ഉവൈസിന്റെ ചിന്തകൾ തീർത്തും ആത്മീയമായിരുന്നു. ഒരിക്കൽ പറഞ്ഞു: “ആകാശ ഭൂമികളോളം നീ അല്ലാഹുവിനെ ആരാധിച്ചാലും അവനെ വാസ്തവീകരിക്കാത്ത കാലത്തോളം ഒന്നും സ്വീകരിക്കപ്പെടാൻ പോകുന്നില്ല.” അദ്ദേഹത്തോട് ചോദിച്ചു “എങ്ങനെയാണ് അല്ലാഹുവിനെ സത്യപ്പെടുത്തൽ ?”
മറുപടി: “അല്ലാഹു നിനക്കുവേണ്ടി ഏറ്റെടുത്ത കാര്യത്തിൽ നീ അവനെ വിശ്വാസത്തിലെടുക്കുക. അല്ലാഹുവിനുള്ള ആരാധനയിലല്ലാതെ മറ്റൊന്നിലും വ്യാപൃതമാവാത്ത വിധം ഹൃദയത്തെ ക്ഷമാപൂർവ്വം നിലനിർത്തുക.”
ഒരിക്കൽ പറഞ്ഞു: "മൂന്നു കാര്യങ്ങൾ ഒരാൾ ഇഷ്ടപ്പെട്ടാൽ നരകം കണ്ണാടി ഞരമ്പിനെക്കാൾ അവനോട് അടുത്തുപോയി; ആസ്വാദ്യകരമായ ഭക്ഷണം, മുന്തിയ ഇനം തുണിത്തരം, സമ്പന്നരോട് മാത്രമുള്ള സഹവാസം.
അല്ലാഹുവിനെ അടുത്തറിഞ്ഞവന് ഒന്നും അവ്യക്തമാകില്ല. എല്ലാത്തിന്റെയും അടിസ്ഥാനം അവനെ അറിയലാണ്. ബാക്കിയെല്ലാം അതിൻ്റെ ശാഖോപശാഖകളാണ്. അടിസ്ഥാനം കരസ്ഥമാക്കിയാൽ മറ്റെല്ലാം സുഗമമായി. ഏകാന്തത വേണ്ടത് മനസ്സിലാണ്. മനസ്സിൽ തൻ്റെ പ്രണയ ഭാജനമല്ലാതെ മറ്റൊന്നും ഉണ്ടാകാൻ പാടില്ല.
ചില വ്യക്തികളുണ്ട്. ജനങ്ങളിൽ നിന്ന് അകന്ന് ജീവിക്കും; പക്ഷേ അവരുടെ ഹൃദയങ്ങൾ ജനങ്ങളോടുള്ള ബന്ധം കൊണ്ട് നിറഞ്ഞിരിക്കും. ഭൗതിക ആസക്തിയുമുണ്ടാകും. തത്വത്തിൽ അവർ ജനങ്ങൾക്കൊപ്പമാണ്. അതുകൊണ്ട് സർവരക്ഷയാകുന്ന ഏകാന്തത വേണ്ടത് നമ്മുടെ ആത്മാവിലാണ്; അല്ലാതെ രൂപഭാവത്തിൽ അല്ല. മറ്റൊന്നും കടക്കാൻ അനുവദിക്കാത്ത വിധം നിൻ്റെ ഹൃദയത്തെ നീ അടച്ചുപൂട്ടുക.
ഒരിക്കൽ ഉവൈസ് പറഞ്ഞു: “ഞാൻ അത്യുന്നതിയെ അന്വേഷിച്ചു; അതിനെ കണ്ടെത്തിയത് അങ്ങേയറ്റത്തെ വിനയത്തിലാണ്. നേതൃ പദവിയെ ഞാൻ തേടി. അത് കണ്ടെത്തിയത് പടപ്പുകൾക്ക് ഗുണം ഉദ്ദേശിക്കുന്നതിലാണ്. അഭിമാനത്തെ ഞാൻ തേടി നടന്നു. അത് കണ്ടെത്തിയത് ദാരിദ്ര്യത്തിലാണ്. തിരുചര്യയെ തേടി. കണ്ടെത്താനായത് ഭയഭക്തിയിലാണ്. സ്ഥാനമഹത്വത്തെ ഞാൻ മോഹിച്ചു. അത് കണ്ടെത്തിയത് ഉള്ളതുകൊണ്ട് തൃപ്തിപ്പെടുന്നതിലാണ്. വിശ്രാന്തിയെ ഞാൻ അന്വേഷിച്ചു. കണ്ടെത്താനായത് ഭൗതികവിരക്തിയിലാണ്. മരണസ്മരണ ഒരു വിശ്വാസിക്ക് സന്തോഷത്തെ ബാക്കി വെക്കില്ല. അല്ലാഹുവിനോടുള്ള ബാധ്യത മുസ്ലിമിൻ്റെ സമ്പാദ്യത്തിൽ സ്വർണ്ണവും വെള്ളിയും ബാക്കി വെക്കില്ല. നന്മ കൽപ്പിക്കലും തിന്മ വിലക്കലും പ്രബോധകന് കൂട്ടുകാരനെ ബാക്കി വെക്കില്ല. നമ്മൾ നന്മകൾ കൽപിക്കും; നമ്മുടെ അഭിമാനം പിച്ചിച്ചീന്തപ്പെടും. അതിനായി അധർമ്മികളിൽ നിന്നുള്ള സഹായം വരെയുണ്ടാകും. നമുക്കെതിരെ വമ്പിച്ച ആരോപണങ്ങൾ വരെ വരും. അല്ലാഹുവേ, ലോകത്ത് ആരെങ്കിലും വിവസ്ത്രരായി മരിച്ചുപോയെങ്കിൽ എന്നെ അതിൻ്റെ പേരിൽ നീ ശിക്ഷിക്കരുതേ. വിശന്ന് പൊരിഞ്ഞ് ആരെങ്കിലും മരിച്ചിട്ടുണ്ടെങ്കിൽ അപ്പേരിൽ എന്നെ നീ ശിക്ഷിക്കരുതേ. നിദ്ര കൊള്ളുന്ന നേത്രങ്ങളിൽ നിന്നും നിറയ്ക്കപ്പെടുന്ന വയറിൽ നിന്നും അല്ലാഹുവിനോട് ഞാൻ കാവൽ ചോദിക്കുന്നു.”
