ഹറമുബ്ൻ ഹയ്യാൻ ആറ്റുനോറ്റ് ഉവൈസിനെ കണ്ട കഥ നമ്മൾ പറഞ്ഞു. അപ്പോൾ സന്തോഷമടക്കാൻ ആവാതെ ഹരിം പറഞ്ഞത്രേ:
“ഉവൈസ്! എന്നാലും ഒടുവിൽ നമുക്ക് പരസ്പരം കാണാൻ കഴിഞ്ഞല്ലോ.” ഇതിന് ഉവൈസിന്റെ പ്രതികരണം വിചിത്രമായിരുന്നു. "താങ്കൾ എന്നെ കാണാനും സന്ധിക്കുനുമായി ഇവിടെ എത്തിച്ചേർന്നു. ശരി തന്നെ. എന്നാൽ ഇതിനേക്കാൾ ഉപകാരപ്രദമായ ഒന്നുണ്ടായിരുന്നു. അതായിരുന്നു ആത്മബന്ധം സ്ഥാപിക്കാൻ ഏറ്റവും നല്ലത്. അഥവാ അഭാവത്തിലുള്ള പ്രാർത്ഥന. സന്ദർശനവും കുശലാന്വേഷണവുമൊക്കെ ചിലപ്പോഴെങ്കിലും പ്രകടനപരതയും വിലാപങ്ങളും വരുത്തിവെക്കാൻ സാധ്യതയുണ്ട്.
ഉവൈസ് എപ്പോഴും ഇങ്ങനെയായിരുന്നു. ചെയ്യുന്ന കർമങ്ങളിൽ ആത്മാർത്ഥത വിനഷ്ഠമാകുമോ എന്ന ഭയം. അല്ലാഹുവിൻ്റെ പ്രീതിയല്ലാതെ മറ്റു വല്ലതും അവിചാരിതമായി പോലും കടന്നു വരുന്നതിനെ പേടിച്ചു. ഇക്കാരണം കൊണ്ട് തന്നെയാണ് ജനങ്ങളിൽ നിന്ന് അകലാൻ കിണഞ്ഞു ശ്രമിച്ചത്. ജനങ്ങൾക്കിടയിൽ ആളാവാൻ ഒരിക്കലും നോക്കാതിരുന്നതും.
മദീനയിലെത്തിയ ഉവൈസ് അവിടെ നിൽക്കാതെ പോകാൻ തത്രപ്പെട്ടതിനും കാരണം മറ്റൊന്നല്ല. തിരുനബിപ്പള്ളിയുടെ കവാടത്തിങ്കൽ എത്തിയപ്പോൾ ആളുകൾ പറഞ്ഞു: "ഇതാണ് മുത്ത് നബിയുടെ പരിശുദ്ധമായ അന്ത്യവിശ്രമസ്ഥലം." ഉവൈസ് ആദ്യമായി കാണുകയാണ്. ജനങ്ങൾ പറഞ്ഞത് കേട്ടതും അദ്ദേഹം ബോധരഹിതനായി വീണു. കുറേ സമയത്തിനു ശേഷം ബോധം തെളിഞ്ഞപ്പോൾ പറഞ്ഞു: "എന്നെ ഉടൻ പുറത്തു കൊണ്ടുപോകൂ. തിരുനബി വിശ്രമിക്കുന്ന ഈ നാട്ടിൽ എനിക്ക് വസിക്കാൻ കഴിയുമെന്ന് തോന്നുന്നില്ല."
രണ്ടു ചിന്തകളാണ് ഉവൈസിനെ നയിച്ചത്. ഒന്ന്; മദീനയുടെ പവിത്രതയ്ക്ക് കളങ്കം ചാർത്തുന്ന വല്ലതും തന്നിൽ നിന്നും ഉണ്ടാകുമോയെന്ന ഭയം. രണ്ടാമത്തത് മദീനയിൽ തങ്ങുക വഴി താൻ പ്രശസ്തനായി ഇഖ്ലാസിന്റെ (ദൈവപ്രീതിക്ക് മാത്രമായ കർമ്മം) വൃത്തത്തിൽ നിന്ന് പുറത്തു പോകുമോ എന്ന പേടി. ഈ ചിന്തകൾ ഉവൈസിനെ മദീനയിൽ നിന്ന് സ്വയം പുറത്തുകൊണ്ടു പോവുകയായിരുന്നു. പക്ഷേ മനസ്സിൽ നിറയെ മദീന തന്നെ. കാരുണ്യത്തിന്റെ പ്രതിരൂപമായിരുന്നു ഉവൈസ്. മദീനയെ മനസ്സിൽ സൂക്ഷിക്കുന്ന ഒരാൾക്ക് അങ്ങനെയല്ലാതെയാകാൻ സാധ്യമല്ലല്ലോ.
സമൂഹത്തിൽ ആർക്കുണ്ടാകുന്ന പ്രയാസവും ഉവൈസിനെ പ്രയാസപ്പെടുത്തി. ശക്തമായ തണുപ്പുള്ള ഒരു പകൽ. ഉവൈസ് നടന്നു പോവുകയാണ്. ഒരു മനുഷ്യൻ പ്രയാസപ്പെട്ടു വസ്ത്രങ്ങൾ അലക്കിക്കൊണ്ടിരിക്കുന്നു. അയാളുടെ ഉപജീവന ജോലിയാണ് അത്. ഇത് കണ്ടതും അയാളോടുള്ള കാരുണ്യം ഉവൈസിൽ നിന്ന് അണപൊട്ടിയൊഴുകി. അദ്ദേഹം കരയാൻ തുടങ്ങി. അലക്കുകാരൻ ഉവൈസിൻ്റെ മനോഗതം തിരിച്ചറിഞ്ഞു. സമാശ്വസിപ്പിക്കാൻ എന്നോണം ഒരു മരത്തെ ചൂണ്ടിപ്പറഞ്ഞു: “ഉവൈസ്! ഈ മരം കോച്ചുന്ന തണുപ്പിൽ ആ മരം സൃഷ്ടിക്കപ്പെട്ടിട്ടില്ലായിരുന്നുവെങ്കിൽ എത്ര നന്നായിരുന്നു." കേൾക്കേണ്ട താമസം അതേ എന്ന മറുപടി ഉവൈസിൽ നിന്ന് ഉയർന്നു. കാരണം ഉവൈസിൽ സൃഷ്ടിജാലങ്ങളോടുള്ള അലിവ് അലിഞ്ഞു ചേർന്നിരുന്നു.
സത്യത്തിനു വേണ്ടിയുള്ള പോരാട്ടത്തിൽ സ്വയം ത്യജിക്കാനും ഉവൈസ് സന്നദ്ധമായി. അദ്ദേഹം പല യുദ്ധങ്ങളിലും പങ്കെടുത്തതായി ചരിത്രം രേഖപ്പടുത്തിയിട്ടുണ്ട്.
സ്വിഫ്ഫീൻ, അർമേനിയ, അസർബൈജാൻ തുടങ്ങിയ ഇടങ്ങളിലേക്ക് അദ്ദേഹം പോരാട്ടത്തിന് വേണ്ടി സഞ്ചരിച്ചിരുന്നു.
സ്വിഫ്ഫീൻ യുദ്ധ ദിനം. അലിയാർ ഒരു പ്രഖ്യാപനം നടത്തി: "മരിക്കാൻ തയ്യാറായി ഉടമ്പടി ചെയ്യാൻ ആരുണ്ട്." 99 പേർ മുന്നോട്ടുവന്നു. “100 ആര് പൂർത്തീകരിക്കും” ? അലി ചോദിച്ചു. അപ്പോൾ ഒരു മനുഷ്യൻ കടന്നുവന്നു. കമ്പിളിയുടെ വസ്ത്രം ധരിച്ചിരിക്കുന്നു. തലമുണ്ഠനം ചെയ്തിട്ടുണ്ട്. അദ്ദേഹം അലിയുമായി ഉടമ്പടി ചെയ്തു. മരണംവരെ പോരാട്ടത്തിന് തയ്യാറാണെന്ന് പറഞ്ഞു.
ആളുകൾ ചോദിച്ചു: “ആരാണ് ഈ അപരിചിതൻ ?”
അപ്പോൾ പറയപ്പെട്ടു: “അതാണ് ഉവൈസുൽ ഖറനി.” ഉവൈസ് അർമേനിയൻ അതിർത്തിയിലേക്ക് കാൽനടയായി യുദ്ധത്തിന് നീങ്ങിയകഥ അത്വാഅ് പറയുന്നുണ്ട്. ഉമറിന്റെ കാലത്ത് അസർബൈജാനിലേക്ക് പടനയിച്ചത് അബ്ദുല്ലാഹിബ്നു മുസാമയും പറയുന്നുണ്ട്. കൂട്ടത്തിൽ ഉവൈസ് ഉണ്ടായിരുന്നത്രേ.
