ഒരു ആരാധനയുടെ ഭാഗവും ശരിയാകാൻ ആവശ്യവുമായ നിർബന്ധ ഘടകങ്ങൾക്കാണല്ലോ ഫർള് എന്ന് പറയുക. നിസ്കാരത്തിന് 14 ഫർളുകളാണുള്ളത്.
1.നിയ്യത്ത്:
നിയ്യത്ത് എന്നാൽ കരുതുക എന്നാണർത്ഥം. നിസ്കരിക്കുന്നുവെന്നും ഏതു നിസ്കാരമാണെന്നും (നിസ്കാരത്തിന്റെ പേര് ) ഫർള് നിസ്കാരമാണെങ്കിൽ ഫർള് എന്നും കരുതൽ അനിവാര്യമാണ്. ഉദാഹരണത്തിന് നിസ്കരിക്കുന്നത് ളുഹ്റാണെങ്കിൽ (മധ്യാഹ്ന നിസ്കാരം) "ഉസ്വല്ലി ഫർള ള്ളുഹ്രി" (ളുഹ്റ് എന്ന ഫർള് ഞാൻ നിസ്കരിക്കുന്നു) എന്നു കരുതിയാൽ നിർബന്ധം കഴിഞ്ഞു. എന്നാൽ 'ഉസ്വല്ലി ഫർള ളുഹ് രി അർബഅ റക്അതിൻ മുതവജ്ജിഹൻ ഇലൽ ഖിബ്ലതി അദാഅൻ ലില്ലാഹി തആല' (ളുഹ്റ് എന്ന ഫർള് നിസ്കാരം നാല് റക്അത്ത് അല്ലാഹു തആലക്ക് വേണ്ടി ഖിബ്ലയിലേക്ക് മുന്നിട്ട് അദാആയി ഞാൻ നിസ്കരിക്കുന്നു) എന്നതാണ് നിയ്യത്തിന്റെ പൂർണ്ണമായ രൂപം. നിയ്യത്ത് മനസ്സിൽ കരുതലാണ് നിർബന്ധമെങ്കിലും ഉച്ചരിക്കൽ സുന്നത്തുണ്ട്.
റക്അത്
നിസ്കാരത്തിലെ ഒരു ഘട്ടമാണിത്. നിറുത്തം (ഖിയാം) മുതൽ രണ്ടാം സാഷ്ടാംഗത്തിൽ നിന്ന് ഉയരുന്നതു വരെയുള്ളതിനാണ് ഒരു റക്അത്ത് എന്ന് പറയുന്നത്. സമൂഹമായി നിസ്കരിക്കുമ്പോൾ നിസ്കാരത്തിന് നേതൃത്വം നൽകുന്ന വ്യക്തിയോട് കൂടെ (ഇമാം ) റുകൂഅ് (നിസ്കാരത്തിന്റെ അഞ്ചാമത്തെ ഘടകമായി വരുന്ന കുനിയൽ) ലഭിച്ചാൽ ഫാത്തിഹ ഓതിയിട്ടില്ലെങ്കിലും റക്അത് ലഭിക്കും. മധ്യാഹ്ന നിസ്കാരം (ളുഹ്റ്) നാല്, സായാഹ്ന നിസ്കാരം (അസ്വറ്) നാല്, അസ്തമയ നിസ്കാരം ( മഗ്രിബ് ) മൂന്ന്, നിശാ നിസ്കാരം (ഇശ) നാല്, പ്രഭാത നിസ്കാരം (സുബ്ഹ്) രണ്ട് എന്നിങ്ങനെയാണ് നിസ്കാരങ്ങളിലെ റക്അതുകളുടെ എണ്ണം.
2.തക്ബീറത്തുൽ ഇഹ്റാം ചൊല്ലൽ
'അല്ലാഹു അക്ബർ' എന്നു പറയലാണ് തക്ബീർ എന്നത്കൊണ്ട് ഉദ്ദേശിക്കുന്നത്. ഇഹ്റാം എന്നാൽ അനുവദനീയമല്ലാതാക്കൽ എന്നാണർത്ഥം. അഥവാ ഇതുവരെ അനുവദനീയമായ പലതും ഇതു ചൊല്ലുന്നതോടുകൂടി അനുവദനീയമല്ലാതാകുന്നു. നിയ്യത്ത് ചെയ്യുന്നതിനോട് തുടർന്നുകൊണ്ടായിരക്കണം തക്ബീർ ചൊല്ലേണ്ടത്. തക്ബീർ ചൊല്ലുമ്പോൾ രണ്ടു കൈകളും ചുമലിനു നേരെ ഉയർത്തണം കൈകൾ വെളിവാക്കി വിരലുകൾ മിതമായി അടുപ്പിച്ചാണ് കൈ ഉയർത്തേണ്ടത്. പിന്നീട് രണ്ടു കൈകളും നെഞ്ചിന് താഴെയും പൊക്കിളിനു മീതെയുമായി വെച്ച് വലതുകൈകൊണ്ട് ഇടതു കയ്യിന്റെ മണിബന്ധത്തിൽ പിടിക്കണം.
റുകൂഇലേക്ക് പോവുമ്പോഴും അവിടെനിന്ന് ഉയരുമ്പോഴും ആദ്യത്തെ അത്തഹിയ്യാത്തിൽ നിന്ന് ഉയർന്നുവരുമ്പോഴും രണ്ടു കൈകൾ ചുമലിനു നേരെ ഉയർത്തൽ സുന്നത്താണ്. തക്ബീറത്തുൽ ഇഹ്റാം ചൊല്ലുന്നതു മുതൽ സാഷ്ടാഗം ചെയ്യുന്ന സ്ഥലത്തേക്കാണ് നിസ്കരിക്കുന്നവന്റെ ദൃഷ്ടി പതിപ്പിക്കേണ്ടത്. വിസ്മൃതിയിലായ പലതും ഓർമിപ്പിച്ച് പിശാച് മനുഷ്യമനസ്സുകളിൽ കയറിപ്പറ്റാൻ കിണഞ്ഞു ശ്രമിക്കുന്ന സാഹചര്യമാണ് നിസ്കാരം. അവന്റെ ദുർബോധനങ്ങളോട് പൊരുതി മറ്റു ചിന്തകൾ കടന്നുവരാതെ അല്ലാഹുവിലേക്ക് മനസ്സ് തിരിക്കാൻ കഴിയണം. തക്ബീറതുൽ ഇഹ്റാം ചൊല്ലിയ ഉടനെ പ്രാരംഭ പ്രാർത്ഥന ചൊല്ലണം.
وجَّهتُ وجهِيَ للَّذي فطرَ السَّماواتِ والأرضَ حَنيفًا مُسلمًا وما أَنا منَ المشرِكينَ، إنَّ صلاتي ونُسُكي ومَحيايَ ومَماتي للَّهِ ربِّ العالمينَ لا شريكَ لَهُ وبذلِكَ أُمِرتُ وأَنا مِنَ المُسلمينَ
ആകാശഭൂമികളെ സൃഷ്ടിച്ചവനിലേക്ക് എന്റെ ശരീരത്തെ ഞാൻ തിരിക്കുന്നു. ഞാൻ ഇതര മതങ്ങളെ വിട്ടു സത്യമാർഗ്ഗത്തിലേക്ക് ചാഞ്ഞു നിൽക്കുന്ന അനുസരണയുള്ളവനാണ്. ഞാൻ ബഹുദൈവാരാധകനല്ല. എന്റെ നിസ്കാരവും മറ്റു ആരാധനകളും എൻ്റെ ജീവിതവും മരണവുമെല്ലാം ലോകരക്ഷിതാവായ അല്ലാഹുവിനു വേണ്ടിയുള്ളതാണ്, തീർച്ച. ആ രക്ഷിതാവിന് ഞാൻ പങ്കാളിയെ സ്ഥാപിക്കുന്നില്ല. അപ്രകാരമാണ് എന്നോട് കൽപിക്കപ്പെട്ടത്. ഞാൻ മുസ്ലിമീങ്ങളിൽപ്പെട്ടവൻ തന്നെയാണ്.
3.നിൽക്കൽ (ഖിയാം):
ഫർള് നിസ്കാരത്തിന്റെ മൂന്നാമത്തെ ഘടകമാണിത്. ഫർള് നിസ്കാരങ്ങളിൽ നിൽക്കാൻ കഴിവുള്ളവർ നിൽക്കൽ നിർബന്ധമാണ്. എന്നാൽ സുന്നത്ത് നിസ്കാരങ്ങളിൽ നിൽക്കൽ നിർബന്ധമില്ല. അതുകൊണ്ടാണ് യാഥാർത്ഥത്തിൽ ഒന്നാമത് വരേണ്ട നിറുത്തത്തെ മൂന്നാമതായി എണ്ണുന്നത്. നിയ്യത്തും തക്ബീറതുൽ ഇഹ്റാമും എല്ലാ നിസ്കാരങ്ങളിലും നിർബന്ധമാണല്ലോ. സ്വന്തം നിൽക്കാൻ കഴിയില്ലെങ്കിൽ സഹായിയെ നിർത്തിയോ വടി ഉപയോഗിച്ചോ നിൽക്കണം. എന്നാൽ നിറുത്തം മുഴുവൻ സഹായിയിലേക്കോ വടിയിലേക്കോ ആവശ്യമുണ്ടെങ്കിൽ ഇരുന്നു നിസ്കരിക്കാം. നിൽക്കാൻ കഴിയാത്തവൻ ഇരുന്നാണ് നിസ്കരിക്കേണ്ടത്. ഇരുത്തം ഏതു രൂപത്തിലും ആകാവുന്നതാണ്. ഇരുന്നു നിസ്കരിക്കാനും കഴിയാത്തവർ ചെരിഞ്ഞു കിടന്നാണ് നിസ്കരിക്കേണ്ടത് അപ്പോൾ മുഖവും നെഞ്ചും ഖിബ്ലയിലേക്ക് തിരിക്കണം. ചെരിഞ്ഞു കിടക്കാൻ സാധ്യമല്ലെങ്കിൽ മലർന്നു കിടക്കുകയാണ് വേണ്ടത്. അപ്പോൾ മുഖവും പാദത്തിന്റെ അടിഭാഗവുമാണ് ഖിബ്ലയിലേക്ക് തിരിക്കേണ്ടത്. സുജൂദും റുകൂഉമെല്ലാം കഴിയുന്ന വിധം തല കൊണ്ട് ആംഗ്യം കാണിച്ചോ അതിനു സാധ്യമല്ലെങ്കിൽ കൺപോള കൊണ്ടോ ചെയ്താൽ മതി.
ഈ രൂപത്തിലൊന്നും നിസ്കരിക്കാൻ കഴിയാത്ത അവസ്ഥ വന്നാൽ ഹൃദയത്തിൽ നിസ്കാരത്തിന്റെ രൂപം കൊണ്ടുവരികയാണ് വേണ്ടത്. അഥവാ ബുദ്ധി നിലനിൽക്കുന്ന കാലമത്രയും ഏതെങ്കിലും വിധത്തിൽ നിസ്കരിക്കണമെന്ന് ചുരുക്കം.
4. ഫാതിഹ ഓതൽ
ഫാതിഹ ഓതാത്തവനു നിസ്കാരമില്ലെന്നാണ് തിരുനബി പറഞ്ഞത്. ഫർള് നിസ്കാരത്തിലും മറ്റു നിസ്കാരങ്ങളിലുമെല്ലാം ഫാതിഹ ഓതൽ നിർബന്ധമാണ്. എന്നാൽ സമൂഹമായി നിസ്കരിക്കുമ്പോൾ ഇമാമിനോടൊപ്പമുള്ള നിറുത്തത്തിൽ ഫാതിഹ ഓതാൻ സമയം ലഭിച്ചിട്ടില്ലെങ്കിൽ ആ റക്അതിലെ ഫാതിഹ ഇമാം ഏറ്റെടുക്കുന്നതാണ്. അതിനാൽ ഫാതിഹ ഓതാൻ സമയമില്ല എന്നു കണ്ടാൽ പ്രാരംഭ പ്രാർത്ഥനയും മറ്റു സുന്നത്തും ഒഴിവാക്കി ഫാതിഹ തുടങ്ങുകയാണ് വേണ്ടത്. ഖുർആനിലെ ആദ്യ സൂറത്താണല്ലോ ഫാതിഹ. അതിൽ ബിസ്മി ഉൾപ്പെടെ ഏഴ് ആയത്തുകളാണ് ഉള്ളത്. പിന്തുടരൽ നിർബന്ധമായ നാലു സരണികളിൽ ശാഫിഈ സരണിയിൽ മാത്രമാണ് ബിസ്മി ഓതൽ നിർബന്ധമുള്ളത്. മറ്റു മൂന്നു സരണികളിലും ഇതു ഐഛികമാണ്. അതുകൊണ്ടാണ് വിദേശ നാടുകളിൽ നിസ്കാരത്തിന് നേതൃത്വം കൊടുക്കുന്നവർ ഇത് ഉറക്കെ പാരായണം ചെയ്യാത്തത്. ബിസ്മി തീരെ പാരായണം ചെയ്യാത്ത ഇമാമിനെ പിന്തുടരൽ ശാഫിഈ സരണിയിലുള്ളവർക്ക് അനുവദനീയമല്ല.
ഓത്തിന്റെ നിയമങ്ങൾ പാലിച്ചാവണം ഫാതിഹ ഓതേണ്ടത്. ഫാതിഹ അറിയാത്ത പുതുവിശ്വാസികളെ പോലുള്ളവർ നിസ്കാരത്തിന് സമയം നഷ്ടമാവും മുമ്പ് പഠിച്ചെടുക്കാൻ സാധിക്കാതെ വന്നാൽ ഫാതിഹക്ക് പകരം മറ്റു ആയതുകൾ ഓതുകയാണ് വേണ്ടത്. അതും അറിയില്ലെങ്കിൽ ദിക്റുകൾ ചൊല്ലണം. ഒന്നും അറിയില്ലെങ്കിൽ ഫാത്തിഹ ഓതാൻ ആവശ്യമായ സമയം (ഏകദേശം ഒരു മിനുട്ട് ) വെറുതെ നിൽക്കണം. ഇത് താൽക്കാലിക ആനുകൂല്യം മാത്രമാണ്. ഉടനെ ഫാതിഹ പഠിച്ചെടുക്കൽ നിർബന്ധമാണ്.
ഫാതിഹ ഓതി കഴിഞ്ഞ ഉടനെ നീ ഉത്തരം നൽകേണമേ എന്ന് അർത്ഥമുള്ള 'ആമീൻ' എന്ന പദം പറയൽ സുന്നത്താണ്. ഫാതിഹക്ക് ശേഷം ഖുർആനിലെ ഏതെങ്കിലും ഒരു അധ്യായം ഓതൽ സുന്നത്തുണ്ട്. ആദ്യത്തെ രണ്ട് റക്അത്തുകളിൽ മാത്രമാണ് ഇപ്രകാരം അധ്യായം ഓതേണ്ടത് . എന്നാൽ സംഘമായി നിസ്കരിക്കുന്നവർ ഇമാം സൂറത്ത് ഓതുന്നത് കേട്ടാൽ മതി. ഓതേണ്ടതില്ല.
ഉറക്കെ ഓതേണ്ടവർ
അസ്തമയ നിസ്കാരം, നിശാ നിസ്കാരം എന്നിവകളിൽ ആദ്യ രണ്ടുറക്അതുകളിലും പ്രഭാത നിസ്കാരത്തിലും ഒറ്റക്ക് നിസ്കരിക്കുന്നവനും ഇമാമും ഉറക്കെയാണ് ഓതേണ്ടത്. വെള്ളിയാഴ്ചകളിലെ സമൂഹ നിസ്കാരത്തിൽ ഇമാം ഉറക്കെ ഓതണം. രണ്ടു പെരുന്നാൾ നമസ്കാരം, റമളാൻ മാസത്തിലെ പ്രത്യേക നിസ്കാരമായ തറാവീഹ്, റമദാനിലെ വിത്റ് നിസ്കാരം തുടങ്ങിയ സുന്നത്ത് നിസ്കാരങ്ങളിലും ഇമാം ഉറക്കെ ഓതണം. പകലിലുള്ള മറ്റു നിസ്കാരങ്ങളിൽ പതുക്കെയാണ് ഓതേണ്ടത്. നിസ്കാരത്തിലെ പോക്ക് വരവുകളിൽ അല്ലാഹു അക്ബർ എന്ന് പറയൽ സുന്നത്തുണ്ട്. എന്നാൽ റുകൂഇൽ നിന്ന് ഉയരുന്ന സമയത്ത് 'സമിഅല്ലാഹു ലിമൻ ഹമിദ' എന്നാണ് പറയേണ്ടത്.
5.റുകൂഅ് (കുനിയുക)
അംഗവൈകല്യമില്ലാത്ത വ്യക്തി തന്റെ രണ്ട് കൈവെള്ളയും കാൽമുട്ടിൽ എത്തുന്ന വിധം കുനിയുന്നതിനാണ് റുകൂഅ് എന്ന് പറയുക. റുകൂഇൽ മുതുകും പിരടിയും സമനിരപ്പിലാവും വിധം കുനിയലും കാൽ മുട്ടിൽ കൈ വെക്കലും കാൽമുട്ടുകൾ വളയാതെ നാട്ടിനിർത്തലും ഇരുകാലുകൾ പരസ്പരം ഒരു ചാൺ അകറ്റി നിർത്തലും സുന്നത്താണ് . 'സുബ്ഹാന റബ്ബിയൽ അളീം വബിഹംദിഹി' എന്ന് മൂന്നുപ്രാവശ്യം ചൊല്ലണം. മഹത്വത്തിന്റെ ഉടമയായ എന്റെ രക്ഷിതാവ് എത്ര പരിശുദ്ധനാണ്, അവനാകുന്നു സർവ്വ സ്തോത്രങ്ങളും എന്നാണ് ഇതിന്റെ അർത്ഥം. ഇരുന്നു നിസ്കരിക്കുന്നവർ റുകൂഅ് ചെയ്യുമ്പോൾ നെറ്റിത്തടം കാൽമുട്ടുകൾക്ക് മുന്നിലെ ഭാഗത്തോട് അഭിമുഖമാവും വിധം കുനിയൽ നിർബന്ധമാണ്.
6. ചൊവ്വായി നിൽക്കുക (ഇഅ്തിദാൽ)
റുകൂഇന്റെ മുമ്പുള്ള അവസ്ഥയിലേക്ക് മടങ്ങി വരിക എന്നതാണ് ഇതുകൊണ്ടുദ്ദേശിക്കുന്നത്.
റബ്ബനാ ലകൽ ഹംദു മിൽഅ സ്സമാവാത്തി വ മിൽഅൽ അർളി വമിൽഅ മാഷിഅ്ത്ത മിൻ ശൈഇൻ ബഅ്ദു' എന്നാണ് ഇതിൽ ചൊല്ലേണ്ടത്. [ഞങ്ങളുടെ രക്ഷിതാവേ .. ആകാശവും ഭൂമിയും നീ ഉദ്ദേശിക്കുന്ന സർവ്വ വസ്തുക്കളും നിറയെയുള്ള സ്തുതികളെല്ലാം നിനക്കാണ് ... ].സുബ്ഹിയുടെ (പ്രഭാത നിസ്കാരം) അവസാനത്തെ ഇഅ്തിദാലിൽ ഖുനൂത് ഓതൽ സുന്നത്താണ്. പ്രാർത്ഥനയും സ്തുതി കീർത്തനങ്ങളും ഉൾപ്പെടുന്നതാണ് ഖുനൂത്. മേൽ പറഞ്ഞ ദിക്റ് പാരായണം ചെയ്ത ശേഷമാണ് ഖുനൂത് ചൊല്ലേണ്ടത്. മറ്റു പ്രാർത്ഥനകളെ പോലെ ഖുനൂതിലും കൈകൾ ചുമലിന് നേരെ ഉയർത്തൽ സുന്നത്തുണ്ട്. ഇമാമിനൊപ്പം നിസ്കരിക്കുന്നവൻ ഖുനൂതിന്റെ തുടക്കത്തിലുള്ള പ്രാർത്ഥനാ വചനങ്ങൾക്ക് ആമീൻ പറയുകയും സ്തുതിവചനങ്ങൾ ഉരുവിടുമ്പോൾ അത് പറയുകയുമാണ് വേണ്ടത്.
ഖുനൂതും അർത്ഥവും.
"اللهمَّ اهدِنا فيمَن هدَيت ، وعافِنا فيمَن عافيت وتولَّنا فيمَن تولَّيت ، وباركْ لنا فيما أعطيت ، وقِنا شرَّ ما قضيت ، إنك تَقضي ولا يُقضى عليكَ ، إنه لا يَذِلُّ مَن والَيت ، ولا يَعزُّ مَن عاديت ، تباركت ربَّنا وتعالَيت، فَلَكَ الحَمْدُ عَلَى مَا قَضَيت، أَسْتَغْفِرُكَ وَ أَتُوبُ إِلَيك ،و صلى الله تعالى على خير خلقه سيدنا محمد وعلى آله و صحبه وسلم
അല്ലാഹുവേ.. നീ സന്മാർഗത്തിലാക്കിയവർക്കൊപ്പം എന്നെയും സന്മാർഗത്തിലാക്കേണമേ ... നീ സുഖം നൽകിയവരുടെ കൂട്ടത്തിൽ എനിക്കും സുഖം നൽകേണമേ .. നീ സംരക്ഷണം ഏറ്റെടുത്തവർക്കൊപ്പം എനിക്കും സംരക്ഷണം നൽകേണമേ ... നീ എനിക്കു നൽകിയതിൽ അഭിവൃദ്ധി ചെയ്യേണമേ.. നീ വിധിച്ച എല്ലാ തിന്മകളിൽ നിന്നും എന്നെ കാക്കേണമേ ... നീയാണല്ലോ വിധിക്കുന്നവൻ.. നിനക്കെതിരിൽ ആരും വിധിക്കുകയില്ല. നീ ഏറ്റെടുത്തവരെ ആരും നിന്ദ്യരാക്കുകയില്ല.. നീ ശത്രുത വെച്ചവരെ ആരും അന്തസ്സുള്ളവരാക്കുകയുമില്ല.. ഞങ്ങളുടെ നാഥാ നീ പരിശുദ്ധനും ഉന്നതനുമാണ്. നിന്റെ വിധികൾക്ക് സ്തുതി. നിന്നോട് ഞാൻ പാപമോചനം തേടുന്നു. പാശ്ചാത്തപിക്കുകയും ചെയ്യുന്നു. അല്ലാഹു അവന്റെ സൃഷ്ടികളിൽ ഉത്തമരും നമ്മുടെ നേതാവുമായ മുഹമ്മദ് നബിക്കും കുടുംബത്തിനും അനുചരർക്കും ഗുണവും രക്ഷയും നൽകട്ടെ ....
7.സാഷ്ടാംഗം (സുജൂദ്)
നിസ്കാരത്തിന്റെ ഏഴാമത്തെ ഫർളാണ് രണ്ടു സുജൂദ് ചെയ്യൽ. മനുഷ്യൻ സ്രഷ്ടാവിന് ചെയ്യുന്ന സമ്പൂർണ്ണമായ വണക്കത്തിന്റെ പ്രകടനമാണിത്. അതുകൊണ്ടുതന്നെ അവൻ്റെ മുന്നിലല്ലാതെ മറ്റൊരാളുടെ മുമ്പിലും സാഷ്ടാംഗം നമിക്കാൻ പാടില്ല. ഒന്നാം സുജൂദ് കഴിഞ്ഞ് ഒന്ന് ഇരുന്നതിനുശേഷമാണ് രണ്ടാം സുജൂദ് ചെയ്യേണ്ടത്. ഏഴു അവയവങ്ങൾ സുജൂദിൽ നിലത്തു വെക്കൽ നിർബന്ധമാണ്. നെറ്റി, രണ്ടു കൈവെള്ള, രണ്ടു കാൽമുട്ടുകൾ, രണ്ടു കാൽവിരലുകളുടെ ഉൾഭാഗം എന്നിവയാണവ. മൂക്ക് വെക്കൽ നിർബന്ധമില്ല എന്നാലും സുന്നത്താണ്. നെറ്റി മറയില്ലാതെയാണ് വെക്കേണ്ടത്. അപ്പോൾ തലയിൽ ധരിച്ച തൊപ്പി, തലമുടി മുടി എന്നിവയുടെ മുകളിലായി സുജൂദ് ചെയ്താൽ മതിയാവുകയില്ല .
സുജൂദിൽ തല ഭാഗം താഴ്ന്നു നിൽക്കുകയും അരക്കെട്ട് ഉയർന്നുനിൽക്കുകയും വേണം. സുജൂദിൽ ‘സുബ്ഹാന റബ്ബിയൽ അഅ്ലാ വബിഹംദിഹി’ എന്ന് ചൊല്ലൽ സുന്നത്തുണ്ട്. 'ഉന്നതനായ രക്ഷിതാവിന്റെ പരിശുദ്ധിയെ ഞാൻ വാഴ്ത്തുകയും അവന് സർവ്വ സ്തോത്രങ്ങളും അർപ്പിക്കുകയും ചെയ്യുന്നു'. സുജൂദ് ചെയ്യുന്ന പുരുഷൻ തണ്ടംകൈ, ഉടലിൽ നിന്നും വയർ, കാൽമുട്ടിൽ നിന്നും അകറ്റി വെക്കണം. എന്നാൽ സ്ത്രീകൾ അവ ചേർത്തി വെക്കുകയാണ് വേണ്ടത്. രണ്ടാം സുജൂദ് കഴിഞ്ഞ ഉടനെ, അത്തഹിയ്യാത്തിനു ഇരിക്കേണ്ട സ്ഥലമല്ലെങ്കിൽ ( രണ്ടാമത്തെ റക്അതോ അവസാന റക്അതോ അല്ലെങ്കിൽ) അടുത്ത റക്അത്തിലേക്കു ഉയരുന്ന സമയം അടങ്ങാത്തവിധം ഇരുന്ന് എഴുന്നേൽക്കുകയാണ് വേണ്ടത് .'ഇസ്തിറാഹത്തി'ന്റെ ഇരുത്തമെന്നാണ് ഇതിന് പറയുക.
8.രണ്ട് സുജൂദുകൾക്കിടയിലെ ഇരുത്തം.
നേരത്തെ സൂചിപ്പിച്ച രണ്ടു സുജൂദുകൾക്കിടയിലുള്ള ഇരുത്തമാണ് എട്ടാമത്തെ ഫർള്. രണ്ടു സുജൂദുകളെ വേർപ്പെടുത്താനാണ് ഈ ഇരുത്തം. അതുകൊണ്ടുതന്നെ വളരെ കുറഞ്ഞ സമയം മാത്രമേ ഇരിക്കാവൂ. വലതു കാൽപാദം നാട്ടി വെച്ച് ഇടതുകാലിന്റെ പുറം നിലത്തോട്ട് ചേർത്തി അതിന്മേൽ ഇരിക്കുകയാണു വേണ്ടത്. 'ഇഫ്തിറാശ്' എന്നാണ് ഈ ഇരുത്തത്തിന്റെ പേര്. രണ്ടു കൈകൾ വിരലുകൾ നിവർത്തി ഖിബ്ലയിലേക്ക് ചേർത്തുവെച്ച് തുടയുടെ മുകളിലായി കാൽമുട്ടിനോട് ചേർന്ന് വെക്കണം.
اللَّهُمَّ اغْفِرْ لِي، وَارْحَمْنِي، وَاجْبُرْنِي ، وَارْفَعْنِي، وَارْزُقْنِي، وَاهْدِنِي، وَعَافِنِي
എന്നാണ് ഈ ഇരുത്തത്തിൽ ചൊല്ലേണ്ടത്. (രക്ഷിതാവേ, എനിക്ക് നീ പൊറുത്തുതരികയും കരുണ ചെയ്യുകയും എന്റെ വീഴ്ചകൾ പരിഹരിക്കുകയും ഉന്നതിയിലേക്ക് ഉയർത്തുകയും എനിക്ക് ജീവിതമാർഗം നൽകുകയും സന്മാർഗത്തിലേക്ക് വഴി നടത്തുകയും എനിക്ക് സുഖം നൽകുകയും ചെയ്യേണമേ)
നിസ്കാരത്തിന്റെ മറ്റു അനിവാര്യ ഘടകങ്ങളിൽ നിന്നും വിഭിന്നമായി രണ്ടു സുജൂദുകളാണല്ലോ ഒരു റക്അത്തിൽ നിർവഹിക്കേണ്ടത്. പരമമായ വിനയവും വിധേയത്വവും വണക്കവുമാണ് ഇതിലൂടെ പ്രകടിപ്പിക്കുന്നത്. ശേഷം അല്പമൊന്നിരിക്കണമെന്ന നിർദ്ദേശം പാലിച്ചാണ് സൂജൂദുകൾക്കിടയിലെ ഇരുത്തത്തിലേക്ക് വരുന്നത്. സാഷ്ടാംഗത്തിലൂടെ അല്ലാഹുവിലേക്ക് ഏറ്റവും അടുത്ത ഘട്ടത്തിൽ അവന്റെ പരിശുദ്ധി വാഴ്ത്തി ശേഷമൊന്നിരുന്നാണ് നാഥനായ റബ്ബിനോട് തൻ്റെ ഇരുലോക വിജയത്തിനാവശ്യമായ സർവതും ആവശ്യപ്പെടുന്നത്. അവന്റെ സന്നിധിയിൽ നിന്ന് തൻ്റെ ആവശ്യങ്ങൾ പൂർത്തിയാക്കി കിട്ടുമെന്ന ബോധ്യത്തോടെയാണ് അടിമയുടെ തേട്ടം. മനുഷ്യസഹജമായി പല തെറ്റുകളുമുണ്ടാവാൻ ഇടയുണ്ട്. ഇതിനു മാപ്പു ലഭിക്കണമെന്നായിരിക്കും ഓരോ വിശ്വാസിയുടെയും കരുത്ത്. ഇതാകണം ആദ്യ തേട്ടത്തിൻ്റെ പൊരുളും. തുടർന്ന് കരുണാനിധിയായ നാഥനിൽ നിന്ന് കരുണ തേടുന്നു. പിന്നീട് തന്നോട് വിട്ടുവീഴ്ച്ച ചെയ്യണമെന്നും അഭിവൃദ്ധിയിലാക്കണമെന്നും തനിക്കു വേണ്ടതെല്ലാം നൽകണമെന്നും സന്മാർഗത്തിൽ അടിയുറച്ചു നിർത്തി ഇരുലോക സൗഖ്യം നൽകണമെന്നുമാണ് അവൻ പടച്ചവനോട് തേടുന്നത്. നാഥൻ തന്റെ പ്രാർത്ഥന കേട്ടുത്തരം ചെയ്യുമെന്ന വിശ്വാസത്തോടെ കൃതജ്ഞത രേഖപ്പെടുത്തിയാകണം രണ്ടാം സുജൂദിലേക്കുള്ള മടക്കം.
9. അടങ്ങൽ
റുകൂഅ്, സുജൂദ്, ഇഅ്തിദാൽ, സുജൂദിന്റെ ഇടയിലെ ഇരുത്തം ഇവയിലെല്ലാം അല്പ സമയം അടങ്ങൽ നിസ്കാരത്തിന്റെ ഒമ്പതാമത്തെ ഫർളാണ്. ഓരോ പ്രവർത്തിയും പരസ്പരം വേർതിരിയും വിധം ശാരീരിക ചലനങ്ങളുടെ അടക്കമാണ് ഇത് കൊണ്ടുദ്ദേശിക്കുന്നത്. ധൃതി കൂടാതെ ശാന്തമായിട്ടാവണം നാഥനിലേക്ക് തിരിയേണ്ടത്. അടക്കം നഷ്ടപ്പെടും വിധമുള്ള വേഗത നിസ്കാരത്തിന്റെ അസ്വീകാര്യതക്ക് കാരണമാവും.
10.അത്തഹിയ്യാത്ത് ഓതുക.
അത്തഹിയ്യാത്ത് നിർബന്ധമായതും സുന്നത്തായതുമുണ്ട്. രണ്ടിലധികം റക്അത്തുള്ള നിസ്കാരങ്ങളിൽ രണ്ടാമത്തെ റക്അത്തിലാണ് ഒരു അത്തഹിയ്യാത്ത്. ഇത് സുന്നത്താണ്. എന്നാൽ അവസാന റക്അത്തിലെ അത്തഹിയ്യാത്താണ് നിസ്കാരത്തിന്റെ നിർബന്ധമായ ഘടകം. ഇടയിലെ ഇരുത്തത്തിൽ നേരത്തെ സൂചിപ്പിച്ച ഇഫ്തിറാശിന്റെ ഇരുത്തമാണ് ഒന്നാമത്തെ അത്തഹിയ്യാത്തിൽ ഇരിക്കേണ്ടത്. എന്നാൽ അവസാനത്തെ അത്തഹിയ്യാത്തിൽ വലത്തെ കാല് നാട്ടിവെച്ചു ഇടത്തെ പാദത്തെ വലതുകാലിന്റെ അടിയിലൂടെ വലതുഭാഗത്തേക്ക് തള്ളിവെക്കുകയും നിലത്ത് പൃഷ്ടം ചേർത്ത് ഇരിക്കുകയുമാണ് വേണ്ടത്. തവർറുക്കിന്റെ ഇരുത്തം എന്നാണ് ഇത് അറിയപ്പെടുന്നത്. അത്തഹിയ്യാത്തും അർത്ഥവും
”التَّحِيَّاتُ المُبارَكاتُ الصَّلَواتُ الطَّيِّباتُ لِلَّهِ، السَّلامُ عَلَيْكَ أيُّهَا النَّبيُّ وَرَحْمَةُ اللَّهِ وَبَرَكَاتُهُ، السَّلامُ عَلَيْنا وعلى عِبادِ اللّه الصَّالِحينَ، أشْهَدُ أنْ لا إلهَ إِلاَّ اللَّهُ، وَأشْهَدُ أنَّ مُحَمَّداً رَسُولُ اللَّهِ”
സർവ്വാഭിവാദ്യങ്ങളും അഭിവൃദ്ധിയുള്ളതും അനുഗ്രഹീതവുമായ സർവ്വവും എല്ലാ നിസ്കാരങ്ങളും പരിശുദ്ധമായ നന്മകളഖിലവും അല്ലാഹുവിനുള്ളതാണ്. അല്ലയോ പ്രവാചകരെ, അങ്ങേയ്ക്കു ശാന്തിയും സമാധാനവും കാരുണ്യവും അനുഗ്രഹങ്ങളുമുണ്ടാവട്ടെ. ... അല്ലാഹുവിന്റെ സച്ചരിതരായ എല്ലാ ദാസന്മാർക്കും ശാന്തിയും സമാധാനവും ഭവിക്കട്ടെ .. അല്ലാഹുവല്ലാതെ ആരാധനക്കർഹനില്ലെന്നും മുഹമ്മദ് നബി അവന്റെ ദൂതനാണെന്നും ഞാൻ വിശ്വസിച്ചു പ്രഖ്യാപിക്കുന്നു ...)
11. സ്വലാത്ത്
'അല്ലാഹുമ്മ സ്വല്ലി അലാ സയ്യിദിനാ മുഹമ്മദ്' എന്നതാണ് സ്വലാത്തിന്റെ ചുരുങ്ങിയ രൂപം. സ്വലാത്ത് ചൊല്ലൽ സുന്നത്തായ സ്ഥലവും നിർബന്ധമായ സ്ഥലവുമുണ്ട്. ഒന്നാം അത്തഹിയ്യാതിന് ശേഷം സ്വലാത്ത് സുന്നതും രണ്ടാം അത്തഹിയാതിന് ശേഷം നിർബന്ധവുമാണ്. രണ്ടാം അത്തഹിയ്യാത്തിൽ ഈ സ്വലാത്തോടൊപ്പം നബി തങ്ങളുടെ കുടുംബത്തിന്റെ മേലിൽ സ്വലാത്ത് ചൊല്ലലും സുന്നത്തുണ്ട്.
പ്രസിദ്ധമായ ഇബ്രാഹീമിയ്യ സ്വലാത്താണ് ചെല്ലാൻ ഏറ്റവും ശ്രേഷ്ഠമായത്.
اللَّهُمَّ صَلِّ عَلَى سَيِّدِنَا مُحَمَّدٍ وَعَلَى آلِ سَيِّدِنَا مُحَمَّدٍ، كَمَا صَلَّيْتَ عَلَى إِبْرَاهِيمَ وَعَلَى آلِ إِبْرَاهِيمَ، وَ بَارِكْ عَلَى سَيِّدِنَا مُحَمَّدٍ وَعَلَى آلِ سَيِّدِنَا مُحَمَّدٍ، كَمَا بَارَكْتَ عَلَى إِبْرَاهِيمَ وَعَلَى آلِ إِبْرَاهِيمَ،فِي العَالَمِين إِنَّكَ حَمِيدٌ مَجِيدٌ
'അല്ലാഹുവേ, ഇബ്രാഹിം നബിക്കും കുടുംബത്തിനും നീ ഗുണം ചെയ്തത് പോലെ മുഹമ്മദ് നബിക്കും കുടുംബത്തിനും നീ ഗുണം ചെയ്യേണമേ. ഇബ്രാഹിം നബിക്കും കുടുംബത്തിനും നീ നന്മ വരുത്തിയത് പോലെ മുഹമ്മദ് നബിക്കും കുടുംബത്തിനും നീ നന്മ വരുത്തേണമേ... നിശ്ചയം നീ സ്തുത്യർഹനും മഹാനുമാണല്ലോ ...' സ്വലാത്തിന് ഒട്ടേറെ മഹത്വങ്ങളുണ്ട് . സ്ഥിരമായി സ്വലാത്ത് വർദ്ധിപ്പിച്ചാൽ തിരുദൂതരോട് അടുത്ത ബന്ധം സ്ഥാപിക്കാൻ സാധിക്കും. അവസാനത്തെ അത്തഹിയ്യാത്തിന്റെയും സ്വലാത്തിന്റെയും ശേഷം ഒരു പ്രാർത്ഥന നടത്തേണ്ടതുണ്ട്. തിരുനബി പ്രാർത്ഥിച്ചിരുന്നത് ഇപ്രകാരമായിരുന്നു.
اللَّهُمَّ اغْفِرْ لِي مَا قَدَّمْتُ وَمَا أَخَّرْتُ وَمَا أَسْرَرْتُ وَمَا أَعْلَنْتُ وَمَا أَسْرَفْتُ وَمَا أَنْتَ أَعْلَمُ بِهِ مِنِّي أَنْتَ الْمُقَدِّمُ وَأَنْتَ الْمُؤَخِّرُ لاَ إِلَهَ إِلاَّ أَنْتَ اللَّهُمَّ إنِّي أعُوذُ بكَ مِن عَذَابِ القَبْرِ، ومِنْ عَذَابِ النَّارِ، ومِنْ فِتْنَةِ المَحْيَا والمَمَاتِ، ومِنْ فِتْنَةِ المَسِيحِ الدَّجَّالِ.
(അല്ലാഹുവേ.. ഞാൻ ചെയ്തുപോയതും ഇനി സംഭവിച്ചേക്കാവുന്നതും രഹസ്യമായി ചെയ്തതും പരസ്യമായി ചെയ്തതും അതിക്രമമായി ചെയ്തതും എന്നെക്കാൾ നീ അറിയുന്ന എന്റെ സർവ്വ പാപങ്ങളെയും നീ പൊറുത്തു തരണമേ .... നിശ്ചയം നീയാണ് മുന്തിക്കുന്നവനും പിന്തിക്കുന്നവനും.. നീയല്ലാതെ ഒരു ആരാധ്യനുമില്ല. അല്ലാഹുവേ... ഖബറിലെ ശിക്ഷയിൽ നിന്നും നരക ശിക്ഷയിൽ നിന്നും ജീവിത, മരണ സമയങ്ങളിലുണ്ടാകുന്ന പരീക്ഷണങ്ങളിൽ നിന്നും കപടനായ ദജ്ജാലിന്റെ പരീക്ഷണത്തിൽ നിന്നും നിന്നോട് ഞാൻ കാവൽ തേടുന്നു)
12. അവസാനത്തെ ഇരുത്തം:
അത്തഹിയ്യാത്ത് ഓതാനും നബിയുടെ മേൽ സ്വലാത്ത് ചൊല്ലാനും സലാം വീട്ടാനും ഇരിക്കൽ നിർബന്ധമാണ്. നേരത്തെ സൂചിപ്പിച്ച 'തവറുക്കി'ന്റെ ഇരുത്തമാണ് വേണ്ടത്. എന്നാൽ ഇമാമിനോടൊപ്പം വൈകിത്തുടർന്നത് മൂലം റക്അത്ത് വീണ്ടെടുക്കാനുള്ളവരും (മസ്ബൂഖ് ), മറവി സംഭവിച്ചതിനുള്ള സുജൂദ് ചെയ്യേണ്ടവനും 'ഇഫ്തിറാശി'ന്റെ ഇരുത്തമാണ് ഇരിക്കേണ്ടത്. ഇരുത്തത്തിൽ മുട്ടിനോട് അടുത്ത് തുടയുടെ മുകളിലാണ് കൈ വെക്കേണ്ടത്. ഇടതു കൈ വിരലുകളെല്ലാം നിവർത്തിയും വലതുകയ്യിന്റെ ചൂണ്ടുവിരൽ ഒഴികെ മുഴുവനും മടക്കിയുമാണ് വെക്കേണ്ടത്. അത്തഹിയാത്തിലെ " അശ്ഹദു അല്ലാഇലാഹ ഇല്ലല്ലാഹ്" എന്ന പദം ഉച്ചരിക്കുമ്പോൾ ചൂണ്ടുവിരൽ ഉയർത്തണം. നിസ്കാരം കഴിയുംവരെ ഇപ്രകാരം തുടരണം. ഇതുവരെ സാഷ്ടാംഗത്തിന്റെ സ്ഥാനത്തായിരുന്ന ദൃഷ്ടിയെ വിരൽ ഉയർത്തിയത് മുതൽ വിരലിലേക്ക് പതിപ്പിക്കണം. ചൂണ്ടുവിരൽ അനക്കാതെ പിടിക്കുകയാണ് വേണ്ടത്.
13. സലാം:
നിസ്കാരത്തിന്റെ ഫർളുകളിൽ പതിമൂന്നാമത്തേതാണ് 'അസ്സലാമുഅലൈക്കും' എന്ന ഒന്നാം സലാം വീട്ടൽ. അതിനോടൊപ്പം 'വ റഹ്മത്തുല്ല' എന്നു കൂടി പറയൽ സുന്നത്തുണ്ട്. രണ്ടു സലാമുകളാണു ചൊല്ലേണ്ടത്, എന്നാൽ രണ്ടാമത്തേത് സുന്നത്താണ്. സലാമിന്റെ വാക്യത്തിലോ ഘടനയിലോ ഒരു മാറ്റവും വരുത്താവുന്നതല്ല. സലാമിന്റെ വചനം ഉച്ചരിക്കുക തന്നെ വേണം. ഒന്നാമത്തെ സലാമിൽ വലതുഭാഗത്തേക്കും രണ്ടാമത്തേതിൽ ഇടതു ഭാഗത്തേക്കും മുഖം മാത്രം തിരിക്കണം. 'നിങ്ങളുടെ മേലിൽ അല്ലാഹുവിന്റെ രക്ഷയുണ്ടാകട്ടെ' എന്നാണ് സലാമിന്റെ സാരം.
14. നിസ്കാരത്തിന്റെ ഫർളുകൾ ക്രമപ്രകാരം ചെയ്യൽ നിർബന്ധമാണ്.
ഇതാണ് പതിനാലാമത്തെ ഫർള് . എന്നാൽ നേരത്തെ സൂചിപ്പിച്ചതുപോലെ നിയ്യത്തും തക്ബീറതുൽ ഇഹ്റാമും യോജിച്ചു തന്നെയാവണം.
ഫർളുകൾ മൂന്നു വിധംഫർളുകളെ മൂന്നായി തരംതിരിക്കാം. ഒന്ന് ഹൃദയത്തിൽ കരുതേണ്ടത് , രണ്ട് വാചികമായത്, മൂന്ന് പ്രവർത്തിക്കേണ്ടത്. ഹൃദയത്തിൽ കരുതേണ്ടത് നിയ്യത്ത് മാത്രമാണ്. അഥവാ, വായ കൊണ്ട് ഉച്ചരിച്ചാൽ മാത്രം നിയ്യത്ത് ശരിയാവുകയില്ല. തക്ബീറത്തുൽ ഇഹ്റാം, ഫാതിഹ, അത്തഹിയ്യാത്, സ്വലാത്ത്, സലാം എന്നിവ വാചികമായ ഫർളുകളാണ്, അഥവാ സ്വന്തത്തെ കേൾപ്പിക്കും വിധം ഇവ ചൊല്ലേണ്ടതാണ്. അല്ലെങ്കിൽ സ്വീകാര്യമല്ല. ഇവകൾ അല്ലാത്ത മറ്റു നിർബന്ധ ഘടകങ്ങളാണ് പ്രവർത്തിക്കേണ്ടതായ ഫർളുകൾ.



