ടോളമി യമനിനെ വിശേഷപ്പിക്കുന്നത് 'സന്തുഷ്ട അറേബ്യ, ‘ഫലഭൂയിഷ്ഠ അറേബ്യ’ എന്നെല്ലാമാണ്. കാരണം വ്യക്തം. മധ്യപൂർവ ദേശത്തിലെ പുരാതന നഗരമാണിത്. വിവിധ സംസ്കാരങ്ങളുടെ സംഗമഭൂമിക. തിരുനബി കാലത്ത് യമൻ വിഗ്രഹപൂജ പഥ്യമായി കണ്ട രാജ്യമായിരുന്നു. ഏകദേശം എ.ഡി 630 ലാണ് ഇസ്ലാമിൻ്റെ വെളിച്ചം യമനിനെ തഴുകിയെത്തുന്നത്. പ്രമുഖരായ പ്രവാചകാനുചരർ യമനിലിലേക്ക് പ്രബോധകരായി വന്നു. തിരുനബി തന്നെയായിരുന്നു അവരെയൊക്കെ നിയോഗിച്ചത്. അലി, മുആദുബ്ൻ ജബൽ, അബൂമൂസൽ അശ്അരി തുടങ്ങിയവർ ആ ഗണത്തിൽ പെടുന്നു. അബൂമൂസൽ അശ്അരി അടിസ്ഥാനപരമായി യമനിയാണ്. തിരുനബിയെ മക്കത്ത് വന്നു കണ്ടു. ഇസ്ലാം ആശ്ലേഷിക്കുകയും യമനിൽ പോയി ഇസ്ലാമിക പ്രബോധന പ്രവർത്തനങ്ങളിൽ ഏർപ്പെടുകയും ചെയ്തു. പാരമ്പര്യത്തോട് ഒട്ടിച്ചേർന്ന് തന്നെയാണ് ഉവൈസുൽ ഖറനിയുടെ ഗോത്ര സമൂഹവും മുന്നോട്ടുപോകുന്നത്.
ഇസ്ലാം എത്തുന്നതിന്റെ ഏകദേശം 36 വർഷങ്ങൾക്കു മുമ്പാണ് ഉവൈസിന്റെ ജനനം. പിതാവ് ആമിറുബ്ൻ ജസ്ഉബ്ൻ മാലിക്. പിതാവ് ഗോത്രത്തിൽ സീകൃതനായിരുന്നു. പാരമ്പര്യ ശൈലികളെ പുണർന്നു പോകുന്ന ആൾ. അധികം വൈകാതെ അദ്ദേഹം മരണപ്പെട്ടു. മാതാവ് മാത്രമായി ഉവൈസിന് തുണ. ഉവൈസ് ഒരിക്കലും ഉയർന്നു ചിന്തിച്ചില്ല. നാട്ടിൻപുറത്ത് മാത്രം ചുറ്റിക്കറങ്ങി. മറുലോകത്തേക്ക് കണ്ണും കാതും പായിക്കാൻ ശ്രദ്ധിച്ചിരുന്നില്ല. ഒതുങ്ങിയുള്ള ജീവിതം. കളിക്കൂട്ടുകാരോ സുഹൃത്തുക്കളോ കൂടുതലില്ല. എല്ലാവരിൽ നിന്നും അകന്ന് മൂകതയുടെ മൂടുപടമണിഞ്ഞു നീങ്ങാനിഷ്ടപ്പെട്ടു. അദ്ദേഹത്തിൻ്റെ മനസ്സ് പ്രത്യേകമായ ഒരു വികാരത്തിൽ ചലിച്ചു. നിർവചിക്കാൻ കഴിയാത്ത എന്തോ ഒന്നിനെ സ്വയം തേടുന്ന പോലെ.
അങ്ങനെയിരിക്കയാണ് ഇസ്ലാം യമനിലെത്തുന്നത്. പലരും സത്യമതം പുൽകി. ഉവൈസിന്റെ ശ്രദ്ധയിലും പെട്ടു പുതിയ മതത്തിന്റെ വിളിയാളം. തൻ്റെ മനസ്സിൻ്റെ ചോദ്യങ്ങൾക്ക് ഉത്തരം കിട്ടും എന്ന വിചാരത്തിൽ അദ്ദേഹവും ഇസ്ലാം പുൽകി. എതിർപ്പ് പ്രകടിപ്പിക്കാൻ ആരുമുണ്ടായിരുന്നില്ല. അല്ലാഹുവിനെ അറിഞ്ഞു. തിരുനബിയെക്കുറിച്ച് മനസ്സിലാക്കി. മനസ്സ് ഇതോടെ സമാശ്വാസത്തിലേക്ക് നീങ്ങി. പുതിയ മതത്തെക്കുറിച്ച് കൂടുതലായി പഠിക്കാൻ ആഗ്രഹിച്ചു. അനിവാര്യമാണത്. പക്ഷേ യമൻ വിട്ടുപോയി പഠിക്കാനുള്ള സാഹചര്യം ഇപ്പോഴില്ല. കാരണം മാതാവ് ഒറ്റയ്ക്കാണ്. മാതാവിനെ പരിചരിക്കുന്നത് മുടങ്ങിക്കൂടാ. യമനിൽ കിട്ടാവുന്ന സ്രോതസ്സുകളിൽ നിന്ന് പരമാവധി പഠിക്കുക തന്നെ. അതിനായി പിന്നീട് ശ്രമം. പഠനശ്രമം ഏറെക്കുറെ വിജയിച്ചു. കുറെ പഠിക്കുന്നതിൽ അല്ല, പഠിച്ചത് പ്രാവർത്തികമാക്കുന്നതിലാണ് കാര്യം.
ഉവൈസിന്റെ ചിന്തകൾ നേർരേഖ തെറ്റാതെ നീങ്ങി. ഇസ്ലാമിൻ്റെ പ്രത്യേകത നമ്മുടെ ജീവിത ലക്ഷ്യം അവതരിപ്പിക്കുന്നു എന്നതാണ്. പാരത്രിക ലോകത്തെക്കുറിച്ചാണ് ഇസ്ലാമിൽ നിന്ന് അറിവുകൾ നുകരേണ്ടത്. അതിനുവേണ്ടിയാണ് ചിന്തിക്കേണ്ടതും പ്രവർത്തിക്കേണ്ടതും. ഉവൈസ് ആത്മഗതം ചെയ്തുകൊണ്ടിരുന്നു.
