തിരുനബി ഒരിക്കൽ സംസാരമധ്യേ പറഞ്ഞു: ഉമറേ, അലീ.. നിങ്ങൾ രണ്ടുപേരും ഉവൈസിനെ അന്വേഷിക്കുക. കണ്ടെത്തിയാൽ നിങ്ങൾക്ക് വേണ്ടി അല്ലാഹുവിനോട് പാപമോചനത്തിന് അപേക്ഷിക്കാൻ പറയുക. അല്ലാഹു നിങ്ങൾക്ക് പൊറുത്തു തരും.”
തിരുനബിയുടെ ഈ കൽപന ഉമറിന്റെയും അലിയുടെയും മനസ്സിൽ തത്തി നിന്നു. തിരുനബി വിടപറയാനിരിക്കുന്ന സമയം. വിടപറയാനിരിക്കുന്ന പല കാര്യങ്ങളും അന്വേഷിച്ചു കൊണ്ടിരുന്നു. കൂട്ടത്തിൽ അവർ ചോദിച്ചു: “അല്ലാഹുവിന്റെ ദൂതരേ, അങ്ങയുടെ കഷണം വെച്ച കുപ്പായം ആർക്കു നൽകണം?” തിരുനബിയുടെ പ്രതികരണം ഉവൈസുൽ ഖറനിക്ക് എന്നായിരുന്നു. അവരത് കൃത്യമായി സൂക്ഷിച്ചുവെച്ചു.
തിരുനബി വിടവാങ്ങി അബൂബക്ർ അധികാരത്തിൽ വന്നു. ഉവൈസിനെക്കുറിച്ചുള്ള ചർച്ചകൾക്കും ആലോചനകൾക്കും സമയം ഉണ്ടായിരുന്നില്ല. ആഭ്യന്തര പ്രശ്നങ്ങൾ തന്നെ ധാരാളമായിരുന്നു. പിന്നീട് ഉമർ അധികാരത്തിൽ വന്നു. രാജ്യം ശാന്തമായ അവസ്ഥ കൈവരിച്ചു. ഇസ്ലാമിക സാമ്രാജ്യം വികസിച്ചുകൊണ്ടിരുന്നു. വിവിധ ദേശങ്ങളിൽ നിന്ന് ധാരാളമാളുകൾ ഹജ്ജിനും മറ്റുമായി ഒഴുകി. യമനിൽ നിന്നുള്ള ആരെക്കണ്ടാലും ഉമർ ചോദിക്കും. “നിങ്ങളുടെ കൂട്ടത്തിൽ ഉവൈസ് ഉണ്ടോ?” അവർ പറയും. “ഇല്ല.” കാരണം അവർക്കിടയിൽ ചിരപരിചിതനായിരുന്നില്ല അദ്ദേഹം.
മാനസിക രോഗിയും അപ്രധാനിയുമായിട്ടാണ് യമൻകാർ ഉവൈസിനെ കണക്കാക്കിയിരുന്നത്. ഒരു ഖലീഫ അന്വേഷിക്കാൻ മാത്രം അദ്ദേഹത്തെ അവർ പ്രാധാന്യത്തോടെ കണ്ടില്ല. അപ്പോൾ ഉമർ ആത്മഗതം ചെയ്യും. "ഇല്ല, നബിയുടെ വാക്കുകൾ വെറുതെയാകില്ല.'' അതിനിടയിൽ യമനിൽ നിന്ന് ഹജജിന് വന്ന ഒരു സംഘത്തോട് പതിവുപോലെ ഉമർ ഉവൈസിനെക്കുറിച്ച് അന്വേഷണം നടത്തി. അവർ പറഞ്ഞു:
"ഈ പേരിൽ മാനസിക പ്രശ്നമുള്ള കാടനായ ഒരു മനുഷ്യനുണ്ട്." ഉമറിന്റെ ജിജ്ഞാസ ഉണർന്നു. “അതെ, അദ്ദേഹത്തെ തന്നെയാണ് ഞാൻ അന്വേഷിക്കുന്നത്.” “അദ്ദേഹം ഞങ്ങളുടെ കൂടെ വന്നിട്ടുണ്ട്. വാദി ഉറനയിൽ ഉണ്ട്; വൈകുന്നേരം വരെ ഒട്ടകത്തെ മേയ്ക്കും. ഞങ്ങൾ പ്രതിഫലമായി അദ്ദേഹത്തിന് രാത്രി ഭക്ഷണം നൽകും. ജനവാസസ്ഥലങ്ങളിലേക്ക് അദ്ദേഹം ഇറങ്ങാറില്ല. ആരുമായും സമ്പർക്കമില്ല. ആളുകൾ തിന്നുന്നത് തിന്നാറില്ല. ജനങ്ങൾ സന്തോഷിക്കുമ്പോൾ സന്തോഷിക്കാറില്ല. ജനങ്ങൾ ചിരിക്കുന്ന സമയത്ത് ഉവൈസ് കരയുകയായിരിക്കും. അവർ കരയുമ്പോൾ ചിരിക്കുകയായിരിക്കും.”
ഉമർ പറഞ്ഞു: “അദ്ദേഹത്തെ എനിക്ക് കാണിച്ചു തരിക. ഞാൻ അദ്ദേഹത്തിൻ്റെ അരികിലെത്താൻ ആഗ്രഹിക്കുന്നു."
ജനങ്ങൾക്ക് കൗതുകമായി. ഒരു ഖലീഫ ഭ്രാന്തനെ അന്വേഷിക്കുന്നു. അവർ കൽപ്പന മാനിച്ചു ഉമറിനെ കൂട്ടിക്കൊണ്ടുപോയി. അലിയും കൂടെ ചെന്നു. നോക്കുമ്പോൾ ഉവൈസ് നിസ്കാരത്തിലാണ്. രണ്ടുപേരുടെയും സാന്നിധ്യം തിരിച്ചറിഞ്ഞ് അദ്ദേഹം നിസ്കാരം ലഘൂകരിച്ചു. നിസ്കാരത്തിൽ നിന്ന് വിരമിച്ചു. അനന്തരം ഉമറിനോട് സലാം ചൊല്ലി. ഉമർ ചോദിച്ചു:
“താങ്കളുടെ പേര് എന്താണ്?”
“അബ്ദുല്ല (അല്ലാഹുവിൻ്റെ ദാസൻ)”
“നമ്മളെല്ലാവരും അല്ലാഹുവിൻ്റെ ദാസന്മാർ തന്നെയാണ്. അങ്ങയുടെ പ്രത്യേക നാമമാണ് ചോദിച്ചത്.”
അദ്ദേഹം പറഞ്ഞു: “ഉവൈസ് എന്നാണ്.”
ഉടൻ ഉമർ പറഞ്ഞു: “താങ്കളുടെ വലത്തേ കൈ ഒന്ന് കാണിക്കൂ.” ഉവൈസ് കാണിച്ചു. അതിൽ തിരുനബി പലവുരു പറഞ്ഞ അടയാളമുണ്ട്. ഒരു പാട്. ഒരു നാണയത്തിന്റെ വലിപ്പത്തിൽ.
ഉമർ ഉവൈസിനെ തിരിച്ചറിഞ്ഞു. ഉമർ പറഞ്ഞു: “തിരുനബി അങ്ങേക്ക് സലാം പറഞ്ഞിരിക്കുന്നു. അങ്ങയോട് പ്രാർഥിക്കാൻ വസിയ്യത്ത് ചെയ്തിരിക്കുന്നു.” ഉടൻ ഉവൈസ് പറഞ്ഞു എല്ലാ മുസ്ലിംകൾക്കും വേണ്ടി പ്രാർഥിക്കാൻ ഏറ്റവും അർഹതപ്പെട്ടവൻ താങ്കളാണ്. കാരണം താങ്കൾ ഈ ഭൂമുഖത്തെ ഏറ്റവും ശ്രേഷ്ഠവാനാണ്.”
അപ്പോൾ ഉമർ പറഞ്ഞു: “ഞാൻ വിശ്വാസികൾക്ക് വേണ്ടി പ്രാർഥിക്കാറുണ്ട്. പക്ഷേ താങ്കൾ തിരുനബിയുടെ വസിയ്യത്ത് പാലിക്കണം.”
ഉവൈസ് ഒഴിഞ്ഞുമാറി. “ഉമറേ, താങ്കൾക്ക് ആളു മാറിയതാകും.” “ഇല്ല, ആളു മാറിയിട്ടില്ല. തിരുദൂതർ കൃത്യമായി അടയാളം പറഞ്ഞു തന്നിട്ടുണ്ട്. ആ അടയാളം താങ്കളുടെ ദേഹത്ത് പ്രകടമായി കാണുന്നുണ്ട്.” അപ്പോൾ ഉവൈസ് പറഞ്ഞു: “എങ്കിൽ തിരുനബിയുടെ കുപ്പായം എനിക്ക് നൽകുക.” ഉമർ അത് കയ്യിൽ കരുതിയിരുന്നു. തിരുനബിയുടെ കഷണം വെച്ച കുപ്പായം നൽകി. അത് ധരിക്കാൻ പറഞ്ഞു. അദ്ദേഹം കുപ്പായം പിടിച്ചു വാങ്ങി വിദൂരത്തേക്ക് പോയി. കുറെ സമയം പിന്നിട്ടിട്ടും വരുന്നില്ല. ഉമറും അലിയും ചെന്നു നോക്കി. ഉവൈസ് മണ്ണിൽ സാഷ്ടാംഗം നമിക്കുകയാണ്. മണ്ണിൽ കിടന്നുകൊണ്ട് പറയുന്നു: “എൻ്റെ നാഥാ, നിൻ്റെ പ്രിയൻ മുഹമ്മദ് നബി എന്നെ ഒരു കാര്യം ഏൽപ്പിച്ചിരിക്കുന്നു. എന്നോട് പ്രാർഥിക്കാൻ ഉപദേശിച്ചിരിക്കുന്നു. മുഹമ്മദീയ സമുദായത്തിന് നീ പൊറുത്തു നൽകേണമേ.”
