ഒരു രാത്രി ഉമറിന് മദ്യം സേവിക്കാൻ മോഹം. അതിനായി അവർ ഒരുമിച്ചു കൂടാറുള്ള സ്ഥലം ലക്ഷ്യമാക്കി നടന്നു. നിരാശയായിരുന്നു ഫലം. അവിടെ കള്ളുമില്ല, ആളുമില്ല. ഇനി എന്ത് ചെയ്യും? നാട്ടിലെ അറിയപ്പെട്ട കള്ളു വാറ്റുകാരൻ ഉണ്ട്, അയാളുടെ അടുത്തേക്ക് പോയാലോ? പിന്നെ വൈകിയില്ല, നേരെ അദ്ദേഹത്തിന്റെ അടുത്തേക്ക് പിടിച്ചു. അവിടെനിന്നും എന്തായിരുന്നാലും കാര്യം സാധിക്കുമെന്ന് ഉറപ്പിച്ച ഉമറിന് തെറ്റി. അയാളെ കണ്ടില്ല, കള്ളും കിട്ടിയില്ല. ഇനിയെന്ത് എന്ന് ചിന്തിച്ചു കൊണ്ടിരിക്കുന്നതിനിടയിൽ ഉമറിന്റെ ഉള്ളിൽ നാട്ടിലെ പുതിയ വിവാദം കടന്നു വന്നു.
മുഹമ്മദ്! നമ്മുടെ നാട്ടിൽ നമ്മുടെ സംസ്കാരത്തിനും വിശ്വാസത്തിനും യോജിക്കാനാവാത്ത വിശ്വാസ സംഹിതയുമായി ഒരാൾ വരികയോ? അതും ഒരു അനാഥൻ! എന്നിട്ട് നമ്മൾ നമ്മുടെ ദൈവങ്ങളെയെല്ലാം ഉപേക്ഷിച്ച് അവന്റെ പിന്നാലെ കൂടണമെന്നോ? പ്ഫൂ! ആ അഹങ്കാരം അവസാനിപ്പിക്കപ്പെടണം. ഇനി ആരും ഇത്തരം വാദവുമായി ഈ നാട്ടിലേക്ക് കടന്നു വരരുത്. അതിനെന്ത് ചെയ്യണം? മുഹമ്മദിനെ കശാപ്പ് ചെയ്യണം.!
ഉമർ അങ്ങനെയാണ്. കുറേ ചിന്തിച്ചു നിൽക്കില്ല. പെട്ടെന്ന് തീരുമാനിക്കും. പെട്ടെന്ന് നടപ്പാക്കും. ഉമർ പുതിയ ലക്ഷ്യവുമായി മുന്നോട്ട് നീങ്ങുകയാണ്. കയ്യിൽ ഊരിപ്പിടിച്ച വാളുണ്ട്. വഴിയിൽ വെച്ച് നുഐബ്ൻ അബ്ദില്ലാഹ് അൽ അദ് വി എന്നയാളെ കണ്ടുമുട്ടുന്നു.
നുഐം: “താങ്കൾ എവിടേക്കാണ് പോകുന്നത്?”
ഉമർ: “മുഹമ്മദിന്റെ തലയെടുക്കാൻ” നുഐം: “മുഹമ്മദിനെ കൊന്നിട്ട് ഭൂമുഖത്ത് അങ്ങനെയങ്ങ് നടക്കാൻ നിന്നെ ബനൂ അബ്ദുമനാഫ് (തിരുനബിയുടെ കുടുംബം) സമ്മതിക്കുമെന്ന് നിനക്ക് തോന്നുന്നുണ്ടോ?”
ഉമർ: “നീയും നിന്റെ മതം ഉപേക്ഷിച്ചോടാ?”
നുഎം: “ആദ്യം സ്വന്തം വീട്ടിൽ പോയി വീട്ടുകാരെ ശരിയാക്കാൻ നോക്കൂ. എന്നിട്ട് എൻ്റെ കാര്യം നോക്കിയാൽ മതി.”
ഉമർ: “എന്റെ കുടുംബത്തിലെ ആർക്കാണ് കുഴപ്പം?”
നുഎം: “നിന്റെ അളിയൻ സഈദും നിന്റെ സഹോദരി ഫാത്തിമയും ഇസ്ലാം സ്വീകരിക്കുകയും മുഹമ്മദിനെ പിന്തുടരുകയും ചെയ്തിരിക്കുന്നു.”
ഇടിമുഴക്കം പോലെയാണ് ആ വാക്കുകൾ ഉമറിന്റെ കാതുകളിൽ പതിച്ചത്. ദേഷ്യം കൊണ്ട് മുഖം ചുവന്നു തുടുത്തു. കണ്ണുകൾ ജ്വലിച്ചു. മറ്റൊന്നും ചിന്തിച്ചില്ല. സഹോദരിയുടെ വീട്ടിലേക്ക് നേരെ കയറിച്ചെന്നു. അവിടെ ഖബ്ബാബ് എന്നൊരാള് അവർക്ക് ഖുർആൻ പഠിപ്പിക്കുകയായിരുന്നു. വിശുദ്ധ ഖുർആനിലെ ത്വാഹാ എന്ന ഇരുപതാമത്തെ അദ്ധ്യായം എഴുതിയ ഒരു ഏടായിരുന്നു അവരുടെ കയ്യിലുണ്ടായിരുന്നത്. ഉമർ വരുന്നതറിഞ്ഞ് ഖബ്ബാബ് ഒരു റൂമിൽ കയറി ഒളിച്ചു.
ഉമർ: “ഞാനിവിടെ കടന്നുവരുമ്പോൾ എന്തോ ഒരു ശബ്ദം കേട്ടിരുന്നുവല്ലോ. അതെന്താണ്?”
ഫാതിമ: “ഞങ്ങളാന്നും കേട്ടില്ലല്ലോ.!”
ഉമർ: “നിങ്ങൾ മുഹമ്മദിനെ വിശ്വസിച്ചു എന്ന വിവരം എനിക്ക് കിട്ടിയിട്ടുണ്ട്.”
ഇതും പറഞ്ഞു തന്റെ അളിയനെ (സഹോദരിയുടെ ഭർത്താവ്) പ്രഹരിക്കാനായി കൈ ഉയർത്തിയതും ഭർത്താവിനെ രക്ഷിക്കാനായി ഫാത്തിമ ഇരുവരുടെയും ഇടയിലേക്ക് ഇടിച്ചു കയറി. പരുപരുത്ത കൈ കൊണ്ടുള്ള അതിശക്തമായ പ്രഹരം സഹോദരിയുടെ മുഖത്ത് പതിച്ചു. മുഖം പൊട്ടി. ചോര ധാരധാരയായി ഒഴുകാൻ തുടങ്ങി. എന്നിട്ടും അതൊന്നും പ്രശ്നമാക്കാതെ സഈദും പത്നിയും സധൈര്യം പറഞ്ഞു. “ഞങ്ങൾ ഏതായാലും അല്ലാഹുവിലും തിരുദൂതരിലും വിശ്വസിച്ചു മുസ്ലിംകൾ ആയിട്ടുണ്ട്. നിനക്ക് എന്തുവേണമെങ്കിലും ചെയ്യാം.”
സഹോദരിയുടെ മുഖത്ത് ചോര ഒഴുകുന്നത് കണ്ട ഉമറിന് സങ്കടം വന്നു. മുഖത്തെ പക മാഞ്ഞുപോയി. കണ്ണുകൾ അത്ര തീഷ്ണമല്ല. അതങ്ങനെയാണ്, വൈകാരികതയുടെ നിമിഷാർദ്ധങ്ങൾ ചിലപ്പോൾ സംവത്സരങ്ങളുടെ പദ്ധതികളെ പോലും തകിടംമറിച്ചു കളയും. അക്ഷരാഭ്യാസം ഉണ്ടായിരുന്ന ഉമർ ശാന്തനായി ചോദിച്ചു:
“നിങ്ങൾ വായിച്ചിരുന്ന ആ ഗ്രന്ഥം ഒന്ന് തരുമോ? എന്താണ് മുഹമ്മദ് കൊണ്ടുവന്നിട്ടുള്ളത് എന്ന് ഞാനൊന്ന് കാണട്ടെ.”
ഫാതിമ: “നീയത് എന്തെങ്കിലും ചെയ്യുമെന്ന് ഞങ്ങൾ ഭയപ്പെടുന്നു”
ഉമർ: “ഞാനൊന്നും ചെയ്യില്ല. എന്റെ ദൈവങ്ങളാണെ. ഞാനത് അതുപോലെ തിരിച്ചു തരും”
ഫാതിമ: “നിനക്ക് അശുദ്ധി ഉണ്ടാവും. ശുദ്ധിയുള്ളവർക്ക് മാത്രമേ ഗ്രന്ഥം തൊടാൻ പാടുള്ളൂ.”
ഉമർ പെട്ടെന്ന് കുളിച്ചു വന്നു. സഹോദരി ഗ്രന്ഥം കൊടുത്തു. ത്വാഹ സൂറത്ത് ആയിരുന്നു അതിൽ ഉണ്ടായിരുന്നത്. വായിച്ചു തുടങ്ങിയപ്പോൾതന്നെ അദ്ദേഹത്തിന് അത് വളരെ ആകർഷണീയമായി തോന്നി. എന്തൊരു ഭംഗിയുള്ള വാക്കുകൾ! ഇത്രയും ആയപ്പോഴേക്കും ഒളിച്ചിരുന്ന ഖബ്ബാബ് പുറത്തേക്ക് വന്നു.
ഖബ്ബാബ്: “ഉമർ, ഇന്നലെ നിനക്ക് വേണ്ടി തിരുനബി പ്രാർത്ഥിക്കുന്നത് ഞാൻ കേട്ടിരുന്നു. ഉമറുബ്നുൽ ഖത്താബ്, അല്ലെങ്കിൽ ഹകമുബ്നു ഹിശാം (അബൂജഹ്ൽ) ഇവരിൽ ഒരാളെ കൊണ്ട് ഇസ്ലാമിനെ ശക്തിപ്പെടുത്തേണമേ” എന്നായിരുന്നു ആ പ്രാർഥന.
ഉമർ: “മുഹമ്മദ് എവിടെയാണെന്ന് അറിയിച്ചു തരാമോ?”
തിരുനബി നിൽക്കുന്ന ഇടം ഉമറിന് അറിയിച്ചു കൊടുത്തു. ഉമർ നേരെ പോയത് കഅബയിലേക്കാണ്. പ്രദക്ഷിണം ചെയ്യാൻ ഉദ്ദേശിച്ച് കഅബയുടെ അടുത്തെത്തി. അപ്പോഴതാ തിരുനബി അവിടെ നിസ്കരിക്കുന്നു. റുക്നുൽ അസ് വദിനും റുക്നുൽ യമാനിക്കും ഇടയിലാണ് നബി നിസ്കരിക്കുന്നത്.
ഉമർ തന്നെ പറയട്ടെ.
“ഞാൻ ഹിജ്ർ ഇസ്മായീലിന്റെ ഭാഗത്തിലൂടെ കഅബയുടെ വിരിയുടെ ഉള്ളിലൂടെ മെല്ലെ നടന്നു നീങ്ങി. തിരുനബി ഖുർആൻ ഓതി നിസ്കരിക്കുകയാണ്. ഞാൻ തിരുനബിയുടെ തൊട്ടുമുന്നിൽ എത്തി. എനിക്കും തിരുനബിക്കുമിടയിൽ കഅബയുടെ വിരി മാത്രമേയുള്ളൂ. തിരുനബിയുടെ ഖുർആൻ പാരായണം കേട്ടപ്പോൾ എന്റെ മനസ്സലിഞ്ഞു. ഞാൻ കരയാൻ തുടങ്ങി. അധ്യായം അൽ ഹാഖ: (പരമ സത്യം) ആയിരുന്നു തിരുനബി ആ നിസ്കാരത്തിൽ പാരായണം ചെയ്തിരുന്നത്. ഖുർആനിന്റെ രചനാസൗകുമാര്യത എന്നെ വല്ലാതെ ആകർഷിച്ചു. ഇത് നല്ലൊരു കവിത തന്നെ!. ഒരു കവിയുടെ സർഗാത്മകത തുളുമ്പുന്ന വാക്കുകൾ എന്ന് ഞാൻ സമാശ്വസിക്കാൻ ശ്രമിച്ചു.”
അപ്പോൾ അതാ തിരുനബി ഓതുന്നു:
إِنَّهُ لَقَوْلُ رَسُولٍ كَرِيمٍ * وَمَا هُوَ بِقَوْلِ شَاعِرٍ قَلِيلًا مَّا تُؤْمِنُونَ
“ഇതു മാന്യനായ ഒരു ദൂത് കൈമാറിയ വാക്കുകളാണ്. ഇതൊരു കവിയുടെ വാക്കുകളല്ല. നിങ്ങൾ കുറച്ചു മാത്രമേ വിശ്വസിക്കുന്നുള്ളൂ.”
അതുകേട്ടപ്പോൾ ഞാൻ എൻറെ ഉള്ളിൽ പറഞ്ഞു: എന്നാൽ വല്ല ജോത്സ്യന്റെ വാക്കുകളുമായിരിക്കും. അപ്പോഴതാ തിരുനബി അടുത്ത സൂക്തമോതുന്നു:
وَلَا بِقَوْلِ كَاهِنٍ قَلِيلًا مَّا تَذَكَّرُونَ تَنْزِيلٌ مِّنْ رَّبِّ الْعَالَمِينَ
“ഇത് ഒരു ജോത്സ്യന്റെ വാക്കുകളുമല്ല. നിങ്ങൾ കുറച്ചു മാത്രമേ ചിന്തിക്കുന്നുള്ളൂ. ഇത് ലോക രക്ഷിതാവായ അല്ലാഹു അവതരിപ്പിച്ചതാണ്.”
അങ്ങനെ സൂറത്ത് മുഴുവനായി അവിടുന്ന് ഓതി. എന്നിട്ട് അവിടുന്ന് നടന്നുനീങ്ങി. ഇസ്ലാം പൂർണമായി എന്റെ ഹൃദയത്തിലേക്ക് കടന്നുവന്നു. അങ്ങനെ ഞാൻ ഇസ്ലാം സ്വീകരിക്കാനായി തിരുനബിയുടെ അടുക്കലേക്ക് പോകാനുറച്ചു.”
തിരുനബി അപ്പോഴേക്കും സഫ മലയുടെ അടുത്തുള്ള ദാറുൽ അർഖമിലെത്തിയിരുന്നു. നബിയുടെ പ്രബോധനത്തിന്റെ സങ്കേതം അവിടെയായിരുന്നു. തന്റെ അനുചരരോടൊപ്പം ദൗത്യ നിർവഹണത്തെ കുറിച്ച് ചർച്ച ചെയ്യുകയാണ്. ഡും.. ഡും.. ആരോ വാതിലിൽ മുട്ടുന്നുണ്ട്. തന്നെ തിരിച്ചറിയുന്നതിനായി ഉമർ ശബ്ദമുണ്ടാക്കി. സ്വഹാബികൾക്ക് ആളെ മനസ്സിലായി. സ്വൽപനേരത്തേക്ക് ഒരു മൂകത അവിടെ തളംകെട്ടി. മൗനം ഭജ്ഞിച്ചു കൊണ്ട് ഹംസ പറഞ്ഞു:
“അവൻ വരട്ടെ, അവൻ്റെ വരവ് നല്ലതിനെങ്കിൽ അവന് നല്ലത്. ദുഷ്ടലാക്കോട് കൂടിയാണ് വരവെങ്കിൽ അവൻ എന്റെ വാളിനിരയാകും”. പ്രവേശനാനുമതി കൊടുക്കാൻ തിരുനബി കല്പിച്ചു. ഉമറിനെ കാണാനായി തിരുനബി എഴുന്നേറ്റു നിന്നു.
“നബിയെ, അല്ലാഹുവിനേയും റസൂലിനേയും വിശ്വസിക്കാനാണ് ഞാൻ വന്നിട്ടുള്ളത്”. ഉമർ പറഞ്ഞ് തുടങ്ങി. ഇതുകേട്ടപാടെ മുത്ത് നബി ഹർഷാരവം മുഴക്കി. ഉമർ ഇസ്ലാം സ്വീകരിച്ചെന്ന് മനസിലാക്കിയതോടെ നബിയുടെ അനുചരന്മാർ അവിടെ തടിച്ചുകൂടി.




