ഏതു സമയത്തുള്ള പ്രാർത്ഥനക്കാണ് കൂടുതൽ സ്വീകാര്യതയെന്ന് ഒരിക്കൽ തിരുനബിയോട് ചോദിച്ചപ്പോൾ അവിടുന്ന് പറഞ്ഞു: 'അർദ്ധ രാത്രിയിലും ഫർള് നിസ്കാരങ്ങൾക്ക് ശേഷവും'. നിസ്കാര ശേഷമുള്ള പ്രാർത്ഥനയുടെ പ്രാധാന്യത്തെ കുറിക്കുന്ന തിരുവചനമാണിത്. പ്രാർത്ഥന വിശ്വാസിയുടെ ആയുധമാണ്. തങ്ങൾക്ക് സംഭവിച്ചേക്കാവുന്ന വിപത്തുകളും ബുദ്ധിമുട്ടുകളും പ്രാർത്ഥന നിമിത്തം നീങ്ങിപ്പോകും . മനുഷ്യരുടെ ഇരുലോക വിജയത്തിന്റെ നട്ടെല്ലാണ് പ്രാർത്ഥന. അല്ലാഹുവിന്റെ വിധിയെ മാറ്റിയെഴുതാൻ പ്രാർത്ഥനക്ക് മാത്രമേ സാധിക്കുവെന്ന് നബി പറയുന്നുണ്ട്. ദൈവസ്മരണയുടെ പവിത്രതയെ വിളിച്ചറിയിക്കുന്ന ഒത്തിരി പ്രവാചക വചനങ്ങളുണ്ട്. ഒന്നുമാത്രം ഇവിടെ കുറിക്കാം.
ഒരിക്കൽ ഒരു കൂട്ടം അനുചരർ തിരുനബിയെ സമീപിച്ചു. ഇപ്രകാരം പറഞ്ഞു: നബിയെ ... ഞങ്ങളിലെ പണക്കാരായ സുഹൃത്തുക്കൾ ദാനധർമ്മങ്ങൾ ചെയ്തു പ്രതിഫലം വാരിക്കൂട്ടുന്നുണ്ട്. ഞങ്ങളെപ്പോലെ അവരും നിസ്കരിക്കുകയും നോമ്പ് അനുഷ്ഠിക്കുകയും ചെയ്യുന്നുണ്ട്. ഞങ്ങൾക്ക് ധനം ഇല്ലാത്തതിനാൽ ധർമ്മം ചെയ്യാൻ സാധിക്കുന്നില്ല. അപ്പോൾ തിരുദൂതർ പറഞ്ഞു പ്രതിഫലത്തിൽ അവരോടൊപ്പമെത്താൻ കഴിയുന്നൊരു കാര്യം നിങ്ങൾക്ക് ഞാൻ അറിയിച്ചു തരാം. നിസ്കാര ശേഷം സുബ്ഹാനല്ലാഹ്, അൽഹംദുലില്ലാഹ്, അല്ലാഹു അക്ബർ എന്നീ ദിക്റുകൾ 33 പ്രാവശ്യം ചൊല്ലുക.
ഒറ്റയ്ക്ക് നിസ്കരിക്കുന്നവനും സംഘമായി നിസ്കരിക്കുന്നവനും നിസ്കാരശേഷം ദിക്റും ദുആയും സുന്നത്തുണ്ട്. നിസ്കാരത്തിൽ നിന്ന് സലാം വീട്ടിയ ഉടനെ "അസ്തഗ്ഫിറുല്ലാഹൽ അളീം" എന്ന് മൂന്നു പ്രാവശ്യം പറയണം. തുടർന്ന്
القَدِيمَ الرَحِيمَ الذِي لَا إِلٰهَ إِلَّا هُوَ الحَيُّ القَيُّومُ مِنْ كُلِّ ذَنْبٍ وَ خَطِيئَةٍ وَ أَتُوبُ إلَيهِ وَ أَسْأَلُهُ التَّوْبَة
اللّهُـمَّ أَنْـتَ السَّلامُ ، وَمِـنْكَ السَّلام ،
وإِلَيكَ يَرْجِعُ السَّلامُ،حَيِّنَا رَبَّنَا بِالسَّلامِ،
وَأَدْخِلْنَا دَارَ السَّلَام، تَبارَكْتَ رَبَّنَا
وَتَعَالَيْتَ يا ذا الجَـلالِ وَالإِكْـرام .
لا إلهَ إلاّ اللّهُ وحدَهُ لا شريكَ لهُ، لهُ المُـلْكُ ولهُ الحَمْد، وهوَ على كلّ شَيءٍ قَدير، اللّهُـمَّ لا مانِعَ لِما أَعْطَـيْت، وَلا مُعْطِـيَ لِما مَنَـعْت، وَلا يَنْفَـعُ ذا الجَـدِّ مِنْـكَ الجَـد
എന്ന് ചൊല്ലുക. ശേഷം വിശുദ്ധ ഖുർആനിലെ രണ്ടാമത്തെ അധ്യായമായ സൂറത്തുൽ ബഖറയിലെ 255 ാം സൂക്തം (ആയത്തുൽ കുർസിയ്യ്), സൂറത്തുൽ ഫാതിഹ, സൂറത്തുൽ ഇഖ്ലാസ്, സൂറത്തുൽ ഫലഖ്, സൂറത്തുന്നാസ് എന്നിവ പാരായണം ചെയ്തു സുബ്ഹാനല്ലാഹ്, അൽഹംദുലില്ലാഹ്, അല്ലാഹു അക്ബർ എന്നീ ദിക്റുകൾ 33 പ്രാവശ്യം ചൊല്ലുക. ശേഷം ഒരു പ്രാവശ്യം
لا إلهَ إلاّ اللّهُ وحدَهُ لا شريكَ لهُ، لهُ المُـلْكُ ولهُ الحَمْد، وهوَ على كلّ شَيءٍ قَدير
എന്ന് ചൊല്ലണം. തുടർന്ന് പത്തു പ്രാവശ്യം "ലാഇലാഹ ഇല്ലല്ലാഹ്" എന്ന് ചൊല്ലി പ്രാർത്ഥനയിലേക്ക് പ്രവേശിക്കണം.
സുബ്ഹ്, മഗ്രിബ് നിസ്കാരങ്ങൾക്കു ശേഷം മേൽ പറയപ്പെട്ട ദൈവസ്മരണങ്ങൾക്കു മുമ്പ് സലാം വീട്ടിയ ഉടനെ
لا إلهَ إلاّ اللّهُ وحدَهُ لا شريكَ لهُ، لهُ المُـلْكُ ولهُ الحَمْد، وهوَ على كلّ شَيءٍ قَدير
എന്ന് പത്തു പ്രാവശ്യവും "അല്ലാഹുമ്മ അജിർനീ മിനന്നാർ" എന്ന് ഏഴു തവണയും ചൊല്ലണം. ഇവകൾക്ക് ശേഷം നേരത്തെ പറഞ്ഞ ദിക്റുകൾ ചൊല്ലി പ്രാർത്ഥനയിലേക്ക് പ്രവേശിക്കണം. വിശുദ്ധ ഖുർആനിലും തിരുവചനങ്ങളിലുമുള്ള ഒരുപാട് പ്രാർത്ഥനകളുണ്ട്. അവകൾ പ്രാർത്ഥനയിൽ ഉൾപ്പെടുത്തുന്നതാണ് നല്ലത്. എങ്കിലും പ്രത്യേകമായി അല്ലാഹുവിനോട് ചോദിക്കാനുള്ള ഐഹികവും പാരത്രികവുമായ ഏതു കാര്യവും ഏതു ഭാഷയിലും അല്ലാഹുവിനോട് ചോദിക്കാവുന്നതാണ്.
നിസ്കാരശേഷം പ്രാർത്ഥിക്കാതെ എഴുന്നേറ്റു പോകുന്നത് തിരുദൂതർക്ക് ഇഷ്ടമില്ലായിരുന്നുവെന്ന് വ്യക്തമാക്കുന്ന ഒരു സംഭവം കാണുക. ഒരിക്കൽ നബിയുടെ അനുചരരിൽ പെട്ട ഒരാൾ നിസ്കാരശേഷം പ്രാർത്ഥിക്കാതെ എഴുന്നേറ്റു പോകുന്നത് ശ്രദ്ധയിൽപെട്ട നബി തിരുമേനി അദ്ദേഹത്തോട് ശാസന രൂപത്തിൽ ചോദിച്ചു: എന്താ നിനക്ക് അല്ലാഹുവിനോട് ഒന്നും ചോദിക്കാനില്ലേ? അപ്പോൾ അദ്ദേഹം പറഞ്ഞു, നബിയെ ...എനിക്കും കുടുംബത്തിനും നിസ്കരിക്കാൻ ഒരു വസ്ത്രമാണുള്ളത്. ഞാൻ പോയിട്ടു വേണം അവർക്ക് നിസ്കരിക്കാൻ .. ഇതു കേട്ട നബി അദ്ദേഹത്തിന് ഒരു വസ്ത്രം നൽകി.
മറ്റൊരു സംഭവം ഇങ്ങനെ വായിക്കാം: നബി ഒരിക്കൽ അനുചരർക്ക് ഇമാമായി നിസ്കരിക്കുന്നു. അബൂബക്കർ, ഉമർ തുടങ്ങി പ്രമുഖർ നബിയുടെ പിൻനിരയിലുണ്ട്. നിസ്കാരം കഴിഞ്ഞയുടനെ കൂട്ടത്തിലൊരാൾ സുന്നത്ത് നിസ്കരിക്കാൻ വേണ്ടി എഴുന്നേറ്റു. തിരുനബി വലതുഭാഗത്തേക്ക് തിരിഞ്ഞിരിക്കുകയാണ്. ഈ സമയം ഉമർ അദ്ദേഹത്തിന്റെ ചുമലിൽ പിടിച്ച് ഇപ്രകാരം പറഞ്ഞു: ഇരിക്കൂ അവിടെ !. വേദക്കാർ നശിച്ചത് അവരുടെ നിസ്കാരത്തിനിടയിൽ വിടവില്ലാത്ത കാരണത്താലാണ് . ഇതുകേട്ട നബി പ്രതിവചിച്ചു: ഖത്താബിന്റെ മകനേ.. നിങ്ങളുടെ പ്രവർത്തനം അല്ലാഹു ശരിവെച്ചിട്ടുണ്ട്.
ഒറ്റക്കും കൂട്ടമായും അല്ലാഹുവിനോട് പ്രാർത്ഥന നടത്താം. ഒറ്റക്ക് നിസ്കരിച്ചവൻ അതേ ഇരുത്തത്തിലിരുന്നാണ് ദിക്റും പ്രാർത്ഥനയും നിർവഹിക്കേണ്ടത്. എന്നാൽ സംഘമായി നിസ്കരിച്ച ശേഷം ഇമാം ഇടതു ഭാഗം ഖിബ്ലയിലേക്കും വലതു ഭാഗം മഅ്മൂമിലേക്കും ആകും വിധം തിരിഞ്ഞിരിക്കണം. ഇമാം പ്രാർത്ഥന നടത്തുമ്പോൾ ബാക്കിയുള്ളവർ 'നീ ഉത്തരം നൽകണമെന്ന ആശയമുള്ള "ആമീൻ" എന്ന പദം പറയുകയും വേണം. നേരത്തെ നിസ്കാരത്തിലെ പ്രധാന പ്രാർത്ഥനയായ ഫാതിഹ ഇമാം പാരായണം ചെയ്തു തീർന്നപ്പോൾ എല്ലാവരും കൂടി ആമീൻ എന്ന് പറഞ്ഞതുപോലെ നിസ്കാരത്തിന്റെ ശേഷവും ഈ ഒരു രീതിയാണ് സംഘമായി നിസ്കരിക്കുമ്പോൾ വേണ്ടത് . ഇതാണ് പ്രവാചകചര്യ .
മനുഷ്യനു ഉപദ്രവമായി ഭവിക്കുന്ന എല്ലാ കാര്യങ്ങളിൽ നിന്നും മോചനം നേടാൻ ചില പ്രത്യേക ദൈവസമരണകൾ പ്രവാചകർ നമ്മെ പഠിപ്പിച്ചിട്ടുണ്ട്. ഇത്തരം സുരക്ഷാ മാർഗ്ഗങ്ങൾ സ്വീകരിക്കാത്തത് കൊണ്ടാണ് പലപ്പോഴും പല വിപത്തുകളിലും നാം അകപ്പെടുന്നത്. പ്രഭാതത്തിലും പ്രദോഷത്തിലും ഉറങ്ങാൻ കിടക്കുമ്പോഴും ഉറക്കിൽ നിന്നുണരുക തുടങ്ങി വ്യത്യസ്ത സമയങ്ങളിൽ വിഭിന്നങ്ങളായ ദൈവസ്മരണകൾ തിരുദൂതർ പഠിപ്പിക്കുന്നുണ്ട്. അതെല്ലാം ജീവിതത്തിൽ പതിവാക്കാൻ ഓരോ വിശ്വാസിയും ശ്രദ്ധിക്കണം.



