1.നിസ്കാരത്തിന്റെ ഏതെങ്കിലും നിബന്ധന (ശർത്തുകൾ) പാലിക്കപ്പെടാതിരിക്കുക.
നിസ്കാരത്തിനിടയിൽ അശുദ്ധി വരുത്തുന്ന കാര്യം ഉണ്ടാവുകയോ, പൊറുക്കപ്പെടാത്ത മാലിന്യം ദേഹത്തോ വസ്ത്രത്തിലോ നിസ്കരിക്കുന്ന സ്ഥലത്തോ വീഴുകയോ, ഔറത്ത് വെളിവാകുകയോ, ഖിബ്ലയുടെ ദിശയിൽ നിന്ന് മാറുകയോ ചെയ്താൽ നിസ്കാരം അസാധുവാകും. എന്നാൽ വീണത് ഉണങ്ങിയ നജസാണെങ്കിൽ സ്പർശിക്കുകയോ വഹിക്കുകയോ ചെയ്യാത്ത വിധം പെട്ടെന്ന് നീക്കിയാൽ നിസ്കാരം അസാധു ആവുകയില്ല. കാറ്റ് മൂലം ഔറത്ത് വെളിവാകുകയും കൂടുതൽ ചലനം വരാതെ ഉടൻ മറക്കുകയും ചെയ്താൽ നിസ്കാരം അസാധുവാകുകയില്ല.
2.നിസ്കാരത്തിന്റെ നിർബന്ധഘടകം (ഫർള്) ഉപേക്ഷിക്കൽ:
ഉപേക്ഷിച്ചത് നിയ്യത്തോ തക്ബീറതുൽ ഇഹ്റാമോ ആണെങ്കിൽ മനപ്പൂർവമായാലും മറന്നായാലും നിസ്കാരം അസാധുവാകും. മറ്റു ഫർളുകൾ മനപ്പൂർവ്വം ഉപേക്ഷിച്ചാൽ നിസ്കാരം അസാധുവാകും. മറന്നു ഉപേക്ഷിച്ചാൽ വീണ്ടെടുക്കണം. അല്ലെങ്കിൽ നിസ്കാരം അസാധു തന്നെ.
പ്രവർത്തനം മനഃപൂർവ്വമാണെങ്കിലും മറന്നാണെങ്കിലും അസാധുവാകുന്നവ
1) നിസ്കാരം മുറിക്കുന്നുവെന്ന് കരുതുകയോ നിസ്കാരം പൂർത്തിയാക്കണോ മതിയാക്കണോ എന്ന് സംശയിക്കുകയോ ചെയ്യുക.
2) നിസ്കാരത്തിൻ്റെ ഭാഗമല്ലാത്ത മൂന്നോ അതിൽ കൂടുതലോ പ്രവർത്തനങ്ങൾ തുടർച്ചയായി ഉണ്ടാവുക
(ഉദ: മൂന്ന് കാലടികൾ എടുത്തു വെക്കുക, കൈ പോലോത്ത ഭാരമുള്ള അവയവങ്ങൾ മൂന്നുപ്രാവശ്യം തുടർച്ചയായി ചലിപ്പിക്കുക).
എന്നാൽ വിരൽ, കൺപോള, ചുണ്ട് , നാവ് തുടങ്ങിയ ലഘു അവയവങ്ങൾ കൂടുതലായി ചലിപ്പിക്കൽ കൊണ്ട് നിസ്കാരം അസാധുവാകില്ല. എങ്കിലും ഒരാവശ്യവും ഇല്ലാതെ കളിയായ നിലക്കാണെങ്കിൽ നിസ്കാരം അസാധുവാകുന്നതാണ്. എന്തെങ്കിലും അസുഖം കാരണം നിർബന്ധിതനായതു മൂലം ഉണ്ടാകുന്ന വർദ്ധിച്ച ചലനം വിരോധമില്ല. ഒരു കാലടി വെക്കുന്നത് ഒരു ചലനമായും മറ്റേ കാൽ വെക്കുന്നത് രണ്ടാം ചലനമായും എണ്ണപ്പെടും. അപ്രകാരം കൈ ഒരിടത്തേക്ക് കൊണ്ടുപോകുന്നത് ഒരനക്കവും തിരിച്ചുകൊണ്ടുവരുന്നത് മറ്റൊരു അനക്കവുമായാണ് പരിഗണിക്കപ്പെടുന്നത്.
3) നിസ്കാരത്തിന്റെ അഭിവാജ്യ ഘടകങ്ങളെ സുന്നത്താണെന്ന് കരുതുക.
4) ഭക്ഷണ അവശിഷ്ടം, കഫം, രക്തം കലർന്ന ഉമിനീര് തുടങ്ങിയ തടിയുള്ള വസ്തുക്കൾ ശരീരത്തിനുള്ളിലെത്തുക
5) നിയ്യത്ത് ചെയ്തോ ഇല്ലയോ എന്നോ തക്ബീറത്തുൽ ഇഹ്റാം ചൊല്ലിയോ ഇല്ലയോ എന്നോ സംശയിക്കുക
മനപ്പൂർവ്വം ചെയ്താൽ മാത്രം അസാധുവാകുന്നത്
1. നിസ്കാരത്തിലെ പ്രവർത്തനങ്ങളിൽ ഏതെങ്കിലും ഘടകത്തെ അകാരണമായി വർദ്ധിപ്പിക്കുക. (ഉദാ:റുകൂഅ്, സുജൂദ് പോലോത്തവ വർദ്ധിപ്പിക്കുക). നിസ്കാരത്തിന്റെ വാചികമായ ഘടകങ്ങൾ വർധിപ്പിക്കുന്നത് കൊണ്ട് നിസ്കാരം അസാധുവാകുന്നതല്ല. എന്നാൽ സലാം, നിസ്കാരം തുടങ്ങുന്നുവെന്ന ഉദ്ദേശത്തോടെ 'അല്ലാഹു അക്ബർ' എന്നിവ വർദ്ധിപ്പിച്ചാൽ നിസ്കാരം അസാധുവാകും.
2. ഖുർആൻ, ദിക്റ്, പ്രാർത്ഥന അല്ലാത്ത തുടർച്ചയായ രണ്ട് അക്ഷരമോ അർത്ഥമുള്ള ഒരക്ഷരമോ മനപ്പൂർവം ഉച്ചരിക്കുക.



