ഇസ്ലാമിക വൈദ്യശാസ്ത്ര രംഗത്ത് വലിയ മാറ്റങ്ങൾക്ക് വേദിയൊരുക്കിയതിൽ, ഹുനൈൻ ബിൻ ഇസ്ഹാഖ് സമർപ്പിച്ച സേവനം വിലപ്പെട്ടതായിരുന്നു (ജീവിതകാലം എ.ഡി 808-873). “ശൈഖ് ഓഫ് ട്രാൻസ്ലേറ്റേഴ്സ്” എന്നറിയപ്പെട്ടിരുന്ന അദ്ദേഹം, അറബിക്കു പുറമെ ഗ്രീക്ക്, സിറിയക്, പേർഷ്യൻ ഭാഷകളിൽ അദ്വിതീയനായിരുന്നു. കിഴക്കൻ ഇറാഖിൽ ഫാർമസിസിറ്റ് ആയ ഒരു പിതാവിന്റെ മകനായാണ് ജനനം. ഖുറാസാനിലെ ഗുണ്ടേഷാപൂരിൽ നിന്ന് വൈദ്യശാസ്ത്രം പഠിച്ചു. ഖലീഫ മുതവക്കിൽ ഭരിക്കുമ്പോൾ അബ്ബാസി ഭരണകൂടത്തിന്റെ 'ചീഫ് ഫിസിഷ്യൻ' ആയി നിയമിതനായി.
പ്രാചീന ഭാഷകളായ ഗ്രീക്കിൽ നിന്നും സിറിയകിൽ നിന്നും നിരവധി ഗ്രന്ഥങ്ങൾ ഹുനൈൻ അറബിയിലേക്ക് വിവർത്തനം ചെയ്തു. കൃത്യത, ഒഴുക്കുള്ള ഭാഷ, സാങ്കേതിക പദങ്ങൾക്ക് ഉചിതമായ മറുഭാഷാ പദം നിർമിക്കൽ എന്നിവയെല്ലാം അദ്ദേഹത്തിന്റെ വിവർത്തന സവിശേഷതകളായിരുന്നു. വിവർത്തനങ്ങൾക്ക് പുറമെ സ്വന്തമായി രചനകളും നടത്തി. പ്രധാന രചനയാണ് അൽ മസാഇല് ഫീ ഥ്വിബ്ബി ലിൽ മുതഅല്ലിമീൻ (വൈദ്യശാസ്ത്രത്തെക്കുറിച്ച് പഠിതാക്കൾക്കുള്ള ചോദ്യങ്ങൾ). ഗ്രീക്ക് വൈദികനായിരുന്ന ഗാലന്റെ നിഗമനങ്ങളെ അടിസ്ഥാനമാക്കി, അറബിയിൽ തയ്യാറാക്കിയ വൈദ്യശാസ്ത്ര ഉള്ളടക്കമായിരുന്നു ഇത്.
അബ്ബാസി കാലത്തെ രണ്ടു നൂറ്റാണ്ടിനിടെ, പ്രാചീനകാലത്തെ പ്രധാന വൈദ്യശാസ്ത്ര രചനകളെല്ലാം അറബിയിലേക്ക് വിവർത്തനം ചെയ്യപ്പെട്ടത്, അവയെ പ്രതി പുതിയ നിരീക്ഷണങ്ങളും കണ്ടെത്തലുകളും നടത്താൻ വളരെ സഹായകമായി. ഇങ്ങനെ പുതുക്കപ്പെട്ട വൈജ്ഞാനിക സ്രോതസുകളായ അറബി പുസ്തകങ്ങളാണ്, പന്ത്രണ്ടാം നൂറ്റാണ്ടു മുതൽ യൂറോപ്യൻ ഭാഷകളിലേക്ക് വിവർത്തനം ചെയ്യപ്പെടുന്നതും, അവിടെ ജ്ഞാനോദയവും നവോത്ഥാനവും സംഭവിക്കാൻ നിമിത്തമാകുന്നതും.
അബ്ബാസി ഖിലാഫത് കാലത്തെ വൈദ്യശാസ്ത്ര മുന്നേറ്റങ്ങൾ
ഇസ്ലാമിന്റെ രൂപപ്പെടലിനു മുമ്പുള്ള മൂന്നു നൂറ്റാണ്ടുകൾ വൈജ്ഞാനികമായി അടഞ്ഞ നിലയിലായിരുന്നു ലോകത്തിന്റെ മിക്ക ഭാഗങ്ങളിലും. എന്നാൽ എല്ലാ ജ്ഞാന ശാഖകളുടെയും വികാസത്തിന് സവിശേഷ പരിഗണന നൽകുന്ന വിധമായിരുന്നു മുസ്ലിം ദൈവശാസ്ത്രം. ഖുർആനിക സൂക്തങ്ങളും പ്രവാചക വചനങ്ങളും വിജ്ഞാനത്തെ കൂടുതൽ ആവേശത്തോടെ സ്വീകരിക്കുന്ന ഒരു ജനതയാക്കി മുസ്ലിംകളെ മാറ്റി. ആദ്യ നൂറ്റാണ്ടുകളിലെ ഭൂമിശാസ്ത്രപരമായ വികാസത്തിന്റെ ഘട്ടം കഴിഞ്ഞ്, മുസ്ലിം ഭരണകൂടങ്ങൾ കൂടുതൽ സന്തുലിതവും സ്വസ്ഥവും ആകുന്നതോടെ പലഭാഗങ്ങളിലും അഭൂതപൂർവമായ വൈജ്ഞാനിക മുന്നേറ്റം നടന്നു. അതിൽ പ്രധാനപ്പെട്ട ഇടമായിരുന്നു ബാഗ്ദാദ്.
ഒരേസമയം വൈജ്ഞാനിക ഗവേഷണങ്ങൾ, അന്യഭാഷകളിൽ നിന്നുള്ള വിവർത്തനങ്ങൾ, പുതിയ കണ്ടെത്തലുകൾ, രചനകൾ, ആരോഗ്യ സംവിധാങ്ങളുടെ സജ്ജീകരണം എന്നിവയെല്ലാം അടങ്ങിയതായിരുന്നു അബ്ബാസി ഭരണകാലത്തെ മുന്നേറ്റങ്ങൾ. അവയെ പ്രതി മെഡിസിൻ രംഗത്ത് കനപ്പെട്ട സംഭാവനകൾ നൽകിയ പ്രധാന മുസ്ലിം ശാസ്ത്രജ്ഞന്മാർ ചുവടെ:
അബൂബകർ റാസി:
എ.ഡി 854 ൽ ഉസ്ബകിസ്ഥാനിലെ ബുഖാറയിൽ ജനിച്ചു. പഠനത്തിനായി ബാഗ്ദാദിലെത്തി. അവിടത്തെ വൈജ്ഞാനിക അന്തരീക്ഷം വൈദ്യശാസ്ത്രത്തിൽ ആഴമുള്ള ഗവേഷണങ്ങൾ നടത്താൻ അബൂബകർ റാസിയെ സഹായിച്ചു. 224 ഗ്രന്ഥങ്ങൾ രചിച്ചു. മിക്കവയും വൈദ്യശാസ്ത്രം കേന്ദ്രീകരിച്ചുള്ളതായിരുന്നു.
മുഖ്യരചനകൾ ഇവയാണ്:-
'കിതാബുൽ ഹാവീ ഫീ ത്വിബ്ബ്'. ഇരുപത്തിമൂന്നു വോള്യങ്ങളിലായാണ് പുസ്തകം. പ്രധാനമായും കിഡ്നി, മൂത്രനാളി പോലുള്ള മനുഷ്യശരീരത്തിലെ സുപ്രധാന ആന്തരിക അവയവങ്ങൾക്ക് ബാധിക്കുന്ന അസുഖങ്ങൾ, പരിഹാരങ്ങൾ, വയറ്, പേശികൾ, കുടലുകൾ എന്നിവയെ ബാധിക്കുന്ന അസുഖങ്ങൾ, പരിഹാരങ്ങൾ എന്നിവയെല്ലാം പുസ്തകത്തിൽ പരാമർശിക്കുന്നു. മെഡിക്കൽ മേഖലയിൽ സിദ്ധാന്തങ്ങൾ രൂപപ്പെടുത്തുക എന്നതിനപ്പുറം, ഒരു പ്രാക്ടീസിങ് ഡോക്ടർ കൂടിയായതിനാൽ വ്യക്തമായ തെളിവുകളോടെ എഴുതാൻ അബൂബകർ റാസിക്ക് കഴിയുമായിരുന്നു.
1279 ൽ ഫജ്റ് ബിൻ സാലിം ഈ ഗ്രന്ഥം ലാറ്റിൻ ഭാഷയിലേക്കു വിവർത്തനം ചെയ്തു, 'കോണ്ടിനെൻസ്' എന്ന ശീർഷകത്തിൽ. എ.ഡി 1500-നു മുമ്പ് എഴുതപ്പെട്ട ഏറ്റവും ബ്രഹത്തായ പുസ്തകമാണ് ഇതെന്നാണ് ഗണിക്കപ്പെടുന്നത്.
അബൂബകർ റാസിയുടെ 'കിതാബുൽ മൻസൂർ ഫി ത്വിബ്ബ്’ വൈദ്യശാസ്ത്ര കണ്ടെത്തലുകളെ സംഗ്രഹിച്ചു പ്രതിപാദിക്കുന്ന രചനയാണ്. അൽറയ്യ് ഭരിച്ചിരുന്ന സുൽത്വാൻ അബൂ സ്വാലിഹ് ബിൻ മൻസൂറിന് സമർപ്പിച്ചത് കാരണമാണ് ഗ്രന്ഥത്തിന് ഈ ശീർഷകം വന്നത്. 'liber medicinalis ad almansorem' എന്ന ശീർഷകത്തിൽ ഇത് ലാറ്റിനിലേക്ക് വിവർത്തനം ചെയ്യപ്പെട്ടു. പത്തു പ്രധാന വിഷയങ്ങളാണ് ഇതിൽ പ്രതിപാദിക്കുന്നത്. Anatomy (ശരീരഘടനാ ശാസ്ത്രം), Physiology (ശരീരധർമ ശാസ്ത്രം), Temparament (മനോവൃത്തി), പ്രത്യേക മരുന്നുകൾ, വൃത്തി, തൊഴിൽ രോഗങ്ങൾ, യാത്രികർക്കുള്ള ഭക്ഷണക്രമം, ശസ്ത്രക്രിയ, വിഷം, രോഗലക്ഷണങ്ങൾ, പനി തുടങ്ങിയ വിഷയങ്ങളെല്ലാം പുസ്തകം സവിസ്തരം പരാമർശിക്കുന്നു.
മറ്റൊരു ഗ്രന്ഥം 'വൈദ്യനെ സമീപിക്കാൻ സാധിക്കാത്തവർക്കുള്ള പുസ്തകം' എന്ന ശീർഷകത്തിലാണ്. യാത്രയിലുള്ളവർക്കും ഒറ്റപ്പെട്ട സ്ഥലങ്ങളിൽ ജീവിക്കുന്നവർക്കും പാവങ്ങൾക്കും ഒക്കെ സാധാരണഗതിയിൽ അസുഖം വരുമ്പോൾ സ്വയം എങ്ങനെ പ്രതിരോധ മാർഗങ്ങളിൽ ഏർപ്പെടാം എന്ന് പരിശീലിപ്പിക്കുന്നു ഇതിൽ.
'ബുർ അസ്സാഅ' എന്ന കൃതിയിൽ തലവേദന, ചെവിവേദന, പേശീവേദന തുടങ്ങിയ അസുഖങ്ങൾ ഉണ്ടാകുമ്പോൾ, ശരീരത്തിൽ പുരട്ടേണ്ട മരുന്നുകളെപ്പറ്റി വിസ്തരിച്ചിരിക്കുന്നു.
രോഗമെന്നത് ഭൗതികമായ പരിപ്രേക്ഷ്യങ്ങളിലൂടെ മാത്രം സംഭവിക്കുന്നതല്ലെന്നും, മറ്റു വഴികളിലൂടെയും വരാമെന്നും ഇസ്ലാമിക തത്വചിന്തകൻ കൂടിയായിരുന്ന അബൂബകർ റാസി കൃത്യമായി മനസ്സിലാക്കിയിരുന്നു. അങ്ങനെ രോഗങ്ങളെ എങ്ങനെ ആത്മീയ വഴിയിൽ കണ്ടെത്താനും പ്രതിരോധിക്കാനും കഴിയുമെന്ന് വിവരിക്കുന്ന പുസ്തകമാണ് 'കിതാബ് അൽ തിബ് റൂഹാനി'.
'അൽ ശകൂക് അലാ ഗാലൻ' എന്നത്, ബി സി രണ്ടാം നൂറ്റാണ്ടിൽ ജീവിച്ചിരുന്ന, ഗ്രീക്ക് വൈദ്യശാസ്ത്ര പണ്ഡിതനായിരുന്ന ഗാലന്റെ കണ്ടെത്തലുകളിലുള്ള പ്രശ്നങ്ങൾ പ്രതിപാദിക്കുന്ന രചനയാണ്. ഇസ്ലാമിക പൂർവകാലത്തെ ഏറ്റവും സിദ്ധിയുള്ള വൈദ്യശാസ്ത്ര വിശാരദനായിട്ടായിരുന്നു ഗാലൻ അറിയപ്പെട്ടിരുന്നത്. ഗാലന്റെ കണ്ടെത്തലുകൾക്ക് തിരുത്തലുകൾ വരുത്തി, പുതിയ ഗവേഷണ ഫലങ്ങൾ അബൂബകർ റാസി സമർപ്പിച്ചത്, വൈദ്യശാസ്ത്രത്തിലെ പ്രധാന വഴിത്തിരിവായിരുന്നു.
ന്യൂറോളജികൽ സയൻസിലും മാനസിക ശാസ്ത്രത്തിലും ആഴമുള്ള കണ്ടെത്തലുകളും അബൂബകർ റാസി നടത്തി. ബാഗ്ദാദിലെ പ്രധാന ആശുപത്രിയിൽ ഫിസിഷ്യനായി കഴിഞ്ഞ കാലത്തെ, മാനസികാരോഗ്യ പ്രശ്നങ്ങൾ ഉള്ളവർക്ക് വേണ്ടി ഒരു പ്രത്യേക വാർഡ് തന്നെ അദ്ദേഹം തുറന്നിരുന്നു. രോഗികളെ വളരെ സഹിഷ്ണുതയോടും സ്നേഹത്തോടും കൂടി പരിചരിക്കുകയും, അങ്ങനെ മരുന്നിൽ മാത്രമല്ല, വചനങ്ങളിലും പെരുമാറ്റങ്ങളിലും കാണിക്കുന്ന ഹൃദ്യത അസുഖത്തെ ഭേദമാക്കുന്നതിനു നിമിത്തമാകുമെന്നും അദ്ദേഹം കരുതി.
വസൂരി (smallpox) എന്താണെന്നും അതിന്റെ ലക്ഷണങ്ങൾ എന്തെല്ലാമാണെന്നും ആദ്യമായി വിവരിച്ച ആരോഗ്യശാസ്ത്ര വിദഗ്ധൻ അബൂബകർ റാസിയായിരുന്നു. അഞ്ചാംപനി (measles) എന്ന അസുഖത്തിൽ നിന്ന് വ്യത്യസ്തമായ രോഗമാണ് വസൂരിയെന്ന് അദ്ദേഹം തിരിച്ചറിയുകയും രേഖപ്പെടുത്തി വെക്കുകയും ചെയ്തു. ഈ വിഷയം പരാമർശിച്ചിച്ചുകൊണ്ട് അദ്ദേഹം എഴുതിയ പുസ്തകമാണ് 'കിതാബുൽ ജൂദാരി വൽ ഹസ്ബ'. ലാറ്റിൻ ഭാഷയിലേക്ക് പന്ത്രണ്ടിലേറെ തവണ ഈ കൃതി വിവർത്തനം ചെയ്യപ്പെട്ടിട്ടുണ്ട്.
കുട്ടികളുടെ അസുഖങ്ങളെ എങ്ങനെ സവിശേഷമായി കൈകാര്യം ചെയ്യണമെന്നത് സംബന്ധിച്ച് 24 അധ്യായങ്ങളുള്ള പുസ്തകവും അബൂബകർ റാസി രചിച്ചു. നവജാത ശിശുക്കൾ, കുഞ്ഞുങ്ങൾ, കൗമാരക്കാർ തുടങ്ങി വ്യത്യസ്ത പ്രായത്തിലുള്ളവർക്ക് വെവ്വേറെ മരുന്നുകൾ നൽകേണ്ട രീതിയും, രോഗനിർണയത്തിൽ സ്വീകരിക്കേണ്ട മാനദണ്ഡങ്ങളും അദ്ദേഹം വിശദമാക്കി. തേൻ വലിയ ഔഷധമാണെന്നും, ഏതെല്ലാം മരുന്നുകളിലാണ് അത് ഉപയോഗിക്കേണ്ടത് എന്നും അദ്ദേഹം വിശദമാക്കി. ഔഷധശാസ്ത്രത്തിന് (pharmacology) അബൂബകർ റാസി നൽകിയ സംഭാവന വലുതായിരുന്നു. മരുന്നുവ്യാപാരികൾക്ക് ആവശ്യം ഉണ്ടായിരിക്കേണ്ട ഉപകരണങ്ങളെക്കുറിച്ചു വരെ അദ്ദേഹം വിശദമായി രേഖപ്പെടുത്തിയിട്ടുണ്ട്.
- അബുൽ ഖാസിം അൽ സഹ്റാവി: ആധുനിക സർജറിയുടെ പിതാവ്
എ.ഡി 936- 1013 വരെ ജീവിച്ച അബ്ദുൽ ഖാസിം അൽ സഹ്റാവി മധ്യകാലഘത്തിലെ ഏറ്റവും പ്രധാനപ്പെട്ട അറബ് വൈദ്യനും ശസ്ത്രക്രിയാകാരനുമായിരുന്നു. അൽ അന്തലുസിലെ (മുസ്ലിം സ്പെയിൻ) സഹ്റാ നഗരത്തിലാണ് ജനനം. കൊർദോബയിലായിരുന്നു ജീവിതത്തിന്റെ ഏറിയ പങ്കും ചെലവഴിച്ചത്. ആധുനിക സർജറിയുടെ പിതാവ് എന്നറിയപ്പെടുന്ന സഹ്റാവിയുടെ ഗ്രന്ഥങ്ങൾ, ശസ്ത്രക്രിയാ മേഖലയെപ്പറ്റി വിശദമായ വിവരങ്ങൾ പങ്കുവെക്കുന്നു.
അതസ്രീഫ് ലിമൻ അജാസ അനി തഅലീഫ്' (Better to give meaning of arab named books) ആണ് പ്രധാനപ്പെട്ട കൃതി. അമ്പത് വർഷത്തെ ഗവേഷണങ്ങളുടെയും പരീക്ഷണങ്ങളുടെയും അടിസ്ഥാനത്തിൽ തയ്യാറാക്കിയ ഈ പുസ്തകം മുപ്പത് വോള്യങ്ങളാണ്. മൂന്നു പ്രധാന ഭാഗങ്ങളായാണ് ഉള്ളടക്കം ക്രമീകരിച്ചിരിക്കുന്നത്. ഒന്നാംഭാഗം -അമ്പത്തിയാറു ഖണ്ഡങ്ങൾ- മുറിവുകൾ എങ്ങനെ ഭേദമാക്കണം എന്ന് വിവരിക്കുന്നു. രണ്ടാംഭാഗത്ത് സർജറി പ്രക്രിയകൾ, കണ്ണുകൾ സംബന്ധിച്ച രോഗങ്ങൾ മാറ്റാനുള്ള രീതികൾ, നാവിനു ബാധിക്കുന്ന രോഗങ്ങൾ മാറ്റുന്ന വിധം എന്നിവ 97 ഖണ്ഡങ്ങളിലായി വിശദീകരിക്കുന്നു. മൂന്നാംഭാഗം മുപ്പത്തിയഞ്ച് ഖണ്ഡങ്ങളിലായി, എല്ലുകൾക്ക് സംഭവിക്കുന്ന പൊട്ടലുകൾ, സ്ഥാനമാറ്റം, ഗൈനക്കോളജി എന്നിവയെപ്പറ്റി വിശദീകരിക്കുന്നു. ഇവയ്ക്ക് പുറമെ, ഫർമാസിയോളജി, കോസ്മെറ്റിക്സ്, സൂതികർമം (Midwifery), സൈകോതെറാപ്പി തുടങ്ങിയ വിഷയങ്ങളെക്കുറിച്ചും സവിസ്തരം പ്രതിപാദിക്കുന്നു. പിൽക്കാലത്ത് നിരവധി യൂറോപ്യൻ യൂനിവേഴ്സിറ്റികളിൽ ഇത് ടെക്സ്റ്റ്ബുക്കായി ഉപയോഗിച്ചിട്ടുണ്ട്.
ശസ്ത്രക്രിയാ ഉപകരണങ്ങളെക്കുറിച്ചും അവയുടെ ഉപയോഗങ്ങളെക്കുറിച്ചും വിശദമായ വിവരങ്ങളും സഹ്റാവി പങ്കുവെച്ചിട്ടുണ്ട്. ദന്തരോഗങ്ങൾ, നയന രോഗങ്ങൾ എന്നിവ മാറ്റാനുള്ള ക്രിയകൾക്ക് വേണ്ട ഉപകരണങ്ങൾ, ഗൈനക്കോളജി, തലക്കും നെറ്റിക്കും സംഭവിക്കുന്ന ആഘാതങ്ങൾക്കുള്ള ശസ്ത്രക്രിയകൾ, ചെവി, മൂക്ക്, തൊണ്ട എന്നിവക്കുള്ള ശസ്ത്രക്രിയകൾ- എന്നിവയെ സംബന്ധിച്ചെല്ലാം വിശദമായി സഹ്റാവി പരാമർശിക്കുന്നു. ആയിരം വർഷത്തിലേറെയായി, അക്കാലം വരെ നിലനിർത്തിവന്നിരുന്ന ശസ്ത്രക്രിയാ രീതികളും ഉപകരണങ്ങളും മാറ്റേണ്ടതിനെപ്പറ്റി അദ്ദേഹം ഊന്നിപ്പറയുന്നു. അതിനായി നിർദ്ദേശിച്ച ഉപകരണങ്ങളിൽ മിക്കവയും അദ്ദേഹം തന്നെ കണ്ടുപിടിച്ചവയായിരുന്നു. ഓരോ ഉപകരണത്തിന്റെയും ചിത്രം വരച്ച് അവയുടെ പ്രവർത്തങ്ങൾ വിശദീകരിക്കുകയും ചെയ്യുന്നു.
അന്തലുസ് ഖലീഫ, അൽഹാകിം രണ്ടാമൻ, ഗവേഷണങ്ങളും പരീക്ഷണങ്ങളും നടത്താനുള്ള മുഴുവൻ സൗകര്യങ്ങളും സഹ്റാവിക്ക് ഒരുക്കിക്കൊടുത്തു. പിൽക്കാല യൂറോപിൽ സഹ്റാവിയുടെ ഓരോ രീതിയും സൂക്ഷ്മമായി പഠിക്കപ്പെട്ടു. ഫ്രഞ്ച് മിലിറ്ററി സർജൻ ആയിരുന്ന അംബ്രോയ്സ്പരെ (Ambroise Paré) യാണ്, പിന്നീട് ഈ വിഷയത്തിൽ കാര്യമായ സംഭാവന നൽകിയ ഒരാൾ. അതും സഹ്റാവിക്ക് ശേഷം അഞ്ചു നൂറ്റാണ്ട് കഴിഞ്ഞ്. റോഗ്രിയസ് ഏറുഗാർഡി, ഡൊണാൾഡസ് പെർമിനിസ്, ജിറാൾഡ് ക്രിമോന എന്നിവരാണ് അദ്ദേഹത്തിന്റെ കൃതികൾ യൂറോപ്യൻ ഭാഷകളിലേക്ക് പരിഭാഷപ്പെടുത്തിയതിൽ പ്രധാനികൾ.
പ്രതിഭാശാലികളായ വിദ്യാർഥികളെ മെഡിക്കൽ രംഗത്തേക്ക് പ്രോത്സാഹനം നൽകാനും സഹ്റാവി നിർദ്ദേശിക്കുന്നു. ഊർജസ്വലതയും നല്ല ബുദ്ധിയും ഉള്ള വിദ്യാർഥികൾക്ക് മെഡിക്കൽ മേഖലയിൽ നന്നായി സംഭാവന ചെയ്യാനാകുമെന്ന് അദ്ദേഹം കരുതി.
- ഇബ്നു നഫീസ്
ഈജിപ്തിൽ മംലൂക് ഭരണകൂടം അധികാരത്തിലിരുന്ന കാലത്ത് ചീഫ് ഫിസിഷ്യനായി നിയമനിതനായ, വൈദ്യശാസ്ത്ര രംഗത്തെ അദ്വിതീയ പ്രതിഭയായിരുന്നു ഇബ്നു നഫീസ് എന്ന പേരിൽ പ്രശസ്തനായ അലാഉദ്ദീൻ അബുൽ ഹസൻ (ജീവിതകാലം എ.ഡി 1213-1288). സിറിയയിലാണ് ജനിച്ചതും പഠനകാലം ചെലവഴിച്ചതും. പിന്നീട്, ആ കാലത്ത് വിജ്ഞാനത്തിന്റെ മുഖ്യകേന്ദ്രമായ കൈറോവിലേക്കു പോകുകയും, അവിടെ സ്ഥിരവാസമാക്കുകയും ചെയ്തു.
ഇബ്നു നഫീസിന്റെ ഏറ്റവും പ്രധാനപ്പെട്ട രചന 'കിതാബു ശമാഇൽ ഫി സിനാ അത്വിബ്ബിയ'. പ്രായം മുപ്പതുകളിലായിരിക്കുമ്പോഴാണ് ഇതെഴുതുന്നത്. 300 വോള്യം ആയിട്ടായിരുന്നു തയ്യാറാക്കിയത്. അവയിൽ എൺപത്തെണ്ണമാണ് പ്രസിദ്ധീകരിക്കപ്പെട്ടത്. ശസ്ത്രക്രിയ രീതികളാണ് പ്രധാനമായി ഈ ഗ്രന്ഥത്തിൽ വിശദീകരിക്കുന്നത്. ശസ്ത്രക്രിയ പ്രക്രിയയെ അദ്ദേഹം മൂന്നായി വിഭജിച്ചു. രോഗനിർണയം, ശസ്ത്രക്രിയ, ശസ്ത്രക്രിയക്ക് ശേഷമുള്ള കരുതൽ ജീവിതം. ഹൃദയം, ശ്വാസകോശം എന്നിവകളിലൂടെയുള്ള രക്തഗമനത്തെക്കുറിച്ചു അതിസൂക്ഷ്മമായ അറിവുകൾ അദ്ദേഹം പങ്കുവെച്ചു. ശ്വാസകോശ രക്തചംക്രമണം (Pulmonary circulation) സംബന്ധിച്ച് പതിനാറു നിരീക്ഷണങ്ങൾ അദ്ദേഹം മുന്നോട്ടുവെച്ചു.
കിതാബുൽ മൂജസ് ഫി ത്വിബ് ആണ് മറ്റൊരു കൃതി. നാല് ഭാഗങ്ങളായാണ് ഉള്ളടക്കം ക്രമീകരിച്ചിരിക്കുന്നത്.
ഒന്ന്, പൊതുതത്വങ്ങൾ. വൈദ്യശാസ്ത്രം സംബന്ധിച്ച സിദ്ധാന്തങ്ങൾ, വൈദ്യശാസ്ത്ര പ്രാക്ടീസിങ് എന്നിങ്ങനെ രണ്ടായി തരംതിരിച്ചിരിക്കുന്നു ഇത്. സിദ്ധാന്തത്തെ സാധാരണം, അസാധാരണം, രോഗകാരണങ്ങൾ, ലക്ഷണങ്ങൾ എന്നിങ്ങനെ വർഗീകരിച്ചിരിക്കുന്നു. മെഡിസിൻ പ്രാക്ടീസിൽ ശരീരശുചീകരണ ശാസ്ത്രം, രോഗചികിത്സാ ശാസ്ത്രം എന്നിവ ഉൾപ്പെടുത്തിയിരിക്കുന്നു.
രണ്ട്, ഔഷധങ്ങൾ, പഥ്യാഹാരക്രമം എന്നിവയാണ്. ലളിതമായ മരുന്നുകൾ, പല പദാർഥങ്ങൾ ഉപയോഗിച്ചുണ്ടാക്കുന്ന മരുന്നുകൾ എന്നിങ്ങനെ അക്ഷരമാല ക്രമത്തിൽ ഈ ഭാഗത്ത് വിശദമായി ഉൾക്കൊള്ളിച്ചിരിക്കുന്നു.
മൂന്ന്, അവയവങ്ങൾക്കും ജീവ സംവിധാനത്തിനും വരുന്ന അസുഖങ്ങൾ. ശരീരത്തെ സജീവമാക്കുന്ന തലച്ചോറ് അടക്കമുള്ള ആന്തരിക അവയവങ്ങൾക്ക് വരാവുന്ന അസുഖങ്ങളെക്കുറിച്ച് വിവരിക്കുന്നു. അവയുടെ കാരണങ്ങൾ, രോഗനിർണയം, ചികിത്സാരീതികൾ എന്നിവ വിശദമായി രേഖപ്പെടുത്തിയിരിക്കുന്നു.
നാല്: ആറിനങ്ങളിലായി രോഗങ്ങളെ വേർതിരിച്ചു. പനി, ശരീരം വീർക്കൽ, പ്ലേഗ്, എല്ലുകൾ തകരൽ, അവയവ സ്ഥാനമാറ്റം, ചതവ്, തൊലി സംരക്ഷണം എന്നിവയെപ്പറ്റിയെല്ലാം സംക്ഷിപ്തമായി പ്രതിപാദിക്കുന്നു.
മുൻഗാമികളുടെ ഈ വിഷയത്തിലുള്ള വിജ്ഞാനത്തെ വിമർശനാത്മകമായി ഉൾക്കൊള്ളുന്ന രീതിയായിരുന്നു ഇബ്നു നഫീസിന്റെത്. ഒരു കൃതിയുടെ ശീർഷകം 'ശറഹു ഫുസൂലി അപ്പോക്രാറ്റ്' എന്നാണ്. അഥവാ ഹിപ്പോക്രാറ്റസിന്റെ വിവരണങ്ങൾക്കുള്ള വിശദീകരണം. രോഗനിർണയവുമായി ബന്ധപ്പെട്ട് ഗ്രീക്ക് വൈദ്യപണ്ഡിതനായിരുന്ന ഹിപ്പോക്രാറ്റസ് സ്വീകരിച്ചിരുന്ന പോരായ്മകൾ അദ്ദേഹം വിശദീകരിക്കുന്നു. മറ്റൊരു ഗ്രന്ഥമായ 'ശറഹു തസ്രീഹിൽ ഖാനൂനി’ൽ ഫിസിയോളജിയുടെ ചരിത്രം സമഗ്രമായി ഉൾക്കൊള്ളിച്ചിരിക്കുന്നു. വൈദ്യശാസ്ത്രത്തിലുള്ള അഗാധജ്ഞാനത്തോടൊപ്പം, മനോഹരമായി എഴുതാനുള്ള ശേഷി കൂടിയുള്ളയാളായിരുന്നു ഇബ്നു നഫീസ്. വായിക്കുന്ന ആർക്കും സുവ്യക്തമാകുന്ന തരത്തിലായിരുന്നു വിഷയപ്രതിപാദനം. പടിഞ്ഞാറും കിഴക്കും, പിൽക്കാലത്ത് അദ്ദേഹത്തിന്റെ കണ്ടുപിടുത്തങ്ങൾ ഒരുപോലെ സ്വാധീനമുണ്ടാക്കി.
- ഇബ്നുസീനയുടെ മെഡിക്കൽ നിയമങ്ങൾ.
ബഗ്ദാദ് കേന്ദ്രീകരിച്ചു നടന്ന വിവർത്തനങ്ങളുടെയും, വൈജ്ഞാനിക മുന്നേറ്റങ്ങളുടെയും തുടർച്ചയിൽ വന്ന ഏറ്റവും പ്രധാനപ്പെട്ട പണ്ഡിതരിലൊരാളാണ് ഇബ്നുസീന (ജീവിതകാലം എ.ഡി 980- 1037). പല വിഷയങ്ങളിലും അഗ്രഗണ്യനായിരുന്ന ഇബ്നുസീന, മെഡിക്കൽ മേഖലയിൽ കനമുള്ള സംഭാവനകൾ നൽകിയിട്ടുണ്ട്.
'ഖാനൂനു ത്വിബ്ബ്' (വൈദ്യശാസ്ത്ര നിയമങ്ങൾ) ആണ് ഇബ്നുസീനയുടെ പ്രധാന രചന. പതിനേഴാം നൂറ്റണ്ടുവരെ യൂറോപിലെയും ഏഷ്യയിലെയും മെഡിസിൻ സംബന്ധിച്ച പ്രധാന ടെക്സ്റ്റ് ബുക്കായിരുന്നു ഈ ഗ്രന്ഥം. അഞ്ചു സുപ്രധാന പുസ്തകങ്ങളായി അദ്ദേഹം മെഡിസിനെ തരംതിരിച്ചു. ഒന്നാം ഭാഗത്ത് മനുഷ്യശരീരത്തിന്റ പൊതുവിവരണമാണ്. രണ്ടാം ഭാഗത്ത് അസുഖങ്ങൾ ഭേദമാക്കാനായി ഉപയോഗിക്കുന്ന വിവിധതരം വസ്തുക്കളെക്കുറിച്ചാണ്. മൂന്നാം ഭാഗം പ്രത്യേക രോഗങ്ങളെക്കുറിച്ചാണ്. ഇരുപത്തിനാല് ഇനങ്ങളാക്കി തിരിച്ച്, സവിശേഷമായി ഓരോ രോഗത്തെക്കുറിച്ചും വിശദീകരിച്ചു. നാലാം ഭാഗത്ത്, ഒരു രോഗം വരുമ്പോൾ നേരിട്ട് ബാധിക്കുന്ന അവയവങ്ങളെക്കുറിച്ചും അനുബന്ധമായി അതിന്റെ ഭവിഷ്യത്തുകൾ ഉണ്ടായേക്കാവുന്ന അവയവങ്ങളെക്കുറിച്ചുമാണ്. അഞ്ചാം ഭാഗം ഔഷധങ്ങളെ സംബന്ധിച്ചാണ്.
പന്ത്രണ്ടാം നൂറ്റാണ്ടിൽ ജറാൾഡ് ക്രമോണ, ഈ ഗ്രന്ഥം ലാറ്റിനിലേക്ക് വിവർത്തനം ചെയ്തു. പിന്നീട്, ഓരോ വർഷവും ഇതിന്റെ പല ഭാഷാപ്രതികൾ ഇറങ്ങി. പതിനെട്ടാം നൂറ്റാണ്ടിൽ ബെൽജിയത്തിലെ ലോവൻ യൂനിവേഴ്സിറ്റിയിൽ ഈ പുസ്തകം പഠനഗ്രന്ഥമായിരുന്നു. പതിനാറാം നൂറ്റാണ്ടിൽ വിയന്നയിലെ ഫ്രാങ്ക്ഫർട്ടിലും നവീനമായി സജ്ജീകരിച്ച മെഡിക്കൽ പഠനരീതികൾ, ഇബ്നുസീനയുടെ ഖാനൂനിലെ കണ്ടെത്തലുകളെ കേന്ദ്രീകരിച്ചായിരുന്നു.
ജീവിതശൈലി മെഡിസിനെക്കുറിച്ച് വളരെ വിശദമായി പരാമർശിച്ച ഒരാളാണ് ഇബ്നുസീന. വൈദ്യവുമായി ബന്ധപ്പെട്ട ഏറ്റവും പ്രധാന കാര്യം, രോഗി ജീവിതശൈലിയിൽ ശ്രദ്ധിക്കലും പോഷകാഹാരം കഴിക്കുന്നുവെന്ന് ഉറപ്പുവരുത്തലുമാണെന്ന് അദ്ദേഹം പറഞ്ഞിട്ടുണ്ട്. അതോടൊപ്പം, ആവശ്യത്തിന് ഉറക്കം, വിശ്രമം, മാനസികവും മന:ശാസ്ത്രപരവുമായ നിയന്ത്രണം, വായു, വെള്ളം എന്നിവയുടെ ശുദ്ധിയുള്ള ലഭ്യത എന്നിവയെല്ലാം ആരോഗ്യസംരക്ഷണത്തിൽ മുഖ്യമാണ്. മൂത്രാശയ രോഗവുമായി ബന്ധപ്പെട്ട അദ്ദേഹത്തിന്റെ നിലപാടുകൾ പ്രസിദ്ധമാണ്. മൂത്രാശയത്തിലെ കല്ലുകൾ നീക്കം ചെയ്യാനുള്ള മാർഗങ്ങൾ അദ്ദേഹം പ്രതിപാദിച്ചു. ഹൃദയരോഗത്തെക്കുറിച്ചുള്ള വിശദാംശങ്ങളും ഇബ്നുസീന രേഖപ്പെടുത്തി. ഹൃദയമിടിപ്പിനെക്കുറിച്ചുള്ള പഠനം, അസാധാരണമായ ഹൃദയമിടിപ്പ് (പാൽപിറ്റേഷൻ), ഹൃദയാവരണത്തിനു സംഭവിക്കുന്ന രോഗങ്ങൾ (Pericardial) തുടങ്ങിയതെല്ലാം അദ്ദേഹം കുറിച്ചിട്ടു. ഹൃദയരോഗങ്ങളുമായി ബന്ധപ്പെട്ട ഇബ്നുസീനയുടെ പ്രധാന പുസ്തകം 'ഖാനൂൻ ആദവിയ്യ അൽ ഖൽബിയ്യ' ആണ്. അർണാൾഡോ ഡി വില്ലനോവ, പതിനാലാം നൂറ്റാണ്ടിൽ ഇത് De Medicines Cordialibus എന്ന ശീർഷകത്തിൽ ലാറ്റിനിലേക്ക് വിവർത്തനം ചെയ്യുകയുണ്ടായി. പ്രധാനമായും ഇതിൽ വിശദീകരിച്ച ഹൃദ്രോഗങ്ങൾ ഇവയാണ്: ശ്വാസമെടുക്കുന്നതിനുള്ള ബുദ്ധിമുട്ടുകൾ, രക്തസമ്മർദം കാരണം താത്കാലികമായി സംഭവിക്കുന്ന അബോധാവസ്ഥ, ക്രമരഹിതമായ ഹൃദയമിടിപ്പ്, വിഷാദം, സമ്മർദ്ദം, ഉൽകണ്ഠ തുടങ്ങിയ മാനസിക രോഗങ്ങൾക്ക് ഹൃദയവുമായുള്ള ബന്ധവും അദ്ദേഹം വിശദീകരിച്ചു. 83 ഒറ്റ മരുന്നുകളും, 17 മിശ്രമരുന്നുകളും, ഹൃദയ അസുഖങ്ങൾ ഭേദപ്പെടുത്തുന്നതിനായി അദ്ദേഹം നിർദ്ദേശിച്ചു.
അവിസെന്ന എന്ന പേരിൽ, പിന്നീട് യൂറോപിൽ വ്യാപകമായി പരിചയപ്പെടുത്തപ്പെട്ട ഇബ്നുസീന, അസ്ട്രോളാജറും, തത്വചിന്തകനും, സാഹിത്യകാരനും എല്ലാമായിരുന്നു.
- അൽ മജൂസി
പത്താം നൂറ്റാണ്ടിൽ ഇറാനിലെ ബുയിദ് ഭരണകൂടത്തിന്റെ കീഴിൽ സേവനം ചെയ്ത ശ്രദ്ധേയനായ മറ്റൊരു വൈദ്യശാസ്ത്രജ്ഞനായിരുന്നു അലി ബിൻ അബ്ബാസ് മജൂസി. 'ഹാലി അബ്ബാസ്' എന്ന പേരിൽ പിൽക്കാലത്ത് അദ്ദേഹം പടിഞ്ഞാറൻ നാടുകളിൽ പ്രശസ്തനായി. ബെൽജിയൻ ശാസ്ത്രജ്ഞനായിരുന്ന ജോർജ് സൽട്ടന്റെ അഭിപ്രായപ്രകാരം, ഇസ്ലാമിക കാലത്ത് ഏറ്റവുമധികം വൈദ്യശാസ്ത്രത്തിന് സംഭാവനകൾ നൽകിയ മൂന്നു പേരിലൊരാളാണ് മജൂസി. മറ്റു രണ്ടുപേർ അബൂബകർ റാസിയും ഇബ്നുസീനയുമായിരുന്നു. 'കാമിലു സ്വിനാഅതി ത്വിബ്ബിയ്യ' (വൈദ്യശാസ്ത്ര കലയെക്കുറിച്ചുള്ള സമ്പൂർണ പുസ്തകം) ആണ് അദ്ദേഹത്തിന്റെ മുഖ്യരചന. ഇരുപത് ഭാഗങ്ങളിലായി എൻസൈക്ലോപീഡിയ രൂപത്തിൽ വൈദ്യശാസ്ത്ര സിദ്ധന്തങ്ങളും, അവയുടെ പ്രാക്ടീസിങും മജൂസി ഈ ഗ്രന്ഥത്തിൽ വിവരിച്ചു.
ഒരു വൈദ്യനും രോഗിയും തമ്മിലുള്ള ഇടപഴകലിൽ മെഡിക്കൽ എത്തിക്സ് (വൈദ്യധാർമികത) പ്രധാനമാണ് എന്ന് അദ്ദേഹം വിവരിച്ചു. ന്യൂറോ സയൻസ്, സൈകോളജി എന്നിവക്ക് വലിയ പ്രാധാന്യം നൽകി. മനസ്സിന് സംഭവിക്കുന്ന ആഘാതങ്ങൾ എത്രമാത്രം ഓരോ രോഗത്തെയും സങ്കീർണമാക്കും എന്ന് അദ്ദേഹം മനസ്സിലാക്കിയിരുന്നു. ഭക്ഷണത്തിലെ ശ്രദ്ധ, വിശ്രമം, ജോലി, കുളി, കായിക പരിശീലനം എന്നിവയെല്ലാം ചേർന്ന്, സമതുലിതമായ ജീവിതം പുലർത്തേണ്ടത് അനിവാര്യമാണ് എന്ന് അദ്ദേഹം എഴുതി.
തലച്ചോറുമായി ബന്ധപ്പെട്ട അസുഖങ്ങൾ വിവരിക്കുന്ന ന്യൂറോ അനാട്ടമി, ന്യൂറോ ബയോളജി, ന്യൂറോ സൈകോളജി എന്നിവയെക്കുറിച്ചും അദ്ദേഹം പ്രതിപാദിച്ചു. മനുഷ്യന്റെ ചലനങ്ങളെയും വൈകാരിക അവസ്ഥകളെയും നിർണയിക്കുന്നതിൽ തലച്ചോറിന് പ്രധാന പങ്കുണ്ടെന്ന് അദ്ദേഹം കണ്ടെത്തി. തലവേദന, സ്ട്രോക്, അപസ്മാരം, ചിത്തഭ്രമം, കോമ എന്നീ അവസ്ഥകളെയെല്ലാം വെവ്വേറെ നിർവചിക്കുകയും പരിഹാരങ്ങൾ നിർദ്ദേശിക്കുകയും ചെയ്തു മജൂസി.
മജൂസിയുടെ ഗ്രന്ഥങ്ങൾ നിരവധി തവണ ലാറ്റിനിലേക്ക് വിവർത്തനം ചെയ്യപ്പെടുകയും, പതിനെട്ടാം നൂറ്റാണ്ടു വരെ യൂറോപിൽ യൂനിവേഴ്സിറ്റി പാഠപുസ്തകങ്ങളായി ഉപയോഗിക്കുകയും ചെയ്തു.




