പ്രവർത്തിച്ചാൽ പ്രതിഫലവും ഒഴിവാക്കിയാൽ ശിക്ഷ ലഭിക്കാത്തതുമാണല്ലൊ സുന്നത്തുകൾ. ഏതൊരു ആരാധനയും പൂർണതയിലെത്തുന്നത് സുന്നത്തുകൾ കൂടി ചേരുമ്പോഴാണ്. നിസ്കാരത്തിലെ സുന്നത്തുകൾ രണ്ടുവിധത്തിലുണ്ട്.
1.ഫർളുകളോട് സാമ്യതയുള്ളവ (അബ്ആള് സുന്നത്ത്):
ഈ ഇനം സുന്നത്തായ കർമ്മങ്ങളിൽ ഒന്ന് ഉപേക്ഷിച്ചാൽ നിസ്കാരം കഴിയുന്നതിന്റെ തൊട്ടുമുമ്പ് (സലാമിനു മുമ്പ്) സഹ് വിന്റെ സുജൂദ് ചെയ്ത് പരിഹരിക്കാനാകും. സാധാരണ സുജൂദ് പോലെ തന്നെയാണ് സഹ്വിന്റെ സുജൂദും. നിസ്കാരത്തിൽ ഏഴു അബ്ആളു സുന്നത്തുകളാണുള്ളത്. അവതാഴെ.
1. ആദ്യത്തെ അത്തഹിയ്യാത്ത്
2. അതിനു ശേഷമുള്ള സ്വലാത്ത്
3. ഇവ രണ്ടിനും വേണ്ടിയുള്ള ഇരുത്തം.
4. സുബ്ഹ് നിസ്കാരം, റമളാനിലെ രണ്ടാം പകുതിയിലെ വിത്റ് നിസ്കാരം, എന്നിവയിലെ ഖുനൂത്.
5. ഖുനൂതിന് ശേഷം നബിക്കും കുടുംബത്തിനും വേണ്ടിയുള്ള സ്വലാത്ത്.
6. ഇവ രണ്ടിനും വേണ്ടിയുള്ള നിറുത്തം
7. അവസാനത്തെ അത്തഹിയാതിന് ശേഷം നബി തങ്ങളുടെ കുടുംബത്തിന്റെ മേലിലുള്ള സ്വലാത്ത്. ഒരു നിസ്കാരത്തിൽ ഈ ഏഴെണ്ണത്തിൽ നിന്നും എത്ര എണ്ണം ഒഴിവായാലും രണ്ട് സുജൂദ് മാത്രം ചെയ്താൽ മതിയാവും.
2. ഹൈആത്ത് സുന്നത്തുകൾ:
നിസ്കാരത്തിലെ മറ്റെല്ലാ സുന്നത്തുകളും ഈ ഇനത്തിൽ പെട്ടതാണ്. ഫർളുകളോട് സാമ്യത ഇല്ലാത്തതിനാൽ സുജൂദ് ചെയ്ത് പരിഹരിക്കേണ്ടതുമില്ല. ഈ ഇനത്തിൽപ്പെട്ട ചില സുന്നത്തുകൾ താഴെ ചേർക്കുന്നു.
1.നിയ്യത്ത് നാവുകൊണ്ട് ഉച്ചരിക്കൽ
2. നിയ്യത്തിൽ റക്അതിന്റെ എണ്ണം പരാമർശിക്കൽ.
3. തക്ബീറത്തുൽ ഇഹ്റാം ഉൾപ്പെടെ നേരത്തെ പറഞ്ഞ ഇടങ്ങളിൽ കൈ ഉയർത്തൽ.
4. കൈകൾ നെഞ്ചിന്റെ താഴെയും പൊക്കിളിന്റെ മീതെയുമായി വെക്കൽ.
5. പ്രാരംഭ പ്രാർത്ഥന നിർവഹിക്കൽ
6. ഫാതിഹക്ക് മുമ്പ് "അഊദു ബില്ലാഹി മിനശൈത്വാനി റജീം" എന്ന് ഓതൽ
7. രാത്രി നിസ്കാരങ്ങളിലെ ആദ്യ രണ്ടു റക്അത്തുകളിൽ ഉറക്കെ ഓതൽ
8. ഫാതിഹക്ക് ശേഷം ആമീൻ പറയൽ
9. ഫാതിഹക്ക് ശേഷം ഒരു സൂറത്തോ, ഖുർആനിൽ നിന്ന് അല്പമോ ഓതൽ.
10. പോക്കുവരവുകളിൽ അല്ലാഹു അക്ബർ എന്ന് പറയുക.
11. റുകൂഅ്, ഇഅ്തിദാൽ, സുജൂദ്, ഇടയിലെ ഇരുത്തം ഇവകളിൽ നിർദിഷ്ട ദിക്റ് ചൊല്ലൽ.



