'നാഥനിൽ നിന്നുള്ള പ്രതിഫലം മാത്രം കാംക്ഷിച്ച് ഏഴുകൊല്ലം വാങ്ക് വിളിക്കുന്നവന് നരകമോചനം നൽകപ്പെടുമെന്ന' പ്രവാചകാധ്യാപനം വാങ്ക് വിളിയുടെ മഹത്വം വിളിച്ചറിയിക്കുന്നുണ്ട്. നിസ്കാരത്തിൻ്റെ സമയം അറിയിക്കുന്നതോടൊപ്പം ഇസ്ലാമിൻ്റെ ചൈതന്യത്തെ വാങ്ക് അടയാളപ്പെടുത്തുന്നുണ്ട്. അഞ്ചുനേരത്തെ നിസ്കാരങ്ങൾക്ക് വേണ്ടി പുരുഷന്മാർക്ക് വാങ്കും ഇഖാമത്തും (നിസ്കാരത്തിന് തൊട്ടുമുൻപ് ഇത് നിർവഹിക്കാനുള്ള അറിയിപ്പ് ) സുന്നത്താണ്. അന്യർ കേൾക്കുംവിധം ശബ്ദം ഉയർത്തൽ സ്ത്രീക്ക് നിഷിദ്ധമായതിനാൽ നിസ്കാരത്തിനു വേണ്ടി അവർ വാങ്ക് വിളിക്കൽ സുന്നത്തില്ല. ഇഖാമത്ത് മാത്രമാണ് സുന്നത്ത്.
വാങ്കും ഇഖാമത്തും മുഹമ്മദ് നബിയുടെ സമുദായത്തിന്റെ പ്രത്യേകതയാണ്. പൂർവ്വ സമുദായങ്ങൾക്ക് ആരാധനകളും അതിനുള്ള അറിയിപ്പുകളും ഉണ്ടായിരുന്നെങ്കിലും അത് വ്യത്യസ്ത രൂപങ്ങളിലായിരുന്നു. ഒറ്റയ്ക്ക് നിസ്കരിക്കുന്ന പുരുഷനും ഫർള് നിസ്കാരങ്ങൾക്ക് വേണ്ടി വാങ്കും ഇഖാമത്തും സുന്നത്തുണ്ട്. സമൂഹമായി നിസ്കരിക്കുമ്പോൾ കൂട്ടത്തിൽ ഒരാൾ മാത്രം വാങ്കും ഇഖാമത്തും കൊടുത്താൽ മതി. വെള്ളിയാഴ്ചയിലെ സമൂഹ നിസ്കാരത്തിന് രണ്ട് വാങ്ക് സുന്നത്തുണ്ട്.
വാങ്ക് വിളിക്കുന്നവൻ മുസ്ലിമും ബുദ്ധിയും വിവേകവുമുള്ളവനായിരിക്കണം. വാങ്ക് വിളിക്കുന്നവന് ശുദ്ധി ഉണ്ടായിരിക്കുക, നിന്നുകൊണ്ട് വിളിക്കുക, ഖിബിലയിലേക്ക് തിരിഞ്ഞു വിളിക്കുക, ഇവയൊക്കെ സുന്നത്താണ്. വാങ്കിന്റെ വാക്യങ്ങൾ ക്രമപ്രകാരം വിളിക്കലും തുടരെ കൊണ്ടുവരലും നിർബന്ധമാണ്. വാങ്ക് കേൾക്കുന്നവർ അതേപോലെ പറയലും 'ഹയ്യ അല'കളിൽ "ലാ ഹൗല വലാ ഖുവ്വത്ത ഇല്ലാബില്ലാഹ്" എന്ന് ചൊല്ലലും വാങ്കിന്റെ മുമ്പും ശേഷവും തിരുനബിയുടെ മേലിൽ സ്വലാത്ത് ചൊല്ലലും സുന്നത്തുണ്ട്.
പൈശാചികമായ പല ഉപദ്രവങ്ങൾക്കും വാങ്ക് ഒരു പ്രതിവിധിയാണ്. പ്രസവിച്ച ഉടനെ കുട്ടിയുടെ വലതു ചെവിയിൽ വാങ്കും ഇടതു ചെവിയിൽ ഇഖാമത്തും കൊടുക്കണം. ഭൂമിയിലേക്ക് വരുമ്പോൾ കുഞ്ഞ് ആദ്യമായി കേൾക്കുന്ന ശബ്ദം അല്ലാഹുവിന്റെ നാമമായിരിക്കണം. ഈ വാങ്കിനു പുരുഷൻ തന്നെ വേണമെന്നില്ല, സ്ത്രീയായാലും മതി.
വാങ്കിന്റെ വാക്യങ്ങൾ
اللهُ أَكْبَرُ اللهُ أَكْبَرُ، اللهُ أَكْبَرُ اللهُ أَكْبَرُ.
أَشْهَدُ أَنْ لا إِلهَ إلّا اللهُ، أَشْهَدُ أَنْ لا إِلهَ إلّا اللهُ.
أَشْهَدُ أَنَّ مُحَمَّداً رَسُولُ اللهِ، أَشْهَدُ أَنَّ مُحَمَّداً رَسُولُ اللهِ.
حَيَّ عَلَى الصَّلاةِ، حَيَّ عَلَى الصَّلاةِ.
( ഇത് പറയുമ്പോൾ മുഖം വലതു ഭാഗത്തേക്ക് തിരിക്കണം )
حَيَّ عَلَى الفَلاحِ، حَيَّ عَلَى الفَلاحِ.
( ഇത് പറയുമ്പോൾ മുഖം ഇടതു ഭാഗത്തേക്ക് തിരിക്കണം )
اللهُ أَكْبَرُ، اللهُ أَكْبَرُ.
لا إِلهَ إلّا اللهُ
ഇഖാമത്തിന്റെ വചനങ്ങൾ
اللهُ أَكْبَرُ، اللهُ أَكْبَرُ.
أَشْهَدُ أَنْ لا إِلهَ إلّا اللهُ،
أَشْهَدُ أَنَّ مُحَمَّداً رَسُولُ اللهِ
حَيَّ عَلَى الصَّلاةِ،
حَيَّ عَلَى الفَلاحِ
قَدْ قَامَتِ الصَّلاةُ، قَدْ قَامَتِ الصَّلاةُ.
اللهُ أَكْبَرُ، اللهُ أَكْبَر.
لا إِلهَ إلّا اللهُ.
പ്രഭാത നിസ്കാരത്തിന്റെ വാങ്കിൽ 'ഹയ്യ അല'ക്കുശേഷം "അസ്സ്വലാത്തു ഖൈറും മിനന്നൗമ് " എന്നുകൂടി പറയണം. ഇത് കേൾക്കുന്നവൻ " സ്വദഖ്ത വ ബരിർത " എന്നാണ് പറയേണ്ടത്. വാങ്ക് കേൾക്കുമ്പോൾ മറ്റു സംസാരങ്ങളും പ്രവർത്തനങ്ങളും നിർത്തിവെക്കുകയാണ് വേണ്ടത്. ഖുർആനാണെങ്കിലും ദിക്റാണെങ്കിലും വിധി ഇതുതന്നെയാണ്. ഒന്നിലധികം വാങ്കുകൾ കേൾക്കുമ്പോൾ എല്ലാത്തിനും ഉത്തരം ചെയ്യേണ്ടതാണ്.
ബാങ്ക് വിളിക്ക് ശേഷം താഴെപ്പറയുന്ന പ്രാർത്ഥന ചൊല്ലേണ്ടതാണ്:
الَّلهمَّ ربَّ هذه الدَعوةِ التَّامةِ ، و الصَّلاةِ القائمةِ آتِ محمَّدًا الوسيلةَ و الفَضيلةَ ، و ابعثه مقامًا محمودًا الَّذي وَعَدتَه ، وَارْزُقْنَا شَفاعتَهُ يومَ القيامةِ إِنَّكَ لاَ تُخْلِفُ الْمِيعَاد.
"ഈ സമ്പൂർണ്ണമായ വിളിയുടെയും സ്ഥാപിക്കപ്പെടുന്ന നിസ്കാരത്തിന്റെയും രക്ഷിതാവായ അല്ലാഹുവെ .. 'വസീലത്ത്' 'ഫളീലത്ത്' എന്നീ മഹത്തായ പദവികൾ മുഹമ്മദ് നബിക്കു നീ നൽകേണമേ.. സ്തുതിക്കപ്പെട്ടതും നീ വാഗ്ദത്വം ചെയ്തതുമായ സ്ഥാനത്തേക്കു നബിയെ നിയോഗിക്കേണമേ.. അന്ത്യദിനത്തിൽ ആ നബിയുടെ ശുപാർശ നീ ഞങ്ങൾക്ക് പ്രധാനം ചെയ്യേണമേ ... തീർച്ച , നീ വാഗ്ദത്വം ലംഘിക്കാത്തവനാണ് ..



