ഒരു ആത്മജ്ഞാനി തൻ്റെ അനുഭവം വിശദീകരിക്കുന്നത് ഇങ്ങനെ: “ഞാൻ ഇറാഖിൽ നിന്ന് മക്കയും മദീനയും ലക്ഷ്യമാക്കി നീങ്ങി. ഒരു സംഘത്തിൻ്റെ കൂടെയാണ് യാത്ര. ഞങ്ങളുടെ കൂടെ ഇറാഖിൽ നിന്നുള്ള ഒരു അപരിചിതൻ ഉണ്ടായിരുന്നു. അദ്ദേഹത്തിൻ്റെ തലമുടി ചുവന്നിട്ടാണ്. മഞ്ഞനിറത്തിൽ ഒരു മനുഷ്യൻ. മുഖത്തെ രക്തവർണ്ണമെല്ലാം വറ്റിയിരിക്കുന്നു; കഠിനമായ ആരാധനകൾ കൊണ്ടാണെന്ന് തോന്നും. ഒരുപാട് കഷണം വെച്ച് തുന്നിയ വസ്ത്രമാണ് ധരിച്ചിട്ടുള്ളത്.
കയ്യിൽ ഒരു വടിയുണ്ട്. ഭക്ഷണം വയ്ക്കുന്ന ഒരു പാത്രവും. അത്രമാത്രം. മറ്റൊന്നുമില്ല. കൂടെ യാത്ര ചെയ്യുന്ന ആർക്കും അദ്ദേഹത്തെ പരിചയമില്ല. അവർ ചോദിച്ചു: “താൻ ഒരു അടിമയാണോ ?”
അയാൾ പറഞ്ഞു: “അതെ.”
“തനിക്ക് ഉടമസ്ഥൻ ഉണ്ടോ?” “ഉണ്ട്.”
“താൻ യജമാനനെ വെട്ടിച്ച് ഓടിപ്പോകുന്ന ചീത്ത അടിമയാണെന്ന് തോന്നുന്നു ?” അവർ സന്ദേഹം പ്രകടിപ്പിച്ചു. അദ്ദേഹം അതേ എന്ന് മൊഴിഞ്ഞു. “എടോ യജമാനനിൽ നിന്ന് ഒളിച്ചോടുന്ന നീ എന്നെങ്കിലും അദ്ദേഹത്തിന്റെ അരികിലേക്ക് ചെന്നാൽ എന്തായിരിക്കും അവസ്ഥ. അദ്ദേഹത്തിൻ്റെ മുമ്പിൽ നീ എങ്ങനെ നിൽക്കും ?”
“അതേ, അല്ലാഹുവിനെ തന്നെ സത്യം. ഞാൻ ഏറ്റവും മോശപ്പെട്ട അടിമയാണ്. എനിക്ക് വീഴ്ച പറ്റിയിരിക്കുന്നു. ഞാൻ അവനെ അനുസരിച്ചിരുന്നെങ്കിൽ ഈ ഗതി വരില്ലായിരുന്നു.” അയാൾ സങ്കടപ്പെട്ടു. അനന്തരം അയാൾ കരയാൻ തുടങ്ങി. ശ്വാസം നിലച്ചുപോകുമാറുള്ള കരച്ചിൽ . ഇത് കണ്ട് സഹയാത്രികർക്ക് അലിവ് തോന്നി.
എന്നാൽ കൂട്ടത്തിൽ ചിലർ കല്ലെറിഞ്ഞു ഓടിക്കാൻ ശ്രമിച്ചു. അവർ കരുതിയത് അദ്ദേഹം യഥാർഥത്തിൽ ഒരു അടിമയാണ് എന്നാണ്. യജമാനനെ വെട്ടിച്ചു കൂടെപ്പോരുന്ന അടിമ തങ്ങളുടെ യാത്രയ്ക്ക് അപശകുനമാണെന്ന് അവർ കരുതി. കാരണം അതൊരു തെറ്റാണല്ലോ. എന്നാൽ ആ അപരിചിതൻ ഉദ്ദേശിച്ചത് താൻ അല്ലാഹുവിന്റെ അടിമയാണ് എന്നായിരുന്നു; അദ്ദേഹത്തിൻ്റെ മട്ടും ഭാവവും കണ്ടപ്പോൾ എനിക്കങ്ങനെയാണ് തോന്നിയത്. അപ്പോൾ കൂട്ടത്തിൽ ഒരാൾപറഞ്ഞു: “താൻ പേടിക്കണ്ട. ഞാൻ തന്റെ യജമാനനോട് പറഞ്ഞ് അഭയം വാങ്ങിത്തരാം. യജമാനന്റെ അരികിലേക്ക് തിരിച്ചു ചെല്ലാൻ നീ തീരുമാനിക്കുക. നന്നായി പശ്ചാത്തപിക്കുക.”
അയാൾ അതംഗീകരിച്ചു.
"ഞാൻ മടങ്ങിച്ചെല്ലും. യജമാനെൻ്റെ മാപ്പ് ഞാൻ ആഗ്രഹിക്കുന്നു.” അവർ വീണ്ടും യാത്ര തുടർന്നു. തിരു നബിയുടെ അന്ത്യവിശ്രമകേന്ദ്രം സന്ദർശിക്കുകയാണ് ലക്ഷ്യം. സംഘം നീങ്ങി. അയാളും കൂടെയുണ്ട്. രാത്രിയായി. അവർ ഒഴിഞ്ഞ സ്ഥലത്ത് വിശ്രമിക്കാൻ ഇറങ്ങി. ശക്തമായ മഴയും തണുപ്പും ഉള്ള രാത്രിയായിരുന്നു അത്.
എല്ലാവരും ചെറിയ തമ്പുകളുണ്ടാക്കി അതിലേക്ക് ചുരുണ്ടു. അയാൾക്ക് മാത്രം തമ്പുണ്ടായിരുന്നില്ല. അയാൾ ആരോടും ഒന്നും ചോദിച്ചതുമില്ല. ഇഹലോകത്തിന്റെ കാര്യത്തിൽ ആരോടും ഒന്നും ചോദിക്കേണ്ട എന്ന് സ്വയം ശപഥം ചെയ്ത പോലെ തോന്നി. അദ്ദേഹത്തിൻ്റെ ആവശ്യങ്ങളെല്ലാം അല്ലാഹുവിലേക്ക് മാത്രമായിരുന്നു. രാത്രി തണുപ്പ് ശക്തമായി. ശരീരത്തിന് മേൽ പുതക്കാൻ പോലും ഒന്നുമുണ്ടായിരുന്നില്ല. അയാളുടെ അവയവങ്ങൾ കഠിന തണുപ്പുകൊണ്ട് വിറങ്ങലിച്ചു. തണുപ്പ് താങ്ങാൻ കഴിയാതെ ആ മനുഷ്യൻ രാത്രിയുടെ ഏതോ യാമത്തിൽ മരണത്തിന് കീഴടങ്ങി.
നേരം വെളുത്തു. യാത്രാ സംഘം സഞ്ചാരം തുടരാൻ തീരുമാനിച്ചു. അയാളെ വിളിച്ചു. പക്ഷേ എണീക്കുന്നില്ല. അനക്കി നോക്കിയപ്പോൾ ആ മനുഷ്യൻ മരിച്ചിരിക്കുന്നു. "കൂട്ടുകാരേ, ഓടിപ്പോന്ന അടിമ മരിച്ചിരിക്കുന്നു. ഇയാളെ മറവ് ചെയ്യാതെ നാം യാത്ര തുടരുന്നത് ശരിയല്ല." അയാൾ വിളിച്ചു പറഞ്ഞു. അപ്പോൾ അവർ പ്രതികരിച്ചു: “നാം എന്തു ചെയ്യും? നമ്മുടെ യാത്ര വൈകില്ലേ.”കൂട്ടത്തിൽ ഒരാൾ പറഞ്ഞു: “ഇയാൾ യജമാനനിലേക്ക് മടങ്ങാൻ തീരുമാനിച്ചവനാണ്. പശ്ചാത്തപവും ഖേദവും അയാൾക്കുണ്ടായിരുന്നു. അതുകൊണ്ട് നമുക്ക് ഇദ്ദേഹത്തെ മാന്യമായി മറവ് ചെയ്യണം. അക്കാരണം കൊണ്ട് അല്ലാഹു നമുക്ക് ഗുണം ചെയ്യും. അദ്ദേഹത്തിന്റെ തൗബ അവൻ സ്വീകരിച്ചിട്ടുണ്ടാകും. മറവുചെയ്യാതെ നാം ഉപേക്ഷിച്ചു പോവുകയാണെങ്കിൽ അല്ലാഹു നമ്മെ ചോദ്യം ചെയ്യുമെന്ന് ഭയക്കണം, അതുകൊണ്ട് ഒരു കുഴിയെടുക്കും വരെ ക്ഷമിക്കുക. മറമാടിയതിനു ശേഷം നമുക്ക് പെടുന്നനെ നീങ്ങാം.”
അപ്പോൾ അവർ പറഞ്ഞു: “അതിന് ഇവിടെ എവിടെയാണ് സൗകര്യം ? വെള്ളമില്ലാത്ത സ്ഥലമാണിത്. നമ്മുടെ കൈവശം ഇയാളെ കുളിപ്പിക്കാൻ മാത്രമുള്ള വെള്ളവുമില്ല. ആരെയെങ്കിലും കണ്ടാൽ അന്വേഷിക്കാമായിരുന്നു.” അയാൾ അഭിപ്രായപ്പെട്ടു.
അതിനിടയിൽ ഒരു ഗൈഡിനെ കണ്ടുമുട്ടി. അദ്ദേഹംപറഞ്ഞു: “ഒരു മണിക്കൂർ സഞ്ചരിച്ചാൽ മാത്രമേ വെള്ളം കിട്ടൂ. നിങ്ങൾ ഒരു പണി ചെയ്യൂ. എന്റെ കൂടെ ഒരാളെ പറഞ്ഞയക്കൂ. വെള്ളം ഞാൻ കാണിച്ചു കൊടുക്കാം.” അവർ ബക്കറ്റ് നൽകി ഒരാളെ കൂടെ വിട്ടു. രണ്ടുപേരും യാത്രാ സംഘത്തെ വിട്ടു കടന്നതും തൊട്ടുമുമ്പിലതാ ഒരു കൊച്ചരുവി. ഗൈഡ് അത്ഭുതപ്പെട്ടു. ഇവിടെ വെള്ളമുള്ള സ്ഥലമല്ല. ഇതിന് തൊട്ടടുത്തുപോലും വെള്ളമില്ല. ഈ അരുവി എങ്ങനെ രൂപപ്പെട്ടു എന്നറിയില്ല. അവർ വെള്ളമെടുത്തു. നീങ്ങി. ഇനി വെള്ളം ചൂടാക്കണം. ശക്തമായ തണുപ്പാണ്. അതിനു വേണ്ടി അവർ വിറക് ശേഖരിച്ച് വന്നതും വെളളമതാ സ്വയം തിളച്ചു മറിയുന്നു. ഇതോടെ അവരുടെ അൽഭുതം ശതഗുണീഭവിച്ചു.
അവർ ആ ജനാസയെ (മൃതശരീരത്തെ ) പേടിയോടെയും ബഹുമാനത്തോടെയും കണ്ടു. അവർ പരസ്പരം പറഞ്ഞു: "ഈ അടിമ നിസ്സാരക്കാരനല്ല. ഇയാളുടെ പിന്നിൽ എന്തോ നന്മയുടെ ചരിത്രമുണ്ട്."
അനന്തരം മറമാടാൻ വേണ്ടി അവർ കുഴിയെടുക്കാൻ ഒരുങ്ങിയതും മണ്ണ് വെണ്ണ പോലെ അലിഞ്ഞിരിക്കുന്നു. വെള്ള കസ്തൂരിയുടെ ഗന്ധം വമിച്ച് കൊണ്ടിരിക്കുന്നു. അത്രയും ശക്തമായ സുഗന്ധം അവർ ആസ്വദിച്ചിട്ടേയില്ല. ഇതോടെ അവരുടെ ഭയവും ആശങ്കയും സന്ദേഹവും വർദ്ധിച്ചു. അവർ ഉടൻ ഒരു ടെന്റ് പണിതു. അതിലേക്ക് മൃതദേഹം പ്രവേശിപ്പിച്ചു. കുളിപ്പിക്കാൻ നിന്നതും സംഘത്തിലെ ഓരോരുത്തരും ഞാൻ കുളിപ്പിക്കാം എന്ന് പറഞ്ഞു മാത്സര്യബുദ്ധി കാണിച്ചു.
തങ്ങളുടെ മുമ്പിൽ മരിച്ചു കിടക്കുന്നത് വലിയ മഹാനാണെന്ന് അവർ തിരിച്ചറിഞ്ഞ നിമിഷമായിരുന്നു അത്. ഒടുവിൽ എല്ലാവരും ഒന്നിച്ചു കുളിപ്പിക്കാൻ തീരുമാനിച്ചു. കൂട്ടത്തിൽ ഒരു കാര്യം അവർ മറന്നില്ല. ആ അപരിചിതന്റെ പൂർണ്ണമായ ഗുണഗണങ്ങൾ പ്രത്യേകം നോട്ട് ചെയ്തു വെക്കാൻ. നാട്ടിലെത്തിയാൽ അയാളെക്കുറിച്ച് അന്വേഷണം നടത്തണം; ആർക്കെങ്കിലും അറിയുമായിരിക്കും. അവർ മനസ്സിൽ കണ്ടു.
മൃതദേഹം കഫൻ ( തുണി കൊണ്ട് പൊതിഞ്ഞ് കെട്ടുക) ചെയ്യാൻ വേണ്ടി അവർ ശ്രമിച്ചതും സ്വർഗ്ഗീയമെന്ന് തോന്നിക്കുന്ന കഫൻപുട അവിടെ ഹാജരായിരിക്കുന്നു. അൽഭുതം തന്നെ. സമാനമായ കഫൻ പുടവ ഇന്നുവരെ അവർ കണ്ടിട്ടില്ല. സുഗന്ധം അതിൽ തന്നെയുണ്ട്. അവരുടെ നാസികാധ്വാനങ്ങളെ സുഗന്ധം ശ്വാസം മുട്ടിച്ചു.
അയാളുടെ നെറ്റിയിൽ കസ്തൂരിയുടെ മുദ്ര പതിഞ്ഞിരിക്കുന്നു. അതുപോലെ കാൽപാദങ്ങളിലും കാണുന്നു മുദ്രകൾ. അവർക്ക് അത്ഭുതം അടയ്ക്കാനായില്ല. “എല്ലാം അല്ലാഹുവിൻ്റെ കഴിവ് കൊണ്ട് മാത്രം." ഈ മനുഷ്യനെ അല്ലാഹു തന്നെ കഫൻ ചെയ്തിരിക്കുന്നു എന്നാണ് തോന്നുന്നത്. പടപ്പുകളുടെ കഫൻ ഇദ്ദേഹത്തിന് ആവശ്യമില്ല. നാം അല്ലാഹുവിൽ നിന്ന് ഈ നല്ല ദാസൻ വഴി സ്വർഗം ആഗ്രഹിക്കുക. അവർ അദ്ദേഹത്തോട് പെരുമാറിയതോർത്ത് കഠിനമായി ഖേദിച്ചു. കഴിഞ്ഞ രാത്രി ഒറ്റയ്ക്ക് നാം ഇദ്ദേഹത്തെ ഉപേക്ഷിച്ചിട്ടത് ശരിയായില്ല. ഇദ്ദേഹം മരിക്കാൻ അത് കാരണമായി. അവർ പരസ്പരം സങ്കടം പറഞ്ഞു.
ഒടുവിൽ അവർ അദ്ദേഹത്തിന്റെ മൃതശരീരം ചുമന്നു. മറവുചെയ്യാനായി എടുത്തു. നിസ്കരിക്കാൻ വേണ്ടിനിന്നു. നിസ്കരിക്കാൻ ആരംഭിച്ചപ്പോൾ മാനലോകത്തിൽ നിന്ന് തക്ബീർ (അല്ലാഹു അക്ബർ എന്ന് പറയുന്നതിനെയാണ് തക്ബീർ എന്ന് വിളിക്കുന്നത്) മുഴങ്ങുന്നത് പോലെ അവർക്ക് തോന്നി. കിഴക്കു നിന്നും പടിഞ്ഞാറോട്ടും തക്ബീറിന്റെ ധ്വനികളലയ്ക്കുന്നു. അവരുടെ ഹൃദയങ്ങൾ പിടച്ചു. കണ്ണുകൾ സജലങ്ങളായി. പരിഭ്രമം കാരണം എങ്ങനെയാണ് നിസ്കാരം അവസാനിപ്പിച്ചത് എന്ന് പോലും അറിയാത്ത അവസ്ഥ അവർക്കുണ്ടായി.
അവർ അദ്ദേഹത്തെ ചുമന്നു മറവ് ചെയ്യാനായി കൊണ്ടുപോയി. ഞൊടിയിടയിൽ മറവു ചെയ്തു. കൂഫയിൽ തിരിച്ചെത്തിയ അവർ പള്ളിയിൽ പ്രവേശിച്ച് അയാളുടെ ഗുണഗണങ്ങൾ അവതരിപ്പിച്ചു. അപ്പോഴാണ് മനസ്സിലായത്. അത് ഉവൈസുൽ ഖറനിയായിരുന്നുവെന്ന്. കഥ കേട്ടതും കൂഫയിലെ പള്ളി ജനങ്ങളുടെ കരച്ചിൽ കൊണ്ട് ശബ്ദമുഖരിതമായി. ഉവൈസുൽ ഖറനിയുടെ വിയോഗവുമായി ബന്ധപ്പെട്ട ഒരു അഭിപ്രായമാണിത്.
പല അഭിപ്രായങ്ങളും ഈ വിഷയത്തിൽ ഉയർന്നു കേൾക്കുന്നുണ്ട്. ഹിജ്റ 37 ൽ സ്വിഫ്ഫീൻ യുദ്ധത്തിൽ രക്തസാക്ഷിയായി എന്നതാണ് കൂട്ടത്തിൽ ഒന്ന്. അർമേനിയ അതിർത്തിയിലേക്ക് യുദ്ധാവശ്യാർത്ഥം നീങ്ങവേ വയറ് സംബന്ധമായ അസുഖം ഉണ്ടായി എന്നും സഹയാത്രികർ ഒരു തമ്പു പണിത് അദ്ദേഹത്തെ ചികിത്സയ്ക്കവേ മരണപ്പെട്ടു എന്നും അഭിപ്രായമുണ്ട്. കുഴിയെടുത്ത് അവർ മറവ് ചെയ്യാൻ നിന്നപ്പോൾ അദ്ദേഹത്തിൻ്റെ ബാഗിൽ നിന്ന് രണ്ടു തുണികൾ ലഭിച്ചു. അത് ഇഹലോകത്തിലെ തുണികൾക്ക് സമാനമായിരുന്നില്ല എന്നും അതിൽ പൊതിഞ്ഞാണ് മറവുചെയ്തത് എന്നും മറവ് ചെയ്തയുടനെ മറ്റൊന്നും കാണാൻ കഴിയാത്ത അവസ്ഥയുണ്ടായി എന്നും ദൃക്സാക്ഷികൾ പറഞ്ഞതായി കാണാം.
മറ്റൊരു അഭിപ്രായം അസർബൈജാൻ പോരാട്ടം കഴിഞ്ഞ് മടങ്ങവേ രോഗബാധിതനായി മരിച്ചു എന്നാണ്. അവിടെയും അത്ഭുതങ്ങൾ ദൃശ്യമായതായി വിവരണമുണ്ട്.
അടക്കം ചെയ്യുന്നതിന് കുഴിയെടുത്തിരിക്കുന്നു. കസ്തൂരി ഗന്ധമുളള വെള്ളവും കഫൻ പുടവയും പഞ്ഞിയും സജ്ജമായിരിക്കുന്നു. കുളിപ്പിച്ച് നിസ്കരിച്ചു. മറവ് ചെയ്തു. കുഴിമാടത്തിനു മുകളിൽ അടയാളം വച്ചു. പിന്നീട് തിരിച്ചു വന്നപ്പോൾ കുഴിമാടത്തിന്റെ ഒരു അടയാളവും കാണാൻ കഴിയാത്ത അവസ്ഥ ഉണ്ടായത്രേ.
ഹരിമുബ്നു ഹയ്യാനിൽ നിന്നുള്ള വിവരണമനുസരിച്ച് ഡമസ്കസിൽ വച്ച് ഉവൈസ് മരിച്ചു എന്നാണ്. മരണാനന്തരം അദ്ദേഹത്തിൻ്റെ ബാഗിൽ നിന്ന് രണ്ടു തുണികൾ ലഭിച്ചു. ഒന്നിൽ രേഖപ്പെടുത്തിയിരുന്നത് "കാരുണ്യവാനായ അല്ലാഹുവിൽ നിന്ന് ഉവൈസുൽ ഖറനിക്കുള്ള നരകമോചന അറിയിപ്പ്" എന്നായിരുന്നു. രണ്ടാമത്തതിൽ "ഇത് സ്വർഗത്തിൽ നിന്നും ഉവൈസിനുള്ള കഫനാകുന്നു"എന്നും.
ഉവൈസുൽ ഖറനിയുടെ അന്ത്യവുമായി ബന്ധപ്പെട്ട് മറ്റു പല അഭിപ്രായങ്ങളും ചരിത്രകാരന്മാർ ഉദ്ധരിക്കുന്നുണ്ട്. ഇതിൽ താരതമ്യേന സ്വീകാര്യമായി പലരും കാണുന്നത് സ്വിഫ്ഫീൻ യുദ്ധത്തിൽ മരണപ്പെട്ടു എന്നതാണ്. സുലൈമാനുബ്നു ഖൈസുൽ ആമിരി പറയുന്നുണ്ട്: “അമ്മാറിനും ഖുസയ്മതുബ്ൻ സാബിതിനുമിടിയിലായി സ്വിഫ്ഫീനിൽ ഉവൈസ് നിണമണിഞ്ഞു വീണു കിടക്കുന്നത് ഞാൻ കണ്ടിട്ടുണ്ട്."
ചുരുക്കത്തിൽ ഉവൈസ് ജീവിതത്തിലും മരണത്തിലും അത്ഭുതം കാണിച്ചു. ആർക്കും പിടികൊടുക്കാതെ ഈ ലോകം വിട്ടു.
