ഏതൊരു ആരാധനയും ശരിയാകാൻ അനിവാര്യമായ കാര്യങ്ങൾക്കാണ് ശർത്വുകൾ എന്ന് പറയുന്നത്. ആ നിബന്ധനകൾ ആരാധനയുടെ അവസാനം വരെ ഉണ്ടായിരിക്കണം. നിസ്കാരത്തിന് അഞ്ചു ശർത്വുകളാണുള്ളത്.
1. ചെറുതും വലുതുമായ അശുദ്ധിയിൽ നിന്ന് ശുദ്ധിയാവുക: അംഗ ശുദ്ധിവരുത്തൽ നിർബന്ധമാകുന്ന കാര്യങ്ങൾ ഉണ്ടായാൽ ചെറിയ അശുദ്ധി എന്നും, കുളി നിർബന്ധമാകുന്ന കാര്യങ്ങൾ ഉണ്ടായാൽ വലിയ ശുദ്ധി എന്നും പറയും. ( അവ ഏതെല്ലാമാണെന്ന് പിന്നീട് വിശദീകരിക്കും )
2. നിസ്കരിക്കുന്നവന്റെ ശരീരം, വസ്ത്രം, നിസ്കാരസ്ഥലം എന്നിവ മാലിന്യമുക്തമാവുക. (ഏതെല്ലാം മാലിന്യങ്ങളിൽ നിന്നാണ് മുക്തമാവേണ്ടതെന്ന് പിന്നീട് വിശദീകരിക്കും)
3.മറക്കാൻ നിർദ്ദേശിക്കപ്പെട്ട ശരീര ഭാഗങ്ങൾ മറക്കുക: ഏറ്റവും ഭംഗിയുള്ള വേഷത്തിലും രൂപത്തിലുമാണ് നിസ്കാരത്തിനായി തയ്യാറാവേണ്ടത്. പുരുഷൻ നിസ്കാരത്തിലും അല്ലാത്തപ്പോഴും പൊക്കിൾ മുതൽ കാൽമുട്ടുൾപ്പെടെയുള്ള ഭാഗം മറക്കലാണ് നിർബന്ധം. പൊക്കിൾ മറയാത്ത വിധം പാന്റോ മറ്റോ ധരിച്ച് നിസ്കരിക്കലും നിസ്കാരത്തിനിടയിൽ ഈ ഭാഗം വെളിവാകലും നിസ്കാരം ശരിയാകാതിരിക്കാൻ കാരണമാകും.
നിസ്കാരത്തിലെ കുനിയലിലും മറ്റും, നിർദേശിക്കപ്പെട്ട ഈ ഭാഗങ്ങൾ മറക്കാൻ പര്യാപ്തമല്ലാത്ത ആധുനിക കാലത്തെ ചില വസ്ത്രങ്ങൾ ഒഴിവാക്കലാണ് നല്ലത്. മറക്കൽ നിർബന്ധമായ ഭാഗം കാണും വിധത്തിൽ തുണി മടക്കിക്കുത്തലും ത്രീ ഫോർത്ത് പോലുള്ള വസ്ത്രം ധരിക്കലും പാടില്ലാത്തതാണ്. സ്ത്രീകൾ നിസ്കാരത്തിൽ മുഖവും മുൻകയ്യും (വിരലിന്റെ അറ്റം മുതൽ മണിബന്ധം വരെ) ഒഴികെ മുഴുവൻ ഭാഗവും മറക്കണം. ഒന്നും വെളിവാകരുത്. കൈ ഉയർത്തുമ്പോൾ തണ്ടൻ കയ്യിന്റെ ഭാഗമോ മുഖമക്കന ധരിക്കുമ്പോൾ മുഖത്തോട് ചേർന്നു നിൽക്കുന്ന തലമുടിയോ താടിയെല്ലിന്റെ താഴ്ഭാഗമോ കാണാതിരിക്കാൻ പ്രത്യേകം ശ്രദ്ധിക്കണം.
തൊലിയുടെ നിറം പ്രകടമാകും വിധം നേർത്ത വസ്ത്രങ്ങൾ ധരിച്ചു നിസ്കരിക്കലും സാധുവല്ല. നിസ്കാരത്തിൽ അല്ലാത്തപ്പോൾ (അന്യ പുരുഷന്മാരുടെ ഇടയിൽ) സ്ത്രീ, ശരീരം മുഴുവൻ മറയുന്ന വസ്ത്രം ധരിക്കണം. ശരീരത്തിന്റെ ഒരു ഭാഗം പോലും പുറത്തു കാണിക്കരുത്. ശരീരത്തിന്റെ വണ്ണവും നിറവും പ്രകടമാക്കുന്ന, അന്യരെ ആകർഷിക്കുന്ന വസ്ത്രധാരണവും ഒഴിവാക്കണം. സ്ത്രീ-സംരക്ഷണത്തിന്റെ ഭാഗമായാണ് ഇസ്ലാം ഇത്തരം കാര്യങ്ങൾക്ക് വിലക്കേർപ്പെടുത്തിയത്.
4. ഓരോ നിസ്കാരത്തിനും നിശ്ചയിക്കപ്പെട്ട സമയമാവുകയും ഉറപ്പാക്കുകയും ചെയ്യുക: ഓരോ നിസ്കാരത്തിനും നിശ്ചിത സമയങ്ങളുണ്ട്. ആ സമയം ആവുകയും ആയി എന്ന് ബോധ്യപ്പെടുകയും ചെയ്ത ശേഷമാണ് നിസ്കരിക്കേണ്ടത്. സമയം ആയിട്ടുണ്ടെന്ന ഊഹത്തിന്റെ അടിസ്ഥാനത്തിലുള്ള നിസ്കാരം സാധുവല്ല.
സൂര്യൻ മധ്യത്തിൽ നിന്നും നീങ്ങിയത് മുതൽ ഒരു വസ്തുവിന്റെ നിഴൽ ആ വസ്തുവിനോളം ആവുന്നതു വരെയുള്ള സമയമാണ് മധ്യാഹ്ന നിസ്കാരത്തിന്റെ (ളുഹ്ർ ) സമയം (ഉച്ച നേരം മുതൽ വൈകുന്നേരത്തിൻ്റെ തുടക്കം വരെ). മധ്യാഹ്ന നിസ്കാരത്തിന്റെ സമയം അവസാനിച്ചത് മുതൽ സൂര്യാസ്തമയം പൂർണമാകുന്നത് വരെയാണ് സായാഹ്ന നിസ്കാരത്തിന്റെ (അസ്വർ) സമയം. സൂര്യാസ്തമയം പൂർണമായതു മുതൽ മേഘത്തിന്റെ കടും ചുവപ്പ് നിറം മായുന്നതു വരെയാണ് അസ്തമയ നിസ്കാരത്തിന്റെ (മഗ്രിബ്) സമയം. അസ്തമയ ശോഭ മാഞ്ഞത് മുതൽ പ്രഭാത ശോഭ വെളിവാകും വരെയാണ് നിശാ നിസ്കാരത്തിന്റെ (ഇശാഅ്) സമയം. പ്രഭാത ശോഭ വെളിവായത് മുതൽ സൂര്യോദയം വരെയാണ് പ്രഭാത നിസ്കാരത്തിന്റെ (സുബ്ഹ്) സമയം. സമയം പ്രവേശിച്ചയുടൻ നിസ്കരിക്കലാണുത്തമം.
5. ഖിബ്ലയിലേക്ക് മുന്നിടുക: (മക്കയിലെ കഅ്ബയിലേക്ക് തിരിയുക): എന്നാൽ അനുവദനീയമായ യാത്രകളിലെ ഐഛിക (സുന്നത്ത് ) നിസ്കാരങ്ങളിൽ ഖിബ്ലയിലേക്ക് തിരിയേണ്ടതില്ല. യാത്ര ചെയ്യുന്ന ഭാഗത്തേക്ക് മുന്നിട്ടു നിസ്കരിച്ചാൽ മതി. യാത്രയിലോ മറ്റോ ഖിബ്ലയുടെ ദിശ അറിയാതിരുന്നാൽ കിട്ടാവുന്ന അടയാളങ്ങൾ ഉപയോഗിച്ച് നിരീക്ഷണം നടത്തി നിസ്കരിക്കണം. നിരീക്ഷണം പിഴച്ചിരുന്നുവെന്ന് പിന്നീട് ബോധ്യപ്പെട്ടാൽ മടക്കി നിസ്കരിക്കുകയും വേണം. നിസ്കരിക്കുന്നവന്റെ മുന്നിൽ മൂന്നു മുഴത്തിനുള്ളിലായി ഭിത്തി, തൂണ് പോലോത്ത മറയുണ്ടായിരിക്കൽ സുന്നത്താണ്. ഇപ്രകാരം നിസ്കരിക്കുന്നവന്റെ മുന്നിലൂടെ നടക്കുന്നത് നിഷിദ്ധമാണ്.



