത്. മുഹമ്മദ് നബി മക്കയിൽ നിന്ന് മദീനയിലേക്ക് പലായനം ചെയ്തതിനെ (ഹിജ്റ) ആസ്പദമാക്കിയുള്ള വർഷക്കണക്ക് പ്രകാരം, പതിനഞ്ചാം വർഷമായിരുന്നു ആ സുപ്രധാന സംഭവം നടന്നത്.
നാല്: തബൂക്കിൽ കാറ്റടിച്ചു വീശുന്നു.
നബിയും സഹാബികളും തബൂക്ക് യുദ്ധത്തിന് പോവുകയാണ്. ‘വാദി ഖുറാ’ എന്ന സ്ഥലത്തെത്തിയപ്പോൾ ഒരു സ്ത്രീ അവളുടെ ഈന്തപ്പനത്തോട്ടത്തിൽ നിൽക്കുന്നുണ്ട്. ഈന്തപ്പഴം പാകമായ സമയമാണ്. അവർ അത് പറിച്ചെടുക്കാനുള്ള തയ്യാറെടുപ്പിലാണ്. "ഈ തോട്ടത്തിൽ നിന്ന് എത്രത്തോളം ഈന്തപ്പഴം ലഭിക്കുമെന്ന് നിങ്ങൾക്ക് ഊഹിച്ചുപറയുവാനാകുമോ" എന്ന് തിരുനബി കൂടെയുള്ളവരോട് ചോദിച്ചു. ആരും ഒന്നും പറഞ്ഞില്ല. നബി പറഞ്ഞു: "ഞാൻ പറയാം: പത്ത് വസഖ് (ഒരു അളവ്).” വിളവെടുക്കുമ്പോൾ അതിന്റെ അളവ് കൃത്യമായി രേഖപ്പെടുത്തി വെക്കണമെന്ന് ആ സ്ത്രീയോട് നിർദ്ദേശിച്ച ശേഷം അവർ യാത്ര തുടർന്നു.
തബൂക്കിലെത്തിയപ്പോൾ തിരുനബി ഒരു പ്രവചനം നടത്തി: “ഇന്ന് രാത്രി അതിശക്തമായ കാറ്റടിക്കും. ഒട്ടകമുള്ളവർ അവയെ കെട്ടിയിടുക.” അന്ന് രാത്രി അതിശക്തമായ കാറ്റടിച്ചു. തിരിച്ചു വരുമ്പോൾ ആ തോട്ടക്കാരിയെ കണ്ടു. "എത്രയുണ്ടായിരുന്നു നിങ്ങളുടെ ഈന്തപ്പഴം" എന്ന് ചോദിച്ചപ്പോൾ അവർ പറഞ്ഞു: “കൃത്യം നിങ്ങൾ പറഞ്ഞ പത്ത് വസഖ് തന്നെ.”
അഞ്ച്: കിസ്റയുടെ കിരീടം ധരിക്കുന്ന ഗ്രാമവാസി.
തിരുനബിയെയും കുടുംബത്തെയും അനുചരന്മാരെയും അവിടുത്തെ പിതൃസഹോദരൻ അബൂത്വാലിബിന്റെ മലയടിവാരത്തിൽ മൂന്ന് വർഷത്തോളം ഉപരോധത്തിൽ തളച്ചിടുകയും ക്രൂരമായ പീഡനങ്ങൾക്ക് ഇരയാക്കുകയും ചെയ്തിട്ടും, മക്കക്കാർക്ക് അവിടുത്തോടുള്ള പക അടങ്ങിയിരുന്നില്ല. അവർ തിരുനബിയെ വധിക്കാനായുള്ള ഗൂഢാലോചന തുടർന്നുകൊണ്ടിരുന്നു. ഒരു രാത്രി തിരുനബി അന്തിയുറങ്ങുമ്പോൾ വീട് വളയുവാനും എഴുന്നേറ്റ് പുറത്തേക്കുവരുമ്പോൾ വധിക്കുവാനും ശത്രുക്കൾ തീരുമാനിച്ചു. ഏറ്റവും വലിയ തന്ത്രജ്ഞാനിയായ അല്ലാഹു ഇതിനെല്ലാം പ്രതിരോധമായി തിരുനബിയെ മദീനയിലേക്ക് പാലായനം ചെയ്യാൻ അനുമതി നൽകി.
അവർ തിരുനബി കിടന്നുറങ്ങിയ വീട് വളഞ്ഞു. വീട്ടിൽനിന്ന് പുറത്തിറങ്ങുമ്പോൾ വെട്ടിക്കൊലപ്പെടുത്താനായിരുന്നു തീരുമാനം. അല്ലാഹുവിൻ്റെ പ്രത്യേക സംരക്ഷണംകൊണ്ട് അർദ്ധരാത്രിയിൽത്തന്നെ അവർ അറിയാതെ അവർക്കിടയിലൂടെ തിരുനബി പുറത്തിറങ്ങി. വിശുദ്ധ ഖുർആനിലെ യാസീൻ അധ്യായത്തിലെ ചില സൂക്തങ്ങൾ മന്ത്രിച്ച് ഒരുപിടി മണൽ വാരിയെറിഞ്ഞപ്പോൾ അതെല്ലാവരുടെയും കണ്ണിലെത്തി. അവർ കണ്ണുതിരുമ്മി. അതിനിടയിലാണ് തിരുനബി രക്ഷപ്പെട്ടത്. നിരാശരായ ശത്രുക്കൾ നബിയെ ജീവനോടെയോ അല്ലാതെയോ പിടികൂടുന്നവർക്ക് നൂറ് ഒട്ടകങ്ങൾ ഇനാം പ്രഖ്യാപിച്ചു. എല്ലാവരും നാലുപാടും ഓടി. കൂട്ടത്തിൽ സുറാഖയുമുണ്ടായിരുന്നു. തൻ്റെ അമ്പും വില്ലും കുന്തവും എടുത്ത് അയാൾ വാഹനപ്പുറത്ത് കുതിച്ചു. അയാൾ ഇരുവരെയും കണ്ടെത്തി. തിരുനബിയുടെ അടുത്തെത്താറായപ്പോൾ അയാളുടെ ഒട്ടകത്തിൻ്റെ കാൽ ഭൂമി പിടിച്ചുവിഴുങ്ങി. മുട്ടോളമെത്തി. രക്ഷപ്പെടാനാവാതെ അയാൾ പ്രയാസപ്പെട്ടപ്പോൾ തനിക്കുവേണ്ടി പ്രാർത്ഥിക്കാൻ തിരുനബിയോട് കെഞ്ചി. താൻ അവരെ ഒന്നും ചെയ്യുകയില്ലെന്ന് ഉറപ്പുനൽകി. അവിടുന്ന് പ്രാർത്ഥിച്ചപ്പോൾ ഒട്ടകത്തിന് കാൽ വലിച്ചെടുക്കാൻ സാധിച്ചു. പക്ഷേ അപ്പോഴേക്കും നൂറ് ഒട്ടകങ്ങളെക്കുറിച്ചുള്ള മോഹനവാഗ്ദാനം അദ്ദേഹത്തിൻ്റെ കർണ്ണപുടങ്ങളിൽ അലയടിക്കുന്നത് പോലെ തോന്നി. വീണ്ടും തിരുനബിക്ക് നേരെ തിരിഞ്ഞു. വീണ്ടും ഒട്ടകത്തിൻ്റെ കാൽ അതിനേക്കാൾ കൂടുതലായി ഭൂമിയിലേക്ക് ആണ്ടുപോയി. വീണ്ടും തിരുനബിയെ വിളിച്ച് സഹായം തേടി.
തൻ്റെ ഭക്ഷണവും ആയുധങ്ങളും ആടുകളും അവർക്ക് നൽകാമെന്നും, ശത്രുക്കളോട് ഇവരെക്കുറിച്ച് വെളിപ്പെടുത്തില്ലെന്നും അദ്ദേഹം വാഗ്ദാനം ചെയ്തു. “ആടും ആയുധവും ഭക്ഷണവും വേണ്ട, ആരോടും പറയാതിരുന്നാൽ മതി” എന്ന് പറഞ്ഞ് തിരുനബി വീണ്ടും പ്രാർത്ഥിച്ചു. രക്ഷപ്പെട്ടപ്പോൾ വീണ്ടും നൂറു ഒട്ടകങ്ങൾ അയാളെ മോഹിപ്പിച്ചു. ഒട്ടകത്തിൻ്റെ കാൽ വീണ്ടും ആഴങ്ങളിലേക്ക്! കൂടെ ചുറ്റുഭാഗത്തും പുക ഉയരാൻ തുടങ്ങി. താൻ പിടിക്കാൻ ഉദ്ദേശിക്കുന്നയാൾ സാധാരണക്കാരനല്ലന്ന് അയാൾക്ക് ബോധ്യമായി. അയാൾ തിരുനബിയെ വിളിച്ച് അലറിക്കരഞ്ഞു: "എനിക്ക് നിങ്ങളോട് ഒരു കാര്യം പറയാനുണ്ട്, എന്നെ രക്ഷപ്പെടുത്തണം!" കരുണ വറ്റാത്ത അവിടുന്ന് അദ്ദേഹത്തെ വീണ്ടും രക്ഷപ്പെടുത്തി.
അപ്പോൾ അയാൾ പറഞ്ഞു: “നിങ്ങളുടെ പ്രസ്ഥാനം പടർന്നുപന്തലിക്കുമെന്ന് എനിക്കറിയാം. അതുകൊണ്ട് നിങ്ങൾ എനിക്ക് സംരക്ഷണം പ്രഖ്യാപിക്കുന്ന ഒരു എഴുത്ത് നൽകുമോ?” അവർ അങ്ങനെ എഴുതിക്കൊടുത്തു. അപ്പോൾ തിരുനബി പറഞ്ഞു: “ഇതൊന്നുമല്ല അത്ഭുതം! നീ പേർഷ്യൻ ചക്രവർത്തിയായ കിസ്രയുടെ കിരീടവും അരപ്പട്ടയും വളകളും ധരിച്ചാൽ എങ്ങനെയുണ്ടായിരിക്കും?” അയാൾ ചോദിച്ചു: “ഏത് കിസ്ര?” “അതെ, ഹുർമുസിൻ്റെ മകൻ കിസ്ര തന്നെ.”
ഹിജ്റ എട്ടാം വർഷം, തിരുനബിയും അനുയായികളും വിജയശ്രീലാളിതരായി മക്കയിലേക്ക് കടന്നുവരികയാണ്. സ്വന്തം വീട്ടിൽ കയറി വാതിൽ അടച്ചവർക്കും, അബൂ സുഫ്യാൻ്റെ വീട്ടിൽ അഭയം തേടിയവർക്കും, വിശുദ്ധ കഅബാലയത്തിന്റെ പരിസരത്ത് (മസ്ജിദുൽ ഹറാം) പ്രവേശിച്ചവർക്കും തിരുനബി സുരക്ഷിതത്വം വാഗ്ദാനം ചെയ്തു. ആട്ടിയോടിക്കപ്പെട്ട നാട്ടിൽ തിരുനബി തിരിച്ചെത്തുകയാണ്. അപ്പോഴതാ ഒരാൾ ഒരു എഴുത്തുമായി വരുന്നു. സുറാഖ! അദ്ദേഹം തിരുനബിയെ സമീപിച്ചു തന്നെ പരിചയപ്പെടുത്തി. അവിടുത്തെ സാന്നിധ്യത്തിൽവെച്ച് മുസ്ലിമായി.
ഖലീഫാ ഉമറിൻ്റെ കാലഘട്ടത്തിലാണ് കിസ്രയുടെ സാമ്രാജ്യം ഇസ്ലാമിക ഭരണത്തിന് കീഴിൽ വരുന്നത്. ജനങ്ങളെ അടിമകളെ പോലെ കണ്ടിരുന്ന സ്വേച്ഛാധിപതിയായ ചക്രവർത്തിയായിരുന്നു കിസ്റ. അവിടെ ജനങ്ങൾ പുഴുക്കളെപ്പോലെ ഞെരിഞ്ഞമർന്നു. സുഖാഢംബരങ്ങളുടെ പറുദീസയിൽ വിരാജിച്ച അദ്ദേഹത്തെയും ഇസ്ലാമിലേക്ക് ക്ഷണിച്ചുകൊണ്ട് തിരുനബി സന്ദേശമയച്ചു. അത് നീണ്ട ചരിത്രമാണ്.
യുദ്ധാർജ്ജിത സ്വത്തുക്കൾ ഉമറിൻ്റെ മുമ്പിലെത്തി. അവയിൽ കിസ്രയുടെ വളകളും കിരീടവും അരപ്പട്ടയുമുണ്ടായിരുന്നു. ഉമർ ജനമധ്യത്തിൽവെച്ച് സുറാഖയെ വിളിച്ചു. “പ്രവാചകൻ ഹിജ്റ സമയത്ത് നിങ്ങളോട് നടത്തിയ പ്രവചനം ഇതാ പുലർന്നിരിക്കുന്നു.” സുറാഖക്ക് കിസ്രയുടെ വളകൾ ഓരോന്നായി ധരിപ്പിച്ചു. തലയിൽ കിരീടം വെച്ചുകൊടുത്തു. അരപ്പട്ട കെട്ടിക്കൊടുത്തു. ഇതെല്ലാം ഏകഛത്രാധിപതിയായി വിലസിയ കിസ്രയിൽ നിന്ന് അഴിപ്പിച്ച് കേവലം ഒരു ഗ്രാമവാസിയായ സുറാഖക്ക് ധരിപ്പിച്ച അല്ലാഹുവിനാണ് സർവ്വസ്തുതിയും. തിരുനബിയുടെ പ്രവചനം എത്ര കൃത്യമായാണ് പുലർന്നതെന്ന് നോക്കൂ.
ആറ്: കടൽ യാത്ര ചെയ്യുന്ന ഉമ്മു ഹറാം.
ഉമ്മു ഹറാം പറയുന്നു: "കടൽ വഴി യുദ്ധം നടത്തുന്ന എൻ്റെ സമുദായത്തിലെ സൈന്യത്തിന് സ്വർഗം നിർബന്ധമാക്കിയിരിക്കുന്നു" എന്ന് തിരുനബി പറയുന്നത് ഞാൻ കേട്ടു. അപ്പോൾ ഞാൻ ചോദിച്ചു: “ഞാനും അവരിൽപ്പെട്ടോട്ടെ?” അപ്പോൾ അവിടുന്ന് പ്രതികരിച്ചു: “അതെ, നീ അവരിൽപ്പെട്ടവളാണ്.”
പിന്നീട് തിരുനബി പറഞ്ഞു: “കോൺസ്റ്റാന്റിനോപ്പിൾ പട്ടണം കീഴടക്കുന്ന എൻ്റെ ഉമ്മത്തിലെ ആദ്യത്തെ സൈന്യം ദോഷങ്ങൾ പൊറുക്കപ്പെട്ടവരാണ്.” അപ്പോഴും ഞാൻ പറഞ്ഞു: “ഞാനും അതിൽ ഉൾപ്പെട്ടോട്ടെ?” അപ്പോൾ തിരുനബി പറഞ്ഞു: “അവരുടെ കൂട്ടത്തിൽ നീ ഇല്ല.”
ഹിജ്റ വർഷം ഇരുപത്തേഴിനാണ് ഈ പ്രവചനം പുലർന്നത്. മുആവിയ ഇബ്നു അബൂസുഫിയാൻ ഒരു സംഘം അനുചരരോടുകൂടെ സൈപ്രസ് കീഴടക്കാൻ പുറപ്പെട്ടു. കടൽ വഴിയാണ് യാത്ര. തിരുനബിയുടെ സമുദായത്തിലെ ആദ്യത്തെ കടൽ യുദ്ധം എന്ന് പറയാം. തൻ്റെ ഭർത്താവ് ഉബാദത് ബ്നു സ്വാമിതിൻ്റെ കൂടെ ഉമ്മു ഹറാമും അന്ന് പുറപ്പെട്ടു. കടൽ യാത്ര കഴിഞ്ഞ് ഉമ്മു ഹറാം യാത്രക്കായി ഒരു മൃഗത്തിൻ്റെ പുറത്ത് കയറി. മൃഗം അവരെ മറിച്ചിടുകയും കൊന്നുകളയുകയും ചെയ്തു. അവിടെയാണ് അവരെ ഖബറടക്കിയിരിക്കുന്നത്. രണ്ടാമത്തെ യുദ്ധം ഹിജ്റ 52-ലായിരുന്നു. അവരുടെ കൂട്ടത്തിൽ ഉമ്മു ഹറാം ഉണ്ടായിരുന്നില്ല; കാരണം അവർ ആദ്യത്തെ യുദ്ധയാത്രയിൽത്തന്നെ മരിച്ചിരുന്നല്ലോ.




