സംഘടിത നിസ്കാരത്തിന് ചില നിബന്ധനകളുണ്ട്. ഈ നിബന്ധനകൾ പാലിക്കുമ്പോഴാണ് സംഘടിത നിസ്കാരമായി പരിഗണിക്കപ്പെടുന്നത്.
1.നിയ്യത്ത് ചെയ്യുമ്പോൾ
ഇമാമിനോടൊപ്പം നിസ്കരിക്കുന്നു എന്നോ ജമാഅത്തായി നിസ്കരിക്കുന്നുവെന്നോ കരുതുക. ജമാഅത്തിന്റെ സാധുതക്ക് നിസ്കാരത്തിന് നേതൃത്വം വഹിക്കുന്നവൻ ജമാഅത്തിനെ കരുതേണ്ടതില്ലെങ്കിലും പ്രതിഫലം ലഭിക്കാൻ താൻ ഇമാമാണെന്ന് കരുതണം. എന്നാൽ സംഘടിതമായി നിർവഹിക്കൽ നിർബന്ധമായ വെള്ളിയാഴ്ചയിലെ ജുമുഅയിൽ ഇമാമും ജമാഅത്തിനെ കരുതണം.
2. നിറുത്തത്തിൽ ഇമാമിന്റെ മടമ്പുകാലിനേക്കാൾ
മഅ്മൂമ് മുന്താതിരിക്കുക: രണ്ടു പേർ മാത്രമാണ് ജമാഅത്തായി നിസ്കരിക്കുന്നതെങ്കിൽ ഇമാമിന്റെ വലതു ഭാഗത്ത് അല്പം പിന്നിലായി മഅ്മൂമ് നിൽക്കണം, നിസ്കാരത്തിലായിരിക്കെ മറ്റൊരാൾ കൂടി വന്നുചേരുകയാണെങ്കിൽ അദ്ദേഹം ഇമാമിന്റെ ഇടതു ഭാഗത്ത് അല്പം പിന്നിൽ നിൽക്കുകയും നിസ്കാരത്തിൽ പ്രവേശിച്ച ശേഷം തുടർച്ചയായ മൂന്ന് അനക്കം വരാത്തവിധം രണ്ടു പേരും ഇമാമിനു പിന്നിൽ അണിയായി നിൽക്കണം. നിസ്കാരത്തിന്റെ തുടക്കത്തിൽ തന്നെ രണ്ടിൽ കൂടുതൽ ആളുകളുണ്ടെങ്കിൽ അവർ ഇമാമിന്റെ പിന്നിൽ അണിയായി നിൽക്കണം.
ഇമാമിനോട് ഏറ്റവും അടുത്ത നിരയിൽ (ഒന്നാം സ്വഫ് ) നിൽക്കുന്നതിന് ഏറെ പ്രതിഫലമുണ്ട്. ഇമാമിന്റെ വലതു ഭാഗത്ത് നിൽക്കുന്നതിനാണ് ശ്രേഷ്ടത കൂടുതൽ. വളയാതെ ചുമലൊപ്പിച്ച് വിടവില്ലാതെയാണ് സ്വഫിൽ നിൽക്കേണ്ടത്. സ്വഫുകൾക്കിടയിൽ മൂന്നു മുഴത്തിലധികം അകലമുണ്ടാവാതിരിക്കാൻ ശ്രദ്ധിക്കണം. മുമ്പിലുള്ള അണിയിൽ വിടവുണ്ടെങ്കിൽ പുതിയ സ്വഫ് തുടങ്ങരുത്. ഒറ്റയ്ക്ക് ഒരു സ്വഫിൽ നിൽക്കുന്നത് നല്ലതല്ല. അതുകൊണ്ട് മുമ്പിലെ സ്വഫിൽ സ്ഥലമില്ലെങ്കിൽ പുതിയ അണി ആരംഭിക്കുകയും തന്നോടൊപ്പം നിൽക്കാൻ മുന്നിലെ അണിയിൽ നിന്ന് ഒരാളെ പതുക്കെ പുറകോട്ടു വലിക്കുകയും വേണം. ഇമാമിന്റെ നേരെ പിന്നിൽ നിസ്കാരത്തിനു നേതൃത്വം കൊടുക്കാൻ യോഗ്യനായ ഒരാൾ നിൽക്കുന്നതാണ് നല്ലത്. ഇമാമിന് വന്നുചേരാനിടയുള്ള പ്രശ്നങ്ങളെ പരിഹരിക്കാൻ വേണ്ടിയാണിത്.
3. ഇമാമും മഅ്മൂമും ഒരു സ്ഥലത്ത് ഒരുമിച്ചു കൂടണം.
അഥവാ രണ്ടു പേരും പള്ളിയിലാണെങ്കിൽ പള്ളി എത്ര വിശാലമാണെങ്കിലും ഒന്നിലധികം നിലകളുണ്ടെങ്കിലും വ്യത്യസ്ത റൂമുകളാണെങ്കിലും അവർ ഒരു സ്ഥലത്താണെന്നു പറയാം. പക്ഷെ, നിലകളിലേക്ക് പള്ളിക്കകത്തു നിന്നു കോണിയുണ്ടാവണം. അതുപോലെ റൂമുകളിലേക്ക് വാതിലുമുണ്ടാവണം. ഇമാം, മഅ്മൂമിൽ ഒരാൾ പള്ളിയിലും മറ്റേ വ്യക്തി പള്ളിയുടെ പുറത്തും , അല്ലെങ്കിൽ രണ്ടു പേരും പള്ളിയുടെ പുറത്താണെങ്കിൽ ഖിബ്ല തെറ്റാത്ത വിധം ഇമാമിലേക്ക് എത്തിച്ചേരാൻ സാധിക്കണം. ഇമാമിനെയോ മുന്നിലുള്ളവരെയോ കാണുന്നതിന് തടസ്സമാകുന്ന വിധത്തിൽ ചുമർ, വാതിൽ, ജനൽ പോലോത്ത മറയുണ്ടാവരുത് .
4. ഇമാമിന്റെ ചലനങ്ങൾ അറിയുക:
ഇമാമിനെ കാണൽ, കേൾക്കൽ മറ്റു തുടർന്നു നിസ്കരിക്കുന്നവരെ കാണൽ ഇമാമിന്റെ ചലനങ്ങൾ അറിയിക്കുന്ന വ്യക്തിയെ (മുബല്ലിഗ് ) കേൾക്കൽ എന്നീ മാർഗ്ഗങ്ങളിലൂടെ ഇതു സാധ്യമാകും.
5. കർമ്മങ്ങളിൽ ഇമാമിനെ പിന്തുടരുക:
തക്ബീറതുൽ ഇഹ്റാം ചൊല്ലി ഇമാം നിസ്കാരത്തിൽ പ്രവേശിച്ചതിനു ശേഷം മാത്രമേ മഅ്മൂമ് തക്ബീർ ചൊല്ലാവൂ. തുടർച്ചയായ രണ്ടു നിർബന്ധ പ്രവൃത്തി ഘടകത്തിൽ ഇമാമിനേക്കാൾ മുൻ കടക്കുകയോ അകാരണമായി പിന്തുകയോ ചെയ്താൽ നിസ്കാരം അസാധുവാകും. ഉദാഹരണം ഇമാം സുജൂദിലേക്ക് കുനിഞ്ഞിട്ടും മഅ്മൂമ് റുകൂഇലെത്താതിരിക്കുക. കാരണമുണ്ടെങ്കിൽ സുദീർഘമായ മൂന്നു ഘടകം വരെ പിന്താമെന്ന് നേരത്തെ സൂചിപ്പിച്ചുവല്ലോ. ഉദാ: ഇമാം വേഗത്തിൽ പാരായണം ചെയ്തത് കാരണം മഅ്മൂമിന് ഓത്തു പൂർത്തിയാക്കാൻ കഴിയാത്ത അവസ്ഥ. ഒരു ഘടകം കൊണ്ട് തന്നെ മുന്തൽ കുറ്റകരമാണെങ്കിലും അതിനാൽ നിസ്കാരം അസാധുവാവുകയില്ല.
പിന്തുടരുന്നവരുടെ ഓരോ പ്രവർത്തനവും ആരംഭിക്കേണ്ടത് ഇമാം ആ പ്രവൃത്തിയിൽ എത്തിയതിനുശേഷമാണ്. ഉദാഹരണം മഅ്മൂമ് സുജൂദിലേക്ക് പോകേണ്ടത് ഇമാം സുജൂദിലേക്ക് എത്തിയതിനുശേഷമാണ്. ഇമാമിന്റെ സുജൂദ് കഴിയുന്നതിന് മുമ്പ് അവിടെ എത്തുകയും വേണം.
6. വിയോജിക്കൽ മോശമായി എണ്ണപ്പെടുന്ന ഐച്ഛിക കർമ്മങ്ങളിൽ ഇമാമിനോട് എതിരാവാതിരിക്കുക:
ഉദാഹരണത്തിന് ഇമാം ഒന്നാമത്തെ അത്തഹിയ്യാത്ത് ഓതാതെ എഴുന്നേറ്റാൽ അതു ഓതാനായി മഅ്മൂമ് ഇരിക്കരുത്. ഇമാം ഓതാൻ ഇരുന്നാൽ എഴുന്നേൽക്കുകയുമരുത്.
നേതൃത്വത്തിന് യോഗ്യർ
സംഘടിത നിസ്കാരങ്ങൾക്ക് നേതൃത്വം നൽകാൻ ഏറ്റവും അർഹൻ അംഗീകൃത ഇസ്ലാമിക ഭരണാധികാരിയാണ്, ശേഷം പള്ളിയിൽ ഇമാമായി നിയമിക്കപ്പെട്ട വ്യക്തി, കർമശാസ്ത്ര വിദഗ്ധർ, നന്നായി ഓതാൻ അറിയുന്നവർ, കൂടുതൽ ഭയഭക്തിയുള്ളവർ, ഇസ്ലാമിലായി കൂടുതൽ പ്രായമുള്ളവർ, നല്ല തറവാട്ടുകാരൻ , സൽകീർത്തിയുള്ളവർ, ശരീരവും വസ്ത്രവും വൃത്തിയുള്ളവർ എന്നീ ക്രമത്തിൽ ഇമാമത്ത് നിൽക്കാൻ മുൻഗണന നൽകണം.
തുടരാൻ പാടില്ലാത്തവർ
1.ഇമാമിന്റെ നിസ്കാരം അസാധുവാണെന്ന് തുടരുന്നവർക്കു ബോധ്യമുണ്ടെങ്കിൽ അയാളെ തുടരരുത്. ഉദാഹരണമായി ഇമാം ഫാത്തിഹയിൽ ബിസ്മി ഓതിയിട്ടില്ലെന്ന് ഉറപ്പുണ്ടെങ്കിൽ അദ്ദേഹത്തെ തുടരാൻ പാടില്ല.
2. ഇമാമിന്റെ നിസ്കാരം മടക്കി നിസ്കരിക്കൽ നിർബന്ധമായ നിസ്കാരമാവരുത്. ഉദാഹരണം മഅ്മൂമ് അംഗ ശുദ്ധി വരുത്തി നിസ്കരിക്കുന്ന വ്യക്തിയും ഇമാം മടക്കി നിസ്കരിക്കേണ്ടിവരുന്ന തയമ്മുമുകാരനാവുകയും ചെയ്യരുത്.
3. മറ്റൊരാളെ തുടർന്ന് നിസ്കരിച്ചു കൊണ്ടിരിക്കുന്ന വ്യക്തിയെ ഇമാമാക്കരുത്.
4. ഫാതിഹ പോലുള്ള നിർബന്ധ വചനങ്ങൾ പിഴവു കൂടാതെ ചൊല്ലാൻ സാധിക്കുന്ന വ്യക്തിയായിരിക്കണം ഇമാം . ഈ യോഗ്യതയില്ലാത്തവരെ തുടരരുത്
5. പുരുഷന്റെ ഇമാം പുരുഷനായിരിക്കണം. സ്ത്രീയുടെ ഇമാം പുരുഷനോ സ്ത്രീയോ ആവാം
യോഗ്യനാണെന്ന് കരുതി ഒരാളെ തുടർന്നു നിസ്കരിക്കുകയും നിസ്കാര ശേഷം അദ്ദേഹം അയോഗ്യനാണെന്ന് ബോധ്യപ്പെടുകയും ചെയ്താൽ മടക്കി നിസ്കരിക്കേണ്ടിവരും. ഉദാഹരണം ഒരു പുരുഷൻ ഒരാളെ തുടർന്ന് നിസ്കരിക്കുകയും നിസ്കാര ശേഷം അതൊരു സ്ത്രീയായിരുന്നെന്ന് ബോധ്യപ്പെടുകയും ചെയ്താൽ നിസ്കാരം മടക്കണം. ശുദ്ധിയോട് കൂടെ നിസ്കരിക്കുകയാണെന്ന് കരുതി ഒരാളെ പിന്തുടരുകയും നിസ്കാരം കഴിഞ്ഞ ശേഷം അദ്ദേഹത്തിന് ശുദ്ധി ഇല്ലായിരുന്നു എന്ന് ബോധ്യപ്പെടുകയും ചെയ്താൽ നിസ്കാരം മടക്കേണ്ടതില്ല. കാരണം ശുദ്ധി പ്രകടമായ ലക്ഷണമല്ലല്ലോ. അതിനാൽ മഅ്മൂമിൽ നിന്ന് വീഴ്ച സംഭവിച്ചിട്ടില്ല.
ദുർവൃത്തിയിലേർപ്പെടുന്നവരെയും പുത്തനാശയക്കാരെയും ചേലാകർമ്മം ചെയ്യാത്തവരെയും തുടർന്നു നിസ്കരിക്കൽ വെറുക്കപ്പെട്ടതാണ് (കറാഹത്താണ് ). ഇത്തരം സാഹചര്യങ്ങളിൽ ഒറ്റയ്ക്ക് നിസ്കരിക്കുന്നതാണ് ഉത്തമം.
സംഘടിത നിസ്കാരത്തിന്റെ പ്രതിബന്ധങ്ങൾ
പുരുഷന്മാർ പള്ളിയിൽനിന്ന് ജമാഅത്തായി നിസ്കരിക്കുകയാണ് വേണ്ടതെന്ന് നേരത്തെ പറഞ്ഞുവല്ലൊ. എന്നാൽ ചില സാഹചര്യങ്ങളിൽ ജമാഅത്തിന് വേണ്ടി പുറപ്പെടേണ്ടതില്ല. ഒഴിവാക്കാൻ ഇളവ് ലഭിക്കുന്നുവെന്ന് ചുരുക്കം. വസ്ത്രം നനയത്തക്ക വിധത്തിലുള്ള ശക്തമായ മഴ, ശക്തമായ ചൂട്, ശക്തമായ തണുപ്പ്, കഠിനമായ ഇരുട്ട്, രോഗം കൊണ്ടുള്ള ക്ലേശം, രോഗിയെ ശുശ്രൂഷിക്കൽ, മലമൂത്ര വിസർജനത്തിനുള്ള നിർബന്ധിതാവസ്ഥ, ശക്തമായ ദാഹം വിശപ്പ്, തുടങ്ങിയവ സംഘടിത നിസ്കാരം ഒഴിവാക്കാൻ ഇളവ് ലഭിക്കുന്ന പ്രതിബന്ധങ്ങളാണ്.



