അബു ഹുറൈറ പറയുന്നു: ഒരിക്കൽ തിരുനബി പറഞ്ഞു: “അല്ലാഹു തന്റെ സൃഷ്ടികളിൽ ചിലരെ പ്രത്യേകം പ്രിയപ്പെടുന്നു. അവർ മറഞ്ഞു നിൽക്കുന്നവരാണ്. പാപമുക്തരാണ്. മുടി ജഡകുത്തിയവർ. മുഖം പൊടിപുരണ്ടവർ. ഭരണാധികാരികൾക്കരികിലേക്ക് ചെല്ലാൻ അനുവാദം ചോദിച്ചാൽ അവർക്ക് പെർമിഷൻ കിട്ടില്ല. സുന്ദരികളെ വിവാഹമാലോചിച്ചാൽ വിവാഹം ചെയ്തു കൊടുക്കപ്പെടില്ല. അവരെ കാണാതെയായി എന്ന് കരുതിയിട്ട് ആരും അന്വേഷിക്കില്ല. അവർ സ്ഥലത്തുണ്ട് എന്നതിനാൽ ആരും അവരെ ക്ഷണിക്കില്ല. അവരുടെ ആഗമനം ആരെയും സന്തോഷിപ്പിക്കില്ല. അവർക്ക് അസുഖമായാൽ സന്ദർശിക്കപ്പെടില്ല. അവർ മരിച്ചാൽ ആൾസാന്നിധ്യം ഉണ്ടാവില്ല.”
പ്രവാചകാനുചരർക്ക് അത്ഭുതമായി. അവർ ചോദിച്ചു: “അല്ലാഹുവിൻ്റെ ദൂതരേ, എങ്ങനെയാണ് അത്തരക്കാരിൽ ഒരാളെയെങ്കിലും ഞങ്ങൾക്ക് കണ്ടെത്താൻ കഴിയുക?” തിരുനബി പറഞ്ഞു: “ഞാൻ പറഞ്ഞ ഈ ഗണത്തിൽപ്പെട്ട ആളാണ് ഉവൈസുൽ ഖറനി. എൻ്റെ സമുദായത്തിലെ എൻ്റെ മികച്ച സുഹൃത്താണ് അദ്ദേഹം. അദ്ദേഹത്തിൻ്റെ പുരികങ്ങൾ തൊട്ടുരുമ്മി നിൽക്കുന്നതാണ്. കണ്ണുകൾ കറുത്തതും വിശാലവും”. നബിശിഷ്യർ തെല്ലെരാശ്ചര്യത്തോടെ കേട്ടിരുന്നു.
ആരാധനകൾ കൊണ്ട് ധന്യമായതായിരുന്നു ഉവൈസിന്റെ ജീവിതം. റബീഉബ്ൻ ഖൈസം പറയുന്നുണ്ട്: “ഞാനൊരിക്കൽ ഉവൈസിനെ തേടിപ്പിടിച്ചു കണ്ടെത്താൻ ശ്രമിച്ചു. ഞാൻ ചെന്നപ്പോൾ അദ്ദേഹം പ്രഭാത (സ്വുബ്ഹ് ) നിസ്ക്കാരത്തിലാണ്. നിസ്കാരം കഴിയട്ടെ, സംസാരിക്കാം എന്ന് ഞാൻ കരുതി. പക്ഷേ നിസ്കാരം കഴിഞ്ഞതും അദ്ദേഹം പതിവ് വിർദുകളിലേക്ക് (നിത്യവും ഉരുവിടുന്ന ആത്മീയ വചനങ്ങൾ) പ്രവേശിച്ചു. കുറേസമയം അത് നീണ്ടു. പിന്നീട് ളുഹാ (പകലിന്റെ തുടക്കത്തിലെ ഐച്ഛിക നിസ്കാരം) നിസ്കരിച്ചു. ഞാൻ കരുതി അദ്ദേഹം ഉടൻ എണീറ്റ് വരുമെന്ന്. പക്ഷേ ളുഹ്ർ(മധ്യാഹ്ന നിസ്കാരം) സമയം വരെ അവിടെത്തന്നെ ഇരുന്ന ഇരുപ്പിലിരുന്നു. ധ്യാനമഗ്നനായി.
അതിനിടയിൽ ളുഹ്ർ നിസ്കാരത്തിനുള്ള വാങ്ക് കൊടുത്തു. അദ്ദേഹം നിസ്കരിക്കാൻ നിന്നു. നിസ്കാര ശേഷം അദ്ദേഹത്തെ കിട്ടുമെന്ന് ഞാൻ കരുതി. പക്ഷേ എൻ്റെ ധാരണ വെറുതെയായി. അദ്ദേഹം ആരാധനകളിൽ വ്യാപൃതനായി. സംസാരിക്കാനും സംവദിക്കാനും എനിക്ക് അവസരം ലഭിച്ചില്ല. ഒടുവിൽ അസ്ർ (സായാഹ്ന പ്രാർത്ഥന ) നിസ്കാരത്തിനുള്ള വാങ്ക് കൊടുത്തു. നിസ്കരിക്കട്ടെ. എന്നിട്ട് അദ്ദേഹത്തെ കണ്ടു സംവദിക്കാം എന്ന് ഞാൻ വെറുതെ മോഹിച്ചു. പക്ഷേ മഗരിബ് (സൂര്യാസ്തമ്യാനന്തര പ്രാർഥന) വരെ അദ്ദേഹം ആരാധനകളിൽ തന്നെ. ഞാൻ അവിടെ ചുറ്റിപ്പറ്റി നാല് ദിവസം ചെലവഴിച്ചു. മൂന്ന് ദിവസവും അദ്ദേഹത്തിൻ്റെ രീതി ഇതുതന്നെ. പരിസരം മറന്നു കൊണ്ടുള്ള ആരാധന. ആരെയും അഭിമുഖീകരിക്കാൻ ആഗ്രഹമില്ലാത്ത മനസ്സ്. അദ്ദേഹം നിദ്ര കൊണ്ടില്ല. ഒന്നും കഴിച്ചതുമില്ല. നാലാമത്തെ ദിവസവും ഞാൻ ശ്രദ്ധിച്ചു. അദ്ദേഹം കുറച്ച് സമയം മാത്രം ആലസ്യത്തിലേക്ക് വീണു. പെട്ടെന്ന് നിദ്രയിൽ നിന്ന് ഞെട്ടിയുണർന്നു. സ്വരക്ഷിതാവിനോട് അഭിമുഖഭാഷണത്തിലേർപ്പെട്ടു. അദ്ദേഹം ഉരുവിടുന്ന വാക്കുകൾ ഞാൻ ശ്രദ്ധിച്ചു. അതൊരു പ്രാർഥനയാണ്: “അല്ലാഹുവേ, ധാരാളമായി ഉറങ്ങുന്ന നേത്രങ്ങളിൽ നിന്ന് നിന്നോട് ഞാൻ കാവൽ ചോദിക്കുന്നു. ധാരാളമായി തിന്നുന്ന ആമാശയത്തിൽ നിന്ന് നിന്നോട് ഞാൻ കാവൽ ചോദിക്കുന്നു.”
ഇത് കേട്ടതും ഞാൻ മനസ്സിൽ പറഞ്ഞു: “എനിക്ക് ഇതു മതി. അദ്ദേഹത്തെ വെറുതെ ശല്യപ്പെടുത്തേണ്ട.” ഞാൻ സംവദിക്കാൻ നിൽക്കാതെ അദ്ദേഹത്തെ വെറുതെ വിട്ടു തിരിച്ചുപോന്നു. റബീഅ് തൻ്റെ ആത്മസരണിക്ക് മാതൃക കാണുകയായിരുന്നു ഉവൈസിൽ. പിൽക്കാലത്ത് അദ്ദേഹം വലിയ ഭൗതിക വിരക്തനായി അറിയപ്പെട്ടു. ഹിജ്റ എഴുപതിനോട് അടുത്താണ് റബീഇൻ്റെ അന്ത്യം.
ഓരോ രാത്രിയും ഉവൈസിന് പ്രത്യേകമായ ആരാധനാമുറകൾ ഉണ്ടായിരുന്നു. നിദ്രയെ പൂർണ്ണമായി വകഞ്ഞു മാറ്റി.
രാത്രിയായാൽ പറയും: “ഇന്ന് ഖിയാമിന്റെ, (നിസ്കാരത്തിലെ നിർത്തം എന്ന ഘടകം) രാത്രിയാണ്. പിന്നെ ആ രാത്രി നിസ്കാരത്തിൽ ദീർഘ നിർത്തമായിരിക്കും. തൊട്ടടുത്ത രാത്രി ആഗതമായാൽ പറയും; ഇന്ന് റുകൂഇന്റെ (നിസ്കാരത്തിലെ കുനിഞ്ഞു നിൽപ്പ് എന്ന ഘടകം) രാത്രിയാണ്. അടുത്ത രാത്രിയെക്കുറിച്ച് പറയുക ഇന്ന് സാഷ്ടാംഗത്തിൻ്റെ (സുജൂദ്) രാത്രിയാണ് എന്നാകും. ഇങ്ങനെ പറയുന്ന രാത്രികളിൽ ആരാധനകളെ പ്രത്യേകമായി വർധിപ്പിക്കും. എല്ലാ രാത്രികളെയും വ്യത്യസ്തതരം ആരാധനകളെക്കൊണ്ട് സമ്പുഷ്ടമാക്കി. വിശ്രമരഹിത അനുഷ്ഠാനങ്ങൾ അങ്ങനെ തുടർന്നു.
ആരോ ചോദിച്ചു. “എങ്ങനെയാണ് ഒരു രാത്രി തന്നെ ഇത്രയും ദീർഘമായി സാഷ്ടാംഗം നമിക്കാൻ സാധിക്കുന്നത്?”
മറുപടി: “സാഷ്ടാംഗത്തിൽ ഞാൻ ഉരുവിടും; എൻ്റെ ഉന്നതനായ റബ്ബേ, നീ എത്ര പരിശുദ്ധൻ." അതിൽ ലയിച്ചാൽ പിന്നെ ഉദയം തന്നെ നാം അറിയില്ല.”
മറ്റൊരാളുടെ ചോദ്യം: “നിസ്കാരത്തിലെ ഭക്തി എന്നാൽ എന്താണ്?”
മറുപടി: “കുന്തം കൊണ്ട് കുത്തിയാൽ പോലും നാം അറിയില്ല. അതുതന്നെ."
“താങ്കളുടെ മനോഗതമെന്താണ്?” ഒരാളുടെ ചോദ്യം.
“എനിക്കെന്തു മനോഗതം. നേരം വെളുത്താൽ വൈകുന്നേരം വരെ ജീവിക്കുമോ ഇല്ലയോ എന്ന് സ്വയം അറിയാത്തവന് എന്ത് മനോഗതം.”
എങ്ങനെയാണ് മുന്നോട്ടു പോകുന്നത് എന്ന ചോദ്യത്തിന് പ്രതികരണം ഇങ്ങനെയായിരുന്നു: "എൻ്റെ നഷ്ടമേ, യാത്രാ സാമഗ്രികൾ വളരെ കുറവ്. വഴിയാണെങ്കിലോ വളരെ ദൈർഘ്യമുള്ളത്. നീണ്ട യാത്രയും കുറഞ്ഞ ഭക്ഷണവും. ഞാനെന്തു ചെയ്യും? എൻ്റെ ഖേദമേ.” പാരത്രിക ലോകത്തേക്കുള്ള പ്രയാണത്തിൽ ആരാധനകൾ കുറഞ്ഞു പോകുമോ എന്ന ഭയമായിരുന്നു ഉവൈസുൽ ഖറനിക്ക്. ചുരുക്കം ചിലർക്ക് മാത്രം ഉണ്ടാകുന്ന ആത്മ ബോധം.
