ഉമറിൻ്റെ ഭരണ കാലം. ഹജ്ജ് കർമത്തിന് ലോകജനത സംഗമിച്ചിരിക്കുന്നു. വിവിധ നാടുകളിൽ നിന്ന് വന്നവരെ ഖലീഫ ഉമർ വിളിച്ചു ചേർത്തു. ഖലീഫ പറഞ്ഞു: "എല്ലാവരും എണീറ്റ് നിൽക്കുക." കൽപന മാനിച്ച് എല്ലാവരും എണീറ്റ് നിന്നു. ഇനി എല്ലാവരും ഇരിക്കുക; യമനിൽ നിന്ന് വന്നവരൊഴികെ. എല്ലാവരും ഇരുന്നു. മുറാദ് ഗോത്രക്കാർ ഒഴികെ. യമനിലെ പ്രസിദ്ധ ഗോത്രമാണ് മുറാദ്. മുറാദുബ്നു മാലിക്ബ്ൻ ഉദദിലേക്കാണിവർ ചേരുന്നത്. ജാബിർ എന്നായിരുന്നു അദ്ദേഹം അറിയപ്പെട്ടിരുന്നത്. അവർ യമനിൽ നിന്ന് വന്നവരാണ്. ഖലീഫ പറഞ്ഞു: “നിങ്ങളുടെ കൂട്ടത്തിൽ ഖറൻ ഗോത്രക്കാർ ഒഴികെ ബാക്കിയില്ലൊവർക്കുമിരിക്കാം.”
എല്ലാവരും ഇരുന്നു; ഒരാൾ മാത്രം എണീറ്റ് നിൽക്കുന്നു.
ഉമർ ചോദിച്ചു: “താങ്കൾ ഞാൻ ചോദിക്കുന്ന കാര്യങ്ങൾക്ക് കൃത്യമായി പ്രതികരിക്കില്ലേ?”
“അതേ, പ്രതികരിക്കാം.” “താങ്കൾ ഖറനിയാണോ?” “അതേ, ഖറനിയാണ്.” “താങ്കൾക്കു ഉവൈസിനെ അറിയുമോ ?” ഉവൈസുൽ ഖറനിയുടെ പിതൃവ്യനായിരുന്നു അദ്ധേഹം. "അറിയാം." തെല്ലൊരമ്പപ്പോടെ അയാൾ പറഞ്ഞു. "അമീറുൽ മുഅ്മിനീൻ (സത്യവിശ്വാസികളുടെ നേതാവ് എന്നർഥം. ഇസ്ലാമിക ഖിലാഫത്ത് ഭരണത്തിലെ ഭരണാധികാരികളെ വിളിച്ചിരുന്ന സ്ഥാനപ്പേര്), എന്തിനാണ് അങ്ങ് ഉവൈസിനെപ്പറ്റി ചോദിക്കുന്നത്.ഞങ്ങളുടെ കൂട്ടത്തിൽ അവിവേകിയും മാനസിക പ്രശ്നമുള്ളയാളും ആർക്കും വേണ്ടാത്തവനുമായിട്ടാണല്ലോ ഉവൈസിനെ പരിഗണിക്കുന്നത്."
ഉമർ ഒരു നിമിഷം സ്തബ്ധനായി. ഭാവം മാറി. അദ്ദേഹം കരയാൻ തുടങ്ങി: "ഇല്ല, താങ്കൾക്കും ഉവൈസിനെ ആവശ്യമായി വരും. തിരുദൂതർ പറയുന്നതായി ഞാൻ കേട്ടിട്ടുണ്ട്. ഉവൈസിന്റെ ശുപാർശ വഴി റബീഅ, മുളർ ഗോത്രങ്ങൾക്ക് സമാനമായവർ സ്വർഗ്ഗസ്ഥരാകും." അന്ന് അംഗബലത്തിൽ അറബികളിൽ ശക്തരാണീ രണ്ടു ഗോത്രങ്ങൾ.
യമനിലാണ് ഉവൈസുൽ ഖറനിയുടെ ജനനം. ഏകദേശം AD 594 ൽ. യമൻ പുരാതന സംസ്കാരത്തിൻ്റെ നഗരിയാണ്. വിവിധ ഗോത്രങ്ങളായിട്ടാണ് ജനങ്ങൾ അധിവസിക്കുന്നത്. യമനിലെ പ്രസിദ്ധ ഗോത്രമാണ് മദ്ഹിജ്. വിവിധ കൈവഴികളിലായി മദ്ഹിജ് പരന്നുകിടക്കുന്നു. അതിൽ ഒരു ശാഖയാണ് മുറാദ്. മുറാദിലെ പ്രസിദ്ധ കുലമാണ് ഖറൻ. ഖറനിൻ്റ നായകൻ ഖറനുബ്നു റദ്മാനുബ്ൻ നാജിയതുബ്ൻ മുറാദാണ്.
