ആത്മീയമായ അവസ്ഥാന്തരങ്ങളിലൂടെ സഞ്ചരിക്കുന്ന മനസ്സായിരുന്നു ഉവൈസിൻ്റെത്. അദ്ദേഹത്തിൻ്റെ ആത്മവിചാരങ്ങളെ മനസ്സിലാക്കാൻ നാട്ടുകാർക്ക് സാധിച്ചിരുന്നില്ല. പലരും മാനസിക പ്രശ്നമുള്ള വ്യക്തിയായി ഉവൈസിനെ വിലയിരുത്തി. പിൽക്കാലത്ത് അയൽവാസികൾ പറയാറുണ്ട്: “ഞങ്ങൾ കരുതിയിരുന്നത് ഉവൈസ് ഒരു ഭ്രാന്തനാണെന്നാണ്."
"കുറേ കൊല്ലങ്ങൾ പിന്നിട്ടിട്ടും ഇഹലോകത്തിന് വേണ്ടി യാതൊന്നും അദ്ദേഹം സമ്പാദിച്ചില്ല. നിരന്തരമായ നോമ്പ്; നോമ്പ് തുറക്കാൻ ഒന്നും കൈവശമുണ്ടാകില്ല. വല്ലപ്പോഴും ഒരു ഈത്തപ്പഴം കിട്ടിയാലായി. അതുകൊണ്ട് നോമ്പ് തുറക്കും. വല്ലതും കിട്ടിയാൽ അത് ദാനം ചെയ്യുന്ന സ്വഭാവമായിരുന്നു. വേസ്റ്റ് ബോക്സുകളിൽ ഉപേക്ഷിക്കപ്പെട്ട ശീലക്കഷണങ്ങൾ തെരഞ്ഞെടുക്കും. അത് കഴുകി വൃത്തിയാക്കി തുന്നി വസ്ത്രമായി ഉപയോഗിക്കും. ചെറിയ ഒരു തുണി മതി തൻ്റെ നഗ്നതയും ശരീരവും മറയ്ക്കാൻ. ഇത്തരം ഒരാളെ ഞങ്ങൾ എങ്ങനെയാണ് മാനസിക പ്രശ്നമുള്ള ആളായിട്ടില്ലാതെ കാണുക.”
ചില ഘട്ടങ്ങളിൽ അദ്ദേഹം മരുപ്രദേശത്തേക്ക് നീങ്ങും. പ്രഭാത നിസ്കാരാനന്തരമായിരിക്കും ഇങ്ങനെ പോവുക. പിന്നെ തിരിച്ചെത്തുന്നത് രാത്രിനിസ്കാരത്തിന് (ഇശാഅ്) ശേഷമായിരിക്കും. നാട്ടിലെ കുട്ടികൾ അദ്ദേഹത്തെ കണ്ടാൽ പിന്നാലെ കൂടും. അവർക്ക് കൗതുകമായിരുന്നു. ഒരു ഭ്രാന്തനായി അവരും അദ്ദേഹത്തെ കണക്കാക്കി. കല്ലുകളെടുത്ത് ചിലപ്പോൾ അവർ എറിയും. പക്ഷേ ഉവൈസ് ക്ഷോഭിക്കില്ല. ചീത്തവിളിക്കില്ല. അവരെ പിന്തിരിപ്പിക്കാൻ പണിപ്പെടുകയുമില്ല. അദ്ദേഹം പറയും: “കുഞ്ഞുങ്ങളേ, നിങ്ങൾ എറിയുന്നെങ്കിൽ കുറച്ചു ചെറിയ കല്ലുകളെ കൊണ്ട് എറിയുക. എൻ്റെ കണങ്കാൽ തൊലി കട്ടി കുറഞ്ഞതാണ്. നിങ്ങൾ വലിയ കല്ലുകൾ കൊണ്ട് എറിയുമ്പോൾ ചിലപ്പോൾ രക്തം പൊടിയും. അത് എൻ്റെ നിസ്കാരത്തെ ബാധിക്കും.” അപ്പോഴും ഉവൈസിന് തനിക്ക് പറ്റുന്ന പരിക്കായിരുന്നില്ല പ്രശ്നം. മറിച്ച് തന്റെ നിസ്കാരത്തിൻ്റെ കാര്യമായിരുന്നു.
ഒരിക്കൽ ഉവൈസിനോട് ആളുകൾ പറഞ്ഞു: “താങ്കളുടെ സമീപത്ത് ഒരു മനുഷ്യനുണ്ട്. അദ്ദേഹം 30 കൊല്ലമായി ഒരു കുഴിമാടം വെട്ടി ഇരിപ്പാണ്. കഫൻ പുടവ (മരിച്ച വ്യക്തിയെ അടക്കം ചെയ്യുന്നതിന് മുൻപായി ശരീരം പൊതിയാൻ ഉപയോഗിക്കുന്ന വെളുത്ത തുണി) പുതച്ച് കുഴിമാടത്തിനരികിൽ തന്നെയാണ് ഇരിപ്പ്. അദ്ദേഹത്തിൻ്റെ രാപ്പകലുകൾ അസ്വസ്ഥമാണ്."
ഉവൈസ് ഉടൻ പറഞ്ഞു: “അദ്ദേഹത്തിൻ്റെ അരികിലേക്ക് എന്നെ കൊണ്ടുപോകൂ."
അവർ കൊണ്ടുപോയി. ഉവൈസിനെ കണ്ടപാടെ അയാൾ പറഞ്ഞു:
"ശരീരം മെലിഞ്ഞവനേ. മുഖം വിവർണ്ണമായവനേ. കണ്ണുകൾ കരഞ്ഞു കലങ്ങിയവനേ.”
ഉവൈസ് അയാളെ നിർന്നിമേഷനായി നോക്കി. എന്നിട്ട് ചോദിച്ചു: “കുഴിമാടം താങ്കളെ അല്ലാഹുവിൽ നിന്ന് വ്യാപൃതനാക്കി കളഞ്ഞു അല്ലേ."
ഉവൈസിന്റെ വാക്കുകൾ അദ്ദേഹത്തിൻ്റെ ആത്മാവിനെ തൊടുന്നതായിരുന്നു. ഉവൈസിന്റെ ദർശനം ആ മനുഷ്യൻ്റെ മനസ്സിൽ പ്രകാശം ചൊരിഞ്ഞു. അയാൾ ഒരട്ടഹാസമായിരുന്നു; കാര്യബോധ്യത്തിലേക്ക് തിരിച്ചെത്തിയത് പോലെ. പക്ഷേ, വൈകാതെ അയാൾ മരിച്ചു വീണു. "കുഴിമാടവും കഫൻ പുടവയും അല്ലാഹുവിൽ നിന്ന് ഒരാൾക്ക് മറയായി മാറുമെങ്കിൽ മറ്റുള്ളതിന്റെ അവസ്ഥയെന്താണ്?” ഉവൈസ് കുണ്ഠിതപ്പെട്ടു. ഉവൈസിന്റെ വാദം അല്ലാഹുവിൽ നിന്ന് മനുഷ്യനെ തിരിച്ചുവിടുന്ന യാതൊന്നും ശരിയല്ല എന്നായിരുന്നു; അത് കുഴിമാടമായാലും കഫൻ പുടവയായാലും.
ഒരിക്കൽ മൂന്നുദിവസം ഉവൈസ് പട്ടിണി കിടന്നു. നാലാം നാൾ വീട്ടിൽ നിന്ന് ഇറങ്ങി. വേച്ചുവേച്ചു നടക്കവെ വഴിയിൽ ഒരു ദീനാർ കിടക്കുന്നത് കണ്ടു. പക്ഷേ അത് എടുത്തില്ല. ഏതെങ്കിലും വ്യക്തിയുടേത് കൊഴിഞ്ഞു പോയതാകാം എന്ന് പറഞ്ഞു ഉവൈസ് പിന്തിരിഞ്ഞു. മുന്നോട്ട് നടന്നു. വിശന്നു പൊരിയുന്നുണ്ട്. ഒടുവിൽ കാലികളുടെ തീറ്റ തിന്നാൻ നിന്നു. അപ്പോഴുണ്ട് ഒരാട് പത്തിരി പല്ല് കൊണ്ട് കടിച്ചുപിടിച്ച് വരുന്നു. തൻ്റെ മുമ്പിൽ ആട് പത്തിരിവെച്ചു. പക്ഷേ അദ്ദേഹം അത് എടുക്കാൻ കൂട്ടാക്കിയില്ല. അദ്ദേഹം പറഞ്ഞത് ഇതേതെങ്കിലും മനുഷ്യൻ്റെ ഉടമസ്ഥതയിൽ ഉള്ളതായിരിക്കും എന്നാണ്. അപ്പോൾ ആടിന് അല്ലാഹു സംസാരശേഷി നൽകി. ആട് സ്ഫുടമായി പറഞ്ഞു: "ഓ ഉവൈസ്, ഞാനും താങ്കളെപ്പോലെ നാഥന്റെ ഒരു അടിമ തന്നെ. എന്തുകൊണ്ട് അല്ലാഹുവിൻ്റെ അടിമയിൽ നിന്ന് താങ്കൾക്ക് ലഭിച്ച അന്നം വാങ്ങുന്നില്ല.” അപ്പോൾ ഉവൈസ് അത് വാങ്ങാൻ കൈ നീട്ടി. പത്തിരി അദ്ദേഹത്തിൻ്റെ കൈയിൽ വീണു. ആട് മറഞ്ഞുപോയി.
