ഐഛികമായി ചെയ്യുന്ന ആരാധനങ്ങളിലൂടെയാണ് സ്രഷ്ടാവായ അല്ലാഹുവിലേക്ക് അടുക്കാൻ സാധിക്കുക. നിർബന്ധമായും ചെയ്യേണ്ട ആരാധനകളിൽ ഏറ്റവും ശ്രേഷ്ഠമായതാണല്ലോ അഞ്ചു സമയങ്ങളിലായി നിർവഹിക്കപ്പെടുന്ന ഫർള് നിസ്കാരങ്ങൾ. ഇപ്രകാരം ഐച്ഛികമായ ആരാധനകളിൽ ഏറ്റവും ശ്രേഷ്ഠമായതാണ് സുന്നത്ത് നിസ്കാരങ്ങൾ. നിർബന്ധ നിസ്കാരങ്ങളിൽ സംഭവിച്ചേക്കാവുന്ന പാകപ്പിഴവുകൾക്കു പരിഹാരമാണ് ഇത്തരം നിസ്കാരങ്ങൾ. ഇത് സ്വർഗപ്രവേശനം എളുപ്പമാക്കും. തിരുദൂതരുടെ പരിചാരകനായിരുന്ന റബീഅ അംഗശുദ്ധി വരുത്താനുള്ള വെള്ളവുമായി നബിയുടെ അടുത്തെത്തി. ഈ സമയം തിരുദൂതർ പറഞ്ഞു ‘നിനക്ക് ഇഷ്ടമുള്ളത് ചോദിച്ചോളൂ’. ഉടനെ റബീഅ പ്രതികരിച്ചു: ‘സ്വർഗ്ഗത്തിൽ അങ്ങയോടൊപ്പം സഹവസിക്കാൻ ഇഷ്ടപ്പെടുന്നു’. മറ്റു വല്ലതും ചോദിക്കാനുണ്ടോ ? നബി വീണ്ടും ചോദിച്ചു. ‘എനിക്ക് അത് തന്നെ മതി”റബീഅ പ്രത്യുത്തരം നൽകി. ഈ സമയം തിരുനബിയുടെ പ്രതികരണം പ്രസക്തമാണ്. ‘എങ്കിൽ നീ സുന്നത്ത് നിസ്കാരങ്ങൾ വർദ്ധിപ്പിച്ച് എന്നെ സഹായിക്കൂ” .
സുന്നത്ത് നിസ്കാരങ്ങൾ രണ്ടു വിധത്തിലുണ്ട്. സംഘമായി നിസ്കരിക്കൽ സുന്നത്തുള്ളതും അല്ലാത്തവയും. സംഘമല്ലാതെ നിസ്കരിക്കൽ സുന്നത്തുള്ള ചിലത് പരാമർശിക്കാം.
1. പതിവായി നിർവഹിക്കേണ്ട (റവാത്തിബ്) സുന്നത്തുകൾ
ഫർള് നിസ്കാരങ്ങൾക്ക് മുമ്പും ശേഷവുമായി നിർവഹിക്കപ്പെടുന്ന സുന്നത്ത് നിസ്കാരങ്ങളാണ് റവാത്തിബ് സുന്നത്തുകൾ. മധ്യാഹ്ന നിസ്കാരത്തിന് മുമ്പും ശേഷവും നാലു വീതം റക്അത്തുകൾ. സായാഹ്ന നിസ്കാരത്തിന്റെ മുമ്പ് നാല്, അസ്തമയ നിസ്കാരത്തിന്റെ മുമ്പും ശേഷവും രണ്ട് വീതം, നിശാ നിസ്കാരത്തിന്റെ മുമ്പും ശേഷവും രണ്ടു വീതം, പ്രഭാത നിസ്കാരത്തിന്റെ മുമ്പ് രണ്ട് എന്ന രൂപത്തിലാണ് റക്അത്തുകളുടെ എണ്ണം. ഇവയിൽ മധ്യാഹ്ന നിസ്കാരത്തിന്റെ മുമ്പും ശേഷവും രണ്ട് വീതം റക്അത്തുകളും അസ്തമയ നിസ്കാരത്തിന്റെയും നിശാ നിസ്കാരത്തിന്റെയും ശേഷം രണ്ടു റക്അത്തുകളും പ്രഭാത നിസ്കാരത്തിന്റെ മുമ്പ് രണ്ടു റക്അത്തും വളരെ പ്രധാനപ്പെട്ടവയാണ്.
2. വിത്ർ നിസ്കാരം
‘എനിക്ക് സ്നേഹ റസൂൽ തന്ന ഒസ്യത്തിൽ പെട്ടതായിരുന്നു വിത്റ് നിസ്കാരവും ളുഹാ നിസ്കാരവും, ഞാൻ എൻ്റെ മരണം വരെ അവ ഉപേക്ഷിച്ചിട്ടില്ലെന്ന്’ പ്രവാചക അനുചരരിൽ പ്രധാനിയായ അബൂഹുറൈറ പറയുന്നുണ്ട്. നിശാ നിസ്കാര ശേഷം പ്രഭാത നിസ്കാര സമയം തുടങ്ങും വരെയാണ് വിത്റ് നിസ്കാരത്തിന്റെ സമയം. ഏറ്റവും ചുരുങ്ങിയത് ഒരു റക്അതും പരമാവധി പതിനൊന്നുമാണ്. ഇതിനിടയിലുള്ള എത്ര റക്അത്തും നിസ്കരിക്കാം, പക്ഷേ ഒറ്റയായ എണ്ണത്തിൽ അവസാനിപ്പിക്കണം. ഒന്നിച്ചു നിസ്കരിക്കാതെ രണ്ടു റക്അത്തുകൾ വീതം നിസ്കരിച്ചു സലാം വീട്ടി ഒരു റക്അത്ത് കൂടി നിസ്കരിച്ച് ഒറ്റയാക്കുകയാണ് വേണ്ടത്. ഉദാ: മൂന്ന് റക്അത്ത് വിത്റ് നിസ്കരിക്കുന്ന വ്യക്തി ‘വിത്റ് സുന്നത്ത് രണ്ട് റക്അത്ത് ഞാൻ നിസ്കരിക്കുന്നുവെന്ന്’ നിയ്യത്ത് വെച്ച് രണ്ട് റക്അത്ത് നിസ്കരിച്ച് സലാം വീട്ടിയതിനു ശേഷം ഒരു റക്അത്ത് കൂടി നിസ്കരിക്കുക. റമദാൻ മാസത്തിൽ ഈ നിസ്കാരം സംഘമായി നിസ്കരിക്കുന്നതാണ് ഏറ്റവും ശ്രേഷ്ഠം. റമദാൻ മാസത്തിലെ രണ്ടാമത്തെ പകുതിയിൽ, വിത്റ് നിസ്കാരങ്ങളിലെ അവസാന റക്അത്തിലെ ഇഅ്തിദാലിൽ ഖുനൂത്ത് ഓതൽ സുന്നത്തുണ്ട്.
3. ളുഹാ നിസ്കാരം
മനുഷ്യ ശരീരത്തിലുള്ള സന്ധികൾ പ്രവർത്തന സജ്ജമാവുമ്പോഴാണ് ജീവിതം സുഖകരമാവുന്നത്. ജഗന്നിയന്താവായ അല്ലാഹുവിന്റെ വലിയ അനുഗ്രഹമാണിത്. ഈ അനുഗ്രഹത്തിനുള്ള നന്ദി പ്രകടനമായിട്ടാണ് തിരുദൂതർ ളുഹാ നിസ്കാരത്തെ പരിചയപ്പെടുത്തുന്നത്. സൂര്യോദയത്തിനു ശേഷം 20 മിനിറ്റ് പിന്നിട്ടാൽ സമയം ആരംഭിക്കും. മധ്യാഹ്ന നിസ്കാരത്തിന്റെ സമയമാകുന്നതോടെ സമയം അവസാനിക്കും.. ഏറ്റവും ചുരുങ്ങിയത് രണ്ട് റക്അത്തും കൂടിയാൽ എട്ടു റക്അത്തുമാണ് നിർവഹിക്കേണ്ടത്. എല്ലാ ഈ രണ്ട് റക്അത്തുകളിലും സലാം വീട്ടി നിർവഹിക്കലാണുത്തമം.
4. അഭിവാദന (തഹിയ്യത്ത്) നിസ്കാരം
നിങ്ങൾ ആരെങ്കിലും പള്ളിയിൽ പ്രവേശിച്ചാൽ നിസ്കരിക്കാതെ ഇരിക്കരുതെന്ന് തിരുദൂതർ പറഞ്ഞിട്ടുണ്ട്. അതിനാൽ ഈ നിസ്കാരം ഒഴിവാക്കൽ വെറുക്കപ്പെട്ട കാര്യമാണ്. പള്ളികൾ അല്ലാഹുവിന്റെ ഭവനങ്ങളാണ്. അവിടെ പ്രവേശിച്ചാലുളള അഭിവാദന നിസ്കാരമാണ് തഹിയ്യത്ത് നിസ്കാരം. പള്ളിയിൽ പ്രവേശിച്ച് ഇരിക്കുന്നതിന്റെ മുമ്പായി ഇത് നിർവഹിക്കണം. ഇരുന്നാൽ അവസരം നഷ്ടപ്പെടും. പള്ളിയിൽ എപ്പോൾ പ്രവേശിച്ചാലും ഈ നിസ്കാരം സുന്നത്തുണ്ട്. രണ്ട് റക്അത്താണിത്
5. വുളൂഇന്റെ ശേഷമുള്ള സുന്നത്ത് നിസ്കാരം
സ്നേഹ റസൂൽ ഒരിക്കൽ ബിലാലിനോട് ചോദിച്ചു: ഇസ്ലാം ആശ്ലേഷത്തിനുശേഷം ആരാധനകളിൽ നിങ്ങൾക്ക് ഏറ്റവും ഇഷ്ടപ്പെട്ട കാര്യമെന്താണ്? നിങ്ങളുടെ ചെരുപ്പിന്റെ ശബ്ദം സ്വർഗ്ഗത്തിൽ നിന്നും കേൾക്കുന്നുണ്ടല്ലോ?’. അദ്ദേഹം പ്രതികരിച്ചു: തിരുദൂതരേ ... എപ്പോൾ വുളൂഅ് ചെയ്താലും രണ്ടു റക്അത്ത് നിസ്കരിക്കൽ എൻ്റെ പതിവായിരുന്നു, അത് എനിക്ക് ഏറ്റവും ഇഷ്ടപ്പെട്ട കാര്യമാണ്. വുളൂ ചെയ്ത ശേഷം രണ്ടു റക്അത്ത് നിസ്കരിക്കുന്നതിന്റെ പ്രതിഫലത്തെയാണ് പ്രവാചകർ ഈ ഹദീസിലൂടെ നമ്മെ പഠിപ്പിക്കുന്നത്. അംഗശുദ്ധി വരുത്തിയ ഉടനെ രണ്ട് റക്അത്ത് നിസ്കരിക്കുകയാണ് വേണ്ടത്. അഭിവാദന നിസ്കാരവും വുളൂഇന് ശേഷമുള്ള നിസ്കാരവും ഒന്നിച്ച് നിസ്കരിക്കാവുന്നതാണ്.
6. തഹജ്ജുദ് നിസ്കാരം
തഹജ്ജുദ് നിസ്കാരത്തിന്റെ പോരിശകളും പ്രതിഫലങ്ങളും പരാമർശിക്കുന്ന ഖുർആനിക അധ്യാപനങ്ങളും പ്രവാചക വചനങ്ങളും നിരവധിയാണ്. മനുഷ്യൻ ആസ്വാദകരമായ ഉറക്കിൽ നിന്നെഴുന്നേറ്റ് തന്റെ രക്ഷിതാവിലേക്ക് ചേരുന്നതാണ് തഹജ്ജുദിൻ്റെ കാതൽ. രാത്രി ഉറക്കവും ഇശാഅ് നിസ്കാരവും കഴിയലോടെ തഹജ്ജുദിന്റെ സമയമായി. പ്രഭാത നിസ്കാരത്തിന്റെ സമയം പ്രവേശിക്കും വരെ എപ്പോഴും നിസ്കരിക്കാവുന്നതാണ്. രാത്രിയുടെ മൂന്നിൽ രണ്ടു ഭാഗവും കഴിഞ്ഞതിനു ശേഷം നിസ്കരിക്കലാണ് ഏറെ പുണ്യം. റക്അത്തുകൾക്ക് പരിധിയില്ല.
സംഘമായി നിസ്കരിക്കൽ സുന്നത്തുള്ളവയിൽ ചിലത് താഴെ ചേർക്കുന്നു
1. രണ്ടു പെരുന്നാൾ നിസ്കാരങ്ങൾ
വലിയ പെരുന്നാളും ചെറിയ പെരുന്നാളും ഇസ്ലാമിലെ ആഘോഷ ദിനങ്ങളാണ്. വിശുദ്ധമതം അനുവദിച്ച ആഘോഷവും ആരാധനകളുമാണ് ഇത്തരം ദിനങ്ങളിൽ അനുവർത്തിക്കേണ്ടത്. ആഘോഷമാണെന്നു കരുതി ഇസ്ലാം നിഷിദ്ധമാക്കിയ കാര്യങ്ങൾ പ്രവർത്തിച്ചുകൂട. ആഘോഷ ദിവസങ്ങൾ ആരാധകളാൽ സമ്പന്നമാക്കണമെന്ന് നേരത്തെ സൂചിപ്പിച്ചുവല്ലോ. അതിന്റെ ഭാഗമാണ് പെരുന്നാൾ നിസ്കാരം. സൂര്യൻ ഉദിച്ചുയർന്നതു മുതൽ മധ്യാഹ്ന നിസ്കാര സമയമാകുന്നത് വരെയാണ് ഇതിന്റെ സമയം. എന്നാൽ സൂര്യനുദിച്ചുയർന്നു അല്പം കഴിഞ്ഞു നിസ്കരിക്കലാണ് ഉത്തമം.
പെരുന്നാൾ നിസ്കാരം രണ്ടു റക്അത്തുകളാണ്. സാധാരണ നിസ്കാരങ്ങളിൽ നിന്നും വിഭിന്നമായി ഒന്നാമത്തെ റക്അത്തിൽ തക്ബീറത്തുൽ ഇഹ്റാമിനും പ്രാരംഭ പ്രാർത്ഥനയ്ക്കും ശേഷം 'അല്ലാഹു അക്ബർ' എന്ന് ചൊല്ലുകയും തക്ബീറത്തുൽ ഇഹ്റാം ചൊല്ലുമ്പോൾ കൈ ഉയർത്തുന്നതുപോലെ ഉയർത്തി നെഞ്ചിന്റെയും പൊക്കിളിന്റെയും ഇടയിൽ വെക്കുകയും വേണം. ഇപ്രകാരം ഏഴു തവണ ചെയ്യണം. ഈ തക്ബീറുകൾക്കിടയിൽ 'സുബ്ഹാനല്ലാഹി വൽഹംദുലില്ലാഹി വലാ ഇലാഹ ഇല്ലല്ലാഹു വല്ലാഹു അക്ബർ' എന്ന ദിക്ർ കൂടി ചൊല്ലേണ്ടതുണ്ട്. ശേഷം ഫാത്തിഹയും സൂറത്തും ഓതി ആ റക്അത്ത് പൂർത്തീകരിക്കണം. തുടർന്ന് രണ്ടാമത്തെ റക്അത്തിലേക്ക് ഉയർന്നു വരുമ്പോൾ ചൊല്ലുന്ന തക്ബീറിന്റെ പുറമേ ഫാത്തിഹക്ക് മുമ്പായി അഞ്ചു തവണ 'അല്ലാഹു അക്ബർ' എന്ന് ചൊല്ലുകയും നേരത്തെ പറഞ്ഞപ്രകാരം ചെയ്യുകയും വേണം. പിന്നീട് സാധാരണ രൂപത്തിൽ നിസ്കരിച്ച് സലാം വീട്ടണം .
പെരുന്നാൾ നിസ്കാരത്തിന്റെ നിയ്യത്തിൽ ചെറിയ പെരുന്നാളാണോ വലിയ പെരുന്നാളാണോ എന്ന് വ്യക്തമാക്കണം. ഉദാ: ചെറിയ പെരുന്നാൾ സുന്നത്ത് നിസ്കാരം രണ്ടു റക്അത്ത് അല്ലാഹുവിനുവേണ്ടി ഞാൻ നിസ്കരിക്കുന്നു. നിസ്കാരത്തിനു ശേഷം ഇമാം പ്രത്യേക പ്രസംഗം (ഖുതുബ ) നിർവഹിക്കണം. സാധാരണ വെള്ളിയാഴ്ചകളിലെ ജുമുഅ നിസ്കാരങ്ങളിൽ ആദ്യം ഖുതുബയും പിന്നീട് നിസ്കാരവുമാണെങ്കിൽ ഇവിടെ ആദ്യം നിസ്കാരവും പിന്നീട് ഖുതുബയുമാണ്. ചന്ദ്ര വർഷപ്രകാരം പത്താം മാസമായ ശവ്വാൽ ഒന്നാം തിയ്യതി ചെറിയ പെരുന്നാളായും പന്ത്രണ്ടാം മാസമായ ദുൽഹിജ്ജ പത്താം തിയ്യതി വലിയ പെരുന്നാളായും കണക്കാകപ്പെടുന്നു.
പെരുന്നാളും തക്ബീറും
പെരുന്നാൾ ദിവസത്തെ പ്രത്യേക ആരാധനയാണ് 'അല്ലാഹു അക്ബർ' എന്ന തക്ബീറിന്റെ വചനം ഉരുവിട്ടു കൊണ്ടിരിക്കൽ. ചെറിയ പെരുന്നാളിന്, ശവ്വാൽ മാസപ്പിറവി ദൃശ്യമായത് മുതൽ ഇമാം നിസ്കാരത്തിനു നിൽക്കുന്നത് വരെയാണ് നിരന്തരം ചൊല്ലിക്കൊണ്ടിരിക്കേണ്ടത്. വലിയ പെരുന്നാളിന്, ദുൽഹിജ്ജ 9 (അറഫാ ദിനം) പ്രഭാത നിസ്കാരം മുതൽ അയ്യാമുത്തശ്രീഖിന്റെ (ദുൽഹിജ്ജ 11, 12, 13) അവസാന ദിവസത്തെ സായാഹ്ന നിസ്കാരം വരെ എല്ലാ നിസ്കാരങ്ങൾക്കു ശേഷം മാത്രം തക്ബീർ ചൊല്ലണം.
നിർബന്ധ നിസ്കാരങ്ങളും മയ്യിത്ത് നിസ്കാരങ്ങളും സുന്നത്ത് നിസ്കാരങ്ങളും ഇതിൽ ഉൾപ്പെടും. എന്നാൽ ദുൽഹിജ്ജ ഒമ്പതിന്റെ സൂര്യൻ അസ്തമിച്ചത് മുതൽ പെരുന്നാൾ നിസ്കാരത്തിന് തക്ബീറത്തുൽ ഇഹ്റാം ചൊല്ലും വരെ എല്ലാ സമയത്തും തക്ബീർ ചൊല്ലിക്കൊണ്ടിരിക്കണം. പ്രഭാത ശേഷം കുളിക്കലും (നിസ്കാരത്തിൽ പങ്കെടുക്കുന്നില്ലെങ്കിലും) സുഗന്ധം ഉപയോഗിക്കലും നല്ല വസ്ത്രം ധരിക്കലും പുരുഷന്മാർ നിസ്കാര സ്ഥലത്തേക്ക് ദൂരം കൂടിയ വഴിയിലൂടെ നടന്നു പോകലും നിസ്കാരം കഴിഞ്ഞു മറ്റൊരു വഴിയിലൂടെ തിരിച്ചുവരലും പ്രത്യേകം സുന്നത്തുണ്ട്.
2.തറാവീഹ് നിസ്കാരം
വിശ്വാസത്തോടെയും പ്രതിഫലം കാംക്ഷിച്ചും റമദാൻ മാസത്തിൽ നിസ്കരിക്കുന്നവന്റെ മുൻകഴിഞ്ഞ പാപങ്ങളെല്ലാം പൊറുക്കപ്പെടുന്നുമെന്ന് പ്രവാചകർ പഠിപ്പിക്കുന്നുണ്ട്. റമളാനിലെ പ്രത്യേക നിസ്കാരത്തെ കുറിച്ചാണ് തിരുദൂതരുടെ ഈ പരാമർശം.അതാണ് തറാവീഹ് നിസ്കാരം എന്ന പേരിൽ അറിയപ്പെടുന്നത്. ചാന്ദ്രിക മാസങ്ങളിലെ ഏറ്റവും പ്രധാനപ്പെട്ട മാസമായ റമളാനിൽ മാത്രമാണ് ഇത് നിർവഹിക്കപ്പെടേണ്ടത്. രണ്ടു റക്അത്തുകളിലായി സലാം വീട്ടി 20 റക്അത്താണ് നിസ്കരിക്കേണ്ടത്. നിശാ നിസ്കാരം നിർവഹിച്ചത് മുതൽ പ്രഭാത നിസ്കാരത്തിന് സമയമാകും വരെയാണ് തറാവീഹ് നിസ്കരിക്കാനുള്ള സമയം. തിരുദൂതർ അനുചരരോടൊപ്പം ഈ നിസ്കാരം നിർവഹിച്ചത് വളരെ കുറഞ്ഞ ദിവസം മാത്രമാണ് . തിരുദൂതരുടെ നിസ്കാരം നേരിൽ കണ്ടു മനസ്സിലാക്കിയ അനുചരന്മാരാണ് ഈ നിസ്കാരം എത്ര റക്അത്താണെന്നും എങ്ങനെയാണ് നിർവഹിക്കേണ്ടതെന്നും നമുക്ക് പഠിപ്പിച്ചു തന്നത്.



