ഒറ്റയ്ക്ക് നിസ്കരിക്കുന്നതിനേക്കാൾ സംഘടിത നിസ്കാരങ്ങൾക്ക് 27 ഇരട്ടി പ്രതിഫലം ലഭിക്കുമെന്നാണ് പ്രവാചകാധ്യാപനം. ഒരു പ്രദേശത്ത് താമസിക്കുന്നവരുടെ പൊതു ബാധ്യതയാണിത്. അതിനാൽ ഒരു നാട്ടിൽ ഒരു ജമാഅത്തും നടന്നില്ലെങ്കിൽ ആ പ്രദേശത്തെ എല്ലാ വിശ്വാസികളും കുറ്റക്കാരും ആരെങ്കിലും നിർവഹിച്ചാൽ എല്ലാവരും കുറ്റവിമുക്തരുമാവും. എന്നാൽ ജമാഅത്തിൽ പങ്കെടുത്തവർക്ക് മാത്രമേ പ്രതിഫലം ലഭിക്കുകയുള്ളൂ. പുരുഷന്മാരുടെ സംഘടിത നിസ്കാരം പള്ളിയിൽ വെച്ചാകലാണ് കൂടുതൽ പുണ്യം. പള്ളിയിൽ ജമാഅത്തിന് പോയിട്ടില്ലാത്തവർ വീട്ടിൽ ജമാഅത്തായി നിസ്കരിക്കുകയാണ് വേണ്ടത്. അന്യ പുരുഷന്മാർ സംബന്ധിക്കുന്ന പള്ളികളിൽ സ്ത്രീകൾ ജമാഅത്തിനു വരരുത്. അവർ വീടുകളിൽ നിന്നാണ് നിസ്കരിക്കേണ്ടത്.
സംഘടിത നിസ്കാരത്തിന് നേതൃത്വം നൽകുന്ന വ്യക്തിക്ക് ഇമാമെന്നും പിന്തുടരുന്നവർക്ക് മഅ്മൂമ് എന്നുമാണ് പറയുക. ചുരുങ്ങിയത് രണ്ടു വ്യക്തികളാണ് ഒരു ജമാഅത്തിനാവശ്യം. ഒരു ഇമാമും ഒരു മഅ്മൂമും. പക്ഷെ, പിന്തുടർന്നവരുടെ എണ്ണം വർദ്ധിക്കും തോറും പുണ്യവും വർദ്ധിക്കും. എന്നാൽ വലിയ ജമാഅത്തിന്റെ ഇമാം നിസ്കാരത്തിന്റെ നിർബന്ധമായ ഘടകങ്ങളിൽ അഭിപ്രായന്തരമുള്ള ഇതര മദ്ഹബുകാരനായാൽ കുറഞ്ഞ ആളുകൾ പങ്കെടുക്കുന്ന ജമാഅത്താണ് ഉത്തമം. അതുപോലെ വലിയ ജമാഅത്തിന് നേതൃത്വം നൽകുന്ന വ്യക്തി ദുർനടപ്പുകാരനോ മതത്തിന്റെ യഥാർത്ഥ വഴിയിൽ നിന്ന് വ്യതിചലിച്ച പുത്തനാശയക്കാരനോ ആണെങ്കിൽ കുറഞ്ഞ ആളുകൾ പങ്കെടുക്കുന്ന ജമാഅത്താണ് നല്ലത് .
അപ്രകാരം ചെറുസംഘത്തിലെ ഇമാം പാണ്ഡിത്യം, പാരായണം തുടങ്ങിയ കാരണങ്ങളാൽ നിസ്കാരത്തിന് നേതൃത്വം വഹിക്കാൻ ഏറ്റവും അർഹനാവുക, വലിയ ജമാഅത്തിന് പോയതുകാരണം ചെറിയ ജമാഅത്ത് മുടങ്ങാനിടവരിക, വലിയ ജമാഅത്തിൽ ഇമാമിന്റെ പാരായണം ശ്രവിക്കാൻ സാധിക്കാതെ വരിക തുടങ്ങിയ ഘട്ടങ്ങളിലും കുറഞ്ഞ ആളുകൾ പങ്കെടുക്കുന്ന ജമാഅത്താണ് പുണ്യം.
വെള്ളിയാഴ്ചയിലെ പ്രത്യേക നിസ്ക്കാരമായ ജുമുഅ അല്ലാത്ത മറ്റു നിസ്കാരങ്ങളിൽ ഇമാം സലാം വീട്ടുന്നതിന് മുമ്പ് ഏതു സമയം തുടർന്നാലും ജമാഅത്തിന്റെ ശ്രേഷ്ഠത ലഭിക്കും. പക്ഷേ തുടർച്ചയുടെ സമയമനുസരിച്ച് പ്രതിഫലത്തിൽ ഏറ്റ വ്യത്യാസമുണ്ടാകും. ഇമാമിനോടൊപ്പം നിസ്കാരത്തിന്റെ തുടക്കത്തിൽ സന്നിഹിതനാവുകയും ഇമാം തക്ബീറത്തുൽ ഇഹ്റാം ചൊല്ലിയ ഉടനെ തുടരുകയും ചെയ്യുന്നത് പ്രത്യേകം പുണ്യമാണ്. 40 ദിവസം ഇത് പതിവാക്കിയാൽ നരകത്തിൽ നിന്നും കാപട്യത്തിൽ നിന്നും മോചിതനാകുമെന്ന് തിരുവചനമുണ്ട്.
ഇമാമോടൊപ്പം തുടക്കത്തിൽ തുടർന്നവൻ (മുവാഫിഖ് )
നിസ്കാരത്തിൽ, ഇമാം നിറുത്തത്തിലായിരിക്കെ ഫാതിഹ ഓതാൻ ആവശ്യമായ സമയം ലഭിച്ച, പിന്തുടരുന്ന വ്യക്തിയാണ് മുവാഫിഖ്. പ്രാരംഭ പ്രാർത്ഥന പോലുള്ള സുന്നത്തുകളും ഫാതിഹയും പൂർണമായി ഓതാൻ കഴിയുമെന്നു ധാരണയുള്ള മുവാഫിഖ് ഇതെല്ലാം ചെയ്യണം. ഇല്ലെങ്കിൽ ഫാതിഹയിൽ മാത്രം പരിമിതപ്പെടുത്തണം. പ്രാരംഭ പ്രാർത്ഥന ഓതിയതു കാരണം ഇമാം റുകൂഇലേക്ക് കുനിയും മുമ്പ് ഫാതിഹ തീർന്നില്ലെങ്കിൽ ഫാതിഹ തീർക്കാൻ വേണ്ടി പിന്തേണ്ടതാണ്. ഇമാം രണ്ടാം സുജൂദ് കഴിഞ്ഞു ഉയരുന്നത് വരെ പിന്താനുള്ള അവസരമുണ്ട്. ശേഷം ഇമാം രണ്ടാം സുജൂദ് കഴിയും മുമ്പ് റുകൂഇനു വേണ്ടി കുനിഞ്ഞാൽ റക്അത്ത് ലഭിക്കുകയും സാധാരണ ഘടനയനുസരിച്ച് മുന്നോട്ടുപോകാവുന്നതുമാണ്. ഫാതിഹ തീർന്നില്ലെങ്കിൽ ഇമാമുമായി വേർപ്പിരിയുന്നു എന്ന് മനസ്സിൽ കരുതി സ്വന്തമായി മുന്നോട്ടു പോവുകയോ ഒരു റക്അത്ത് നഷ്ടപ്പെട്ടതായി ഗണിച്ച് ഇമാമിനോടൊപ്പം തുടരുകയോ ചെയ്യാം. ഇതു രണ്ടുമില്ലാതെ ഫാതിഹ കഴിഞ്ഞ ശേഷം റുകൂഇന് വേണ്ടി കുനിഞ്ഞാൽ നിസ്കാരം അസാധുവാകും .
പിന്തിത്തുടർന്നവൻ (മസ്ബൂഖ് )
ഇമാം നിറുത്തത്തിലായിരിക്കെ ഫാതിഹ ഓതാനാവശ്യമായ സമയം ലഭിക്കാത്തവരാണ് മസ്ബൂഖ്. വൈകിത്തുടരുക, സുജൂദിൽ നിന്ന് എഴുന്നേൽക്കാൻ വൈകുക, ഇമാമിന്റെ അതിവേഗ പാരായണം തുടങ്ങി പല കാരണങ്ങൾ കൊണ്ടും മഅ്മൂമിന് ഫാതിഹ ഓതാൻ സമയം ലഭിക്കാതെ വരാം. തക്ബീറതുൽ ഇഹ്റാമിന് ശേഷം ഇമാം റുകൂഇലേക്ക് കുനിയുന്നതിന്റെ മുമ്പായി ഫാതിഹ ഓതിത്തീർക്കാൻ സാധിക്കില്ലെന്ന് ധാരണയുള്ള മഅ്മൂം പ്രാരംഭ പ്രാർത്ഥന പോലുള്ള സുന്നത്തുകൾ ഒഴിവാക്കി നേരെ ഫാതിഹയിലേക്ക് പ്രവേശിക്കുകയാണ് വേണ്ടത്. മഅ്മൂമിന്റെ ഫാത്തിഹക്കിടയിൽ ഇമാം റുകൂഇലേക്ക് പോയാൽ ഇമാമോടൊപ്പം റുകൂഅ് ചെയ്യണം. ഫാത്തിഹയിൽ നിന്നു ബാക്കിയുള്ള ഭാഗം ഇമാം ഏറ്റെടുക്കുന്നതാണ്. സുബ്ഹാനല്ലാഹ് എന്ന് ചൊല്ലാനെടുക്കുന്ന സമയമെങ്കിലും ഇമാമിനോടൊപ്പം റുകൂഇൽ സംഗമിച്ചാൽ ആ റക്അത്ത് ലഭിക്കും. ഇല്ലെങ്കിൽ ആ റക്അത്ത് ലഭിക്കുകയില്ല. ഇമാം സലാം വീട്ടിയതിനു ശേഷം ഒരു റക്അത്ത് കൂടി നിസ്കരിക്കേണ്ടി വരും.
ഇനി പ്രാരംഭ പ്രാർത്ഥന പോലുള്ള സുന്നത്തുകൾ ഓതിയെങ്കിൽ അതിനോട് തതുല്യമായ ഭാഗം ഫാതിഹയിൽ നിന്നും ഓതണം. ശേഷം ഇമാമിനോടൊപ്പം റുകൂഇൽ സംഗമിച്ചാൽ മാത്രമേ റക്അത്ത് ലഭിക്കൂ. ഇമാം റുകൂഇൽ നിന്ന് ഉയർന്നതിനുശേഷവും ഫാതിഹ ഓതി കഴിഞ്ഞിട്ടില്ലാത്തവർ റുകൂഇലേക്ക് പോവരുത്. മറിച്ച് ഇമാമിനെ പിന്തുടർന്ന് സുജൂദിലേക്ക് പോവുകയാണ് വേണ്ടത്. ഇമാമിന്റെ സലാമിനു ശേഷം ഒരു റക്അത്ത് വീണ്ടെടുക്കുകയും വേണം. വൈകിത്തുടർന്നത് കാരണം എത്ര റക്അത്തുകൾ നഷ്ടപ്പെട്ടുവോ അത്രയും എണ്ണം റക്അതുകൾ ഇമാം സലാം വീട്ടിയതിനു ശേഷം വീണ്ടെടുക്കണം. ഉദാഹരണത്തിന് ഇമാമിന്റെ മൂന്നാം റക്അത്തിൽ തുടർന്നൊരു വ്യക്തി രണ്ടു റക്അത്താണ് വീണ്ടെടുക്കേണ്ടത് .



