ഉവൈസുൽ ഖറനിയുടെ മാതാവ് ശാരീരികമായി ദുർബലയായിരുന്നു. ഭർത്താവിൻ്റെ വിയോഗം തീർത്ത വേദന ഒരുഭാഗത്ത്. അതോടൊപ്പം മാനസികമായ പ്രശ്നങ്ങളുമുണ്ടായിരുന്നു.
ഒരു വിധം മുന്നോട്ട് പോകവേ ഒരു ദിനം സ്ട്രോക്ക് വന്നു. കൈകാലുകൾ തളർന്നു. കണ്ണിൻ്റെ കാഴ്ചയാവട്ടെ പറ്റെ മങ്ങി. പിന്നെ ഒരേയൊരു കിടപ്പായി. പരാശ്രയമില്ലാതെ ഒന്നും ചെയ്യാൻ പറ്റാത്ത അവസ്ഥ. ഒറ്റത്തടിയായി ഉവൈസ് മാത്രമാണ് പരിചരണത്തിനുള്ളത്. ഉമ്മയുടെ എല്ലാ കാര്യങ്ങളും നോക്കണം. ഒരു സമയവും പിരിഞ്ഞു നിൽക്കാൻ വയ്യ. ഉമ്മ ചിലപ്പോൾ കിടന്നകിടപ്പിൽ മലമൂത്ര വിസർജ്ജനം നടത്തിയെന്നു വരും. അത് വൃത്തിയാക്കണം. ആവശ്യമായ ഭക്ഷണം ഉണ്ടാക്കണം. ഉമ്മയ്ക്ക് മരുന്ന് കൃത്യമായി നൽകണം. തളർവാതത്തിന് പരിഹാരമായി ഉഴിച്ചിൽ ചെയ്യണം. എല്ലാ ചുമതലയും ഉവൈസിൽ മാത്രമായി.
പിതാവ് നിർധനനായിരുന്നു. അതുകൊണ്ടുതന്നെ സമ്പാദ്യമൊന്നും ബാക്കിവെച്ചല്ല പോയത്. അധ്വാനിച്ച് വല്ലതും കൊണ്ടുവന്നാൽ മാത്രമേ തനിക്കും മാതാവിനും വിശപ്പടക്കാൻ കഴിയൂ. അതുകൊണ്ടുതന്നെ ഗോത്രത്തിലെ ചില പ്രമുഖരുടെ ആടുകൾ മേയ്ക്കുന്ന തൊഴിൽ ഉവൈസ് ഏറ്റെടുത്തു. പകൽ സമയത്ത് കുറച്ചുനേരം ആടുമേയ്ക്കാൻ മലകയറും.
ഉമ്മയ്ക്ക് അത്യാവശ്യമുള്ളതെല്ലാം ചെയ്തുകൊടുത്ത ശേഷമാണ് പോവുക. അയൽപക്കത്തോട് ഒന്ന് തിരിഞ്ഞുനോക്കാൻ പറയും. എങ്കിലും മനസ്സിൽ ആധിയാണ്. എന്തെങ്കിലും സംഭവിച്ചാൽ ഉമ്മ ഒറ്റയ്ക്കാണ്. ജോലി കഴിഞ്ഞു പെട്ടെന്ന് തിരികെ വരും. ഉമ്മയ്ക്കു വേണ്ടത് ആദ്യം ചെയ്തുകൊടുക്കും. കിട്ടുന്ന കൂലി കൃത്യമായി ഉപയോഗിച്ച് കാര്യങ്ങൾ മുന്നോട്ടു നീക്കും. ഈ തിരക്കിനിടയിൽ കിട്ടുന്ന ഇടവേളകളിൽ ഇസ്ലാമിനെക്കുറിച്ച് പഠിക്കാൻ ഉവൈസുൽ ഖറനി സമയം കണ്ടെത്തി. അതിനു പറ്റുന്നവരെ തേടിപ്പിടിച്ചു. പ്രത്യേകിച്ചും തിരുനബിയുടെ ചാരത്തുനിന്ന് വരുന്നവരെ കണ്ടെത്തും. പല മതപാഠങ്ങളും ഇതിനകം പഠിച്ചു.
ഇസ്ലാമിൽ വളരെ പ്രധാനമാണ് മാതാപിതാക്കളോടുള്ള കടമ. ഉവൈസ് തിരിച്ചറിഞ്ഞു; ഇസ്ലാമിൽ അതിന് അവാച്യമായ സ്ഥാനമുണ്ട്. അല്ലാഹുവിനെ ആരാധിക്കുക എന്ന ആജ്ഞയോട് ചേർത്താണ് മാതാപിതാക്കൾക്ക് ഗുണം ചെയ്യേണ്ടതിനെ ഖുർആൻ പരാമർശിച്ചിട്ടുള്ളത്. "അല്ലാഹുവിൽ പങ്കുചേർക്കാതിരിക്കുക, മാതാപിതാക്കൾക്ക് ഗുണം ചെയ്യുക." ഖുർആനിൻ്റെ മറ്റൊരു ആജ്ഞ. തിരുനബി മാതാവിനും പിതാവിനും നൽകുന്ന സ്ഥാനം വലുതായിരുന്നു. ഏറ്റവും കൂടുതൽ ഗുണം ചെയ്യേണ്ടത് ആർക്കാണെന്ന ചോദ്യത്തിന് മൂന്നു തവണയും പ്രവാചകൻ്റെ പ്രതികരണം ഉമ്മ എന്നായിരുന്നു. സ്വന്തം ഉമ്മയുടെ കാൽക്കീഴിൽ സ്വർഗ്ഗം ഉണ്ടെന്ന് ഉവൈസ് തിരിച്ചറിഞ്ഞു. അതുകൊണ്ടുതന്നെ ഉമ്മയ്ക്ക് ശാരീരികമായോ മാനസികമായോ ഒരു പ്രയാസവും വരുത്താതെ ശ്രദ്ധിച്ചു. താൻ ചെയ്യുന്ന കാര്യം ഒരേസമയം അല്ലാഹുവിന്റെയും പ്രവാചകന്റെയും പ്രീതി സമ്പാദിക്കാൻ പോന്നതാണ്. മനസ്സിൽ സന്തോഷം നിറഞ്ഞു. കാര്യമായി എങ്ങോട്ടും തിരിഞ്ഞില്ല. എവിടേക്കെങ്കിലും പോയാൽ ഉടൻ തന്നെ തിരിച്ചെത്തും. മാതാവിനെ പരിചരിക്കുന്ന വിഷയത്തിൽ നാട്ടുകാർക്കിടയിൽ ഇതിനകം ഒരു ഉപമയായി ഉവൈസ് മാറിക്കഴിഞ്ഞു.
പക്ഷേ ഉവൈസിന്റെ മനസ്സിനെ അലട്ടിക്കൊണ്ടിരുന്ന ഒരു പ്രധാന പ്രശ്നമുണ്ടായിരുന്നു. തിരുനബിയെ കാണുക എന്നതാണത്. തിരുനബിയുമായി ഒരു നിമിഷം സന്ധിച്ചാൽ തന്നെ അവിടുത്തെ സ്വഹാബി (ശിഷ്യ) പദവി കരസ്ഥമാക്കാം. അത് എല്ലാറ്റിനേക്കാളും മികച്ചുനിൽക്കുന്ന സ്ഥാനമാണ്. മനസ്സിനെ അനുനിമിഷം സംസ്കരിക്കുന്ന പ്രക്രിയ. ആ സമാദരണീയ സൗഹൃദം എങ്ങനെ സാധ്യമാകും? ഉമ്മയെ വിട്ടു പോകണം. പക്ഷേ അത് നടക്കില്ല. മറ്റൊരാളെ പരിചരണത്തിന് കിട്ടുക എന്നതും നിലവിലെ സാഹചര്യത്തിൽ പ്രയാസമാണ്. അഥവാ കിട്ടിയാൽ തന്നെ ഉമ്മയ്ക്ക് പറ്റിക്കൊള്ളണമെന്നില്ല.
ഉവൈസ് തന്റെ മനസ്സിനെ സ്വയം പാകപ്പെടുത്തി. ഉമ്മയെ പരിചരിക്കുക. അതിനാകട്ടെ മുഖ്യ പ്രാധാന്യം. എപ്പോഴെങ്കിലും സമയം കിട്ടുമ്പോൾ തിരുനബിയെ കാണാം.
