തിരുനബിയുടെ സമുദായത്തിന് അല്ലാഹു പ്രത്യേകമായി നൽകിയ ദിവസമാണ് വെള്ളിയാഴ്ച. സൂര്യനുദിക്കുന്ന ദിവസങ്ങളിൽ ഏറ്റവും ശ്രേഷ്ഠമായ ദിനമായാണ് വെള്ളിയാഴ്ചയെ തിരുനബി പരിചയപ്പെടുത്തുന്നത്. വിശ്വാസികളുടെ പെരുന്നാൾ ദിനമാണിത്. മുസ്ലിം ഐക്യത്തിന്റെ പ്രകടമായ അടയാളമായി ഓരോ പ്രദേശത്തുള്ള എല്ലാ മുസ്ലിം പുരുഷന്മാരും ഒന്നിക്കുന്ന ആത്മീയ സംഗമവുമാണ് ജുമുഅ. ആഴ്ചയിൽ ഒരിക്കലുള്ള ഈ നിർബന്ധിത ഒരുമിച്ചുകൂടൽ വിശ്വാസികൾക്കിടയിൽ മാനസികമായ അടുപ്പവും ആത്മീയാനുഭൂതിയും സമ്മാനിക്കുന്നു.
വെള്ളിയാഴ്ച മധ്യാഹ്നത്തിലെ പ്രത്യേക നിസ്കാരമാണ് ജുമുഅ നിസ്കാരം. നാട്ടിൽ താമസിക്കുന്ന പ്രതിബന്ധങ്ങളില്ലാത്ത പുരുഷനും സ്വതന്ത്രനും പ്രായപൂർത്തിയും ബുദ്ധിയുമുള്ള എല്ലാ മുസ്ലിമിനും ജുമുഅയിൽ പങ്കെടുക്കൽ നിർബന്ധമാണ്. രോഗികൾക്കും സ്ത്രീകൾക്കും അടിമകൾക്കും കുട്ടികൾക്കും ഭ്രാന്തന്മാർക്കും ജുമുഅയിൽ പങ്കെടുക്കൽ നിർബന്ധമില്ല. സ്ത്രീകൾ ജുമുഅക്ക് വേണ്ടി പുറപ്പെടുന്നത് നിഷിദ്ധമാണ്.
വെള്ളിയാഴ്ച പ്രഭാതത്തിനു മുമ്പ് യാത്ര തുടങ്ങിയവർക്ക് ജുമുഅയിൽ പങ്കെടുക്കൽ നിർബന്ധമില്ല. എങ്കിലും അവരും ജുമുഅയിൽ പങ്കെടുക്കൽ സുന്നത്താണ്. വെള്ളിയാഴ്ച രാവിലെയാണ് യാത്ര ആരംഭിക്കുന്നതെങ്കിൽ ജുമുഅ ഒഴിവാക്കാവുന്നതല്ല. മാത്രമല്ല യാത്രാമദ്ധ്യേ ജുമുഅ നഷ്ടപ്പെടുമെങ്കിൽ വെള്ളിയാഴ്ച രാവിലെ യാത്ര പുറപ്പെടൽ നിഷിദ്ധമാണ്. മധ്യാഹ്ന നിസ്കാരത്തിന്റെ (ളുഹർ ) സമയത്താണ് ജുമുഅ നിർവഹിക്കേണ്ടതെന്നു പറഞ്ഞുവല്ലോ. എന്നാൽ രണ്ട് ഖുതുബകൾ (പ്രത്യേക പ്രസംഗം) നിർവഹിച്ച ശേഷം രണ്ടു റക്അത്തായാണ് ജുമുഅ നിർവഹിക്കേണ്ടത്. പൊതുവെ പകലിലുള്ള നിസ്കാരങ്ങളിൽ ഇമാം പതുക്കെയാണ് ഖുർആൻ സൂക്തങ്ങളും മറ്റും ഓതേണ്ടതെങ്കിൽ ജുമുഅയിൽ ഉറക്കെയായിരിക്കണം പാരായണം ചെയ്യേണ്ടത്. ഈ നിസ്കാരം ജമാഅത്തായി മാത്രമേ ശരിയാകൂ.
ജുമുഅക്ക് രണ്ടു ബാങ്കുകളുണ്ട്. ഒന്ന് സമയം പ്രവേശിക്കുന്ന സമയത്തും രണ്ടാമത്തേത് ഇമാം മിമ്പറിൽ (പ്രത്യേക പ്രസംഗം നിർവഹിക്കാൻ ഇമാം കയറി നിൽക്കുന്ന ഉയർന്ന സ്ഥലം) കയറിയിരുന്നതിനു ശേഷവും. ഖുതുബ തുടങ്ങുന്നതിന് മുമ്പ് ജനങ്ങളെ ശ്രദ്ധ ക്ഷണിക്കാൻ മആശിറ വിളിക്കുന്ന രീതി നിലവിലുണ്ട്. ജുമുഅക്ക് ബാങ്ക് കൊടുത്തശേഷം കച്ചവടത്തിലോ മറ്റു പ്രവർത്തനങ്ങളിലോ ഏർപ്പെടൽ നിഷിദ്ധമാണ്. ഇമാം ഖുതുബ നിർവഹിക്കുന്ന സ്ഥലത്ത് കയറിയതിനു ശേഷം മറ്റുള്ളവർക്ക് ബുദ്ധിമുട്ടാവുന്ന രീതിയിൽ ഉറക്കെ ഓതലും നിസ്കരിക്കലും നിഷിദ്ധമാണ്. മറിച്ച് ഖുതുബ ശ്രദ്ധിച്ചു കേൾക്കുകയാണ് വേണ്ടത്. ജുമുഅ നിസ്കാരത്തിന് സന്നിഹിതരായവരുടെ മുതുക് ചാടി കടന്നുപോകരുത്. മറ്റു നിസ്കാരങ്ങൾക്കു പാലിക്കേണ്ട നിബന്ധനകൾക്ക് പുറമേ ജുമുഅക്ക് ആറു നിബന്ധനകളുണ്ട്.
1. നാടിൻ്റെ ഭാഗമായി കണക്കാകപ്പെടുന്ന സ്ഥലത്ത് വെച്ചായിരിക്കണം ജുമുഅ നടക്കേണ്ടത്.
2. ജുമുഅ നടത്തപ്പെടുന്ന നാട്ടിലെ സ്ഥിരതാമസക്കാരായ 40 ആളുകൾ ചുരുങ്ങിയത് ഉണ്ടായിരിക്കണം. ഈ 40 പേർ ജുമുഅയുടെ മുമ്പ് നിർവഹിക്കപ്പെടുന്ന പ്രത്യേക പ്രസംഗം കേൾക്കണം. 40 പേർ തികയാത്ത നാട്ടുകാർ തൊട്ടടുത്ത നാട്ടിൽ ജുമുഅ നടക്കുന്നുവെങ്കിൽ അവിടെ പങ്കെടുക്കണം. ഇല്ലെങ്കിൽ ളുഹ്ർ നിസ്കരിക്കുകയാണ് വേണ്ടത്.
3. മധ്യാഹ്ന നിസ്കാരത്തിന്റ (ളുഹ്ർ ) സമയത്തായിരിക്കണം ജുമുഅ നിർവഹിക്കേണ്ടത്.
4. നിസ്കാരം രണ്ടു ഖുതുബകൾക്ക് (പ്രത്യേക പ്രസംഗം) ശേഷമാകണം .
പ്രത്യേക പ്രസംഗം
വെള്ളിയാഴ്ചയിലെ പ്രത്യേക ആരാധനകളിൽ ഒന്നാണ് അറബിയിൽ നിർവഹിക്കുന്ന പ്രസംഗം, അഥവാ ഖുതുബ. അല്ലാഹുവിന് സ്തുതികൾ അർപ്പിച്ചാണ് ആരംഭിക്കേണ്ടത്. രണ്ടു ഖുതുബകളാണ് നിർവഹിക്കേണ്ടത്. ഖുതുബ ആരാധന ആയതിനാൽ സാധുവാകുന്നതിന് ചില നിബന്ധനകളുണ്ട്. ജുമുഅ നിർബന്ധമുള്ള 40 ആളുകളെ കേൾപ്പിക്കുക, അശുദ്ധിയിൽ നിന്നും മാലിന്യങ്ങളിൽ നിന്നും ശുദ്ധിയാവുക, പ്രായപൂർത്തിയും ബുദ്ധിയുമുള്ള മുസ്ലിം പുരുഷൻ ഖുതുബ നിർവഹിക്കുക, ഔറത്ത് മറക്കുക, ഖുതുബ അറബി ഭാഷയിലാവുക, രണ്ടു ഖുതുബകൾക്കിടയിൽ ഇരിക്കുക, രണ്ടു ഖുതുബുകൾക്കിടയിൽ തുടർച്ച പാലിക്കുക തുടങ്ങിയവയാണ് ഖുതുബയുടെ നിബന്ധനകൾ.
ഖുതുബക്ക് അഞ്ചു നിർബന്ധ ഘടകങ്ങളുമുണ്ട്. അല്ലാഹുവിനെ സ്തുതിക്കുക, നബിയുടെ പേരിൽ സ്വലാത്ത് ചൊല്ലുക, തഖ്വ (അല്ലാഹുവിന്റെ കൽപ്പനകൾ അനുസരിക്കാനും നിരോധനകൾ വെടിയാനും ) കൊണ്ട് ഉപദേശിക്കുക, രണ്ടാലൊരു ഖുതുബയിൽ അർത്ഥപൂർണ്ണമായ ഒരു ആയത്ത് ഓതുക, രണ്ടാം ഖുതുബയിൽ സത്യവിശ്വാസികൾക്ക് വേണ്ടി പ്രാർത്ഥിക്കുക എന്നിവയാണവ. സാധാരണ പ്രസംഗങ്ങൾക്ക് ഇത്തരം നിബന്ധനകളൊന്നുമില്ലല്ലോ. അതിനാലാണ് ഖുതുബ പ്രത്യേക ആരാധനയാണെന്നും അറബി അനിവാര്യമാണെന്നും നാം പറയുന്നത്. ശ്രോതാക്കൾക്ക് മനസ്സിലാവേണ്ടേ എന്ന ന്യായത്തിന് അടിസ്ഥാനമില്ലെന്ന് ചുരുക്കം. നിക്ഷിപ്ത താല്പര്യങ്ങൾക്കാരായ, ഇസ്ലാമിനെ വികലമാക്കാനും ഐക്യബോധത്തെ തകർക്കാൻ ശ്രമിക്കുന്ന പുത്തൻവാദികൾ അനറബി ഭാഷയിൽ ഖുതുബ നിർവഹിക്കാറുണ്ട്. ഇത്തരക്കാരുടെ ഖുതുബ ശരിയാവുകയില്ല.
5. ജുമുഅയിൽ പങ്കെടുക്കുന്ന വ്യക്തിക്ക് തൻ്റെ ആദ്യ റക്അത്ത് ജമാഅത്തായി ലഭിക്കണം. ജമാഅത്ത് ലഭിക്കാൻ ആവശ്യമായ കാര്യങ്ങൾ മുമ്പ് പറഞ്ഞുവല്ലോ. ഇമാമിനോടൊപ്പം ഒരു വ്യക്തിക്ക് തൻ്റെ ആദ്യ റക്അത്ത് പൂർണ്ണമായി ലഭിച്ചാൽ ജുമുഅ ലഭിക്കും. അശുദ്ധി കാരണമോ മറ്റോ രണ്ടാം റക്അത്തിൽ ഇമാമുമായുള്ള തുടർച്ച നഷ്ടപ്പെട്ടാലും തഥൈവ. പിന്തിത്തുടർന്നത് കാരണം ഒരാൾക്ക് ഇമാമിനോടൊപ്പം ഒരു റക്അത്തും ലഭിച്ചില്ലെങ്കിൽ ഇമാം സലാം വീട്ടിയ ശേഷം നാല് റക്അത്ത് നിസ്കരിക്കേണ്ടിവരും. ഉദാഹരണമായി, ഇമാമിനെ രണ്ടാം റക്അത്തിലെ റുകൂഇനു ശേഷം തുടരുന്ന വ്യക്തി ഇമാമിന്റെ സലാമിന് ശേഷം നാല് റക്അത്ത് നിസ്കരിക്കണം. ഇമാമിന്റെ രണ്ടാം റക്അത്തിലെ റുകൂഇനു മുമ്പ് പിന്തുടർന്നവന് ജുമുഅ ലഭിക്കും. അതിനാൽ ഇമാമിന്റെ സലാമിന് ശേഷം ഒരു റക്അത്ത് നിസ്കരിച്ചാൽ മതിയാകും.
6. ജുമുഅ നടക്കുന്ന നാട്ടിൽ ആ ജുമുഅക്കു മുമ്പായി ശരിയായ മറ്റൊരു ജുമുഅ നടക്കാതിരിക്കണം. എന്നാൽ ഒരു സ്ഥലത്ത് നാട്ടിലുള്ള എല്ലാവരും സംഗമിക്കൽ പ്രയാസമാകുന്ന ഘട്ടത്തിൽ ഒന്നിലധികം ജുമുഅ നടത്താവുന്നതാണ്. യാതൊരു അനിവാര്യതയും കൂടാതെ ഒരു നാട്ടിൽ രണ്ട് ജുമുഅ നടത്തുകയും രണ്ടിടങ്ങളിലേയും ഇമാമുമാരുടെ തക്ബീറത്തുൽ ഇഹ്റാം പരസ്പരം ചേർന്നു വരികയും ചെയ്താൽ രണ്ട് ജുമുഅയും നിഷ്ഫലമാകും. രണ്ടും ഒന്നിച്ചല്ലെങ്കിൽ ഒന്നാമത്തെ ജുമുഅ ശരിയും രണ്ടാമത്തേത് നിഷ്ഫലവുമാണ്.
ജുമുഅ ഉദ്ദേശിക്കുന്നവർക്ക് സുന്നത്തായ കാര്യങ്ങൾ
1. നഖം, മീശ, കക്ഷരോമം ഗുഹ്യരോമം എന്നിവ വൃത്തിയാക്കുക.
2. പ്രഭാതമായതിനു ശേഷം കുളിക്കുക
3. ഏറ്റവും നല്ല വസ്ത്രം ധരിക്കുക.
4. നോമ്പുകാരല്ലാത്തവർ സുഗന്ധം ഉപയോഗിക്കുക.
5. ജുമുഅയിൽ സംബന്ധിക്കാൻ പള്ളിയിലേക്ക് നേരത്തെ പോവുക
6. സാവധാനം നടന്നാണ് പള്ളിയിലേക്ക് പോകേണ്ടത്. കാരണമില്ലാതെ വാഹനം കയറുന്നത് ഉപേക്ഷിക്കണം. വിശുദ്ധ ഖുർആനിലെ സൂറത്തുൽ കഹ്ഫ് പാരായണം ചെയ്യുക, നബിയുടെ മേലിൽ സ്വലാത്ത് വർദ്ധിപ്പിക്കുക, ദാനധർമ്മങ്ങൾ ചെയ്യുക തുടങ്ങിയവ വെള്ളിയാഴ്ച ദിവസത്തിലെ പ്രത്യേക സുന്നത്തുകളാണ്.



