ഉവൈസിന്റെ മനസ്സുനിറയെ മദീനയാണ്. മദീനയിൽ നിന്ന് ആരു വന്നാലും അവരെ സന്ദർശിക്കും. എല്ലാ ദിവസവും ഖറൻ ടൗണിലെത്തി ചോദിക്കും. “ഇന്ന് മദീനയിൽ നിന്ന് ആരെങ്കിലും വന്നിട്ടുണ്ടോ?” ഉണ്ടെന്നു പറഞ്ഞാൽ തിരുനബിയെക്കുറിച്ചുള്ള അന്വേഷണമായി. അയാളുടെ അടുത്ത് ചെല്ലും. കൺതടത്തിൽ മുത്തമർപ്പിക്കും. തിരുനബിയെ കണ്ട നേത്രങ്ങളാണ്. പുണ്യം ചെയ്ത നേത്രങ്ങൾ. തിരുദൂതൻ്റെ വിശേഷങ്ങൾ കേൾക്കാൻ ഉവൈസിന് ആയിരം കാതാണ്. ആഗതർ പറയുന്നതെല്ലാം കേട്ട് നിർവൃതിയടയും. കണ്ണുകൾ സജലങ്ങളാകും. നാട്ടുകാർക്ക് ഒരു സ്ഥിരം കാഴ്ചയാണിത്. പക്ഷേ അവരിതിൽ കണ്ടതും ഒരുതരം ഭ്രാന്തായിരുന്നു.
മദീനയിലെ വൃത്താന്തങ്ങൾ അനുദിനമെന്നോണം ഉവൈസ് അറിഞ്ഞു കൊണ്ടിരുന്നു. തിരുനബിയുടെയും അനുചരരുടെയും ത്യാഗ ബോധം അദ്ദേഹത്തെ ത്രസിപ്പിച്ചു. ശത്രുക്കൾ ശക്തരാണ്. മദീനയിലെത്തിയ നബിയെയും കൂട്ടുകാരെയും വിടാതെ പിന്തുടരുന്നുണ്ട്. പല സൈനിക നീക്കങ്ങളും നടന്നുകൊണ്ടിരിക്കുന്നു. എല്ലാം കേൾക്കുമ്പോൾ മനസ്സ് വേദനിക്കും. രണ്ട് കാര്യങ്ങളോർത്താണ് സങ്കടം. ഒന്ന് തിരുനബിയോടൊപ്പം നേരിട്ട് ചേർന്ന് പ്രവർത്തിക്കാൻ കഴിയാത്തതിൽ. രണ്ടാമത്തേത് പുന്നാര നബിക്ക് വല്ലതും പറ്റുമോ എന്ന ആധി. താൻ നബിയെ കണ്ടിട്ടില്ല, നബിയോടുള്ള പ്രണയം ഹൃത്തിൽ അലയടിക്കുകയാണ്. നബിക്ക് വല്ലതും പറ്റിയാൽ അത് അസഹിനീയം തന്നെ. തിരുനബിക്ക് വല്ല പോറലും പറ്റിയാൽ സമാന പോറൽ താനും ശരീരത്തിൽ ഉണ്ടാക്കും. തിരുപല്ല് പൊട്ടിയാൽ തൻ്റെ പല്ലു പൊട്ടിക്കും. തിരുനെറ്റിയിൽ മുറിവേറ്റാൽ തൻ്റെ നെറ്റിയിലും മുറിവേൽപ്പിക്കും. തിരുശരീരത്തിൽ ചവിട്ടേറ്റാൽ തൻ്റെ ശരീരത്തിനും ചവിട്ടേൽപിക്കും. ഇങ്ങനെ പോയി ഉവൈസിന്റെ ആത്മഗതം; ഒരു പ്രണയിയോടുള്ള അടങ്ങാത്ത അനുരാഗം പോലെ.
അങ്ങനെയിരിക്കെയാണ് ഉഹ്ദ് യുദ്ധം വരുന്നത്. ഉഹ്ദ് യുദ്ധാരംഭത്തിൽ എന്തെല്ലാമോ പതർച്ച സംഭവിച്ച വിവരം ഉവൈസ് നേരത്തെ അറിഞ്ഞിരുന്നു. അതിനെത്തുടർന്ന് കൂടിയായിരുന്നു അദ്ദേഹത്തിൻ്റെ ആത്മഗതങ്ങൾ. പക്ഷേ കൃത്യമായ അറിവ് ലഭിച്ചത് വൈകിയാണ്. തിരുനബിയുടെ മുൻപല്ല് പൊട്ടിയിരിക്കുന്നു. അല്ലാഹ്!...... ഉവൈസിന് സഹിക്കാൻ കഴിയുമായിരുന്നില്ല. അദ്ദേഹം ഒരു കല്ലെടുത്തു. നബിക്കില്ലാത്ത പല്ല് എനിക്ക് വേണ്ട എന്ന് പറഞ്ഞു സ്വന്തം പല്ല് കുത്തിപ്പൊട്ടിച്ചു താഴെയിട്ടു. ഉവൈസിന്റെ ചെയ്തി നാട്ടിൽ പാട്ടായി. ആളുകൾക്കിത് ന്യായീകരിക്കാൻ കഴിയുമായിരുന്നില്ല. ഉവൈസിൻ്റെ ന്യായീകരണം വ്യക്തം. തിരുനബിയോടുള്ള അടങ്ങാത്ത മഹബ്ബത്ത്. അതിൽ ആക്ഷേപകന്റെ ആക്ഷേപം അപ്രസക്തം.
അവർ വീണ്ടും ഉവൈസിൻ്റെ മാനസിക വിഭ്രാന്തിയെ സ്ഥിരീകരിച്ചു. ഇതിനിടയിൽ ശാരീരികമായ ഒരു പരീക്ഷണത്തിന് ഉവൈസ് വിധേയനായി. തന്റെ ശരീരത്തിൽ വെളുത്ത പാടുകൾ ബാധിച്ചു. വെള്ളപ്പാണ്ടിന് സമാനം. ചില ചികിത്സകളെല്ലാം ചെയ്തു നോക്കി. പക്ഷേ വിജയം കണ്ടില്ല. ഒടുവിൽ ഉവൈസ് അല്ലാഹുവിൽ എല്ലാം അർപ്പിച്ചു. പ്രാർഥിക്കാൻ തീരുമാനിച്ചു. പ്രാർഥനയേക്കാൾ വലിയ മരുന്നില്ല. പ്രാർഥനയാണ് വിശ്വാസിയുടെ ആയുധമെന്ന് തിരുനബി പഠിപ്പിച്ച വിവരം ഉവൈസിനറിയാം. അദ്ദേഹം കരമുയർത്തി. അല്ലാഹുവിനോട് ഭക്തിയോടെ കേണു. പക്ഷേ അപ്പോഴും അദ്ദേഹം പ്രാർഥനയിൽ ഇങ്ങനെ കുടിച്ചേർത്തു. "അല്ലാഹുവേ നിന്റെ അനുഗ്രഹത്തെ എന്നുമോർക്കാൻ പാകത്തിന് എൻ്റെ ശരീരത്തിൽ കുറച്ചു പാണ്ട് ബാക്കി വെക്കണേ!"
പ്രാർഥനയ്ക്ക് ഉടനടി ഉത്തരം ലഭിച്ചു. അസുഖം മാറി. ഒരു ദിർഹമിന്റെ വട്ടത്തിൽ മാത്രം പാണ്ട് മാറാതെ കിടന്നു. ഉവൈസിന് സന്തോഷമായി. അത് കാണുമ്പോൾ അല്ലാഹുവിൻ്റെ അനുഗ്രഹം ഓർക്കാമല്ലോ. അല്ലെങ്കിലും തനിക്കുവേണ്ടി പ്രാർഥിച്ചതല്ല. ജനങ്ങൾക്ക് തൻ്റെ പാണ്ട് കാണുമ്പോൾ അറപ്പ് തോന്നേണ്ട എന്ന് കരുതി പ്രാർഥിച്ചതാണ്. ഉള്ള ജോലിയും അസുഖം കാരണം വിനഷ്ടമാകരുത്. മദീനയിൽ നിന്ന് ആഗമിക്കുന്നവരെ സന്ദർശിക്കാനുള്ള വഴിയും മുടങ്ങരുത്.
ഉവൈസിന്റെ അസുഖം ഭേദമായത് നാട്ടുകാർ മനസ്സിലാക്കി. പക്ഷേ ഒരു ദിർഹമിന്റെ വട്ടത്തിൽ മാത്രം അവശേഷിച്ചത് അവർക്ക് കൗതുകമായി. അവൻ്റെ തന്നെ പ്രാർഥനയുടെ ഫലമാണ് അസുഖം മാറിയതെന്ന് ചിലർ അഭിപ്രായപ്പെട്ടു. അപ്പോൾ മറ്റു ചിലരുടെ കമൻ്റ്, “അങ്ങനെയാണെങ്കിൽ ഒരു നാണയത്തിന്റെ വട്ടത്തിൽ മാത്രം ബാക്കി നിന്നത് എന്തിന്?”
അവർക്ക് ഉവൈസിനെയോ ഉവൈസിന്റെ മനസ്സിനെയോ തിരിച്ചറിയാനുള്ള വെളിച്ചമുണ്ടായിരുന്നില്ല. ഉവൈസാകട്ടെ അവരിൽനിന്ന് അകന്നു ജീവിക്കാനും താല്പര്യപ്പെട്ടു.
