നിസ്കാരം അവസാനിക്കുന്നതിന്റെ തൊട്ടുമുമ്പ് (സലാം വീട്ടുന്നതിനു മുമ്പ് ) ഇടയിലെ ഇരുത്തത്താേടു കൂടി രണ്ടു സുജൂദുകൾ ചെയ്യുന്നതിനാണ് സഹ്വിന്റെ സുജൂദ് (മറവിയുടെ സുജൂദ്) എന്ന് പറയുക. അബ്ആള് സുന്നത്തുകളിൽ (വിശദീകരണം പിന്നീടു വരും) നിന്ന് ഒന്ന് ഒഴിവാക്കുകയോ സംശയിക്കുകയോ ചെയ്യുക, മനപ്പൂർവ്വം ചെയ്താൽ നിസ്കാരം അസാധുവാകുന്ന കാര്യം മറന്നു ചെയ്യുക, പ്രവർത്തിപരമായ ഫർളുകൾ മറന്ന നിലയിൽ വർദ്ധിപ്പിക്കുക, ഇഅ്തിദാൽ, സുജൂദിന്റെ ഇടയിലുള്ള ഇരുത്തം പോലുള്ള സമയം ചുരുക്കേണ്ട ഫർളിനെ ദീർഘിപ്പിക്കുക, നിസ്കാരത്തിന്റെ റക്അതുകളുടെ എണ്ണത്തിൽ സംശയിക്കുകയും കൂടുതലാവാൻ സാധ്യതയുണ്ടാവുകയും ചെയ്യുക, വാചിക കർമ്മങ്ങൾ യഥാസ്ഥാനത്തല്ലാതെ ചൊല്ലുക തുടങ്ങിയ കാര്യങ്ങൾ സംഭവിച്ചാൽ സഹ്വിന്റെ സുജൂദ് ചെയ്യേണ്ടതാണ്. സംഘമായി നിസ്കരിക്കുമ്പോൾ ഇമാമില് നിന്ന് ഇത്തരം പിഴവുകൾ സംഭവിച്ചാൽ ഇമാമിനോടുള്ള തുടർച്ച പരിഗണിച്ച് തുടർന്നു നിസ്കരിക്കുന്നവനും സുജൂദ് ചെയ്യേണ്ടതാണ് .
വിശുദ്ധ ഖുർആനിലെ പ്രത്യേക ആയത്തുകൾ (സജദയുടെ ആയത്തുകൾ) ഓതിയാൽ സുജൂദ് ചെയ്യേണ്ടതുണ്ട്. ഇതിനാണ് തിലാവത്തിന്റെ സുജൂദ് എന്ന് പറയുന്നത്. ഒരു സുജൂദ് മാത്രമാണ് ചെയ്യേണ്ടത്. ഖുർആനിൽ പതിനാല് ഇടങ്ങളിലാണ് ഈ ആയതുകളുള്ളത്. ഓതുന്നവനും കേൾക്കുന്നവനും സുജൂദ് സുന്നത്ത് തന്നെ. എന്നാൽ നിസ്കാരത്തിലാണ് സജദയുടെ സൂക്തം ഓതുന്നതെങ്കിൽ ഒറ്റയ്ക്ക് നിസ്കരിക്കുന്നവൻ തൻ്റെ ഓത്തിനു മാത്രമാണ് സുജൂദ് ചെയ്യേണ്ടത്. മറ്റൊരാളുടെ പാരായണം കേട്ടതുകൊണ്ട് സുജൂദ് ചെയ്യാവുന്നതല്ല. സംഘമായി നിസ്കരിക്കുന്നുവെങ്കിൽ ഇമാം സുജൂദ് ചെയ്താൽ മാത്രമേ തുടർന്നു നിസ്കരിക്കുന്നവർക്ക് സുജൂദ് ചെയ്യാവൂ. നിസ്കരിക്കുന്നവന്റെയോ അല്ലാത്തവന്റെയോ പ്രസ്തുത ആയതിൻ്റെ പാരായണം ശ്രവിച്ചാൽ പുറത്തുള്ളവർക്ക് സുജൂദ് ചെയ്യൽ സുന്നത്തുണ്ട്. നിസ്കാരത്തിൽ വെച്ചാണ് സുജൂദ് ചെയ്യുന്നതെങ്കിൽ നേരെ സുജൂദ് നിർവഹിച്ച ശേഷം നിറുത്തത്തിലേക്ക് മടങ്ങി ബാക്കി പാരായണം തുടരേണ്ടതാണ്.
നിസ്കാരത്തിൽ അല്ലെങ്കിൽ ഞാൻ തിലാവത്തിന്റെ സുജൂദ് ചെയ്യുന്നു എന്ന നിയ്യത്ത് ചെയ്ത് തക്ബീറത്തുൽ ഇഹ്റാം ചൊല്ലി സുജൂദ് ചെയ്തു ശേഷം സലാം വീട്ടേണ്ടതാണ്. തിലാവത്തിന്റെ സുജൂദിൽ ചൊല്ലേണ്ടത്.
سَجَدَ وَجْهِيَ للَّذِي خَلَقَهُ، وَشَقَّ سَمْعَهُ وبَصَرَهُ، بِحَوْلِهِ وَقُوَّتِهِ، فَتَبَارَكَ اللَّهُ أَحْسَنُ الْـخَالِقِينَ
എന്നെ സൃഷ്ടിക്കുകയും രൂപപ്പെടുത്തുകയും കേൾവിയും കാഴ്ചയും തൻ്റെ കഴിവുകൊണ്ടും ശക്തികൊണ്ടും നൽകുകയും ചെയ്ത അല്ലാഹുവിന് ഞാൻ സുജൂദ് ചെയ്യുന്നു. അല്ലാഹു ഏറ്റവും ഭംഗിയായി സൃഷ്ടിക്കുന്നവനാണ്.



