ഖലീഫ ഉമർ ഉവൈസുമായി സന്ധിച്ചത് നാം പറഞ്ഞു. ഉവൈസിൻ്റെ പരിതാപകരമായ അവസ്ഥ ദൃഷ്ടിയിൽപ്പെട്ട ഉമർ പറഞ്ഞു: “താങ്കൾ ഇവിടെ നിൽക്കൂ. ഞാൻ മക്കയിൽ പോയി ഉടൻ വരാം. താങ്കൾക്ക് ചെലവിന് ആവശ്യമായത് എൻ്റെ സമ്പാദ്യത്തിൽ നിന്ന് നിന്ന് ഞാൻ കൊണ്ടുവരാം. വസ്ത്രത്തിൽ നിന്ന് ബാക്കിയുള്ളത് നൽകാം. ഈ സ്ഥലം ഞാനും താങ്കളും തമ്മിൽ കണ്ടുമുട്ടാൻ വിധിക്കപ്പെട്ട ഇടമാണ്.”
അതിന് ഉവൈസിന്റെ പ്രതികരണം ഇങ്ങനെയായിരുന്നു: “എനിക്കും താങ്കൾക്കുമിടയിൽ അത്തരം പ്രത്യേകമായ ഒരു ഉടമ്പടിയുടെ ഇടമൊന്നുമില്ല. ഇന്നത്തെ ദിവസത്തിനുശേഷം ഞാൻ താങ്കളെ കാണില്ല. പറയൂ, താങ്കൾ കൊണ്ടുവരുന്ന വസ്ത്രം പിന്നെ ഞാൻ എന്ത് ചെയ്യും? കമ്പിളിയുടെ ഒരു തുണി എനിക്കുള്ളത് താങ്കൾ കാണുന്നില്ലേ. കമ്പിളിയുടെ ഒരു തട്ടവും എൻ്റെ കൈവശം ഉണ്ടല്ലോ. ഞാനത് കരിച്ചുകളയണം എന്നാണോ പറയുന്നത്. താങ്കൾ കാണുന്നില്ലേ എൻ്റെ ചെരിപ്പുകൾ. തുന്നിപ്പിടിപ്പിച്ചതാണെങ്കിലും അത് എന്ന് തുരുമ്പിപ്പോകുമെന്നാണ് താങ്കളുടെ അഭിപ്രായം. ഒട്ടകത്തെ മേച്ച വകയിൽ നാലു ദിർഹം എൻ്റെ കൈവശമുണ്ട്. അതെപ്പോൾ തിന്നു തീരുമെന്നാണ് താങ്കൾ കരുതുന്നത് ?"
ഉവൈസിന്റെ ഭൗതിക വിരക്തിയാണ് ഈ വാക്കുകളിൽ നിഴലിക്കുന്നത്. തൻ്റെ കൈവശമുള്ളത് തന്നെ ധാരാളം. ഇനി മറ്റൊന്നും വേണ്ട. കൈയിലുള്ളത് തീർന്നതിനു ശേഷം മതി ഇനിയെല്ലാം. ഇതാണ് അദ്ദേഹത്തിൻ്റെ തീരുമാനം. പ്രത്യേകമായ ഒരു മാനസികാവസ്ഥ തന്നെ.
നിലവിലുള്ള വസ്ത്രവും ഭക്ഷണവും പണവുമൊക്കെ ഉപയോഗിച്ച് തീരും വരെ താൻ ജീവിക്കുമെന്ന് എന്താണുറപ്പ്? മനുഷ്യൻ യാത്രയിലാണ്. പരലോകത്തേക്കുള്ള യാത്ര. ഉവൈസ് ഉമറിനോട് പറഞ്ഞു: “അമീറുൽ മുഅ്മിനീൻ, താങ്കൾക്കു മുമ്പിൽ ഒരുപാട് കടമ്പകളുണ്ട്. മെലിഞ്ഞൊട്ടിയവർക്കല്ലാതെ അവ വിട്ടു കടക്കാൻ സാധ്യമല്ല. തിരുനബി പറഞ്ഞില്ലേ. നിങ്ങൾ ഇഹലോക ജീവിതത്തിൽ വിരക്തനാവു; എങ്കിൽ അല്ലാഹു നിങ്ങളെ ഇഷ്ടപ്പെടും. ജനങ്ങളുടെ കൈവശമുള്ളതിൽ നിന്നും നിങ്ങൾ വിരക്തി കൊള്ളൂ. എങ്കിൽ ജനങ്ങളും നിങ്ങളെ ഇഷ്ടപ്പെടും.”
ഉവൈസിന്റെ ആധാരമായിരുന്നു ഈ നബിവചനം. അല്ലാഹുവിന്റെയും അവൻ്റെ പടപ്പുകളുടെയും പ്രീതി ഒരേ സമയം സമ്പാദിക്കാൻ ഭൗതിക വിരക്തി കൊള്ളുക;
ഈ ആശയം അദ്ദേഹം ജീവിതത്തിൽ അക്ഷരംപ്രതി നടപ്പിലാക്കി.
തിരുനബി തന്നെ ഇത് സൂചിപ്പിച്ചിട്ടുണ്ട്. ഒരു വചനത്തിൽ കാണാം. മുഹാരിബ്നു ദിമാറിൽ നിന്ന് ഉദ്ധരണം:
"എന്റെ സമുദായത്തിൽ ചില ആളുകളുണ്ട്. അവർക്ക് വേണ്ടത്ര വസ്ത്രമില്ലാത്തതു കാരണം പള്ളിയിലേക്കെത്താൻ കഴിയില്ല. ജനങ്ങളോട് യാചിക്കാൻ അവരുടെ ആത്മാഭിമാനം സമ്മതിക്കുന്നുമില്ല. ആ കൂട്ടത്തിൽ പെട്ടവനാണ് ഉവൈസുൽ ഖറനി.” ഭൗതിക വിരക്തി (സുഹ്ദ്) ചെന്നുചേരുന്നത് എട്ട് താബിഉകളിലേക്കാണെന്ന് പണ്ഡിതർ പറഞ്ഞിട്ടുണ്ട്. അതിൽ പ്രധാനി ഉവൈസുൽ ഖറനിയാണ്.
കൂട്ടുകുടുംബം ഉവൈസിനെ ഭ്രാന്തനായി കണ്ട കാലമുണ്ട്. അവർ സ്വന്തം ഭവനത്തിന്റെ അരികിൽ ഒരു കൊച്ചു കൂര ഉവൈസിന് വെച്ചുകൊടുത്തു; പക്ഷേ അതിലേക്ക് ഒന്നോ രണ്ടോ കൊല്ലം കൂടുമ്പോൾ മാത്രമേ ഉവൈസ് എത്തിച്ചേരുമായിരുന്നുള്ളൂ. ഒരു വിലയും കുടുംബം ഉവൈസിന് കൽപ്പിച്ചില്ല. ഭക്ഷണമായി ഉണ്ടായിരുന്നത് ഈത്തപ്പനയുടെ കുരു. അത് പൊറുക്കിയെടുത്തു വിറ്റ് കിട്ടുന്നതുകൊണ്ട് നോമ്പ് തുറന്നു. ഏറ്റവും താഴ്ന്ന തരം കാരക്കയേ കിട്ടൂ. അതും നോമ്പ് തുറയ്ക്കാൻ വേണ്ടി സൂക്ഷിച്ചുവെക്കും.
ചിലപ്പോൾ ഭക്ഷണത്തിന് കുപ്പത്തൊട്ടിയെ സമീപിക്കേണ്ടി വന്നു. അടങ്ങാത്ത വിശപ്പ് കാരണം ജനങ്ങൾ ഉപേക്ഷിച്ചതിൻ്റെ ബാക്കി തിന്നുമ്പോൾ പട്ടി അപ്പുറത്തുനിന്ന് കുരക്കും. അപ്പോൾ ഉവൈസ് പറയും:
"നീ നിന്റെ അടുത്തുനിന്ന് തിന്നുക. ഞാൻ എൻ്റെ അരികിൽ നിന്നും തിന്നാം. സ്വിറാത്ത് പാലം (നരകത്തിന് മുകളിൽ സ്വർഗ്ഗത്തിലേക്ക് പ്രവേശിക്കാനുള്ള പാലം) വിട്ടു കിടക്കാൻ എനിക്ക് കഴിഞ്ഞാൽ ഞാനാണ് ഉത്തമൻ. അല്ലെങ്കിൽ നീ തന്നെ ഉത്തമൻ.”
പരിത്യാഗം സ്വയമെടുത്ത് അണിയുകയായിരുന്നു ഉവൈസ്. അല്ലാഹുവിനോട് യാചിച്ചാൽ കിട്ടാത്ത ഒന്നുമില്ല. പക്ഷേ തനിക്കായി ഭൗതികത യാചിക്കാൻ ഉവൈസ് നാണിച്ചു. ചില ഘട്ടങ്ങളിൽ ആകെ സ്വന്തമെന്ന് പറയാനുണ്ടായിരുന്നത് പോലും മറ്റുള്ളവർക്കായി സമ്മാനിച്ചു.
മുഗീറ പറയുന്നുണ്ട്: “ഉവൈസ് തന്റെ വസ്ത്രം ദാനം ചെയ്തു. മറ്റൊന്നില്ലാത്തതിനാൽ നഗ്നനായി വീട്ടിൽ കഴിയേണ്ടി വന്നു. വെള്ളിയാഴ്ച പ്രാർഥനക്ക് പള്ളിയിൽ പോകുമ്പോൾ ധരിക്കാൻ പറ്റിയ ഒന്നും കൈവശമില്ലാത്ത അവസ്ഥ.”
ഉവൈസിനെ ഭൗതിക വിരക്തിയുടെ ഏറ്റവും വലിയ ഉദാഹരണമായി അഹമ്മദ് ബിൻ ഹമ്പൽ വിശേഷിപ്പിക്കാറുണ്ട്.
“ഏത് സമയത്തും ഇഹലോകത്ത് നിന്ന് നിഷ്ക്രമിക്കുന്നതിനെക്കുറിച്ച് മാത്രമായിരുന്നു ചിന്ത. തനിക്ക് തന്റെ പ്രിയപ്പെട്ടവരിലേക്ക് എത്തിച്ചേരണം; പ്രിയപ്പെട്ടവർ നബിമാരും മഹാന്മാരും ആരാധനക്കാരായ സച്ചരിതരുമായിരുന്നു. ഇത്തരം ഒരാൾക്ക് ഭൗതിക വിരക്തനാവാതെ പറ്റില്ലല്ലോ."
