ഹജ്ജിനുശേഷം ഉവൈസ് മദീന ലക്ഷ്യമാക്കി നീങ്ങി. ഹൃദയം പിടച്ചു കൊണ്ടിരുന്നു. മദീനയിൽ തിരുനബിയുടെ കാലത്ത് എത്താൻ ഏറെ കൊതിച്ചതാണ്. കഴിഞ്ഞില്ല, ഇപ്പോഴിതാ ആ സ്വപ്നം സാക്ഷാത്കൃതമാകുന്നു. മദീനയിൽ എത്തി റൗളയിൽ കടന്നു. വളരെ ഭവ്യതയോടെ അഭിവാദനം ചെയ്തു. ഉമ്മയുടെ വിയോഗാനന്തരമാണ് വരുന്നത്. നബിയുടെ മുമ്പിൽ തൻ്റെ നിസ്സഹായത ബോധ്യമാക്കി. നബിപ്രേമത്താൽ ഉവൈസ് തരളിതനായി. കണ്ണുകൾ സജലങ്ങളായി. ദീർഘനേരത്തെ പ്രവാചകാപദാനങ്ങൾ, പ്രാർത്ഥനകൾ. നിമിഷങ്ങൾ കൊഴിഞ്ഞുപോയത് അറിഞ്ഞില്ല. തിരുനബിയിൽ താൻ ലയിക്കുകയായിരുന്നു. മദീനയിൽ തന്നെ നിൽക്കാൻ അഭിലാഷമുണ്ട്. മക്ക സങ്കേതമാക്കാൻ മോഹമുണ്ട്. പക്ഷേ, ഇതിനകം ജനങ്ങളിൽ തന്നെക്കുറിച്ച് തിരിച്ചറിവുണ്ടായിരിക്കുന്നു. ഖലീഫയുടെ ഇടപെടലാണ് കാരണം. അതുകൊണ്ട് തനിക്ക് രക്ഷപ്പെടണം. ചിന്ത പടർന്നു. അങ്ങനെയാണ് ഉവൈസ് കൂഫയിലേക്ക് തിരിക്കുന്നത്.
കൂഫയിലെത്തിയ ഉവൈസുൽ ഖറനി അപ്രശസ്തിയുടെ മൂടുപടത്തിൽ തന്നെ കഴിയാൻ തീരുമാനിച്ചു. എങ്കിലും പണ്ഡിതന്മാരുമായുള്ള സഹവാസവും കർമ്മശാസ്ത്ര വിശാരദന്മാരുമായുള്ള സമ്പർക്കവും ഇടക്കിടെ പുതുക്കിക്കൊണ്ടിരുന്നു. അവരുടെ സദസ്സുകളിൽ സന്നിഹിതനാകും. കൂടുതൽ അടുത്തിടപഴകില്ല. അവരുടെ ചർച്ചകൾ സാകൂതം ശ്രവിക്കും. അഥവാ വല്ലതും സംസാരിക്കുകയാണെങ്കിൽ കുറഞ്ഞ വാക്കുകളിൽ ഒതുക്കും. അദ്ദേഹത്തിൻ്റെ ഉള്ള് നിറയെ ഭൗതിക വിരക്തിയായിരുന്നു. പക്ഷേ അറിവിനോടുള്ള അടങ്ങാത്ത അഭിലാഷം തികട്ടി വന്നപ്പോഴാണ് കുറെയൊക്കെ പൊതുസമ്പർക്കം പുലർത്തിയത്. ഈ സന്ദർഭത്തിലൊക്കെ ദാരിദ്ര്യം അദ്ദേഹത്തിൻ്റെ കൂടപ്പിറപ്പായി നിലകൊണ്ടു. ചില ഘട്ടങ്ങളിൽ ആവശ്യമായ വസ്ത്രം പോലും ഇല്ലാത്ത അവസ്ഥ വന്നു. നഗ്നത കൃത്യമായി മറക്കാൻ കഴിയാത്ത സാഹചര്യം ഉണ്ടാകുമോയെന്ന് ഭയന്നു. ഉള്ള തുണിത്തരം പറ്റെ കീറിപ്പറിഞ്ഞു കൊണ്ടിരിക്കുന്നു.
ഉവൈസിന്റെ രീതി കാണുമ്പോൾ കൂഫയിലെ ചില സുഹൃത്തുക്കൾക്ക് തമാശയാണ്. അവർ അദ്ദേഹത്തെ വളരെ നിസ്സാര കണ്ണൂകളോടെ കണ്ടു. കൂട്ടത്തിൽ ദയാലുമായ ഒരു സുഹൃത്ത് പറഞ്ഞു: "ഞാനൊരു വസ്ത്രം തരാം. താങ്കൾ അത് ഉപയോഗിക്കുക." പക്ഷേ ഉവൈസ് പറഞ്ഞു: “വേണ്ട. കാരണം മറ്റുള്ളവർ കണ്ടാൽ അതിൻ്റെ പേരിലാകും എന്നെ പ്രയാസപ്പെടുത്തുക.” പക്ഷേ ആ സുഹൃത്ത് നിർബന്ധിച്ചു. വസ്ത്രം ധരിപ്പിച്ചു. ആ വസ്ത്രമണിഞ്ഞ് കൂട്ടുകാർക്കിടയിൽ പ്രത്യക്ഷനായതും പ്രതീക്ഷ തെറ്റിയില്ല. അവർ ഉവൈസിനെ അവഹേളിച്ചുകൊണ്ട് സംസാരിച്ചു. “കണ്ടില്ലേ, മറ്റവന്റെ വസ്ത്രം അടിച്ചുമാറ്റിയിരിക്കുന്നു."
അവർക്ക് ഉവൈസിന്റെ ആത്മീയ സ്ഥാനത്തെക്കുറിച്ച് അറിവുണ്ടായിരുന്നില്ല. അവരെ അത് അറിയിക്കാൻ ഉവൈസ് ആഗ്രഹിച്ചതുമില്ല. അതുകൊണ്ടുതന്നെ പരിഹാസങ്ങളും ആക്ഷേപങ്ങളും തുടർന്നുകൊണ്ടിരുന്നു.
ഉവൈസ് അതിനൊന്നും ചെവി കൊടുത്തില്ല. അല്ലാഹുവിൽ വിലയം പ്രാപിച്ചു. ഭൗതികലോകത്തിന് അർഥമില്ല എന്ന് തിരിച്ചറിഞ്ഞു എല്ലാം പടച്ചവനിൽ സമർപ്പിച്ചു. കിട്ടുന്ന സന്ദർഭങ്ങൾ അല്ലാഹുവിനുള്ള ആരാധനയിൽ മാത്രമായി ചെലവഴിച്ചു. രാത്രി സമയത്ത് അദ്ദേഹം പ്രാർഥിച്ചു. “എൻ്റെ നാഥാ, എൻ്റെ സ്വന്തം കാര്യം എന്നിലേക്ക് നീ ഏൽപ്പിക്കരുതേ. ഞാൻ അശക്തനാണ്. മറ്റൊരാളിലേക്കും എൻ്റെ കാര്യം നീ ഏൽപ്പിക്കരുതേ. അവർ എന്നെ അബദ്ധത്തിലാക്കും. എന്നെന്നും സജീവമായവനേ. എല്ലാറ്റിനും നിലനിൽപ്പേകുന്നവനേ. നിന്റെ കാരുണ്യം കൊണ്ട് ഞാൻ സഹായം ഇരക്കുന്നു. എൻ്റെ എല്ലാ കാര്യങ്ങളും നീ ഭംഗിയാക്കിത്തരൂ. കണ്ണിമ വെട്ടിത്തുറക്കുന്ന സമയത്തേക്ക് പോലും എൻ്റെ സ്വന്തം കാര്യം എന്നിലേക്ക് നീ ഏൽപ്പിക്കാതിരിക്കൂ."
ഇത്തരം നീണ്ട പ്രാർഥനകൾ പലപ്പോഴും തുടർന്നു. എല്ലാം അവസാനിക്കുന്നത് ഒരു പൊട്ടിക്കരച്ചിലിലായിരിക്കും. കൈകൾ വാനലോകത്തേക്ക് ഉയർന്നു. കണ്ണുകൾ സജലങ്ങളായി. ഹൃദയം നൊന്തു. അവസാനം പറയും: "അല്ലാഹുവേ നിന്നോട് ഞാൻ സ്വർഗ്ഗം ചോദിക്കുന്നു. ഫിർദൗസിനെ (ഉന്നത സ്വർഗം) ചോദിക്കുന്നു. എനിക്ക് സമാധാനപൂർണ്ണമായ ഒരിടം യാചിക്കുന്നു നാഥാ."
