ബാഗ്ദാദിൽ അബ്ബാസി ഖലീഫമാർക്ക് കീഴിൽ ഗോളശാസ്ത്ര രംഗത്ത് വിപ്ലവകരമായ കണ്ടെത്തലുകൾ തുടരുമ്പോൾ തന്നെ, പേർഷ്യയിലും അതിന്റെ അനുരണനങ്ങൾ സംഭവിച്ചുകൊണ്ടിരുന്നു. പേർഷ്യയിൽ പ്രധാനമായി ഈ രംഗത്ത് സംഭാവന ചെയ്തത് അബ്ദുറഹ്മാൻ അൽ സൂഫിയാണ് (ജീവിതകാലം എ.ഡി 903 -986). ശീറാസിൽ ബൂയിദ് രാജവംശത്തിലെ ഭരണാധികാരിയായ അബ്ദു ദൗലയുടെ കോടതിയിലായിരുന്നു അദ്ദേഹം ജോലി ചെയ്തിരുന്നത്. നിരവധി ഗോത്രങ്ങളെ സംയോജിപ്പിച്ചു രൂപപ്പെടുത്തിയ മുസ്ലിം ഭരണകൂടമായ ബയൂദികൾ ഇറാനിന്റെയും ഇറാഖിന്റെയും പലഭാഗങ്ങളും ഒമ്പത്, പത്തു നൂറ്റാണ്ടുകളിൽ ഭരിക്കുകയുണ്ടായി. ഗോളശാസ്ത്ര ഗവേഷണങ്ങളിൽ സവിശേഷമായ താത്പര്യം ഈ ഭരണകൂടം പ്രകടിപ്പിച്ചിരുന്നു. തന്റെ മുൻഗാമികളായ ഗോളശാസ്ത്ര പണ്ഡിതരെപ്പോലെത്തന്നെ ടോളമിയുടെ നിരീക്ഷണങ്ങളെ പുതുക്കാനാണ് അബ്ദുറഹ്മാൻ സൂഫിയും പ്രാഥമികമായി തുനിഞ്ഞത്. ടോളമി തയ്യാറാക്കിയ നക്ഷത്ര കാറ്റലോഗ്, അദ്ദേഹം പരിഷ്കരിച്ചു. എ.ഡി 964 ൽ അങ്ങനെ എഴുതിയ പുസ്തകമാണ് 'കിതാബുൽ കവാകിബി സാബിത' (നിശ്ചല നക്ഷത്രങ്ങളുടെ പുസ്തകം). ഗ്രീക്കുകാരുടെയും, മുസ്ലിം അസ്ട്രോണമിസ്റ്റുകളുടെയും ഗവേഷങ്ങളുടെ ക്രോഡീകരണം ആ ഗ്രന്ഥത്തിൽ ഉണ്ടായിരുന്നു.
ബൂയിദ് രാജവംശത്തിൽ തുടർന്നുവന്ന ഭരണാധികാരിയായ ഷറഫു ദൗല ഗോളശാസ്ത്ര നിരീക്ഷണങ്ങൾക്ക് വേണ്ടി ഒരു കേന്ദ്രം തന്നെ പണിതു. സൂര്യനും ചന്ദ്രനും മറ്റു ദൃശ്യമായ അഞ്ചു ഗ്രഹങ്ങളും ഉൾപ്പെടെ സപ്തഗ്രഹങ്ങളെ നിരീക്ഷിക്കുക എന്നതായിരുന്നു ഈ കേന്ദ്രം കൊണ്ട് ലക്ഷ്യമാക്കിയത്. പ്രവിശാലമായി പണിത ഈ ബിൽഡിങ്ങിൽ, നിരീക്ഷണത്തിനു വേണ്ടി ആ കാലത്ത് ലഭ്യമായ ഏറ്റവും മികച്ച ഉപകരണങ്ങൾ സംവിധാനിച്ചിരുന്നു. പ്രമുഖ പേർഷ്യൻ അസ്ട്രോണമിസ്റ്റ് ആയിരുന്ന അബു മഹ്മൂദ് അൽ ഖുജന്ദി (ജീവിതകാലം എ.ഡി 940-1000), ബൂയിദ് ഭരണകൂടത്തിന് കീഴിൽ ഗോളശാസ്ത്ര അന്വേഷണങ്ങളിൽ വ്യാപൃതനായിരുന്നു. ഇരുപത് മീറ്റർ വ്യാസമുള്ള ഏറ്റവും വലിയ ദ്രുവരേഖ ഡിസൈൻ ചെയ്തത് ഖുജന്ദിയായിരുന്നു.
പിന്നീടുവന്ന പ്രധാനപ്പെട്ടൊരു ഗോളശാസ്ത്ര വിശാരദൻ ഉമർ ഖയ്യാമാണ്. കവിയെന്ന പേരിൽ പിൽക്കാലത്ത് മഹാഖ്യാതി നേടിയ ഉമർ ഖയ്യാം, അതോടൊപ്പം തന്നെ ഗണിതശാസ്ത്രജ്ഞനും ഗോളശാസ്ത്രജ്ഞനും തത്വചിന്തകനും ആയിരുന്നു (ജീവിതകാലം: എ.ഡി 1048- 1131). ഇറാനിലെ നൈഷാപൂറിൽ നിന്നാണ് അദ്ദേഹം പ്രാഥമികവിദ്യ നേടുന്നത്. എ.ഡി 1070 ൽ അദ്ദേഹം സമർഖന്ദിലേക്ക് യാത്രയാവുകയും, അവിടെ നിന്ന് തന്റെ ആദ്യത്തെ ശ്രദ്ധേയ രചന നടത്തുകയും ചെയ്തു. 'അൽ ജിബ്രയെക്കുറിച്ചു ഒരു പുസ്തകം' എന്നായിരുന്നു ശീർഷകം. തന്റെ നിരീക്ഷങ്ങളോടൊപ്പം ഇന്ത്യൻ ഗണിത ചിന്തകരുടെ വാദങ്ങളും പ്രാധാന്യത്തോടെ ഇതിൽ അദ്ദേഹം രേഖപ്പെടുത്തിവെക്കുന്നു. ഗ്രീക്ക് ഗണിതശാസ്ത്രജ്ഞനായിരുന്ന യൂക്ലിഡിന്റെ ഗണിത തത്വങ്ങൾക്കുള്ള വിശദീകരണമാണ് ഉമർ ഖയ്യാമിന്റെ രണ്ടാമത്തെ പുസ്തകം.
എ.ഡി 1074 ൽ ഇഷ്ഫഹാൻ കേന്ദ്രമാക്കി, മാലിക് ഷാ ഒന്നാമൻ അധികാരത്തിൽ വന്നപ്പോൾ, ഉമർ ഖയ്യാമിനെ കൊട്ടാരത്തിലേക്ക് ക്ഷണിച്ചു. ചീഫ് അസ്ട്രോണമർ പദവിയിൽ നിയമിച്ചു. മുൻകാല അസ്ട്രോണമർമാർക്ക് നിരീക്ഷണങ്ങൾ നടത്താൻ പാകത്തിലുള്ള വലിയ സജ്ജീകരണങ്ങളും ഉപകരണങ്ങളും കുറവായിരുന്നു. അത് പരിഹരിക്കാനായി വലിയൊരു നിരീക്ഷണ കേന്ദ്രം തയ്യാറാക്കുകയായിരുന്നു, ഉമർ ഖയ്യാമിനെ ഉപയോഗിച്ച് മാലിക് ഷായുടെ ലക്ഷ്യം. മറ്റു ആറു ഗോളശാസ്ത്രജ്ഞരെ കൂടി അവിടെ നിയോഗിച്ചു. ടോളമിയുടെ almagest എന്ന ഗോളശാസ്ത്ര ഗ്രന്ഥത്തിലെ കണ്ടെത്തലുകളെ നവീകരിക്കലായിരുന്നു സുൽത്വാന്റെ ലക്ഷ്യം. വളരെയധികം താത്പര്യത്തോടെ ഉമർ ഖയ്യാം ഇവിടെ പ്രവർത്തിച്ചു. പുതിയ സോളാർ കലണ്ടർ എന്ന ആശയം അദ്ദേഹം മുന്നോട്ട് വെക്കുകയും അംഗീകാരം നേടിയെടുക്കുകയും ചെയ്തു. ജലാലി കലണ്ടർ എന്ന് അതിനു നാമവും നൽകി. അതോടൊപ്പം അസ്ട്രോണമിയുമായി ബന്ധപ്പെട്ട രണ്ടു രചനകളും അദ്ദേഹം നടത്തി. 'മാലിക് ഷായുടെ അസ്ട്രോണമി ഉടമ്പടികൾ' എന്ന രചനയിൽ ഏറ്റവും തിളക്കമുള്ള നൂറു നക്ഷത്രങ്ങളെ തരംതിരിച്ചു. പതിനഞ്ചു വർഷം, ഈ ഗവേഷണത്തിന് ഉമർ ഖയ്യാമും അദ്ദേഹത്തിന്റെ സഹപ്രവർത്തകരും ചെലവഴിച്ചു. എ.ഡി 1092-ൽ മാലിക് ഷാ മരണപ്പെട്ടതോടെ, തുടർന്ന് അധികാരത്തിൽ വന്നവർക്ക് ഖയ്യാമിലോ അദ്ദേഹത്തിന്റെ ഗവേഷണങ്ങളിലോ വേണ്ടത്ര താല്പര്യമില്ലാതെ പോയതിനാൽ, കൂടുതൽ വികസിക്കുമായിരുന്ന ഗോളശാസ്ത്ര അന്വേഷണങ്ങൾ ശുഷ്കിച്ചു. അസ്ഫഹാനിൽ തുടർന്ന അദ്ദേഹം ഒരു രചന നടത്തി, 'പുതുവർഷത്തിന്റെ ചരിത്രം' എന്ന ശീർഷകത്തിൽ. പേർഷ്യനിൽ 'താരീഖി ഫലലി' എന്ന ഗ്രന്ഥവും അദ്ദേഹം രചിച്ചു.
തുടർന്ന് പേർഷ്യയിൽ ശ്രദ്ധേയ സ്ഥാനം അലങ്കരിച്ച ഗോളശാസ്ത്ര പണ്ഡിതനാണ് അബ്ദുൽ റഹ്മാൻ അൽ ഖാസീനി. സുൽത്വാൻ അഹ്മദ് സഞ്ചറിന്റെ ഭരണകാലത്താണ് (എ.ഡി 1118-1153 ) അദ്ദേഹം ജീവിക്കുന്നത്. 'സുൽത്താൻ സഞ്ചറിന് സമർപ്പിക്കുന്ന വിശേഷപ്പെട്ട ഗോളശാസ്ത്ര പുസ്തകം' എന്നത് അദ്ദേഹത്തിന്റെ പ്രധാന രചനയാണ്. അസ്ട്രോണമിയുമായി ബന്ധപ്പെട്ട പുതിയ നിരവധി നിരീക്ഷണങ്ങൾ കൊണ്ട് സമ്പന്നമായിരുന്നു ഈ രചന. സൂര്യൻ, ചന്ദ്രൻ, മറ്റു അഞ്ചു ഗ്രഹങ്ങൾ എന്നിവകളെ ദീർഘകാലം നിരീക്ഷിച്ച ശേഷം, അവയുടെ വ്യത്യസ്ത ധർമങ്ങളെ വിലയിരുത്തിയും, മുൻകാല രചയിതാക്കളുടെ നിഗമനങ്ങളുമായി താരതമ്യം ചെയ്തുമാണ് ഈ പുസ്തകം തയ്യാറാക്കിയതെന്ന് ഖാസീനി പറയുന്നു. വ്യത്യസ്ത കലണ്ടറുകളെ ഗ്രന്ഥത്തിന്റെ ആദ്യഭാഗത്ത് പരിചയപ്പെടുത്തുന്നു: മുസ്ലിംകൾ ഉപയോഗിച്ചുവരുന്ന ഹിജ്റ, ജൂതന്മാരും ഹിന്ദുക്കളും ക്രിസ്ത്യാനികളും ഉപയോഗിച്ച് വരുന്ന മറ്റു കലണ്ടറുകൾ, അവ തമ്മിലുള്ള വ്യത്യാസങ്ങൾ എന്നിവ വിശദമാക്കുന്നു. നവീന രീതിയിലുള്ള പ്ലാനിറ്ററി ടേബിളുകളും അദ്ദേഹം ഉണ്ടാക്കി.
ഈ പുസ്തകത്തിന്റെ രചനക്ക് പുറമെ, ഗുരുത്വാകർഷണം, അസ്ട്രോണോമിക്കൽ ഉപകരണങ്ങൾ- എന്നിവ സംബന്ധിച്ചും അദ്ദേഹം എഴുത്തുകൾ നടത്തി. ആകാശം നഗ്നനേത്രം കൊണ്ട് നിരീക്ഷിക്കാൻ സഹായിക്കുന്ന ഉപകരണങ്ങൾ അദ്ദേഹം ഉണ്ടാക്കി. നക്ഷത്രങ്ങളും അവയുടെ സഞ്ചാരപഥവും അടയാളപ്പെടുത്തുന്ന ഒരു ഗ്ലോബും ഖാസീനി നിർമിച്ചു. പിന്നീട്, എ.ഡി 1290 ൽ തബ്രീസിലേക്ക് യാത്ര ചെയ്ത, ഓർത്തഡക്സ് ക്രിസ്ത്യൻ ബിഷപ്പായിരുന്ന ഗ്രിഗറി ഷിയോണൈഡ്സ്, ഖാസീനിയുടെ രചനകൾ ഗ്രീക്കിലേക്ക് വിവർത്തനം ചെയ്തു. കോൺസ്റ്റാന്റിനോപ്പിളിലെ പണ്ഡിതർക്കിടയിൽ ഗോളശാസ്ത്രത്തിൽ താൽപര്യം ഉദിക്കാൻ ഈ വിവർത്തനം നിമിത്തമായി.
പന്ത്രണ്ട്- പതിമൂന്നു നൂറ്റാണ്ടുകളിൽ സമയം കൃത്യപ്പെടുത്തുന്നതുമായി ബന്ധപ്പെട്ടു വിവിധ ഉപകരണങ്ങളുടെ കണ്ടുപിടുത്തം പേർഷ്യയിൽ നടന്നു. ‘ഇല്മുൽ മീഖാത്’ എന്നാണ് അതുമായി ബന്ധപ്പെട്ട വിജ്ഞാനശാഖ അറിയപ്പെട്ടത്. മുസ്ലിംകൾക്ക് നിർവഹിക്കൽ അനിവാര്യമായ അഞ്ചു നേരത്തെ നിസ്കാരത്തിന്റെ സമയം കൃത്യപ്പെടുത്തുന്നതുമായി ബന്ധപ്പെട്ടതായിരുന്നു ഈ ജ്ഞാനശാഖ. ഇതിൽ നിപുണരായവർ (മുവഖിത്) മാതമറ്റിക്കൽ ടേബിൾ തയാറാക്കി, ഓരോ പ്രദേശത്തിനും അനുസൃതമായ വിധം നിസ്കാര സമയം ക്ലിപ്തപ്പെടുത്തിയിരുന്നു.
തൂസിയുടെ ഗവേഷണങ്ങൾ.
യൂറോ- ഏഷ്യൻ ലോകത്തെ ഏറ്റവും പ്രധാനപ്പെട്ട ഗോളശാസ്ത്ര കേന്ദ്രമായിരുന്നു ഇറാനിലെ മറാഗെ കേന്ദ്രീകരിച്ചു എ.ഡി പതിമൂന്നാം നൂറ്റാണ്ടിൽ സ്ഥാപിക്കപ്പെട്ട നിരീക്ഷണകേന്ദ്രം. അസ്ട്രോണമർ ആയിരുന്ന, നാസിറുദ്ദീൻ തൂസി (ജീവിതകാലം എ.ഡി 1201- 1274 ) യായിരുന്നു അതിന്റെ നേതൃത്വം.
മധ്യകാലഘട്ടത്തിൽ വിവിധ ജ്ഞാന ശാഖകളിൽ അഗാധ പരിജ്ഞാനമുള്ള പണ്ഡിതനായിരുന്നു തൂസി. പേർഷ്യനിലും അറബിയിലുമായി നൂറ്റിയൻപതിലധികം പുസ്തകങ്ങൾ അദ്ദേഹം രചിച്ചിട്ടുണ്ട്. ഗോളശാസ്ത്രം, മെഡിസിൻ, ഫിലോസഫി, തർക്കശാസ്ത്രം, ഗണിതശാസ്ത്രം എന്നിവയെല്ലാം അദ്ദേഹത്തിനു ആഴത്തിൽ ഗ്രാഹ്യമുള്ള വിഷയങ്ങളായിരുന്നു. പ്രധാന പൗരാണിക ഗ്രീക്ക് ഗണിതശാസ്ത്രജ്ഞർ, അസ്ട്രോണമിസ്റ്റുകൾ, തത്വശാസ്ത്രജ്ഞർ എന്നിവരുടെ രചനകൾക്ക് അദ്ദേഹം, നവീനമായ കണ്ടെത്തലുകൾ ഉൾപ്പെടുത്തി വിശദീകരണങ്ങൾ എഴുതിയിട്ടുണ്ട്. 'ഖാജ' എന്ന അപരനാമത്തിൽ വിശ്രുതനായ അദ്ദേഹത്തിന്റെ ഖ്യാതി ബാഗ്ദാദിലേക്കും, ചൈനയിലേക്കുമെല്ലാം വേഗം പരന്നു. ഇബ്നുഖൽദൂന്റെ രചനയിൽ, ഏറ്റവും പ്രധാനപ്പെട്ട പേർഷ്യൻ പണ്ഡിതനെന്ന നിലയിലാണ് നാസിറുദ്ദീൻ തൂസിയെ അടയാളപ്പെടുത്തുന്നത്.
ഇറാനിലെ ആൽമുത് കേന്ദ്രമാക്കി ഭരണം നടത്തിയിരുന്ന നാസിറുദ്ദീൻ മുഅതസിമിന് കീഴിൽ ഇരുപത്തിയഞ്ചു വർഷം ഗവേഷണങ്ങളിലും രചനകളിലും സജീവമായിരുന്നു തൂസി. മംഗോളിയരുടെ നേതൃത്വത്തിൽ കിഴക്കും പടിഞ്ഞാറും അധിനിവേശം നടത്തുന്ന സമയത്താണ് തൂസിക്ക് ജീവിക്കേണ്ടി വന്നത്. ചെങ്കിസ്ഖാന്റെ പേരമകൻ മംഗോൾ ജനറൽ ഹുലാഗു ഈ പ്രദേശം പിടിച്ചടക്കിയെങ്കിലും, അസ്ട്രോളജിയിൽ തൽപരനായ അദ്ദേഹം തൂസിയെ തന്റെ വൈജ്ഞാനിക സഭയിൽ ഉൾപ്പെടുത്തി, ചീഫ് അസ്ട്രോണമർ ആയി നിയമിച്ചു.
1235 ൽ തൂസി ആദ്യത്തെ അസ്ട്രോണമി രചന നടത്തി, 'രിസാലതുൽ മുഈനിയ്യ' എന്ന ശീർഷകത്തിൽ. ഈ വിഷയത്തിൽ പ്രാഥമിക പഠനം നടത്തുന്ന വിദ്യാർഥികളെ ലക്ഷ്യമാക്കിയുള്ളതായിരുന്നു ഈ രചന. എ.ഡി രണ്ടാം നൂറ്റാണ്ടിൽ ടോളമി രചിച്ച പ്രശസ്തമായ Almagest-നെ വിശദീകരിച്ചും, അതിലെ പോരായ്മകൾ തിരുത്തിയും 1247 ൽ തൂസി എഴുതിയ പുസ്തകമാണ് തഹ്റീർ അൽ മാജിസ്തി. 1261 ൽ 'സമഗ്ര ഗോളശാസ്ത്ര ഗ്രന്ഥം' എന്നൊരു രചനയും അദ്ദേഹം നടത്തി. ഇതിലെ രേഖപ്പെടത്തലുകൾ 'Tusi couple' എന്ന നാമത്തിലാണ് ഇപ്പോഴും ശാസ്ത്രലോകത്ത് അറിയപ്പെടുന്നത്. പിൽക്കാല യൂറോപ്പിലെ ഗോളശാത്രജ്ഞരായ കോപ്പർ നിക്കസിനെയും റജിയോ മോന്തനസിനെയും ഏറെ സ്വാധീനിച്ച കണ്ടെത്തലായിരുന്നു ഇത്.
സൈദ്ധാന്തിക അന്വേഷണത്തിൽ മാത്രമായിരുന്നില്ല അദ്ദേഹം ശ്രദ്ധ കേന്ദ്രീകരിച്ചത്. ആകാശത്തെയും നക്ഷത്രങ്ങളെയും നിരന്തരമായി നിരീക്ഷിച്ചു, അവയുടെ ഭാവമാറ്റങ്ങളും, കാലചലനങ്ങളും അടയാളപ്പെടുത്തി അദ്ദേഹം എഴുതിയ പുസ്തകമാണ് 'നക്ഷത്ര ദൂരമാപ്പിനെയെക്കുറിച്ചുള്ള ലഘു വിവരണം'. മുപ്പത് അധ്യായങ്ങളുണ്ട് ഈ പുസ്തകത്തിൽ. നക്ഷത്ര ക്ഷീരപഥത്തെക്കുറിച്ചു (മില്കി വേ) തൂസി ഗംഭീര നിരീക്ഷണങ്ങൾ മുന്നോട്ടുവെച്ചു. 350 വർഷങ്ങൾക്ക് ശേഷം, ഗലീലിയോ ഇതിനെപ്പറ്റി പുതിയ കണ്ടെത്തലുകൾ നടത്തിയപ്പോൾ, തൂസിയുടെ അഭിപ്രായങ്ങളുടെ ആഴം ഈ രംഗത്തെ വിദഗ്ദർ മനസ്സിലാക്കുകയുണ്ടായി.
ഗോളശാസ്ത്ര നിരീക്ഷണത്തിനു വേണ്ടി മറാഗെയിൽ സ്ഥാപിച്ച കേന്ദ്രത്തിൽ വിപുലമായ ഒരു ലൈബ്രറി ഉണ്ടായിരുന്നു. 40000 പുസ്തകങ്ങൾ അവിടെ സൂക്ഷിക്കപ്പെട്ടിരുന്നു. മംഗോളിയൻ അധിനിവേശത്തിൽ ബാഗ്ദാദും, ഡമസ്കസും തകർന്നുപോയപ്പോൾ, അവരുടെ അധീനതയിൽ മറാഗെ പുഷ്കലമായി. ഈ ഗോളശാസ്ത്ര ഗവേഷണ സ്ഥാപനത്തിന് എത്ര പണം ചിലവഴിക്കാനും മംഗോളിയൻ ജനറൽ ഹുളഗു തയ്യാറായിരുന്നു.
അങ്കഗണിതം, ക്ഷേത്രഗണിതം, ത്രിമാനഗണിതം എന്നിയവയെ വിശദീകരിക്കുന്ന പുസ്തകങ്ങളും തൂസി രചിച്ചിട്ടുണ്ട്. ധാതുവിദ്യയെക്കുറിച്ചുള്ള (mineralogy) അദ്ദേഹത്തിന്റെ രചനയാണ് 'വിലപിടിപ്പുള്ള ധാതുക്കൾ'.
ജ്ഞാനോദയവും മുസ്ലിം ഗോളശാസ്ത്ര സംഭാവനകളും
മുസ്ലിംകളുടെ സവിശേഷത, ഗുണകരമായ എല്ലാറ്റിനെയും ഉൾക്കൊള്ളുകയും, എല്ലാവിഭാഗം മനുഷ്യരുടെയും പങ്കാളിത്തം ഉറപ്പാക്കുകയും ചെയ്തു എന്നതാണ്. അൽ അന്തലുസിന്റെ (സ്പാനിഷ് ഇസ്ലാം) ചരിത്രം പഠിക്കുമ്പോൾ, അവിടെ വൈജ്ഞാനിക അന്വേഷണങ്ങളിൽ മുസ്ലിം ഗവേഷകരോടൊപ്പം തന്നെ ക്രിസ്ത്യൻ, ജൂത മത വിശ്വാസികൾക്കെല്ലാം പരിശീലനം നൽകുകയുണ്ടായെന്നു കാണാം. അതുവഴി, വിജ്ഞാനത്തിന്റെ സാർവത്രീകരണമാണ് നടന്നത്.
പിൽക്കാലത്ത് ഗോളശാസ്ത്രത്തിൽ മുഖ്യമായ സംഭാവന നൽകിയ ഒരാൾ നിക്കോളാസ് കോപ്പർ നിക്കസായിരുന്നു (ജീവിതകാലം എ.ഡി 1473- 1543). അദ്ദേഹത്തിന്റെ De revolutionibus എന്ന ഗ്രന്ഥത്തിൽ, തന്റെ ജ്ഞാന അന്വേഷണങ്ങൾക്ക് കാരണക്കാരായ അഞ്ചു മുസ്ലിം ശാസ്ത്രജ്ഞരെ പേരെടുത്ത് പറഞ്ഞിട്ടുണ്ട്. അൽ ബത്താനി, സർഖാലി, ഇബ്നു റുശ്ദ്, അൽ ബത്റൂജി, സാബിത് ഇബ്നു ഖുറ എന്നിവരാണ് അവർ.
ഇസ്ലാമിന്റെ ഗോളശാസ്ത്ര കണ്ടെത്തലുകൾ സംബന്ധിച്ച പഠനങ്ങൾ, ഇപ്പോഴും വിവിധ പടിഞ്ഞാറൻ സർവകലാശാലകളിൽ ഗവേഷണ വിഷയമാണ്. നമ്മുടെ കാലത്തെ വൈജ്ഞാനിക സമ്പുഷ്ടീകരണത്തിനു നിദാനമായ വെളിച്ചങ്ങളുടെ ഉത്ഭവം പഠിച്ചാലല്ലേ, പുതിയ മുന്നേറ്റങ്ങൾ ഇനിയും സാധ്യമാക്കാനാകൂ.




