“ഒരാൾ തന്റെ വീട്ടുപടിക്കലൂടെ ഒഴുകിക്കൊണ്ടിരിക്കുന്ന പുഴയിൽ നിന്നു ദിവസം അഞ്ചുപ്രാവശ്യം കുളിച്ചാൽ അവന്റെ ശരീരത്തിൽ വല്ല അഴുക്കുമുണ്ടാകുമോ? ഒരിക്കൽ പ്രവാചകൻ അനുചരന്മാരോട് ചോദിച്ചു. അവർ ഏകസ്വരത്തിൽ പറഞ്ഞു: “ഉണ്ടാവുകയില്ല , നബിയേ” “എന്നാൽ അഞ്ചുനേരത്തെ നിസ്കാരവും ഇപ്രകാരം മനുഷ്യനെ പാപത്തിൽ നിന്നു കഴുകി വൃത്തിയാക്കും. നബി തങ്ങൾ മറുപടി പറഞ്ഞു. ഉടമയും അടിമയും തമ്മിൽ അടുക്കുന്ന സന്ദർഭമാണു നിസ്കാരം. ഒരു വിശ്വാസിക്ക് ലഭിക്കുന്ന ഏറ്റവും വലിയ ആനന്ദമാണത്. ദിവ്യ സാമീപ്യത്തിനു മുമ്പിൽ സർവതും മറന്നു ആത്മീയാനന്ദത്തിന്റെ പാരമ്യതയിലെത്തുകയാണവൻ. അംഗ ശുദ്ധീകരണത്തിലൂടെ പ്രകടമായ അവയവങ്ങളും ഒപ്പം മനസ്സും വൃത്തിയാക്കി കഅബയിലേക്ക് തിരിയലോടെ, അല്ലാഹുവിലേക്ക് ശരീരത്തെ തിരിച്ചുവെച്ച് അല്ലാഹു വലിയവനാണെന്ന് പ്രഖ്യാപിക്കലോട് കൂടി മറ്റെല്ലാതും വിട്ട് അല്ലാഹുവിലേക്ക് മാത്രം ശ്രദ്ധ കേന്ദ്രീകരിച്ച് ഇലാഹീ സാമീപ്യത്തിലലിയുന്നു.
മാനുഷികമായി വന്നുചേരാനിടയുള്ള അഹങ്കാരം, പൊങ്ങച്ചം, അയൂസ തുടങ്ങി ഹൃദയവൈകൃതങ്ങളെ ഇല്ലായ്മ ചെയ്യുക കൂടിയാണ് നിസ്കാരത്തിലൂടെ ചെയ്യുന്നത്. തങ്ങൾ ഏറ്റവും ബഹുമാനത്തോടെ സംരക്ഷിക്കുന്ന തന്റെ മുഖത്തെ നിലത്തോട് ചേർത്ത് പടച്ചതമ്പുരാന്റെ മുൻപിൽ നമ്ര ശിരസ്കരായി അവനിലേക്ക് ഏറ്റവും അടുക്കുന്നതോടെ ശാന്തിയുടെ ശാശ്വത തീരത്ത് അവന്റെ ഹൃദയം നങ്കൂരമിടുന്നു. ഈ ദിവ്യ സാമീപ്യത്തിന്റെ സമുദ്രത്തിൽ മുങ്ങിക്കുളിക്കുമ്പോൾ അല്ലാഹു കാണുന്നുണ്ടെന്നുള്ള ബോധ്യത്തോടെ അത്തഹിയ്യാത്തിൽ അല്ലാഹുവിനെ അഭിവാദ്യം ചെയ്യുന്നു. ഇതാണ് തിരുദൂതർ പറഞ്ഞത് “എന്റെ ആനന്ദം നിസ്കാരത്തിലാണെന്ന്”.
മനുഷ്യൻ, ശരീരംകൊണ്ട് ചെയ്യുന്ന ആരാധനകളിൽ ഏറ്റവും പ്രധാനപ്പെട്ടതാണിത്. ഇസ്ലാം മതത്തിലേക്കുള്ള പ്രവേശനത്തോടെ നിസ്കാരം നിർബന്ധമാകുന്നു. മുസൽമാന്റെ ഐഡന്റിറ്റിയാണിത്. “നമ്മുടെയും അവിശ്വാസിയുടെയും ഇടക്കുള്ള വ്യത്യാസം നിസ്കാരം ഒഴിവാക്കലാകുന്നു” എന്ന് തിരുനബി പറഞ്ഞിട്ടുണ്ട്. പരലോകത്തും നിസ്കാരത്തിനു മുൻഗണനയുണ്ട്. അന്ത്യനാളിൽ ആദ്യമായി മനുഷ്യനെ വിചാരണക്കു വിധേയമാക്കുന്നതു നിസ്കാരത്തിന്റെ പേരിലാണ്. ദിവസവും അഞ്ചു സമയങ്ങളിലായാണ് നിർബന്ധമായും നിസ്കരിക്കേണ്ടത്.
നിസ്കാരം ഇസ്ലാമിൻ്റെ രണ്ടാമത്തെ സ്തംഭമാണ്. അപ്പോൾ ഒരാളിൽ ഇസ്ലാം പരിപൂർണമായി നില നിൽക്കണമെങ്കിൽ ഈ സ്തംഭം സംരക്ഷിക്കപ്പെടുക തന്നെ വേണം. മനഃപൂർവ്വം ഒരാളും നിസ്കാരം ഒഴിവാക്കാൻ പാടില്ല. ഒഴിവാക്കുന്നവന്റെ ജീവനും രക്തത്തിനും ഇസ്ലാം വില കൽപ്പിക്കുന്നില്ല. അകാരണമായി നിസ്കാരം ഉപേക്ഷിക്കുന്നവൻ മതനിയമമനുസരിച്ച് കടുത്ത ശിക്ഷക്ക് വിധേയനാണ്.
നിർബന്ധമായവർ
പ്രായപൂർത്തിയും ബുദ്ധിയും ശുദ്ധിയുമുള്ള എല്ലാ മുസ്ലിമിനും അഞ്ചു നേരത്തെ നിസ്കാരം നിർബന്ധമാണ്. ചാന്ദ്രിക വർഷപ്രകാരം 15 വയസ്സ് പൂർത്തിയാവലാണ് ഇസ്ലാമിലെ പ്രായപൂർത്തിയുടെ മാനദണ്ഡം. 15 തികയുന്നതിന് മുമ്പ് ആൺകുട്ടികൾക്ക് ശുക്ലം പുറപ്പെടുകയോ സ്ത്രീയാണെങ്കിൽ മെൻസസ് വരികയോ ചെയ്താലും പ്രായപൂർത്തിയായതായി കണക്കാക്കപ്പെടും.
കുട്ടികൾ, ഭ്രാന്തന്മാർ, അവിശ്വാസികൾ, ആർത്തവരക്തം, പ്രസവരക്തം വന്നുകൊണ്ടിരിക്കുന്നവർ ഇവർക്കൊന്നും നിസ്കാരം നിർബന്ധമില്ല. മുസ്ലിമായാൽ പിന്നെ അവിശ്വാസിയായ കാലത്തെ നിസ്കാരങ്ങൾ ഒന്നും നിർവഹിക്കേണ്ടതില്ല. മുൻ പാപങ്ങളെല്ലാം അല്ലാഹു പൊറുത്തു കൊടുക്കും.
ഇസ്ലാം പ്രവേശനം ഒരു അവിശ്വാസിയുടെ ജീവിതത്തിലെ അനർഘനിമിഷമാണ്. ആത്മാർത്ഥതയോടെയും വിശ്വാസ ദാർഢ്യതയോടെയും സത്യസാക്ഷ്യം അഥവാ 'ശഹാദത്ത്' പ്രഖ്യാപിക്കുന്ന അവർണനീയ മുഹൂർത്തം. ജീവിതലക്ഷ്യം തിരിച്ചറിഞ് ബഹുദൈവ വിശ്വാസത്തിൽ നിന്നും ധിക്കാരത്തിൽ നിന്നും ആന്തരികമായി വിമലികരിച്ചു ദൈവതൃപ്തി മാത്രം ലക്ഷ്യമാക്കിയാണവർ വിശുദ്ധ മതത്തിലേക്ക് കടന്നുവരുന്നത്. അതുകൊണ്ട് അവരുടെ മുൻകാല പാപങ്ങളൊക്കെ പൊറുക്കപ്പെടും. അവിടം മുതൽ ശുദ്ധവും നിഷ്കളങ്കവും നിഷ്കപടവുമായ ശരീരവുമായി പുതുജീവിതത്തിലേക്ക് തെളിഞ്ഞ ഹൃദയത്തോടെയാണ് അദ്ദേഹം കാലെടുത്തു വെക്കുന്നത്.
എന്നാൽ മുസ്ലിമായിരുന്ന ഒരാൾ അവിശ്വാസിയാവുകയും വീണ്ടും ഇസ്ലാമിലേക്ക് തിരിച്ചു വരുകയും ചെയ്താൽ ആ കാലത്തെ നിസ്കാരം, നോമ്പ് തുടങ്ങിയവ ചെയ്തുതീർക്കേണ്ടി വരും. ഭ്രാന്തനു നിസ്കാരം നിർബന്ധമില്ല എന്ന് സൂചിപ്പിച്ചല്ലോ, അനിയന്ത്രിതമായി ബോധക്ഷയം, ലഹരി എന്നിവ ബാധിച്ചവനും നിസ്കരിക്കേണ്ടതില്ല. എന്നാൽ സ്വന്തം പ്രവർത്തി കാരണമാണ് ഇവയുണ്ടായതെങ്കിൽ സുഖമായ ശേഷം നിസ്കാരം വീണ്ടെടുക്കുക തന്നെവേണം. കുട്ടികൾക്ക് നിസ്കാരം നിർബന്ധമില്ലെങ്കിലും ചെറുപ്പം മുതലേ അവരെ നിസ്കരിച്ചു ശീലിപ്പിക്കേണ്ടതാണ്.
നഷ്ടപ്പെട്ട നിസ്കാരം വീണ്ടെടുക്കൽ (ഖളാഅ് വീട്ടൽ)
ഒരോ നിസ്കാരവും അവകൾ നിർവഹിക്കാൻ നിശ്ചയിക്കപ്പെട്ട സമയം കഴിഞ്ഞതിനു ശേഷം നിർവഹിക്കുന്നതിനാണ് ഖളാഅ് വീട്ടുക എന്ന് പറയുന്നത്. നഷ്ടപ്പെട്ട എല്ലാ നിസ്കാരവും വീണ്ടെടുക്കണം. ആസന്നമായ നിസ്കാരത്തെക്കാൾ നഷ്ടപ്പെട്ട നിസ്കാരത്തെയാണ് മുന്തിക്കേണ്ടത്. ദീർഘകാലം നിസ്കരിക്കാതിരിക്കുകയും പിന്നീടു നിസ്കാരം ആരംഭിക്കുകയും ചെയ്തവർ പൂർവ്വ കാലത്തെ നിസ്കാരങ്ങളെല്ലാം ചെയ്തു വീട്ടാൻ ബാധ്യസ്ഥരാണ്.



