ഹരിമുബ് ഹയ്യാൻ പ്രവാചകാനുചരരുടെ ശിഷ്യരിൽ പ്രമുഖനായ പണ്ഡിതനാണ്. വലിയ ആത്മീയ നായകനും സഞ്ചാരപ്രിയനുമായിരുന്നു. ഖലീഫ ഉമറിൻ്റെയും ഖലീഫ ഉസ്മാൻ്റെയും കാലഘട്ടത്തിൽ ഫാരിസ് കേന്ദ്രീകരിച്ചു പല പോരാട്ടങ്ങളിലും കഴിവ് തെളിയിച്ചിട്ടുണ്ട്. വിട പറയുന്നത് ഹിജ്റ ഇരുപത്തിയാറിലാണ്.
ഭൗതിക വിരക്തനും ആരാധനക്കാരനുമായിരുന്നു. തന്റെ അലച്ചിലിനൊടുവിൽ അദ്ദേഹം കൂഫയിൽ എത്തി. പ്രധാന ലക്ഷ്യം ഉവൈസിനെ കാണലായിരുന്നു. ഉവൈസുൽ ഖറനിയുടെ ശുപാർശ സ്വീകരിക്കപ്പെടുമെന്ന് അദ്ദേഹം കേട്ടിട്ടുണ്ട്.
പിന്നീടുള്ള ചരിത്രം ഹരിം തന്നെ പറയട്ടെ:
“ഞാൻ കൂഫയിലെത്തി. ഉവൈസിനെ കാണാനുള്ള അഭിലാഷം കഠിനമായിരുന്നു. അന്വേഷണം നടത്തി. ഒടുവിൽ യൂഫ്രട്ടീസ് നദീതീരത്ത് അദ്ദേഹത്തെ കണ്ടു. അംഗശുദ്ധി വരുത്തുകയാണ്. നിരീക്ഷണം നടത്തിയതിൽ നിന്ന് തിരുനബി പറഞ്ഞ അടയാളം കാണാനായി. അതോടെ അദ്ദേഹത്തെ തിരിച്ചറിയാൻ കഴിഞ്ഞു. ഞാൻ അദ്ദേഹത്തിൻ്റെ അരികിൽ ചെന്നു. സലാം പറഞ്ഞു. അദ്ദേഹം സലാം മടക്കി എന്നെ ഒന്ന് തുറിച്ചു നോക്കി. ഞാൻ അദ്ദേഹത്തിന്റെ കൈ ചുംബിക്കാൻ ഉദ്ദേശിച്ചു. പക്ഷേ അദ്ദേഹം കൈ തന്നില്ല. ഞാൻ പറഞ്ഞു. "ഉവൈസ്, അല്ലാഹു അങ്ങേയ്ക്ക് കരുണ ചെയ്യട്ടെ. മാപ്പ് നൽകട്ടെ. എന്താണ് അങ്ങയുടെ അവസ്ഥ?”
ഇത്രയും പറഞ്ഞപ്പോഴേക്ക് എനിക്ക് കരച്ചിൽ തികട്ടിവന്നു. ഉവൈസിന്റെ ദുർബല അവസ്ഥ കണ്ടാണ് ഞാൻ കരഞ്ഞത്. അദ്ദേഹത്തിനും കണ്ണിൽ വെള്ളം നിറഞ്ഞു.
അദ്ദേഹം ചോദിച്ചു: “ഹരിമുബ്ൻ ഹയ്യാൻ, ആരാണ് എൻ്റെ അരികിലേക്ക് താങ്കൾക്ക് വഴി പറഞ്ഞു തന്നത്?”
ഞാനൊന്ന് ഞെട്ടി. ആദ്യമായി കാണുകയാണ്. എങ്ങനെയാണ് എൻ്റെ പേര് മനസ്സിലായത്! ഞാൻ ചോദിച്ചു: “എൻ്റെയും എൻ്റെ പിതാവിൻ്റെയും പേര് അങ്ങ് എങ്ങനെയാണ് അറിഞ്ഞത് ?”
ഉവൈസ് പറഞ്ഞു: “എല്ലാം അറിയുന്ന നാഥൻ എനിക്ക് അറിയിച്ചു തന്നു. എന്റെ ആത്മാവും താങ്കളുടെ ആത്മാവും തമ്മിൽ പരിചയമുണ്ട്. വിശ്വാസികളുടെ ആത്മാക്കൾ പരസ്പരം പരിചയത്തിലാണെന്നല്ലേ പ്രമാണം.”
ഞാൻ പറഞ്ഞു: “എനിക്ക് അല്ലാഹുവിൻ്റെ ദൂതൻ്റെ ഒരു വചനം പറഞ്ഞു തരിക.”
അതിനു ഉവൈസിന്റെ പ്രതികരണം ഇങ്ങനെയായിരുന്നു: "ഞാൻ തിരുനബിയുമായി സഹവസിച്ചിട്ടില്ല. പക്ഷേ നബിയുടെ പല വചനങ്ങളും പലരിൽ നിന്നായി ഞാൻ കേട്ടിട്ടുണ്ട്. എന്ന് കരുതി ഫത്വയുടെയും ഉൽബോധനത്തിന്റെയും വാതായനം തുറക്കാൻ ഞാൻ ഇഷ്ടപ്പെടുന്നില്ല. എനിക്ക് അതല്ലാത്ത തിരക്കുകൾ തന്നെ ധാരാളമുണ്ട്."
ഞാൻ പറഞ്ഞു: “അങ്ങയിൽ നിന്ന് വിശുദ്ധ ഖുർആനിലെ ഒരു വാക്യം കേൾക്കാൻ ഞാൻ ആഗ്രഹിക്കുന്നു.” അപ്പോൾ അദ്ദേഹം എൻ്റെ കൈ പിടിച്ചു ഖുർആൻ പാരായണം തുടങ്ങി. കാവൽ വചനം (അഊദു) ആദ്യം ചൊല്ലി. അതോടുകൂടി കരച്ചിൽ ആരംഭിച്ചു. അനന്തരം ദാരിയാത് അധ്യായത്തിലെ 56ാം വാക്യം ഓതി. " മനുഷ്യ ഭൂതവർഗ്ഗങ്ങളെ എനിക്ക് ആരാധിക്കാൻ അല്ലാതെ ഞാൻ സൃഷ്ടിച്ചിട്ടില്ല."
പിന്നീട് ദുഖാൻ അധ്യായത്തിലെ 38 മുതൽ 42 വരെയുള്ള വാക്യങ്ങളാണ് ഓതിയത്. "ആകാശഭൂമികളെയും അവയ്ക്കിടയിലുള്ളവയും നാം വൃഥാ സൃഷ്ടിച്ചതല്ല. ലക്ഷ്യപ്രകാരമാണ് അവയെ നാം സൃഷ്ടിച്ചിട്ടുള്ളത്. പക്ഷേ അവരിൽ ഭൂരിപക്ഷമാളുകളും അത് തിരിച്ചറിയുന്നില്ല. തീർച്ചയായും വിധി തീർപ്പിന്റെ ദിനം അവരെല്ലാവരും ഒരുമിച്ചു കൂടുന്ന നിമിഷമാണ്. അന്നത്തെ ദിവസം ഒരാളും മറ്റൊരാൾക്ക് ഒന്നിനും ഉപകരിക്കില്ല. അവരെ സഹായിക്കപ്പെടുകയും ഇല്ല; അല്ലാഹു അനുഗ്രഹം ചെയ്തവർക്കല്ലാതെ. അവൻ പ്രതാപിയും കാരുണ്യവാനുമാണ്."
ഇത്രയും പാരായണം ചെയ്തതും അദ്ദേഹം ഒരട്ടഹാസമായിരുന്നു. അദ്ദേഹത്തിൻ്റെ മാനസികനില തെറ്റി എന്ന് ഞാൻ കരുതി.
പെട്ടെന്ന് അദ്ദേഹം ചോദിച്ചു:
“ഹരിമുബ്ൻ ഹയ്യാൻ, താങ്കൾ എന്തിനാണ് എൻ്റെ അരികിലേക്ക് വന്നിട്ടുള്ളത്?”
ഞാൻ പറഞ്ഞു: “അങ്ങയെ കണ്ട് ആനന്ദം കൊള്ളാനും ആത്മവിശ്രാന്തിയിലേക്ക് നീങ്ങാനും.”
അദ്ദേഹം പറഞ്ഞു: “എനിക്കൊന്നും അറിയില്ല. അല്ലാഹുവിനെ തിരിച്ചറിഞ്ഞവന് മറ്റൊരാളെക്കൊണ്ടും ആനന്ദം കൊള്ളേണ്ട കാര്യമില്ല. മറ്റൊരാളിലേക്ക് വിശ്രാന്തി കൊള്ളേണ്ട അവസ്ഥയും വരില്ല.”
ഞാൻ പറഞ്ഞു: “എന്നെ ഉപദേശിക്കൂ." അദ്ദേഹം പറഞ്ഞു: “മരണത്തെ താങ്കൾ തലക്ക് ചുവട്ടിൽ വെക്കുക. ജീവിതത്തിൽ വലിയ പ്രതീക്ഷ വേണ്ട. ചെറിയ കുറ്റങ്ങളിലേക്കല്ല നോക്കേണ്ടത്. മറിച്ച്, അല്ലാഹുവിനോടുള്ള വലിയ തെറ്റുകളിലേക്കാണ്. എന്ന് കരുതി ചെറിയ തെറ്റുകളെ താങ്കൾ നിസ്സാരമാക്കിക്കണ്ടാൽ അല്ലാഹുവിന് എതിര് ചെയ്യുന്നത് നിസ്സാരമാക്കിക്കണ്ടവനായി മാറും.”
ഞാൻ ചോദിച്ചു: “എന്താണ് അങ്ങേക്ക് എന്നോട് കൽപ്പിക്കാനുള്ളത്? ഏത് നാട്ടിലാണ് ഞാൻ ഇനി താമസിക്കേണ്ടത്?” അദ്ദേഹം പറഞ്ഞു: "ശാമിൽ."
ഞാൻ സംശയം പ്രകടിപ്പിച്ചു: "ശാമിൽ എനിക്ക് ജീവിക്കാനുള്ള മാർഗം എങ്ങനെ കിട്ടും?”
നീരസം പ്രകടിപ്പിച്ച് അദ്ദേഹം ഇങ്ങനെ പറഞ്ഞു: "ഛെ! ഇത്തരം മനസ്സുകൾ വളരെ മോശമാണ്. അവയോട് ഉപദേശം ഫലിക്കില്ല. ആ മനസ്സുകളിൽ സന്ദേഹം കലർന്നിരിക്കുന്നു.”
ഞാൻ പറഞ്ഞു: “എന്നെ ഉപദേശിക്കൂ.”
അദ്ദേഹം പറഞ്ഞു: "താങ്കളുടെ പിതാവ് ഹയ്യാൻ മരിച്ചു. ആദമും ഹവ്വയും മരിച്ചു. നൂഹും ഇബ്റാഹീമും മരിച്ചു. ഇമ്രാൻ്റെ പുത്രൻ മൂസാ മരിച്ചു. മുഹമ്മദ് നബി മരിച്ചു. അബൂബക്ർ മരിച്ചു. തിരുനബിയുടെ ഖലീഫയായിരുന്നില്ലേ അബൂബക്ർ. എൻ്റെ സുഹൃത്തും കൂട്ടുകാരനുമായ ഉമർ മരിച്ചു. എൻ്റെ ഉമർ! എൻ്റെ ഉമർ!”
അദ്ദേഹം ദുഃഖപ്രകടനം നടത്തിയപ്പോൾ ഞാൻ പറഞ്ഞു: “അല്ലാഹു താങ്കൾക്ക് കരുണ ചൊരിയട്ടെ. ഉമർ മരിച്ചിട്ടില്ല.”
അപ്പോൾ അദ്ദേഹം പറഞ്ഞു: “അതെ, ഉമർ മരിച്ചു എന്നുള്ള തോന്നൽ എനിക്കുണ്ടായി. അതുകൊണ്ട് പറഞ്ഞതാണ്. അല്ലയോ ഹരിം, ഞാനും താങ്കളുമൊക്കെ യഥാർത്ഥത്തിൽ മരിച്ച കൂട്ടത്തിലാണ്.”
പിന്നീട് അദ്ദേഹം തിരുനബിയുടെ പേരിൽ പ്രകീർത്തനങ്ങൾ ചൊല്ലി. ചെറിയ ഒരു പ്രാർഥന നിർവഹിച്ചു. എന്നിട്ട് പറഞ്ഞു: "എനിക്ക് അങ്ങയോട് ചെയ്യാനുള്ള വസിയ്യത്ത് ശറഇന്റെ (മതനിയമം) റൂട്ടിൽ സഞ്ചരിക്കണമെന്നാണ്. നന്മയുടെ വക്താക്കളുടെ വഴി പിന്തുടരുക. ഒരൊറ്റ നിമിഷവും അല്ലാഹുവിലുള്ള സ്മരണയിൽ നിന്ന് അശ്രദ്ധനാകരുത്. താങ്കൾ സ്വന്തം നാട്ടിലെത്തിയാൽ സ്വജനത്തെ ഉപദേശിക്കുക .അവർക്ക് ഗുണം ഉദ്ദേശിക്കുക. പടപ്പുകളോടുള്ള താങ്കളുടെ സദുപദേശം നിലച്ചുപോകുന്ന അവസ്ഥ ഉണ്ടാകരുത്. മഹാന്മാരായ ഇമാമുമാരെ (ഇസ്ലാമിക വിജ്ഞാനീയങ്ങളിൽ ആഴത്തിൽ ഗവേഷണം നടത്തി മത നിയമങ്ങൾ ക്രോഡീകരിച്ച പണ്ഡിതരെയാണ് ഇമാമുമാർ എന്ന് വിശേഷിപ്പിക്കുന്നത്. നിസ്കാരത്തിന് നേതൃത്വം വഹിക്കുന്നവർ എന്ന അർഥത്തിലല്ല.) ചാണിനു ചാൺ പിന്തുടരുന്നതിൽ പിന്തിപ്പോകരുത്. പിന്തിപ്പോയാൽ വിശ്വാസം തെറ്റും. താങ്കൾ അറിയാതെ നരകത്തിൽ ചെന്നുചാടും.”
ഒടുവിൽ പറഞ്ഞു: “ഹരിമുബ്നു ഹയ്യാൻ, താങ്കൾ ഇനി എന്നെ കാണില്ല. ഞാൻ താങ്കളെയും കാണില്ല. പ്രാർഥനയിൽ എന്നെ മറക്കരുത്.”
അനന്തരം അദ്ദേഹം എന്നോട് വിട ചൊല്ലി. ഇങ്ങനെ പറയുന്നുണ്ടായിരുന്നു: “പോകൂ.. പോകൂ..”
ഞാൻ പിന്തിരിയുന്നതുവരെ പറഞ്ഞുകൊണ്ടിരുന്നു. ആ നിമിഷം ഞാൻ കരഞ്ഞു. അദ്ദേഹവും കരഞ്ഞു. അദ്ദേഹം തിരിച്ചു നടന്നു; മലമുകളിലേക്കുള്ള പ്രയാണം ഞാൻ നോക്കി നിന്നു. ഈ സമാഗമത്തിനുശേഷം ഉവൈസിന്റെ അവസ്ഥ എന്തായിരുന്നുവെന്ന് എനിക്കറിയില്ല. ഞാൻ അദ്ദേഹത്തെ കണ്ടിട്ടുമില്ല.
