നിറഞ്ഞ സദസ്സ്. പ്രമുഖരായ പ്രവാചക ശിഷ്യന്മാരുടെയെല്ലാംസാന്നിധ്യം കൊണ്ട് അനുഗ്രഹീതം. അബൂബക്റും ഉമറുമെല്ലാമുണ്ട്. തിരുനബിയുടെ ഇന്നത്തെ ക്ലാസ് വ്യത്യസ്തമാണ്. പ്രവചനങ്ങളുടെ പ്രളയം എന്നുതന്നെ പറയാം. പല കാര്യങ്ങളും നബി അവതരിപ്പിച്ചു. കൂട്ടത്തിൽ പറഞ്ഞു: "അല്ലാഹുവിന് ഏറ്റവും പ്രിയപ്പെട്ട ഗുപ്തരായ ചില ഭക്തന്മാരുണ്ട്. അഥവാ അവർ ജനങ്ങളിൽ ചിരപരിചിതരല്ല. ആളുകൾക്ക് അവരെ തിരിച്ചറിയാൻ പെട്ടെന്ന് കഴിയില്ല.”
ഒരു പ്രവാചക ശിഷ്യൻ എണീറ്റ് ചോദിച്ചു: “ഞങ്ങളുടെ കൂട്ടത്തിൽ അത്തരം ആരെങ്കിലുമുണ്ടോ ?” തിരുനബി പറഞ്ഞു: "യമനിലുണ്ട്. ഒട്ടകത്തെയും മറ്റും മേയ്ച്ചു കൊണ്ടൊരാൾ. അന്ത്യദിനത്തിൽ റബീഅ്, മുളർ ഗോത്രങ്ങളിലെ ആട്ടിൻ പറ്റങ്ങളുടെ രോമങ്ങൾക്ക് സമാനം ആളുകളെ ശുപാർശ ചെയ്തു രക്ഷിക്കാൻ അയാൾക്ക് സാധിക്കും.”
അനുചരർ ആകാംക്ഷാഭരിതരായി. “ആരാണയാൾ നബിയേ ?”
തിരുനബി പറഞ്ഞു: "അല്ലാഹുവിൻ്റെ ദാസന്മാരിൽ ഒരു ദാസൻ."
തിരുനബി പൂർണമായി വിട്ടു പറയുന്നില്ല. വ്യംഗമാണ് സംസാരം. അനുയായികൾ ഒന്നടങ്കം പറഞ്ഞു:
“ആ മഹാന്റെ പേരാണ് ഞങ്ങൾ ചോദിച്ചത് നബിയേ.”
തിരുനബി പറഞ്ഞു. “പേര് ഉവൈസ്"
“യമനിൽ എവിടെയാണദ്ദേഹം?”
“ഖറനിൽ”
അനുചരർ ആശ്ചര്യത്തോടെ പറഞ്ഞു. “അയാളുടെ കാര്യം അത്ഭുതം തന്നെ. ഇത്ര വലിയ ആളായിട്ടും ഇതുവരെ അല്ലാഹുവിൻ്റെ ദൂതനുമായി സന്ധിച്ച് ‘സ്വഹാബിയാകാൻ’ ശ്രമിച്ചില്ല. എന്തായിരിക്കും കാരണം?”
തിരുനബി പറഞ്ഞു: “രണ്ട് കാരണങ്ങളാണ് അദ്ദേഹത്തിന് തടസ്സം. ഒന്ന് ഉന്മാദാവസ്ഥ. രണ്ട് മാതൃ പരിചരണം. വിശ്വാസിനിയും ദുർബലയുമാണ്. മാതാവിന്റെ കണ്ണിന് പ്രശ്നമുണ്ട്. കൈകാലുകൾ തളർന്നിരിക്കുന്നു. ആ മാതാവിന് സേവനം ചെയ്യുക എന്ന മതാനുഷ്ഠാനത്തിന് ഉവൈസ് പ്രാധാന്യം കൽപ്പിച്ചു. പകലിൽ കൂലിക്ക് ഒട്ടകത്തെയും മറ്റും മേയ്ക്കും. കിട്ടുന്നത് ഉമ്മയ്ക്കും തനിക്കും ചെലവാക്കും. അങ്ങനെ കഴിഞ്ഞുപോകുന്നു.”
പ്രവാചക ശിഷ്യർ കൗതുകത്തോടെ കേട്ടിരുന്നു.
അവർ ചോദിച്ചു: “അല്ലാഹുവിൻ്റെ ദൂതരേ, അദ്ദേഹത്തെ കാണാൻ ഞങ്ങൾക്ക് ഭാഗ്യമുണ്ടാകുമോ?"
തിരുനബി പറഞ്ഞു: “അബൂബക്ർ അദ്ദേഹത്തെ കാണില്ല. ഉമറും അലിയും കാണും.”
ഉവൈസിനെക്കുറിച്ചുള്ള തിരുനബിയുടെ പറച്ചിലുകൾ പിന്നെയും തുടർന്നു. പല ഘട്ടങ്ങളിലായി പലതും നബി പറഞ്ഞു.
ഒരിക്കൽ പറഞ്ഞത് ഇങ്ങനെ: “കാരുണ്യവാൻ്റെ മന്ദമാരുതൻ യമനിന്റെ ഭാഗത്ത് നിന്ന് അടിച്ചു വീശുന്നതായി അനുഭവപ്പെടുന്നു.” തിരുനബി ഉദ്ദേശിച്ചത് ഉവൈസുൽ ഖറനിയെയാണ്.
"ഉവൈസ് താബിഉകളിൽ (പ്രവാചകാനുചരരുടെ ശിഷ്യരിൽ) ഏറ്റവും ഉത്തമനാകുന്നു. അല്ലാഹു ഉവൈസിന്റെ രൂപത്തിൽ ആയിരം മലക്കുകളെ പടക്കും. അവരെല്ലാവരും പാരത്രിക ലോകത്ത് പ്രത്യക്ഷരാകും. ഒന്നിച്ചായിരിക്കും സ്വർഗ്ഗസ്ഥരാവുക. അല്ലാഹു ഉദ്ദേശിച്ചവർക്കല്ലാതെ കൂട്ടത്തിൽ നിന്ന് യഥാർഥ ഉവൈസിനെ കണ്ടെത്താൻ സാധ്യമല്ല."
സാകൂതം നബിശിഷ്യർ കേട്ടിരുന്നു. അവർക്ക് കൗതുകം അടയ്ക്കാൻ കഴിയുന്നില്ല. ഇത്ര വലിയ മഹത്വമുറ്റ വ്യക്തിത്വമാണോ ഉവൈസ്. ഇങ്ങനെയൊക്കെ സംഭവിക്കാൻ എന്തായിരിക്കും കാരണം.
കാരണം വ്യക്തം. ഉവൈസ് ഇഹലോകത്ത് ജനമധ്യത്തിൽ നിന്ന് മാറി നിന്ന് അല്ലാഹുവിന് ആരാധന ചെയ്തു. ആളുകളുടെ ദൃഷ്ടിയിൽ നിന്ന് അകന്നു.
അതുപോലെ പാരത്രിക ലോകത്തും അപരരുടെ ദൃഷ്ടിയിൽ നിന്ന് അല്ലാഹു അദ്ദേഹത്തെ മറച്ചു പിടിക്കുകയാണ്. അല്ലാഹു പറഞ്ഞതായി തിരുനബി പറഞ്ഞിട്ടുണ്ട്: "എൻ്റെ ഇഷ്ടദാസന്മാർ എൻ്റെ പ്രത്യേക തമ്പുകൾക്ക് കീഴിലാണ്. അവരെ എനിക്കല്ലാതെ ആർക്കും തിരിച്ചറിയുക സാധ്യമല്ല."
ഒരിക്കൽ തിരുനബി വിജ്ഞാന സദസ്സിൽ ഉവൈസിന്റെ ശരീരപ്രകൃതം വിശദീകരിച്ചു: “മഞ്ഞയും വെളുപ്പും കലർന്ന നിറം. മിതമായ ഉയരം. വീതിയുള്ള ചുമലുകൾ. നെഞ്ചിലേക്ക് ഇറങ്ങി നിൽക്കുന്ന താടി. സാഷ്ടാംഗ സ്ഥാനത്തേക്ക് മാത്രം തറയ്ക്കുന്ന നോട്ടം. വലതുകൈ ഇടതുകൈയിന്മേൽ പിടിച്ചുള്ള നിർത്തം. വിശുദ്ധ വേദം ഓതും. സ്വന്തം കാര്യമേർത്ത് കരയും. രണ്ട് വസ്ത്രങ്ങൾ മാത്രമാണുള്ളത്. അതും കമ്പിളിയുടെത്. ഒന്ന് തുണിയായി ഉപയോഗിക്കും. രണ്ടാമത്തത് തട്ടമായും. അല്ലാഹുവിനെ ശപഥം ചെയ്തു അദ്ദേഹം വല്ലതും പറഞ്ഞാൽ അത് അപ്പോൾ തന്നെ നടപ്പിലാവും.”തിരുനബിയുടെ വിശദീകരണം സഹാബികളുടെ മനസ്സിനെ പിടിച്ചു പറിച്ചു. അവർ ഉവൈസിൽ ഒരു മഹാമനീഷിയെക്കണ്ടു.
