മരണ സ്മരണയും പാപമോചനം തേടി മരണത്തിനായി ഒരുങ്ങലും സുന്നത്താണ്. എന്നാൽ പാരത്രിക ലക്ഷ്യങ്ങൾക്കു വേണ്ടിയല്ലാതെ മരണത്തെ കൊതിക്കൽ കുറ്റകരമാണ്. മരണമാസന്നനായ വ്യക്തിയെ ഖിബ്ലക്ക് അഭിമുഖമായി കിടത്തണം. അവർ ചെയ്ത സൽകർമ്മങ്ങളും സാന്ത്വന പ്രവർത്തനങ്ങളും ഓർമിപ്പിച്ച് അല്ലാഹുവിന്റെ കരുണയിൽ പ്രതീക്ഷ നൽകണം.
'ലാഇലാഹ ഇല്ലല്ലാഹ്' എന്ന സത്യ വാചകം പറഞ്ഞു കൊടുക്കൽ സുന്നത്തുണ്ട്. പക്ഷേ ചൊല്ലാൻ വേണ്ടി നിർബന്ധിപ്പിക്കരുത്. അനന്തരസ്വത്ത് ലഭിക്കാൻ മരണം പ്രതീക്ഷിക്കുകയാണെന്ന തെറ്റിദ്ധാരണ സാധ്യതയുള്ളതിനാൽ അനന്തരവകാശി അല്ലാത്തവർ ചൊല്ലി കൊടുക്കുന്നതാണ് നല്ലത്. അമുസ്ലിമിന് രണ്ടു ശഹാദത്ത് കലിമ (സത്യ സാക്ഷ്യം) പറഞ്ഞു കൊടുക്കുകയും പറയാൻ ആവശ്യപ്പെടുകയും വേണം. മരണമാസന്നമായ വ്യക്തിയുടെ അരികിൽ വിശുദ്ധ ഖുർആനിലെ സൂറത്തു യാസീൻ, സൂറത്ത് റഅ്ദ് എന്നിവ ഓതലും സുന്നത്തുണ്ട്.
മരണപ്പെട്ടാൽ ...
ഒരു വിശ്വാസിയുടെ മരണ വിവരം ലഭിച്ചാൽ
إِنَّا لِلّهِ وَإِنَّـا إِلَيْهِ رَاجِعون
എന്ന് ചൊല്ലൽ സുന്നത്തുണ്ട്. മരിച്ചയാളുടെ ഇരു കണ്ണുകളും അടച്ചു കൊടുക്കണം. ആ സമയം 'ബിസ്മില്ലാഹി വ അലാ മില്ലത്തി റസൂലില്ലാഹി സ്വല്ലല്ലാഹു അലൈഹിവസല്ലം' എന്ന് അടച്ചു കൊടുക്കുന്നയാൾ പറയണം. ശേഷം ഒരു തുണിക്കഷ്ണമെടുത്ത് താടി എല്ലുകളുടെ താഴ്ഭാഗത്തിലൂടെ തലക്കു മുകളിൽ കെട്ടണം. ശരീരത്തിലെ മുഴുവൻ സന്ധികളും മൃദുലപ്പെടുത്തുകയും ധരിച്ചിരുന്ന വസ്ത്രം അഴിച്ചുമാറ്റി കനം കുറഞ്ഞ വസ്ത്രം കൊണ്ട് ശരീരമാസകലം മറക്കണം. മരണപ്പെട്ട വ്യക്തിയുടെ (മയ്യിത്ത്) വയറിനു മുകളിൽ ചെറിയ ഭാരമുള്ള വസ്തു വെക്കണം. വിരിപ്പൊന്നുമില്ലാതെ കട്ടിൽ പോലോത്ത ഉയരമുള്ള സ്ഥലത്താണ് മയ്യിത്തിനെ കിടത്തേണ്ടത്. നിസ്കാരത്തിനും മറ്റും ആളുകൾ കൂടുന്നതിനായി മരണവിവരം അറിയിക്കണം.
മരിച്ചവർക്ക് വേണ്ടി ഖുർആൻ പാരായണം പ്രത്യേകം സുന്നത്തുണ്ട്. മയ്യിത്തിന്റെ അടുത്തോ ഖബ്റിനടുത്തോ മരിച്ചവരെ കരുതി ഖുർആനോതി അവർക്ക് വേണ്ടി പ്രാർത്ഥിക്കുകയോ മയ്യിത്തിനെ ഓർക്കുകയോ ചെയ്താൽ പ്രതിഫലം അവർക്ക് ലഭിക്കും. ഖുർആനിലെ സൂറത്തു യാസീൻ ഓതാൻ പ്രത്യേകം നിർദ്ദേശമുണ്ട്. മയ്യിത്തിന്റെ അരികെ സന്നിഹിതനായി സംസാരിക്കുന്നതിന് പകരം ഖുർആൻ ഓതുകയാണ് വേണ്ടത്.
മയ്യിത്ത് കുളിപ്പിക്കൽ
ഒരാൾ മരിച്ചാൽ അവനെ കുളിപ്പിക്കലും കഫൻ ചെയ്യലും (ശവപ്പുടവ അണിയിക്കൽ ) അവന് വേണ്ടി നിസ്കരിക്കലുമെല്ലാം സാമൂഹിക ബാധ്യതയാണ്. മുങ്ങി മരിച്ച വ്യക്തിയാണെങ്കിലും കുളിപ്പിക്കൽ നിർബന്ധമാണ്. തീപിടുത്തത്തിൽ അകപ്പെടൽ പോലുള്ള കാരണങ്ങളാൽ കുളിപ്പിക്കൽ പ്രയാസമായാൽ തയമ്മും ചെയ്യേണ്ടതാണ്. പുരുഷനായ മയ്യിത്തിനെ പുരുഷനും സ്ത്രീയെ സ്ത്രീയുമാണ് കുളിപ്പിക്കേണ്ടത്. കുളിപ്പിക്കാൻ ഏറ്റവും അനുയോജ്യർ അടുത്ത കുടുംബക്കാരാണ്. കുളിപ്പിച്ച ശേഷം കഫൻ പുടവ അണിയിക്കണം. ചുരുങ്ങിയത്, ശരീരം മുഴുവൻ മറയുന്ന ഒരു വസ്ത്രം കൊണ്ടെങ്കിലും കഫൻ ചെയ്യണം. എന്നാൽ പുരുഷന് മൂന്ന് വസ്ത്രവും സ്ത്രീകൾക്ക് അഞ്ചു വസ്ത്രവുമാണ് പൂർണ്ണമായ രൂപം. അമിത വിലയില്ലാത്ത വെള്ള നിറത്തിലുള്ള പഴയ വസ്ത്രം അലക്കി വൃത്തിയാക്കി ഉപയോഗിക്കുന്നതാണ് നല്ലത്. മൃതദേഹത്തെ പോലെ ശവപ്പുടവയിലും സുഗന്ധം ഉപയോഗിക്കൽ സുന്നത്താണ്. ഹജ്ജ് നിർവഹിക്കാൻ ഇഹ്റാം (നിയ്യത്ത്) ചെയ്ത ശേഷം മരണപ്പെട്ട വ്യക്തിയുടെ ശരീരത്തിൽ സുഗന്ധം ഉപയോഗിക്കരുത്. അവരുടെ തലഭാഗം മൂടാത്ത വിധം കഫൻ ചെയ്തു മറവ് ചെയ്യുകയാണ് വേണ്ടത്.
മയ്യിത്തിനെ അനുഗമിക്കൽ
അന്ത്യയാത്രയെ അനുഗമിക്കലും തുടർന്നുള്ള നിസ്കാരവും വിശ്വാസികൾ പരസ്പരം നിർവഹിക്കേണ്ട കടമകളായാണ് തിരുനബി പരിചയപ്പെടുത്തുന്നത്. ഒരു മുസ്ലിം മയ്യിത്തിനെ വിശ്വാസത്തോടെയും പ്രതിഫല കാംക്ഷിച്ചും അനുഗമിക്കുകയും മയ്യിത്ത് നിസ്കാരത്തിൽ പങ്കെടുക്കുകയും ശേഷം മറമാടൽ കർമ്മം അവസാനിക്കും വരെ കൂടെയുണ്ടാവുകയും ചെയ്താൽ പർവ്വത സമാനമായ രണ്ടു കൂമ്പാരം പ്രതിഫലം ലഭിക്കുമെന്ന് തിരുനബി പഠിപ്പിക്കുന്നുണ്ട്.
മൃതദേഹത്തോട് ഒരു വിധത്തിലും അനാദരവ് പ്രകടിപ്പിക്കാത്ത വിധത്തിലാവണം വഹിച്ചു കൊണ്ടു പോകേണ്ടത്. മൃതദേഹം വഹിച്ചു കൊണ്ടു പോകുമ്പോൾ തലയുടെ ഭാഗം മുന്നിലാക്കി നടക്കണം. 'ലാഇലാഹ ഇല്ലല്ലാഹ്' എന്നത് വർദ്ധിപ്പിക്കുന്നത് നല്ലതാണ്.
മയ്യിത്ത് നിസ്കാരം
സാധാരണ നിസ്കാരത്തിൽ നിന്നും വിഭിന്നമാണ് മയ്യിത്ത് നിസ്കാരം. നിയ്യത്ത് വെച്ച ശേഷം നാലു തക്ബീറുകളും ഓരോ തക്ബീറുകൾക്ക് ശേഷവും നിർദ്ദേശിക്കപ്പെട്ടത് ചൊല്ലി സലാം വീട്ടുകയാണ് വേണ്ടത്. ഏഴു ഘടകങ്ങളാണ് മയ്യിത്ത് നിസ്കാരത്തിനുള്ളത്
1. നിയ്യത്ത്: മൃതദേഹം മുന്നിലുണ്ടെങ്കിൽ ഈ മയ്യിത്തിന്റെ പേരിൽ നിസ്കരിക്കുന്നുവെന്നും മറ്റൊരു നാട്ടിൽ മരിച്ച വ്യക്തിക്കു വേണ്ടിയാണ് നിസ്കരിക്കുന്നതെങ്കിൽ നിശ്ചിത മയ്യിത്തിനെയും നിയ്യത്തിൽ വ്യക്തമാക്കണം.
2.നിൽക്കാൻ സാധിക്കുന്നവർ നിന്നു നിസ്കരിക്കുക
3.ആദ്യത്തെ തകബീർ ഉൾപ്പെടെ നാല് തക്ബീറുകൾ ചൊല്ലുക
4. ആദ്യ തക്ബീറിനു ശേഷം ഫാത്തിഹ ഓതുക
5.രണ്ടാമത്തെ തക്ബീറിനു ശേഷം നബിയുടെ മേലിൽ സ്വലാത്ത് ചൊല്ലുക. നാം നേരത്തെ പഠിച്ച നിസ്കാരത്തിലെ അത്തഹിയ്യാത്തിൽ ഓതേണ്ട സ്വലാത്താണ് ഇവിടെയും നല്ലത്.
6. മൂന്നാം തക്ബീറിനു ശേഷം മയ്യിത്തിന് വേണ്ടി പ്രാർത്ഥിക്കുക.
ഈ പ്രാർത്ഥനയാണ് ഉത്തമം :
اللَّهمَّ اغفرْ لَهُ وارحمهُ ، واعفُ عنهُ ،وعافِهِ، وأكْرِم نُزَلَهُ ، ووسِّع مَدْخلَهُ ، واغسلْهُ بالماءِ والثَّلجِ والبَردِ ، ونقِّهِ منَ الخطايا كما يُنَقَّى الثَّوبُ الأبيضُ منَ الدَّنسِ ، وأبدِلهُ دارًا خَيرًا مِن دارِهِ ، وأهلًا خَيرًا مِن أهلِهِ ، وزَوجًا خَيرًا مِن زَوجِهِ ،وَ جِيرَانًا خَيرًا مِن جِيرَانِهِ،
وأدخِلهُ الجنَّةَ ، وأَعِذْهُ مِن عذابِ القبرِ وَ مِنْ فِتْنَتِهِ وَ مِنْ عَذَابِ النَّارِ
"അല്ലാഹുവേ... ഈ മയ്യിത്തിനു നീ പൊറുത്തു കൊടുക്കുകയും കരുണയും സുഖവും വിട്ടുവീഴ്ചയും നൽകേണമേ ... അവന്റെ ആതിഥ്യത്തെ മാനിക്കുകയും പ്രവേശന ഇടം വിശാലമാക്കുകയും ചെയ്യേണമേ .... വെള്ളവസ്ത്രം അഴുക്കുകളിൽ നിന്ന് വൃത്തിയാക്കുന്നതുപോലെ സകല പാപങ്ങളിൽ നിന്നും ശുദ്ധീകരിക്കുകയും മഞ്ഞു കൊണ്ടും ആലിപ്പഴം കൊണ്ടും വെള്ളം കൊണ്ടും അവനെ നീ കഴുകുകയും ചെയ്യേണമേ .... അവന്റെ വീടിനേക്കാൾ മഹത്വമായ വീടും കുടുംബത്തെക്കാൾ ഉത്തമമായ കുടുംബവും ഭാര്യയേക്കാൾ ഉന്നതയായ ഭാര്യയെയും നീ പകരം നൽകേണമേ .... നരക ശിക്ഷയിൽ നിന്നും ഖബറിലെ പ്രയാസങ്ങളിൽ നിന്നും രക്ഷപ്പെടുത്തി സ്വർഗ്ഗ പ്രവേശനം നൽകേണമേ”
7. നാലാം തക്ബീറിനു ശേഷം സലാം വീട്ടുക.
നാലാം തക്ബീറിനു ശേഷം ഈ ദിക്ർ ചൊല്ലൽ സുന്നത്തുണ്ട്.
اللَّهُمَّ لاَ تَحْرِمْنَا أَجْرَهُ وَلاَ تَفْتِنَّا بَعْدَهُ وَاغْفِرْ لَنَا وَلَهُ
رَبَّنَا آتِنَا فِي الدُّنْيَا حَسَنَةً وَفِي الآخِرَةِ حَسَنَةً وَقِنَا عَذَابَ النَّارِ
"അല്ലാഹുവേ .. ഈ മയ്യിത്തിന് വേണ്ടി ഞങ്ങൾ ചെയ്തതിന്റെ പ്രതിഫലം നീ തടയരുതേ ... അവനു ശേഷം ഞങ്ങളെ നാശത്തിലാക്കരുതേ .... ഞങ്ങൾക്കും അവനും നീ പൊറുക്കേണമേ ....
ഞങ്ങളുടെ നാഥാ .... ഇഹലോകത്തും പരലോകത്തും ഞങ്ങൾക്കു നീ നല്ലതു നൽകേണമേ ... നരകാഗ്നിയിൽ നിന്ന് ഞങ്ങളെ നീ രക്ഷപ്പെടുത്തേണമേ ...."
മയ്യിത്ത് പുരുഷനാണെങ്കിൽ തലയുടെ ഭാഗത്തും സ്ത്രീയാണെങ്കിൽ അരക്കെട്ടിന്റെ ഭാഗത്തുമാണ് നിസ്കരിക്കുന്നവൻ നിൽക്കേണ്ടത്. സംഘമായി നിസ്കരിക്കുമ്പോൾ ഇമാമിനെ തുടരുന്നവർ മൂന്നോ അതിലധികമോ അണിയായി നിൽക്കണം. ഇപ്രകാരം നിസ്കരിച്ചാൽ മയ്യിത്തിന് സ്വർഗ്ഗ പ്രവേശവും പാപമോചനവും ലഭിക്കുമെന്ന് തിരുനബി അരുളിയിട്ടുണ്ട്.
മയ്യിത്ത് നിസ്കാരത്തിൽ കാരണമില്ലാതെ ഇമാമിനെ ഒരു തക്ബീർ കൊണ്ട് പിന്തിയാൽ നിസ്കാരം നഷ്ടപ്പെടും. ഓരോ തക്ബീറും ഓരോ റക്അത്തിന്റെ സ്ഥാനത്തായതിനാൽ ഒരു റക്അത്ത് പിന്തുന്നതിന് സമാനമാണ്.
മയ്യിത്ത് നിസ്കാരത്തിൽ പിന്തിത്തുടർന്നവൻ തൻ്റെ ക്രമമനുസരിച്ചാണ് ദിക്റുകൾ ചൊല്ലേണ്ടത്. ഇമാം അടുത്ത തക്ബീറിലേക്ക് പ്രവേശിച്ചാൽ അവനും അടുത്തതിലേക്ക് പ്രവേശിക്കണം. ഫാതിഹ പൂർത്തിയാക്കേണ്ടതില്ല. ഇമാമിൻ്റെ സലാമിന് ശേഷം ബാക്കിയുള്ള തക്ബീറുകളും ദിക്റുകളും നിർവഹിക്കണം.



