ഉമർ ഉവൈസുൽ ഖറനിയെ കാണുന്ന സമയത്ത് അദ്ദേഹം കമ്പിളിയുടെ കട്ടിയുള്ള വസ്ത്രമാണ് ധരിച്ചിരുന്നത്. ഈ ലോകത്തോട് ഒരു താൽപര്യവും ഇല്ലാത്ത ഭാവപ്രകൃതം. ഇതുകണ്ട് ഉമറിന്റെ മനസ്സു മാറി. അദ്ദേഹം പറഞ്ഞു പോയി: “ഒരു പത്തിരിക്ക് പകരം എന്റെ ഖിലാഫത്ത് പദം ആരെങ്കിലും എന്നിൽ നിന്നും വാങ്ങിയിരുന്നുവെങ്കിൽ എത്ര നന്നായിരുന്നു.”
അപ്പോൾ ഉവൈസ് പറഞ്ഞു: “ഉമറേ, ബുദ്ധിയില്പാത്ത ആളല്ലാതെ താങ്കളിൽ നിന്ന് ഇതു വാങ്ങുകയില്ല. താങ്കൾ ഇത് ഇവിടെ ഇട്ടേക്കൂ. താല്പര്യമുള്ളവർ എടുക്കട്ടെ. അല്ലാതെ ഇവിടെ കൊള്ളക്കൊടുക്കലുകളുടെ ഇടമല്ല.” അപ്പോൾ ഉമറിന്റെ കൂടെയുണ്ടായിരുന്ന ധരിച്ചിരുന്നത്. ചിലർ പറഞ്ഞു:
“താങ്കൾ ഈ സ്ഥാനം സ്വീകരിച്ചിട്ടുള്ളത് അബൂബക്ർ സ്വിദ്ദീഖിൽ നിന്നാണ്. ഇത് അങ്ങ് ഉപേക്ഷിക്കുകയാണെങ്കിൽ മുസ്ലിംകളിൽ ഒരുപാട് പേർ വഴിയാധാരമാകും. ഒരു മണിക്കൂർ നേരത്തെ നീതിയുക്തമായ ഭരണം ഒരുപാട് കൊല്ലങ്ങൾ നീണ്ടുനിൽക്കുന്ന ആരാധനയേക്കാൾ ഉത്തമമാണ് എന്നല്ലേ പ്രമാണം.”
ഈ ഘട്ടത്തിൽ ഉമർ തൻ്റെ വികാരം മാറ്റി. ഉവൈസിനോട് ചോദിച്ചു: “താങ്കൾ എന്തുകൊണ്ട് നബിയുടെ അരികിലേക്ക് വന്നില്ല?”
ഉവൈസ് വികാരഭരിതനായി. അദ്ദേഹം ചോദിച്ചു. “നിങ്ങൾ തിരു നബിയെ കണ്ടിട്ടുണ്ടോ? തിരുനബിയുടെ പുരികങ്ങൾ തൊട്ടുരുമ്മിയാണോ നിൽക്കുന്നത്? അതല്ല വിട്ട് വിട്ടാണോ? ഇല്ല, നിങ്ങൾ തിരുനബിയുടെ മുഖത്തേക്ക് സസൂക്ഷ്മം നോക്കിയിട്ടുണ്ടാകില്ല; കാരണം അവിടുത്തെ ഗാംഭീരതയും അവിടുത്തെ തുറിച്ചു നോക്കാനുള്ള നാണവും കൊണ്ട് തന്നെ. നോക്കിയെങ്കിലല്ലേ അവിടുത്തെ പുരികങ്ങൾ ചേർന്ന് നിൽക്കുന്നതാണോ വിട്ടാണോ എന്ന് നിങ്ങൾക്കറിയുക.”
തുടർന്ന് അദ്ദേഹം ചോദിച്ചു. “നിങ്ങൾ രണ്ടുപേരും മുഹമ്മദ് നബിയുടെ മുഹിബ്ബുകളിൽ (അനുരാഗികളിൽ) പെട്ടവരാണോ? എന്നിട്ട് നിങ്ങൾ തിരുനബിയുടെ പല്ലുകൾ പൊട്ടിയ സമയത്ത് സ്വന്തം പല്ലുകളിൽ നിന്ന് വല്ലതും പൊട്ടിച്ചു കളഞ്ഞിരുന്നോ?”
ഉമറും അലിയും പറഞ്ഞു: “ഇല്ല.”
“എന്നാൽ കേൾക്കൂ, ഞാൻ എൻ്റ പല്ലുകൾ പൊട്ടിച്ചിട്ടുണ്ട്; തിരുനബിയോടുള്ള സ്നേഹബദ്ധത ഒന്നുകൊണ്ട് മാത്രം.” സംസാരം മുന്നോട്ടു പോകവേ ഉമർ പറഞ്ഞു: എനിക്കുവേണ്ടി പ്രാർഥിക്കൂ.” അപ്പോൾ ഉവൈസ് പറഞ്ഞു: ഉമറേ, ഞാൻ എല്ലാ നിസ്കാരശേഷവും ഇങ്ങനെ പ്രാർഥിക്കാറുണ്ട്. "അല്ലാഹുവേ, എല്ലാ വിശ്വാസി വിശ്വാസിനികൾക്കും നീ മാപ്പ് നൽകേണമേ.
താങ്കളുടെ അന്ത്യം നന്മ നിറഞ്ഞതാണെങ്കിൽ ഈ പ്രാർഥനയിൽ താങ്കളും ചേരും. ഇല്ലായെങ്കിൽ ഞാൻ എന്തിന് എന്റെ സമയം കളയണം.” അപ്പോൾ ഉമർ പറഞ്ഞു: “എനിക്ക് വസിയ്യത്ത് നൽകൂ.”
അദ്ദേഹം പറഞ്ഞു: “താങ്കൾക്ക് അല്ലാഹുവിനെ അറിയുമോ? അല്ലാഹുവിൻ്റെ കൂടെ മറ്റൊരാളെയും താങ്കൾക്ക് പരിചയമില്ലെങ്കിൽ അതാണ് ഏറ്റവും ഉത്തമം.”
എനിക്ക് കൂടുതൽ ഉപദേശം നൽകൂ എന്നായി ഉമർ. ഉവൈസ് പറഞ്ഞു. “താങ്കൾക്ക് വേണ്ടത് അല്ലാഹു പഠിപ്പിച്ചു തരും. അല്ലാഹുവല്ലാത്ത മറ്റൊരാളും താങ്കളെ പഠിപ്പിക്കാനില്ലെങ്കിൽ അതാണ് ഏറ്റവും നല്ലത്.” അനന്തരം പറഞ്ഞു. “നിങ്ങൾ രണ്ടുപേരും ഇനി പിരിഞ്ഞു പോവുക. അന്ത്യദിനത്തിൽ നമുക്ക് അവിടെ വെച്ച് കണ്ടുമുട്ടാം. പിന്നെ പിരിയേണ്ടി വരില്ലല്ലോ. എനിക്കിപ്പോൾ അന്ത്യദിനത്തിനു വേണ്ടിയുള്ള ഒരുക്കങ്ങൾക്കുള്ള തിരക്കുണ്ട്.”
ഈ കൂടിക്കാഴ്ചയിലൂടെ ഉവൈസ് യമനികൾക്കിടയിൽ പ്രസിദ്ധനായി. ഖറനുകാർ അത്ഭുതപ്പെട്ടു. അവർ ഖിന്നരായി. തങ്ങൾ ഇടയനായി കണ്ട ഉവൈസ് ആത്മീയ ലോകത്തെ ഏറ്റവും വലിയ ഇടയനാണെന്ന് അവർ തിരിച്ചറിഞ്ഞ നിമിഷമായിരുന്നു അത്. അവർ ഉവൈസിനെ അത്യധികം ബഹുമാനത്തോടെ നോക്കി. വളരെ സ്നേഹത്തോടെയും പാശ്ചാത്താപബോധത്തോടെയും സമീപിക്കാൻ നിന്നു. ഉവൈസിനിത് ഇഷ്ടമായില്ല. ആരുമറിയാതെയുള്ള ജീവിതമാണ് അദ്ദേഹത്തിൻ്റെ ലക്ഷ്യം. അതുകൊണ്ടുതന്നെ അദ്ദേഹം യമനിലേക്ക് മടങ്ങാൻ ആഗ്രഹിച്ചില്ല. പകരം കൂഫിയിലേക്ക് നീങ്ങാൻ തീരുമാനിച്ചു.
ഇതറിഞ്ഞ ഉമർ ചോദിച്ചു.
“എവിടേക്കാണിനി മടക്കം?”
“കൂഫയിലേക്ക്.”
“എങ്കിൽ കൂഫയിലെ ഗവർണർക്ക് ഞാൻ കത്തയക്കാം. താങ്കളുടെ വിഷയത്തിൽ ശ്രദ്ധിക്കാൻ.”
പക്ഷേ ഉവൈസിൻ്റെ പ്രതികരണം ഇങ്ങനെയായിരുന്നു. “ജനങ്ങൾക്കിടയിൽ അപരിചിതനായി കഴിയാനാണ് ഞാൻ ആഗ്രഹിക്കുന്നത്.”
തൊട്ടടുത്ത കൊല്ലം കൂഫയിലെ പ്രമുഖരിൽ ചിലർ ഹജ്ജിനു വന്നു. ഉമർ ചോദിച്ചു:
“ഉവൈസിനെ എങ്ങനെയാണ് നിങ്ങൾ ഒടുവിൽ കണ്ടത് ?”
അവർ പറഞ്ഞു: “അദ്ദേഹത്തെ ഒരു അലങ്കോല വേഷത്തിലാണ് കണ്ടത്. യാതൊന്നും കൈവശമില്ല.”
അപ്പോൾ ഉമർ പറഞ്ഞു: “തിരുനബി പറഞ്ഞിട്ടുണ്ട്; കഴിയുമെങ്കിൽ നിങ്ങൾ അദ്ദേഹത്തെക്കൊണ്ട് പാപമോചനത്തിന് വേണ്ടി പ്രാർഥിക്കാൻ അപേക്ഷിക്കണമെന്ന്.”
