ഒമാനിലെ മസ്കത്തിൽ നിന്ന് ആയിരത്തിലധികം കിലോമീറ്ററുണ്ട് സലാലയിലേക്ക്. ബസ് വഴി പോകുന്നവർക്ക് പുറത്തേക്ക് നോക്കിയാൽ പ്രത്യേകിച്ച് കാഴ്ചകളൊന്നുമില്ല. കണ്ണെത്താ ദൂരത്തേക്ക് പരന്നുകിടക്കുന്ന മരുഭൂമി മാത്രം. മരുഭൂമിക്ക് ശേഷം വീണ്ടും മരുഭൂമികൾ.
മണലാരണ്യത്തിൽ വെള്ളം ലഭിക്കാതെ പിടഞ്ഞുമരിച്ച ബെന്യമിന്റെ ‘ആടുജീവിതത്തിലെ’ ഹമീദും മരുഭൂമിയിൽ സാഹസികതകളുടെ വിസ്മയ യാത്രകൾ നടത്തിയ മൊയ്തു കിഴിശ്ശേരിയും മൂന്നുദിവസം ദിശയറിയാതെ മരുക്കാട്ടിൽ കറങ്ങിവീണ മുഹമ്മദ് അസദും ഓർമ്മകളിലൂടെ കടന്നുപോകും. അവരുടെ ആത്മാവുകൾക്ക് അല്ലാഹു ശാന്തി നൽകട്ടെ.
സലാലയിലേക്ക് പ്രവേശിക്കുമ്പോൾ തന്നെ പ്രകൃതി ഏറെക്കുറെ മാറിമറിയും. പച്ചപ്പുകൾ കണ്ടു തുടങ്ങും. ഈന്തപ്പനകൾക്ക് പകരം തെങ്ങുകൾ ഇടംപിടിക്കും. റോഡുകൾക്ക് ഇരുവശത്തും വെട്ടിയൊതുക്കിയ പുല്ലുകളും പൂവാടികളും.
മലബാറിലെ രാജാവായിരുന്ന ചേരമാൻ പെരുമാൾ തിരുനബിയുടെ അടുക്കൽ വന്ന് ഇസ്ലാം സ്വീകരിച്ച് താജുദ്ദീൻ ആയി എന്നും സലാലയിലെ ളിഫാറിൽ ആണ് അവരുടെ അന്ത്യവിശ്രമ സ്ഥലം എന്നും ഒരു ചരിത്രമുണ്ട്.
അവിടത്തുകാർ ആരെങ്കിലും അതേക്കുറിച്ച് എഴുതുകയോ പറയുകയോ ചെയ്തിട്ടുണ്ടോ? ഇവിടെയുള്ള പ്രായമുള്ള അറബികൾ മഴയില്ലാതെ പ്രയാസപ്പെടുന്ന സമയത്ത് ആ ഖബറിടത്തിൽ (ശവകുടീരം) പ്രാർത്ഥിക്കാൻ വരാറുണ്ടെന്നും കുടയെടുത്തുകൊണ്ടാണ് അവർ എത്താറുള്ളതെന്നും അങ്ങനെ മഴ പെയ്തിട്ടാണ് തിരിച്ചു പോവുക എന്നൊക്കെയാണ് നാട്ടുവർത്തമാനങ്ങൾ.
ചേരമാൻ പെരുമാൾ എന്ന ചരിത്ര പുരുഷനുമായി ബന്ധപ്പെട്ട് ധാരാളം അഭിപ്രായ വ്യത്യാസങ്ങളും വാദപ്രതിവാദങ്ങളും നടന്നിട്ടുള്ളത് കൊണ്ടുതന്നെ അതൊരു കുഴഞ്ഞു മറിഞ്ഞ പ്രശ്നമാണ്. എന്തായാലും കേരളത്തിൽ നിന്ന് ആദ്യകാലങ്ങളിൽ ഒരു പ്രമുഖൻ അറബ് നാട്ടിൽ വന്ന് ഇസ്ലാം സ്വീകരിച്ചിട്ടുണ്ട് എന്നതും അത്തരമൊരാളുടെ ഖബർ സലാലയിൽ ഉണ്ട് എന്നതും യാഥാർഥ്യമാണ്. അവരുടെ പേര്, കാലം, ചരിത്രം എന്നിവയെ കുറിച്ചാണ് പ്രധാനമായും സംശയങ്ങൾ ഉണ്ടായിരുന്നത്.
ളഫാറിലേക്ക് അടുക്കും തോറും സലാല കേരളമായി തീരുന്നത് പോലെ തോന്നും. ചുറ്റുഭാഗത്തും നിരനിരയായി ഉയർന്നുനിൽക്കുന്ന കേരവൃക്ഷങ്ങൾ. നിറഞ്ഞ് നിൽക്കുന്ന വാഴത്തോട്ടങ്ങൾ. പപ്പായയും കപ്പയും പച്ചക്കറികളും യഥേഷ്ടം. റോഡരികിൽ നിറയെ കച്ചവടക്കാർ. കൊച്ചുകൊച്ചു കടകളിൽ ഇളനീരും വാഴപ്പഴവും പപ്പായയും കക്കരിക്കയും തണ്ണിമത്തനുമൊക്കെയാണ് പ്രധാന കച്ചവട വിഭവങ്ങൾ.
പത്തുമുന്നൂറോളം കടകൾ! ഇവിടെ ഇത് വാങ്ങാനായി മാത്രം ടൂറിസ്റ്റുകൾ വരാറുണ്ട്. ലോകത്തിന്റെ വിവിധ ഭാഗങ്ങളിലേക്ക് ഇവിടുന്ന് നാളികേരം കയറ്റി അയക്കുന്നുണ്ട്. ഇവിടുത്തുകാർ തന്നെയും ഇതിന്റെ പ്രധാന ഉപഭോക്താക്കളാണ്.
പെരുമാളിനു വേണ്ടി അല്ലാഹു ഈ പ്രദേശത്തെ ഇങ്ങനെ ആക്കിയതാണോ എന്ന് സംശയിച്ചുപോകും. കാരണം ആ മഖ്ബറക്ക് ചുറ്റുമാണ് ഏറ്റവും കൂടുതൽ കേരളീയത അനുഭവപ്പെടുന്നത്. അത് അങ്ങനെ തന്നെയാണെന്ന് ഉറപ്പിച്ചു വിശ്വസിക്കുന്ന എത്രയോ ആളുകൾ ഇവിടെയുണ്ട്.
ചേരമാൻ പെരുമാളിനെ കുറിച്ച് ഖിസ്സതു ശകർവതി ഫർമാദ് എന്ന കൃതിയുടെ (ബ്രിട്ടീഷ് ലൈബ്രറി, ഇന്ത്യ ഓഫിസ് കളക്ഷൻ, ലോത് കാറ്റലോഗ് 1044 നമ്പർ 2007) ഇംഗ്ലീഷ് കോപ്പിയിൽ നിന്ന് മലയാളം വിവർത്തനം തെളിച്ചം മാസിക അഞ്ച് ലക്കങ്ങളായി (2019 ജനുവരി മുതൽ) പ്രസിദ്ധീകരിച്ചിട്ടുണ്ട്. അനീസ് ടി എ കമ്പളക്കാട് ആണ് വിവർത്തകൻ. പല അറബി വ്ലോഗർമാരും എഴുത്തുകാരും ചന്ദ്രൻ പിളർന്നതുമായി ബന്ധപ്പെട്ട ഈ രേഖയെ കുറിച്ച് സംസാരിച്ചതായി കണ്ടു. അത് ഇംഗ്ലീഷിലേക്ക് പരിഭാഷപ്പെടുത്തിയ സ്കോട്ട് കുഗ്ൾ, റോക്സാനി മർഗരീറ്റി എന്നിവർ അതേക്കുറിച്ച് ഇങ്ങനെ എഴുതുന്നു.
“ഖിസ്സത്ത് ശകർവതി ഫർമാദ് എന്ന അറബി ഗ്രന്ഥം ആദ്യമായി വിശകലന വിധേയമാക്കിയത് യോഹന്നാൻ ഫ്രീഡ്മാനാണ്. ശേഷം പലയിടങ്ങളിലും ഇത് പരാമർശ വിധേയമായെങ്കിലും ഭാഷാന്തരം ചെയ്യപ്പെട്ടിരുന്നില്ല. തുഹ്ഫത്തുൽ മുജാഹിദീൻ, കേരളോൽപത്തി തുടങ്ങിയ ചരിത്ര ഗ്രന്ഥങ്ങളിൽനിന്നുള്ള സൈറ്റേഷനുകൾ സഹിതം സ്വതന്ത്രമായ പരിഭാഷയാണ് ഞങ്ങൾ ഇംഗ്ലീഷിൽ നിർവഹിച്ചിട്ടുള്ളത്. ബ്രിട്ടീഷ് ലൈബ്രറിയിൽ സൂക്ഷിക്കപ്പെട്ട രണ്ട് ഹസ്ത ലിഖിതങ്ങളെ അടിസ്ഥാനമാക്കിയാണ് ഈ പരിഭാഷ. രചയിതാവ്, പശ്ചാത്തലം, കാലഗണന എന്നിവ സംബന്ധിച്ചുള്ള വിവരണങ്ങളൊന്നും തന്നെ പ്രസ്തുത ഗ്രന്ഥത്തിൽ നിന്നോ മറ്റോ ലഭ്യമല്ല. കൊൽകത്തയിലെ ഈസ്റ്റ് ഇന്ത്യാ കമ്പനിയുടെ ഹെഡ് കോട്ടേഴ്സായിരുന്ന ഫോർട്ട് വില്യം കോളേജിലെ ലൈബ്രറിയിൽ നിന്നാണ് ഈ രണ്ട് ഹസ്ത ലിഖിതങ്ങളും കണ്ടെടുക്കപ്പെട്ടത്. ലോത്ത് കാറ്റലോഗ് (പുസ്തക വിവരപ്പട്ടിക) പ്രകാരം ഈ വാള്യങ്ങളെല്ലാം മലബാറിലെ വ്യത്യസ്ത കരങ്ങളാൽ ലിഖിതമായതാണ്. 1792 ൽ ടിപ്പു സുൽത്താനിൽ നിന്നും മലബാർ പിടിച്ചെടുത്ത ഈസ്റ്റ് ഇന്ത്യ കമ്പനി തങ്ങളുടെ പ്രതിനിധികൾ മുഖേന നിരവധി ഗ്രന്ഥങ്ങൾ ശേഖരിച്ചിട്ടുണ്ട്. 1799 ൽ ഇവയെല്ലാം ബ്രിട്ടീഷ് അധീനതയിലായതിൽ പിന്നെ ‘കയ്യെഴുത്ത് പ്രതികളെല്ലാം കൊൽക്കത്തയിലേക്ക് നീക്കം ചെയ്യുകയും ഓറിയൻ്റലിസ്റ്റ് പണ്ഡിത വ്യവഹാരങ്ങളുടെ കേന്ദ്രമായ ഫോർട്ട് വില്യം കോളേജിലെ ലൈബ്രറിയിൽ സൂക്ഷിക്കുകയും ചെയ്തു.
16 പേജുള്ള ഈ ഗ്രന്ഥത്തിലെ ഓരോ പേജിലും 15 വരികളും ഓരോ വരികളിലും 45 അക്ഷരങ്ങളും ഉൾക്കൊള്ളുന്നു. ഇത് എഴുതിയത് ഒരു അറബി പണ്ഡിതനാണ് എന്ന് വ്യക്തമാണ്. നിലവിൽ ലൈബ്രറിയിൽ സൂക്ഷിച്ചിരിക്കുന്ന രണ്ട് പതിപ്പുകളിലൊന്ന് സർ ഹെന്റി മിയേഴ്സ് ഇല്ലോട്ടിന്റെ നിർദേശപ്രകാരം ശൈഖുൽ അറബിയ്യ എന്ന് പരിചയപ്പെടുത്തുന്ന എഴുത്തുകാരൻ മൂലകൃതിയിൽ നിന്ന് പകർത്തിയെഴുതിയതാണ്…
വിഭജിതമല്ലെങ്കിൽ കൂടി പ്രധാനമായും മൂന്ന് ഭാഗങ്ങൾ ഈ ആഖ്യാനത്തിൽ കണ്ടെത്താം. ആദ്യ ഭാഗത്ത് മക്കയാണ് കേന്ദ്രം. പ്രവാചകനോട് അറബികൾ നടത്തുന്ന വെല്ലുവിളികളും രാജാവ് പ്രവാചകനോട് അത്ഭുതസിദ്ധി തെളിയിക്കാൻ അവശ്യപ്പെടുന്നതും തുടർന്ന് പ്രവാചകൻ വെല്ലുവിളി സ്വീകരിച്ചുകൊണ്ട് ചന്ദ്രനെ പിളർത്തുന്നതും അതു മുഖേനെ അനേകം പേർ ഇസ്ലാം സ്വീകരിക്കുന്നതും അടങ്ങുന്ന സംഭവ വികാസങ്ങളാണ് പ്രസ്തുത ഗ്രന്ഥത്തിൻ്റെ ആദ്യഭാഗത്തുള്ളത്. രണ്ടാമത്തെ ഭാഗത്തിൽ പ്രധാനമായും കേരളമാണ് ചിത്രീകരിച്ചിരിക്കുന്നത്. ശകർവതി ഫർമാദ് അത്ഭുതസംഭവത്തിന് സാക്ഷിയായതിനെ തുടർന്ന് അരങ്ങേറിയ രംഗങ്ങളാണ് രണ്ടാം ഭാഗത്തിലെ സുപ്രധാന ചരിത്രങ്ങൾ. മൂന്നാം ഭാഗത്തിൽ രാജാവ് പ്രവാചകനുമായി കണ്ടുമുട്ടുന്ന രംഗങ്ങളും അനന്തരം തന്റെ സ്വന്തം നാട്ടിലേക്ക് തിരിച്ച് വരുന്ന ഭാഗങ്ങളും രാജാവിൻ്റെ മരണവും പ്രബോധക സംഘത്തിന്റെ കേരളത്തിലെ പ്രബോധന പ്രവർത്തനങ്ങളുമാണ് ചിത്രീകരിക്കുന്നത്.
മൂന്നു ഭാഗങ്ങളിലും വിശദമായി കാര്യങ്ങൾ അവതരിപ്പിച്ചിട്ടുണ്ടെങ്കിലും അവയിലെ വിശദാംശങ്ങളിൽ എനിക്ക് സംശയം ബാക്കിയായി. പ്രത്യേകിച്ചും ആദ്യഭാഗത്തുള്ളത് അവിശ്വസനീയമായി തോന്നിയെങ്കിലും ഈ മൂന്ന് ഭാഗങ്ങളിലെയും ഇസ്ലാമിക കഥാതന്തുക്കൾ ശരിയാണെന്നാണ് മറ്റു വായനകൾ ചേർത്തുവെക്കുമ്പോൾ മനസ്സിലാവും.
തിരുനബിയുമായി ബന്ധപ്പെട്ട കാര്യമായതുകൊണ്ട് നിവേദന പരമ്പര പ്രധാനമാണ്. ഹദീസുകളെ ബലാബലം പരിശോധിക്കുന്ന ഒരു ശാഖ തന്നെ ഇസ്ലാമിക് ജ്ഞാന ശാസ്ത്രത്തിൽ നിലവിലുണ്ട്. കണ്ടതൊക്കെയും വിശ്വസിക്കുക മുസ്ലിംകളുടെ രീതിയല്ല. ഏതു വിഷയത്തിലും തെളിവുകൾ വേണം. തിരുനബിയുമായി ബന്ധപ്പെട്ട കാര്യമാണെങ്കിൽ ആരാണത് പറഞ്ഞത്? പറഞ്ഞയാളുടെ ചരിത്രം ലഭ്യമാണോ? അദ്ദേഹം സത്യസന്ധനാണോ? ഓർമശക്തിയുള്ളവനാണോ? അദ്ദേഹത്തോട് ആരാണ് പറഞ്ഞത്? രണ്ടുപേരും പരസ്പരം സന്ധിക്കാൻ ചരിത്രപരമായി സാധ്യതയുണ്ടോ? അയാളുടെ ജീവചരിത്രം എങ്ങനെയാണ്? സത്യസന്ധനാണോ? അദ്ദേഹത്തിൽ നിന്ന് അത് കേട്ടത് ആരാണ്? ഇങ്ങനെയുള്ള ഈ നിവേദക പരമ്പരയിലെ ഓരോരുത്തരെയും കൃത്യമായ വിശകലന വിധേയമാക്കിയതിനുശേഷം അവരൊക്കെയും സത്യസന്ധരും ഓർമ്മശക്തിയുള്ളവരും പക്ഷപാതിത്വം ഇല്ലാത്തവരും ആണെന്ന് അവരുടെ കാലഘട്ടത്തിൽ ജീവിച്ച ആളുകളുടെ / അവരെക്കുറിച്ച് പഠനം നടത്തിയ പലയാളുകളുടെയും സാക്ഷ്യം ഉണ്ടാകുമ്പോഴാണ് തിരുമേനിയുമായി ബന്ധപ്പെട്ട ഒരു വാക്കിനെ ഒരു സംഭവത്തെ പ്രബലമായി (സ്വഹീഹായി) മുസ്ലിംകൾ കണക്കാക്കുന്നത്.
ഇതിനർത്ഥം ഇത്രയും സൂക്ഷ്മമായ പരിശോധനയിൽ അപ്രബലമായി വിധിക്കപ്പെട്ട സംഭവങ്ങളും വാക്കുകളും ഒന്നും ഒരിക്കലും നടന്നിട്ടില്ലായെന്നോ പറഞ്ഞിട്ടില്ലന്നോ അല്ല. കാരണം നമുക്ക് ചരിത്രം ലഭ്യമായിട്ടില്ലെങ്കിലും അങ്ങനെയുള്ള ആളുകൾ ഉണ്ടാകാമല്ലോ? വല്ലപ്പോഴെങ്കിലും കളവു പറഞ്ഞിട്ടുണ്ടെങ്കിലും ഒരാൾ പറയുന്നതെല്ലാം കളവാകില്ലല്ലോ? ഓർമ്മ പിശകുള്ള ആളുകൾ പറയുന്നതെല്ലാം അബദ്ധം ആകണമെന്നും ഇല്ലല്ലോ. അതുകൊണ്ടുതന്നെ കർമശാസ്ത്രപരമായ വിധികൾ പറയുന്ന സന്ദർഭങ്ങളിലാണ് ഹദീസുകളുടെ ബലാബല വിഷയത്തിൽ പണ്ഡിതർ കാർക്കശ്യം പുലർത്താറുള്ളത്. ചരിത്രപരമായ കാര്യങ്ങളിൽ നമുക്കൊരു നിഗമനത്തിൽ എത്താൻ പലപ്പോഴും അപ്രബലമായ ഹദീസുകളും ഉപയോഗപ്പെടും.
തീരെ നിവേദന പരമ്പര ഇല്ലാത്ത ഒരു സംഭവ ചരിത്രമല്ല ഇക്കാര്യത്തിൽ ഉണ്ടായിട്ടുള്ളത്. നിവേദന പരമ്പര പറഞ്ഞുകൊണ്ടാണ് ചരിത്രം തുടങ്ങുന്നത്. തുടക്കം ഇങ്ങനെ വായിക്കാം.
“പരമകാരുണികനും കരുണാനിധിയുമായ അല്ലാഹുവിന്റെ നാമത്തിൽ, അവനോട് ഞങ്ങൾ കാവൽ ചോദിക്കുന്നു. മുഹമ്മദ് ബിൻ മാലിക്, പിതാവ് മാലികിൽ നിന്നും അദ്ദേഹം പ്രപിതാവ് ഹബീബ് ബിൻ മാലികിൽ നിന്നും നിവേദനം ചെയ്യുന്നത്, ദൈവപ്രീതി അവർക്കെല്ലാം ഉണ്ടാവട്ടെ, ‘നിങ്ങളുടെ അടുത്ത കുടുംബക്കാർക്ക് മുന്നറിയിപ്പ് നൽകുവിൻ' എന്ന ഖുർആൻ [Surah Ash-Shuʿarāʾ: 214]) കൽപനപ്രകാരം പ്രവാചകർ അടുത്ത ബന്ധുക്കളെയും സഹചാരികളെയും ഖൈസുറാൻ ഭവനത്തിൽ വിളിച്ചു ചേർത്തു. അദ്ദേഹം അവരോട് പറഞ്ഞു: 'നിങ്ങൾ എൻ്റെ ബന്ധുക്കളും എന്റെ മാതുലന്റെ ഗോത്രക്കാരും എന്നോട് അടുത്തവരുമാണ്. ഞാൻ ദൈവിക മാർഗവും സത്യപാതയും സ്വീകരിക്കാൻ നിങ്ങളോട് ഉപദേശിക്കുന്നു. അതിനാൽ എന്റെ വാക്കുകൾ ശ്രവിക്കുകയും എന്റെ വിളിക്ക് ഉത്തരം തരികയും ചെയ്യുക. കാരണം ഞാൻ നിങ്ങളിലേക്ക് ദൈവത്താൽ നിയുക്തനായ പ്രവാചകനാണ്”
ഇസ്ലാമിക പ്രബോധനത്തിന്റെ ആദ്യകാല ആസ്ഥാനമായ ദാറുൽ അർഖമിനെ കുറിച്ചാണ് ഖൈസുറാൻ ഭവനം എന്ന് പറഞ്ഞത്. എഡി 775 ൽ നിര്യാതനായ മൻസൂർ രാജാവിന്റെ കാലത്താണ് ഈ സ്ഥലത്തിന് ഖൈസുറാൻ ഭവനം എന്ന പേര് വന്നത്. അതുകൊണ്ടുതന്നെ ആ കാലഘട്ടത്തിലോ അതിന്റെ ശേഷമോ ആണ് ഈ സംഭവം ഉദ്ധരിക്കുന്നത് എന്ന് മനസ്സിലാക്കാം. മൂന്നാം തലമുറയിൽ പെട്ട ആളാണ് റിപ്പോർട്ടർ എന്നതുകൊണ്ടുതന്നെ പൗത്രനായ മുഹമ്മദ് ബിൻ മാലിക് തന്നെ എഴുതിയതാവാനുള്ള സാധ്യതയും തള്ളിക്കളയാൻ പറ്റില്ല.
പിതാമഹനായ ഹബീബ് ബിൻ മാലിക് ആണ് ഇതിലെ ആദ്യഭാഗത്തിലെ പ്രധാന കഥാപാത്രം. മദീനയിലെ രാജാവിനെ പോലെയാണ് അദ്ദേഹത്തെ ഇതിൽ അവതരിപ്പിച്ചിരിക്കുന്നത്. അങ്ങനെ ഒരാൾ ഉണ്ടെങ്കിൽ ഹദീസ് ഗ്രന്ഥങ്ങളിൽ അദ്ദേഹത്തെക്കുറിച്ച് ധാരാളമായി ഉദ്ധരിക്കപ്പെടേണ്ടതല്ലേയെന്ന സ്വാഭാവികമായ സംശയമുണ്ട്.
നബിയുടെ പ്രബോധനം തങ്ങളുടെ അടിക്കല്ലിളക്കുമെന്ന് മനസ്സിലാക്കിയ അബൂജഹലും സംഘവും പ്രശ്നപരിഹാരത്തിനു വേണ്ടി ഹബീബിൻ മാലിക്കിനെ സമീപിക്കുന്നതാണ് ഇതിലെ ഒരു സുപ്രധാന രംഗം. അബൂജഹ്ൽ ഇങ്ങനെ പരാതിപ്പെടുന്നു.
“അബലരുടെ മിത്രമേ.., പാവങ്ങളുടെ അത്താണിയേ.., അശരണരുടെ ആശാകേന്ദ്രമേ... നമ്മുടെ ഗോത്ര പാരമ്പര്യത്തിൻ്റെ ശുദ്ധിയും മാഹാത്മ്യവും മറ്റാരെക്കാളും അറിയുന്നവരല്ലോ അങ്ങ്! ഈ സവിധത്തിൽ അവ വിശദമാക്കേണ്ട സാഹചര്യമേ ഉദിക്കുന്നില്ല! പക്ഷെ, ഇന്ന് ഹാശിം കുലത്തിൽ നിന്നും ഒരു അനാഥൻ പ്രത്യക്ഷപ്പെട്ടിരിക്കുന്നു. പിതാവ് അബ്ദുല്ലയും മാതാവ് ആമിനയും അവന്റെ ശൈശവത്തിലേ വിടവാങ്ങി. മരിക്കും വരെ പ്രപിതാവ് അബ്ദുൽ മുത്തലിബാണ് അവനെ വളർത്തിയതും പരിപാലിച്ചതും. പിന്നെ മാതുലൻ അബൂത്വാലിബാണ് അവൻ്റെ സംരക്ഷണമേറ്റെടുത്തത്. ഈ അനാഥബാലൻ ഞങ്ങൾക്ക് മധ്യേ വന്ന് ഞങ്ങളുടെ മതത്തെ വിമർശിക്കുന്നു!
'ഞാൻ നിങ്ങളിലേക്ക് ദൈവത്താൽ നിയുക്തനായ പ്രവാചകനാണ്, ഇന്ത്യയിലെയും സിന്ധിലെയും സർവജനങ്ങൾക്കും അറബികളിലേക്കും പേർഷ്യക്കാരിലേക്കും ലോക രക്ഷിതാവിനാൽ ഞാൻ നിയോഗിത നായിരിക്കുന്നു. സ്വതന്ത്രരിലേക്കും അടിമകളിലേക്കും വൃദ്ധരിലേക്കും യുവാക്കളിലേക്കും ഞാൻ നിയുക്തനായിരിക്കുന്നു' എന്ന് വാദിക്കുകയും പ്രബോധനം ചെയ്യുകയും വഴി ഞങ്ങൾക്ക് വലിയ ഭീഷണി തന്നെ സ്യഷ്ടിച്ചിരിക്കുന്നു. സ്വമേധയാ ഈ രാജ്യ ദ്രോഹ പ്രവർത്തനത്തിൽ നിന്ന് അകന്നു നിൽക്കാൻ അവൻ തയ്യാറല്ല. മാത്രമല്ല, ചില ബന്ധുക്കളൊക്കെ അവനിൽ വിശ്വസിക്കാൻ തുടങ്ങിയിട്ടുമുണ്ട്. അതിനാൽ, മഹാനായ നായകാ.. എന്തു തന്ത്രമുപയോഗിച്ചാണ് ഈ ദുർഘട സന്ധിയിൽ നിന്നൊരു മോചനം ഞങ്ങൾക്ക് സാധ്യമാവുക? :അബൂജഹൽ പറഞ്ഞു.
തുടർന്ന് പരിവാര സഹിതം മാലിക് ബിൻ ഹബീബ് മക്കയിലേക്ക് വരികയും തിരുനബിയെ വിളിപ്പിക്കുകയും ചെയ്യുന്നതാണ് രംഗം. ഖദീജ ബീവി തിരുനബിയെ യാത്ര അയക്കുന്നതൊക്കെ ഗ്രന്ഥത്തിൽ വളരെ മനോഹരമായി ചിത്രീകരിച്ചിട്ടുണ്ട്. പോകുന്ന വഴിയിൽ ജിബ്രീൽ തിരുനബിക്ക് ശക്തി പകരുന്നുണ്ട്. ചരിത്രത്തിൽ ഹബീബ് ബ്ൻ മാലിക് നബിയോട് ഇങ്ങനെയാണ് സംസാരിച്ചു തുടങ്ങുന്നത്:
“ദൈവമാണെ, നിങ്ങളുടെ വാദഗതി സത്യമാവണമെന്നും സന്ദേശം വസ്തുനിഷ്ഠമാവണമെന്നും എനിക്കാഗ്രഹമുണ്ട്. നമുക്കിരുവർക്കുമിടയിൽ അടുത്ത ഗോത്ര ബന്ധവുമുണ്ട്. എന്റെ ജനങ്ങളിൽ നിന്ന് തന്നെ ഒരു പ്രവാചകൻ നിയുക്തനാവുന്നത് എനിക്കും പ്രിയം തന്നെ. അവസാന നാളുകളിൽ മുഹമ്മദെന്ന നാമമുള്ള ഇന്നാലിന്ന ലക്ഷണങ്ങളുള്ള ഒരു പ്രവാചകൻ ആഗതനാവുമെന്നും അന്ത്യനാൾ വരെ അദ്ദേഹത്തിൻ്റെ മതം പ്രബലമായി നിലനിൽക്കുമെന്നും പറയുന്ന പൂർവകാല ഗ്രന്ഥങ്ങളും വിശുദ്ധ രേഖകളും ഞാൻ വായിച്ചിട്ടുണ്ട്. പക്ഷെ, മുൻകഴിഞ്ഞ പ്രവാചകരെല്ലാം അവരുടെ സന്ദേശവും ദൈവവിളിയും തെളിയിച്ചത് അത്ഭുത കൃത്യങ്ങളിലൂടെയാണ്. അതിനാൽ മുഹമ്മദ്.., എന്താണ് താങ്കളുടെ അത്ഭുത കൃത്യം? സംശയത്തിനും ആശങ്കക്കും ഇടം നൽകാതെ, ശത്രുക്കൾക്കും മിത്രങ്ങൾക്കും ഒരു പോലെ, നിങ്ങളുടെ ദൈവവിളിയെയും സന്ദേശത്തെയും ബോധ്യപ്പെടുത്തുന്നതെങ്ങനെ? പ്രവാചകന്റെ മറുപടി ഇങ്ങിനെയായിരുന്നു: 'എന്തു ദൃഷ്ടാന്തമാണ് അങ്ങേക്കാവശ്യം ..? പറയൂ... കാരണം, ദൈവദാസൻ ദൈവത്തോടു കൂടെ നിൽക്കുവോളം അല്ലാഹു അവൻ്റെ കൂടെ കാണും.”
ശേഷം അദ്ദേഹം ചന്ദ്രനെ പിളർത്തിക്കാണിക്കാൻ ആവശ്യപ്പെട്ടു. വെറും പിളർത്തലല്ല വളരെ വിശദമായ രൂപത്തിൽ വിചിത്രമായ രൂപത്തിലുള്ള പിളർത്തൽ. അദ്ദേഹം പറഞ്ഞ രൂപത്തിൽ തന്നെ തിരുനബി അത്ഭുതം കാണിച്ചുകൊടുത്തു.. ചന്ദ്രൻ തന്നെ തിരുനബിയുടെ പ്രവാചകത്വത്തെ വാചികമായി അംഗീകരിക്കുന്ന രംഗമടക്കം അതിലുണ്ട്. ചാന്ദ്ര പിളർപ്പുമായി ബന്ധപ്പെട്ട് അത്തരം ഒരു വിശദീകരണം മറ്റെവിടെയും കണ്ടിട്ടില്ല.
ചന്ദ്രൻ നബിയുടെ കാലത്ത് അവിടുത്തെ അമാനുഷികതയുടെ ഭാഗമായി പിളർന്നു എന്നത് ഒരു ചരിത്ര യാഥാർഥ്യമാണ്. ആ സംഭവവുമായി ബന്ധപ്പെട്ട് ഇമാം ബുഖാരി അതേ ശീർഷകത്തിൽ നാല് ഹദീസ് റിപ്പോർട്ടു ചെയ്യുന്നുണ്ട്. അവയിൽ രണ്ടെണ്ണം ഇവിടെ പറയാം.ആദ്യത്തേത് ബുഖാരിയിലെ 3655 നമ്പർ ഹദീസ്
حدثني عبد الله بن عبد الوهاب: حدثنا بشر بن المفضل: حدثنا سعيد بن أبي عروبة، عن قتادة، عن أنس بن مالك رضي الله عنه: أن أهل مكة سألوا رسول الله ﷺ أن يريهم آية، فأراهم القمر شقين، حتى رأوا حراء بينهما
ഇമാം ബുഖാരി പറയുന്നു: എന്നോട് അബ്ദുൽ വഹാബിന്റെ മകൻ അബ്ദുല്ല പറഞ്ഞു, അദ്ദേഹത്തോട് മുഫളലിൻ്റെ മകൻ ബിശ്ർ പറഞ്ഞു, അദ്ദേഹത്തോട് അബൂഅറൂബയുടെ മകൻ സഈദ് പറഞ്ഞു അദ്ദേഹത്തോട് ഖതാദ. തിരുനബിയുടെ പത്തു കൊല്ലത്തെ സേവകനായിരുന്ന അനസാണ് ഖതാദയോട് ഇക്കാര്യം പറഞ്ഞത്. മക്കാ നിവാസികൾ തിരുദൂതരോട് ഒരു ദൃഷ്ടാന്തം കാണിച്ചുകൊടുക്കാൻ ആവശ്യപ്പെട്ടു. അപ്പോൾ അവർക്ക് ചന്ദ്രനെ രണ്ട് പിളർപ്പാക്കി കാണിച്ചുകൊടുത്തു. ആ രണ്ടു പിളർപ്പുകൾക്കിടയിലൂടെ ഹിറാ പർവ്വതം അവർ കണ്ടു.
മറ്റൊരു ഹദീസ് ഇങ്ങനെ ‘ ഹദീസ് നമ്പർ 3636
– حدثنا عبدان، عن أبي حمزة، عن الأعمش، عن إبراهيم، عن أبي معمر، عن عبد الله رضي الله عنه قال: انشق القمر ونحن مع النبي ﷺ بمنى، فقال: (اشهدوا). وذهبت فرقة نحو الجبل
ഉദ്ധരിക്കുന്നത് പ്രവാചകാനുചരരിൽ പെട്ട അബ്ദുല്ലാ. അദ്ദേഹത്തിൽനിന്ന് അബു മഅമർ അദ്ദേഹത്തിൽ നിന്ന് ഇബ്രാഹിം. അദ്ദേഹത്തിൽ നിന്ന് അഅമശ് അദ്ദേഹത്തിൽ നിന്ന് അബൂ ഹംസ അദ്ദേഹത്തിൽനിന്ന് അബദാൻ. അബദാനിൽ നിന്നാണ് ഇമാം ബുഖാരി സംഭവം റിപ്പോർട്ടു ചെയ്യുന്നത്. ഞങ്ങൾ മിനയിൽ ആയിരിക്കെ ചന്ദ്രൻ പിളർന്നു തിരുനബി പറഞ്ഞു: “നിങ്ങൾ സാക്ഷികളാവൂ”. ചന്ദ്രൻ്റെ ഒരു ഭാഗം ഹിറാ പർവ്വതത്തിന്റെ ഭാഗത്തേക്ക് മാറി നിന്നു.
ഈ രണ്ട് ഹദീസുകളിലെ നിവേദക പരമ്പരയെക്കുറിച്ച് ഇവിടെ പറഞ്ഞതു വെറുതെയല്ല. ഹദീസ് നിവേദനത്തിന്റെ ഒരു രീതിശാസ്ത്രം മനസ്സിലാക്കാൻ വേണ്ടി കൂടിയാണ്. ഇതിൽ പറഞ്ഞ ഓരോരുത്തരുടെയും ചരിത്രം ലഭ്യമാണ്. എന്നല്ല ബുഖാരിയിലെ നിവേദകരായ ഓരോരുത്തരെ കുറിച്ചും വിശദമായ ചരിത്രമുണ്ട്. ബുഖാരി മാത്രമല്ല മറ്റു ഹദീസുകളിലെയും ഇത്തരം നിവേദകരെ കുറിച്ചുള്ള ചരിത്രങ്ങൾ ലഭ്യമാണ്.
ധാരാളം സ്വഹാബികൾ ഈ സംഭവം റിപ്പോർട്ടു ചെയ്തിട്ടുണ്ട്.
അബ്ദുല്ലാഹിബ്നു മസ്ഊദ്, അനസ്, ഇബ്നു അബ്ബാസ്, ഇബ്നു ഉമർ, ഹുദൈഫ, അലി, ജുബൈർ ബിൻ മുത്ഇം തുടങ്ങിയ സഹാബികളിൽ നിന്ന് ഈ സംഭവം താബിഈ പ്രമുഖന്മാർ റിപ്പോർട്ട് ചെയ്തു. അങ്ങനെ ഹദീസ് ഗ്രന്ഥങ്ങൾ രചിച്ച പണ്ഡിതന്മാർ വരെ നീളുന്ന പരശ്ശതം ആളുകൾ ഇത് റിപ്പോർട്ട് ചെയ്യുന്നു. ഇവരുടെയെല്ലാം ചരിത്രവും ലഭ്യമാണ്. എല്ലാവരും സത്യസന്ധരാണ്.
നാം നിത്യവും അറിഞ്ഞു കൊണ്ടിരിക്കുന്ന വാർത്തകളിൽ പോലും ഇത്തരം ഒരു സത്യസന്ധമായ നിവേദന പരമ്പരയുടെ അടിസ്ഥാനത്തിൽ പലപ്പോഴും നമുക്കത് തെളിയിക്കാൻ സാധിച്ചു കൊള്ളണമെന്നില്ല. എന്നാൽ ഇത് 1400 വർഷങ്ങൾക്കു മുമ്പ് സംഭവിച്ചതാണ്. അതിനാണ് ഇത്രയും സുഭദ്രമായ നിവേദനം.
സെക്യൂരിറ്റി കൗൺസിലിൽ വെടിനിർത്തൽ പ്രമേയം. അമേരിക്ക വീണ്ടും വീറ്റോ ചെയ്തു എന്ന് നാം കേൾക്കുമ്പോൾ / വായിക്കുമ്പോൾ നമ്മളത് വിശ്വസിക്കുന്നു. ഒരു ചാനലിൽ വന്ന വാർത്തയാണ് നമ്മുടെ അവലംബം. അത് പറഞ്ഞയാൾ സത്യസന്ധരാണോ എന്ന് നമ്മൾ അന്വേഷിച്ചിട്ടില്ല. അദ്ദേഹത്തിന് കിട്ടിയ സോഴ്സുകൾ സത്യസന്ധമാണോ എന്ന് നമ്മൾ നോക്കിയിട്ടില്ല. അതിന്റെ വീഡിയോ മോർഫ് ചെയ്തതാണോ എന്ന് നമ്മൾ ആലോചിച്ചിട്ടില്ല.
എല്ലാ അറിവുകളും ലഭിക്കുന്നത് ശാസ്ത്രീയമായ പരീക്ഷണ നിരീക്ഷണങ്ങൾക്കൊടുവിൽ അല്ല. അങ്ങനെ കിട്ടുന്നത് വളരെ ചുരുക്കം കാര്യങ്ങൾ മാത്രമാണ്. അതുതന്നെ ശാസ്ത്രജ്ഞന്മാർക്ക് മാത്രം. അവർ തന്നെയും മുൻ പഠനങ്ങളെ ആശ്രയിക്കുന്നത് ഇത്തരത്തിലുള്ള വർത്തമാനങ്ങളുടെ അടിസ്ഥാനത്തിലാണ്. ഈ ശാസ്ത്രജ്ഞരിൽ നിന്ന് നമുക്ക് ലഭിക്കുന്നതും അങ്ങനെ തന്നെ. ലോകത്തെ വിവരങ്ങളിൽ അധികവും സത്യസന്ധമായ റിപ്പോർട്ടുകളിലൂടെ തന്നെയാണ് നാം മനസ്സിലാക്കുന്നത്. ഇത് അറിവിന്റെ മാർഗമായി കണക്കാക്കാനാകില്ലെങ്കിൽ നമ്മുടെ ജീവിതത്തിലെ 95% കാര്യങ്ങളും സംശയത്തിന്റെ നിഴലിലാവും.
പത്തോളം ആളുകൾ റിപ്പോർട്ടു ചെയ്ത കാര്യം എന്ന് മാത്രം ചന്ദ്രപ്പിളപ്പിനെ കുറിച്ച് പറഞ്ഞുകൂടാ. ഒരു ചരിത്രഗ്രന്ഥം എന്ന നിലക്ക് ഖുർആനിനെ എടുക്കുക. അതിലും ഈ സംഭവം പറഞ്ഞിട്ടുണ്ട്.
{ ٱقۡتَرَبَتِ ٱلسَّاعَةُ وَٱنشَقَّ ٱلۡقَمَرُ (1) وَإِن یَرَوۡا۟ ءَایَةࣰ یُعۡرِضُوا۟ وَیَقُولُوا۟ سِحۡرࣱ مُّسۡتَمِرࣱّ (2) } [Surah Al-Qamar: 1-2]
“അന്ത്യനാൾ അടുത്തു. ചന്ദ്രൻ പിളർന്നു. എന്തൊരു ദൃഷ്ടാന്തം കണ്ടാലും നിത്യമായ മാരണമെന്ന് പറഞ്ഞു അവർ അതിനെ അവഗണിക്കുന്നു”
ഖുർആൻ എണ്ണമറ്റ ആളുകളിലൂടെ നമ്മിലേക്ക് കൈമാറ്റം ചെയ്തുവന്ന ഒരു ചരിത്രരേഖയാണ്. അപ്പോൾ ഈ ഖുർആനിക വചനത്തെ അസംഖ്യം ആളുകളിലൂടെ പുതിയ മനുഷ്യനിലേക്ക് കൈമാറ്റം ചെയ്യപ്പെട്ട ഒരു വാർത്തയായി കണക്കാക്കാം. ആ ഖുർആൻ സൂക്തം തിരുനബിയും സഹചരരും പരസ്യമായി പത്തു വർഷത്തിലേറെ അവർക്കിടയിൽ പ്രബോധനം നടത്തിയിട്ടും ആരും അതിനെ നിരാകരിച്ചിട്ടില്ല. അവിശ്വാസികൾ ആരും തന്നെ ഈ സംഭവം നിഷേധിച്ചിട്ടുമില്ല. അവർ പറഞ്ഞത് മാരണമാണ് എന്ന് മാത്രമായിരുന്നു.
തുടക്കം മുതൽ തന്നെ അസംഖ്യമാളുകളിലൂടെ റിപ്പോർട്ടു ചെയ്യുന്ന വാർത്തകൾ അവ സത്യസന്ധമാണ് എന്നതിന്റെ തെളിവാണ്. സാൻഫ്രാൻസിസ്കോ ഉണ്ട് എന്ന് നാം വിശ്വസിക്കുന്നത് അങ്ങനെയാണ്. ഗാന്ധിജി ജീവിച്ചിരുന്നു എന്നതും തഥൈവ.
ചിലർ പറയുന്നത് ഇങ്ങനെയാണ്. ചന്ദ്രൻ പിളർന്നിട്ടുണ്ടെങ്കിൽ അത് ലോകമാകെ കാണേണ്ടതല്ലേ? അങ്ങനെയാണെങ്കിൽ അത് ലോകത്ത് പലരും ഉദ്ധരിക്കേണ്ടതല്ലേ? എന്തുകൊണ്ട് അത് മക്കയിലെ ആളുകൾ മാത്രം പറയുകയും രേഖപ്പെടുത്തുകയും ചെയ്തു?
ആകാശ വർത്തമാനങ്ങളൊക്കെ രേഖപ്പെടുത്താൻ ചരിത്രവും ശാസ്ത്രവും തുടങ്ങിയിട്ട് കുറച്ചു കാലങ്ങൾ മാത്രമേ ആയിട്ടുള്ളൂ. ചോദിക്കട്ടെ, തിരുനബിയുടെ കാലഘട്ടത്തിൽ മക്കയിൽ എത്ര സൂര്യഗ്രഹണവും ചന്ദ്രഗ്രഹണവും ഉണ്ടായി? അതിന് മുമ്പ് എത്രയുണ്ടായി? അതിനുശേഷം എത്രയുണ്ടായി? ഒരു വർഷത്തിൽ ചുരുങ്ങിയത് രണ്ട് പ്രാവശ്യമെങ്കിലും സൂര്യഗ്രഹണം ഉണ്ടാവും. തിരുനബി 63 കൊല്ലം ജീവിച്ചു. അപ്പോൾ ചുരുങ്ങിയത് 126 തവണ ഗ്രഹണം ഉണ്ടായിട്ടുണ്ടാകും! എന്നിട്ട് അതൊക്കെയും ചരിത്രം രേഖപ്പെടുത്തിയോ? അതിനുമുമ്പോ ശേഷമോ ഉള്ളത് രേഖപ്പെടുത്തിയോ.?അതിന്റെ അർത്ഥം അതൊന്നും ഉണ്ടായിട്ടില്ല എന്നാണോ?
ഒരിക്കൽ ഗ്രഹണം സംഭവിച്ചത് ചരിത്രം രേഖപ്പെടുത്തി. കാരണം അതിന് തിരുനബിയുടെ ജീവിതവുമായി ബന്ധമുണ്ടായിരുന്നു. തിരുനബിയുടെ മകൻ ഇബ്രാഹിം മരിച്ച ദിവസത്തിലാണ് സൂര്യന് ഗ്രഹണം ബാധിച്ചത്. മഹാന്മാർ മരിക്കുന്നതിൻ്റെ പേരിലാണ് സൂര്യഗ്രഹണം ഉണ്ടാകുന്നത് എന്നായിരുന്നു അന്നത്തെ ബഹുദൈവ വിശ്വാസികളുടെ ധാരണ. മുഹമ്മദിന്റെ മകൻ ഇബ്രാഹീം എന്ന കുട്ടി മരിച്ചത് കൊണ്ടാണ് അന്ന് സൂര്യഗ്രഹണം ഉണ്ടായത് എന്ന് അവർ പറഞ്ഞു. തനിക്കുള്ള ഒരു അംഗീകാരം ആയിരുന്നു അത്. പക്ഷേ തിരുനബി അവസരം മുതലെടുത്തില്ല. സത്യത്തിനോടായിരുന്നു അവിടുത്തെ പ്രതിബദ്ധത. സൂര്യനും ചന്ദ്രനും അള്ളാഹുവിന്റെ ദൃഷ്ടാന്തങ്ങൾ മാത്രമാണെന്നും ആരുടെയും ജനനത്തിനോ മരണത്തിനോ വേണ്ടി അവയ്ക്ക് ഗ്രഹണം ബാധിക്കുകയില്ലെന്നും തിരുനബി തുറന്നടിച്ചു. അപ്പോൾ ആ ഗ്രഹണത്തിന് തിരുനബിയുടെ ജീവിതവുമായി ബന്ധം ഉണ്ടായി. തിരുനബിയുമായി ബന്ധപ്പെട്ടതെല്ലാം രേഖപ്പെടുത്താൻ തയ്യാറാകുന്ന ഒരു സമൂഹമുണ്ടായതുകൊണ്ട് അത് രേഖപ്പെടുത്തി.
ചന്ദ്രനെ പിളർത്തിയത് പ്രവാചകത്വത്തിൻ്റെ ദൃഷ്ടാന്തമായി കാണിച്ച അതേ തിരുനബി ചന്ദ്രഗ്രഹണമെന്നത് ഉപയോഗപ്പെടുത്തി അത് തൻ്റെ മഹത്വത്തിനു തെളിവായി സ്ഥാപിക്കാൻ ശ്രമിച്ചില്ല എന്നത് തന്നെ ഈ ചാന്ദ്ര പിളർപ്പിന്റെ ആധികാരികതക്ക് മാറ്റ് കൂട്ടുന്നു.
മക്കയിലെ ഒരു വെല്ലുവിളിയെ തുടർന്ന് കുറഞ്ഞ സമയം ഉണ്ടായ ആകാശ വിസ്മയം 14 നൂറ്റാണ്ടുകൾക്കു മുമ്പ് ആര് രേഖപ്പെടുത്തണം? വളരെ കുറഞ്ഞ സമയത്ത് സംഭവിച്ച ഈ കാര്യം അവർ ശ്രദ്ധിച്ചു കാണണമെന്ന് തന്നെയില്ല.
രാത്രിയാണ് സംഭവിച്ചത്. ചന്ദ്രനെന്ത് സംഭവിക്കുന്നു എന്ന് നോക്കിയിരിക്കുന്ന ഒരു സമൂഹം ഇന്നുണ്ട്; പക്ഷേ, അന്നുണ്ടായിരുന്നില്ല. പരലും ഉറക്കിലായിരിക്കാം. ആ കുറഞ്ഞ സമയത്ത് സംഭവിച്ചത് ആരെങ്കിലും കണ്ടിട്ടുണ്ടെങ്കിൽ തന്നെ അതൊരു മിഥ്യാ ഭ്രമമായി തോന്നിയിരിക്കാം. ഇനി കണ്ടിട്ടുണ്ടെങ്കിൽ തന്നെ അത് പുറത്തു പറഞ്ഞിരിക്കണമെന്നില്ല; ഉണ്ടെങ്കിൽ തന്നെ രേഖപ്പെടുത്തിയിരിക്കണമെന്നില്ല, രേഖപ്പെടുത്തിയതൊക്കെയും നമ്മൾ കണ്ടിരിക്കണമെന്നുമില്ല! ഇനി കണ്ടെത്തിയാൽ തന്നെ അതിന്റെ ചരിത്രപരത ഉറപ്പുവരുത്താൻ മാർഗങ്ങളും ദുർലഭമാണ്.
മക്കയുടെ കാര്യം അങ്ങനെയല്ല. അവിടെ ഒരു വാദമുന്നയിക്കപ്പെടുന്നു, അവർക്കിടയിൽ ജീവിച്ച ഒരാൾ 40 കൊല്ലത്തിന്റെ സത്യസന്ധതയുടെ ജീവിത സാക്ഷ്യവുമായി ജനങ്ങൾക്കിടയിലേക്ക് ഇറങ്ങുന്നു. അവരോട് പറയുന്നു ഞാൻ അല്ലാഹുവിന്റെ ദൂതനാണ്.
40 കൊല്ലത്തെ ജീവിത കാലയളവിനിടയ്ക്ക് എന്തെങ്കിലും ഒരു അപകീർത്തിയോ അനാശാസ്യമോ അവിടുത്തെ ജീവിതത്തിൽ ചൂണ്ടിക്കാണിക്കാൻ അവർക്ക് സാധിക്കുമായിരുന്നില്ല. എന്താണ് അല്ലാഹുവിന്റെ ദൂതനാണ് എന്നതിന് തെളിവ് എന്നവർ അന്വേഷിക്കുന്നു. അപ്പോൾ അവർ ആവശ്യപ്പെടുന്ന ദൃഷ്ടാന്തം കാണിച്ചുകൊടുക്കുന്നു.
ലോകത്തിനൊരു ദൈവം ഉണ്ടെങ്കിൽ, അവനാണ് സൂര്യനെയും ചന്ദ്രനെയും സൃഷ്ടിച്ചതെങ്കിൽ, അതിൽ പിളർപ്പുണ്ടാക്കുക എന്നതും, അതിനെ ചെറുതാക്കുക എന്നതും അതിനെ താഴേക്ക് ഇറക്കുക എന്നതും അതിന്റെ വെളിച്ചം നിലനിർത്തുക എന്നതും അതിനെ മലക്ക് മുകളിൽ കൊണ്ടു പോയി പ്രതിഷ്ഠിക്കുക എന്നതും അത് ജനങ്ങൾക്ക് കാണിച്ചുകൊടുക്കുക എന്നതും അവനെ സംബന്ധിച്ചിടത്തോളം ക്ഷിപ്രസാധ്യമാണ്.
അനന്തമജ്ഞാതമവർണ്ണനീയമായ ഈ പ്രപഞ്ച സൗന്ദര്യത്തിന്, അനിർവചനീയമായ താളൈക്യത്തോടെ അത് വ്യവസ്ഥാപിതമായി ചലിച്ചിട്ടും അതിനു പിന്നിലൊരു ശക്തിയില്ല എന്ന് കട്ടായം പറയുന്ന മർക്കട മുഷ്ടിക്ക് ഇത്തരമൊരു അത്ഭുതത്തെ നിഷേധിക്കാം. കാരണം അതിനേക്കാൾ എത്രയോ സുവ്യക്തമായ പച്ച പരമാർത്ഥത്തെ നിഷേധിച്ചവരാണവർ. സ്വന്തത്തെ പോലും നിഷേധിച്ചവർ.
അവരെ വിട്ടേക്കൂ. സത്യസന്ധമായി സത്യം അന്വേഷിക്കുന്നവരോടാണ് ചോദ്യം. സത്യസന്ധരായ എത്രയോ ആളുകൾ ഉദ്ധരിച്ച ഒരു ചരിത്ര സംഭവത്തെ കണ്ണടച്ച് നിഷേധിക്കുവാൻ നമുക്ക് എന്തവകാശമാണുള്ളത്?
അത്ഭുതമായതുകൊണ്ടാണോ നാം അംഗീകരിക്കാത്തത്? ബർമുഡ ട്രയാങ്കിൾ എന്ന പ്രദേശം നാം കണ്ടിട്ടുണ്ടോ? എന്നിട്ടും നാം അത് വിശ്വസിക്കുന്നില്ലേ? എന്താണ് കാരണം?
എത്രയോ ആളുകൾ അത് പറഞ്ഞിട്ടുണ്ട് എന്നതുതന്നെ. എന്തുകൊണ്ടാണ് അവിടെ വിമാനങ്ങൾ താഴ്ന്നു പോകുന്നത് എന്ന് നമുക്കറിയുമോ? അതിന് വല്ല ശാസ്ത്രീയമായ വിശദീകരണങ്ങളും നമുക്ക് ലഭിച്ചിട്ടുണ്ടോ? ഇല്ലാതിരുന്നിട്ടും നമ്മൾ അംഗീകരിക്കുന്നത് എന്തുകൊണ്ടാണ്? അവർ റിപ്പോർട്ട് ചെയ്ത ആളുകളുടെ സത്യസന്ധതയെ കുറിച്ച് നമുക്ക് വല്ല വിവരവുമുണ്ടോ? എന്നിട്ടും! ബർമുഡ ട്രയാങ്കിൾ ഉണ്ട് എന്ന് നിങ്ങൾ വിശ്വസിക്കുവാനുള്ള ന്യായമെന്താണോ അതുതന്നെയാണ് ചന്ദ്രൻ പിളർന്നു എന്ന് വിശ്വസിക്കാനുമുള്ളത്.
ഈ അത്ഭുതം ഒറ്റപ്പെട്ട സംഭവമാണോ? അല്ലേ അല്ല! ഇങ്ങനെ ഒട്ടനേകം അത്ഭുത സംഭവങ്ങൾ ഒട്ടനേകം പ്രബലമായ നിവേദന പരമ്പരകളിലൂടെ ഉദ്ധരിക്കപ്പെട്ടിട്ടുണ്ട്.
നാം ഈ കുറിപ്പ് തുടങ്ങിയത് തന്നെ കേരളത്തിലെ രാജാവ് ചന്ദ്രപിളർപ്പ് കണ്ടു എന്ന സംഭവം പറയാനാണ്. ആ സംഭവം മുച്ചൂടും തള്ളിക്കളയാൻ പറ്റില്ല. അറേബ്യയിൽ നടന്ന സംഭവത്തെക്കുറിച്ച് പുരാതനമായ ഇന്ത്യൻ രേഖയിൽ എങ്ങനെ ഉണ്ടായി എന്നത് ചിന്തനീയം തന്നെയാണ് ‘അങ്ങനെ ഒരു രാജാവിനെ കുറിച്ചും അദ്ദേഹത്തിന്റെ മക്ക യാത്രയെ കുറിച്ചും വേറെയും പല ഇന്ത്യൻ രേഖകളിലും പറയുന്നുണ്ട്. അതിനുപുറമേ ഇന്ത്യയിലെ പള്ളി നിർമ്മാണവുമായി ബന്ധപ്പെട്ട വളരെ വിശദമായ ചരിത്രങ്ങൾ അതിൽ പറയുന്നുണ്ട്. അതെല്ലാം ചരിത്ര വസ്തുതകളുമായി പൊരുത്തപ്പെടുന്നതാണ്.




