ബാഗ്ദാദ് കേന്ദ്രമായി അബ്ബാസി ഭരണകൂടത്തിന് കീഴിൽ സ്ഥാപിതമായ 'ബൈതുൽ ഹിക്മ' എന്ന ധൈഷണിക പഠനകേന്ദ്രം, എട്ടാംനൂറ്റാണ്ടു മുതൽ മുസ്ലിം ലോകത്തുണ്ടായ അസാധാരണമായ ജ്ഞാനക്കുതിപ്പിന് ഹേതുവാകുന്നുണ്ട്. ഈ പേരിലെ 'ഹിക്മ' എന്നത് ഒരു ഖുർആനിക സംജ്ഞയാണ്. വിവേകപരവും, ദൈവസ്മൃതിയിൽ അധിഷ്ഠിതയുമായ ജ്ഞാന ഉത്പാദനത്തെയും വിതരണത്തെയും അത് കുറിക്കുന്നു.
പ്രവാചകരായിരുന്ന ഇബ്റാഹീം നബിയുടെ ഒരു പ്രാർഥന ഖുർആനിലുണ്ട്: പടച്ചവനേ എനിക്ക് ഹിക്മത് നൽകുകയും എന്നെ സദ്വൃത്തരിൽ ഉൾപ്പെടുത്തുകയും ചെയ്യണമേ എന്ന്. ഇതിൽ, 'ഹിക്മ' എന്ന പദത്തിന്റെ വിവക്ഷ, ധാരാളമായി അറിവ് നൽകണേ എന്നാണെന്ന് ഖുർആൻ വ്യാഖ്യാതാക്കൾ വിശദീകരിച്ചിട്ടുണ്ട്. ആ അറിവ് ലഭിക്കലും, അതുമായി ബന്ധപ്പെട്ട അന്വേഷണവും, അങ്ങനെ നല്ലവരിൽ ഉൾപ്പെടലും ഇസ്ലാമിലെ പ്രശംസനീയമായ കർമങ്ങളാണ്. 'ബൈതുൽ ഹിക്മ' എന്ന ജ്ഞാനനികേതനം, അതിനാൽ ഇസ്ലാമിക വിശ്വാസ ഔന്നത്യത്തിന്റെ കൂടി ഭാഗമായി രൂപപ്പെട്ടതാണ്.
മധ്യകാല മുസ്ലിം ചരിത്രത്തെകുറിച്ച് വിശദമായി പഠനം നടത്തിയ യു.എസിലെ യേൽ യൂണിവേഴ്സിറ്റി ഇസ്ലാമിക വിഭാഗം പ്രഫസർ ദിമിത്രി ഗുട്ടാസ് ബൈത്തുൽ ഹിക്മയെക്കുറിച്ച് വിവരിക്കുന്നതിങ്ങനെ: ‘സുൽത്താൻ അബൂ ജഅഫർ അൽ മൻസൂറിന്റെ കീഴിൽ ആരംഭിച്ച ഒരു ലൈബ്രറി സംവിധാനമായിരുന്നു ബൈതുൽ ഹിക്മ. പേർഷ്യൻ കൃതികൾ അറബിയിലേക്ക് വിവർത്തനം ചെയ്യുകയെന്നതായിരുന്നു അതിന്റെ പ്രാഥമികദൗത്യം. പിന്നീട് ഖലീഫ മഅ്മൂൻ ഭരണാധികാരിയായി മാറിയ സന്ദർഭത്തിൽ ഗണിതശാസ്ത്രം, ഗോളശാസ്ത്രം തുടങ്ങിയ വിജ്ഞാനീയങ്ങളിലേക്ക് ബൈതുൽ ഹിക്മയുടെ ദൗത്യം വികസിച്ചു’.
പൗരാണിക ഗ്രീക്ക് റോമൻ കൃതികൾ വിവർത്തനം ചെയ്യുന്ന ഒരു സെന്റർ മാത്രമായിരുന്നില്ല ബൈതുൽ ഹിക്മ. അതേസമയം പഴയതും പുതിയതുമായ വിവിധ തരം ജ്ഞാനശാഖകൾ പഠിപ്പിക്കുന്ന ഇടമായിരുന്നു. അവിടെ വിവിധ ജ്ഞാനശാഖകളിൽ അതീവ പ്രാഗത്ഭ്യമുള്ള ആളുകൾ സംഗമിച്ചു. അരിസ്റ്റോട്ടിലിന്റെ 'ഫിസിക്സ്' എന്ന കൃതി പ്രഥമമായി വിവർത്തനം ചെയ്യപ്പെട്ടത് ബൈതുൽ ഹിക്മയിൽ വെച്ചാണ്.
ഹാറൂൻ റഷീദിന്റെ മകനായ ഖലീഫ അൽ മഅ്മൂൻ വിജ്ഞാനകാര്യങ്ങളിൽ അതീവ തത്പരനായിരുന്നു. വലിയൊരു മതപണ്ഡിതനുമായിരുന്നു അദ്ദേഹം. വിജ്ഞാനത്തിന് ഇസ്ലാം നൽകിയ പ്രാധാന്യം നന്നായി ഉൾക്കൊണ്ടു. ലോകത്തുള്ള എല്ലാ ജ്ഞാനശാഖകളെയും ബാഗ്ദാദിൽ എത്തിക്കാനും, അങ്ങനെ അവയെ വിശകലനം ചെയ്തു പുതിയ മുന്നേറ്റം സാധ്യമാക്കാനും അദ്ദേഹം പദ്ധതികൾ തയ്യാറാക്കി. ഹജ്ജാജ് ബിൻ മത്വറിനെ ബൈതുൽ ഹിക്മയിൽ എത്തിക്കുന്നത് അൽ മഅ്മൂനാണ്. സുൽത്താന്റെ നിർദേശപ്രകാരം യൂക്ലിഡിന്റെ എലമെൻറ്സ് എന്ന കൃതി അദ്ദേഹം വിവർത്തനം ചെയ്തു. പ്രശസ്ത ഗോളശാസ്ത്രജ്ഞനായിരുന്ന മുഹമ്മദ് ബിൻ മൂസൽ ഖവാരിസ്മിയും ബൈതുൽ ഹിക്മയിൽ പൂർണസമയ ഗവേഷണങ്ങൾക്കു വേണ്ടി നിയുക്തനായി.
ഖവാരിസ്മിയുടെ മാസ്റ്റർപീസായ 'ഹിസാബുൽ ജബ്ർ വൽ മുഖാബല'യിൽ സുൽത്താൻ മഅ്മൂനെക്കുറിച്ച് ആമുഖത്തിൽ കുറിക്കുന്നത് ഇങ്ങനെ: "അൽജിബ്രയുമായി ബന്ധപ്പട്ടു സമഗ്രമായ കൃതി രചിക്കാൻ എന്നെ പ്രേരിപ്പിച്ചത് സുൽത്താൻ മഅ്മൂനാണ്. സർവേ ചെയ്യൽ, കണക്കുകൂട്ടൽ, വ്യാപാരം, അനന്തരാവകാശം, സ്വത്ത് വിഭജനം, കനാലുകൾ കുഴിക്കൽ- തുടങ്ങിയ എല്ലാ കാര്യങ്ങളെയും സ്പർശിക്കുന്ന കണ്ടെത്തലുകളാണ് അദ്ദേഹത്തിന്റെ പ്രോത്സാഹനത്താൽ എഴുതാൻ കഴിഞ്ഞത്."
കൊട്ടാരത്തോടു ചേർന്നുള്ള പ്രവിശാലമായ ബിൽഡിങിലായിരുന്നു ബൈതുൽ ഹിക്മ പ്രവർത്തിച്ചിരുന്നത്. മനോഹരമായ ഉദ്യാനം അതിനു ചുറ്റും ഉണ്ടായിരുന്നു. പണ്ഡിതർക്ക് സ്വതന്ത്രമായും ധ്യാനാത്മകമായും ഗവേഷണം നടത്താനും രചനകൾ നിർവഹിക്കാനും പൂർണാർഥത്തിലുള്ള പരിതസ്ഥിതി അവിടെ ലഭ്യമായിരുന്നു.
ആറ് മുഖ്യ ഡിപ്പാർട്മെന്റുകൾ ബൈതുൽ ഹിക്മയിൽ സജീവമായിരുന്നു. ഒന്ന്: പൗരാണിക പുസ്തകങ്ങളുടെ സൂക്ഷിപ്പ്. രണ്ട്, പുസ്തകങ്ങൾ ഗവേഷണത്തിനും വായനക്കും വേണ്ടി സമർഥരായ പണ്ഡിതർക്ക് വായിക്കാൻ നൽകൽ. മൂന്ന്, പുസ്തകങ്ങളുടെ പുതിയപ്രതികൾ നിർമിക്കലും ബൈൻഡ് ചെയ്യലും. നാല്, കൈയെഴുത്തുകൃതികളുടെ രചന. അഞ്ച്, പൗരാണിക രചനകളുടെ വിവർത്തനം, പുതുഗ്രന്ഥങ്ങളുടെ രചന.
വഖ്ഫ് സ്വത്തായിരുന്നു ബൈതുൽ ഹിക്മയുടെ മുഖ്യവരുമാനം. പുസ്തക വിൽപ്പനയിൽ നിന്ന് പണം കണ്ടെത്താൻ കഴിഞ്ഞിരുന്നു. എന്നാൽ, അതിനെല്ലാം പുറമെ പണ്ഡിതരെ പ്രോത്സാഹിപ്പിക്കാൻ അബ്ബാസി ഖലീഫമാർ നിർലോഭം പണം ചെലവഴിച്ചിരുന്നു. ഏറ്റവും വലിയ സമ്പത്ത് ജ്ഞാനമാണെന്ന ബോധ്യം ഖലീഫമാർക്കുണ്ടായിരുന്നു.
ബൈത്തുൽ ഹിക്മയിൽ അനേകം വിജ്ഞാനശാഖകളിലുള്ള ഗവേഷണങ്ങൾ നടന്നു. വിവർത്തനം ചെയ്യുന്ന കൃതികൾക്ക് പേജുകളുടെ എണ്ണമനുസരിച്ച് വിലപിടിപ്പുള്ള നാണയങ്ങൾ ഖലീഫമാർ സമ്മാനമായി നൽകിയിരുന്നു. അതോടൊപ്പം മൗലിക രചനകളെയും അതീവതാത്പര്യത്തോടെ പ്രോത്സാഹിപ്പിച്ചു. ഗോളശാസ്ത്രം, ഭൂമിശാസ്ത്രം, വൈദ്യശാസ്ത്രം, എൻജിനീയറിങ്, ചരിത്രപഠനം, ഗണിതശാസ്ത്രം തുടങ്ങി നൂറോളം വിജ്ഞാനശാഖകൾ അവിടെ രൂപംകൊണ്ടു. അവ വൈകാതെ, മറ്റു മുസ്ലിം നാടുകളിലേക്കും പരന്നു.
ബൈതുൽ ഹിക്മക്ക് സമാനമായി, എ.ഡി എട്ടാം നൂറ്റാണ്ടു മുതൽ നിലവിൽവന്ന മൂന്ന് പ്രധാന വൈജ്ഞാനികകേന്ദ്രങ്ങൾ താഴെ പറയുന്നവയാണ്.
ഒന്ന്: ട്യുണീഷ്യയിലെ റഖാറ കേന്ദ്രമായി രൂപംകൊണ്ട ബൈതുൽ ഹിക്മ. ഒൻപതാം നൂറ്റാണ്ടിൽ മുഹമ്മദ് അൽ ഗലാബിയെന്ന അമീറാണ് ഇതു നിർമിച്ചത്. വിജ്ഞാനത്തോട് ഏറെ ഇഷ്ടമുണ്ടായിരുന്ന അദ്ദേഹം, ബാഗ്ദാദിലെ ബൈതുൽ ഹിക്മ സന്ദർശിച്ചു. അവിടെനിന്ന് അനേകം കൈയെഴുത്തുപ്രതികളും പുസ്തകങ്ങളും, ശാസ്ത്രീയ അന്വേഷങ്ങൾക്കുള്ള ഉപകരണങ്ങളും വിലകൊടുത്തു വാങ്ങി. അവ മുഴുവൻ റഖാറയിൽ കൊണ്ട് വന്ന് ലൈബ്രറിയിൽ സ്ഥാപിച്ചു. എല്ലാ വർഷവും ഈ ആവശ്യത്തിന് അദ്ദേഹം ബാഗ്ദാദിൽ പോയിരുന്നു. ആ യാത്രകൾ കനപ്പെട്ട ഒരു ഗ്രന്ഥശേഖരം പതിയെ ടുണീഷ്യയിൽ ഉണ്ടായിവരാൻ നിമിത്തമാവുകയും ചെയ്തു.
രണ്ട്: അൽ അന്തലുസിലെ ദാറുൽ ഹിക്മ. എ.ഡി പത്താം നൂറ്റാണ്ടിൽ മുസ്ലിം സ്പെയിൻ ഭരിച്ച അൽ ഹകം മുസ്തൻസിറാണ് ഇത് സ്ഥാപിച്ചത്. ഭരണാധികാരികൾക്കിടയിലെ പണ്ഡിതൻ എന്ന പേരിലായിരുന്നു അദ്ദേഹം പ്രശസ്തനായത്. മുമ്പൊരു ഭരണാധികാരിയും ശേഖരിച്ചിട്ടില്ലാത്തത്രയും പുസ്തകങ്ങൾ അദ്ദേഹം സമാഹരിച്ചു. വിവിധ വിജ്ഞാനശാഖകളിലായി പരന്നുകിടന്നിരുന്ന ഗ്രന്ഥങ്ങൾ സൂക്ഷിക്കാനും അവയെ ആധാരമാക്കി പുതിയ ഗവേഷണങ്ങൾ തുടങ്ങാനുമാണ് സുൽത്താൻ അൽ ഹകം, ദാറുൽ ഹിക്മ സ്ഥാപിച്ചത്. ശാസ്ത്രം, കല എന്നിവയിലെല്ലാം സ്പെയ്ൻ അദ്വിതീയ ശോഭയിലേക്ക് ഉയർന്നത് ഈ വിജ്ഞാനനികേതനത്തിന്റെ സ്വാധീനത്താലാണ്.
മൂന്ന്: കൈറോവിലെ ദാറുൽ ഹിക്മ: പത്താം നൂറ്റാണ്ടിൽ കൈറോ ഭരിച്ച ഫാത്വിമി ഭരണകൂട ഖലീഫയായിരുന്ന അൽ അസീസ് ബില്ലാഹ്, വിജ്ഞാന തത്പരനും പുസ്തകസ്നേഹിയുമായിരുന്നു. ബാഗ്ദാദിലെ ബൈതുൽ ഹിക്മയിൽ വെച്ച് രചിക്കപ്പെട്ട മുഴുവൻ കൃതികളും അദ്ദേഹത്തിന്റെ ശേഖരത്തിലുണ്ടായിരുന്നു. ഗ്രന്ഥങ്ങൾ പണ്ഡിതർക്ക് ലഭ്യമാക്കാനും, അവയെ ആധാരമാക്കി അവരുടെ ഗവേഷണങ്ങൾ വികസിപ്പിക്കാനും വേണ്ടി സുൽത്താൻ സ്ഥാപിച്ചതായിരുന്നു ദാറുൽ ഹിക്മ. എല്ലാ പണ്ഡിതർക്കും മഷിയും പേനയും കടലാസും സൗജന്യമായി സുൽത്താൻ ലഭ്യമാക്കുകയും ചെയ്തിരുന്നു. കൈറോയുടെ വൈജ്ഞാനിക കുതിപ്പിന്, ദാറുൽ ഹിക്മ ഏറെ പ്രയോജനം ചെയ്തു.
എ.ഡി 1258 -ൽ മംഗോളിയൻസ് ബാഗ്ദാദ് കീഴടക്കുവോളം, ബൈതുൽ ഹിക്മ വിജ്ഞാനോത്പാദനത്തിന്റെയും വിതരണത്തിന്റെയും മഹാകേന്ദ്രമായി നിലനിന്നു. സംഭവിക്കാൻ പാടില്ലാത്തത് മംഗോളിയർ ചെയ്തു. ബൈതുൽ ഹിക്മക്ക് തീക്കൊടുത്തു. ആ വിജ്ഞാനശേഖരം ചാരമാക്കി. ചില പണ്ഡിതർ പറയുന്നത്, മംഗോളിയക്കാർ ധാന്യപ്പുര ഉണ്ടാക്കിയത് പുസ്തങ്ങൾ വെച്ചായിരുന്നു എന്നതാണ്. അപ്പോഴേക്ക് കൈറോവിലേക്കും മറ്റും പല ഗ്രന്ഥങ്ങളുടെയും പകർപ്പ് നീങ്ങിയതിനാലും, ലാറ്റിൻ ഭാഷകളിലേക്ക് വിവർത്തനം ധാരാളമായി സംഭവിച്ചതിനാലും, ബൈതുൽ ഹിക്മയുടെ തുടർച്ചകൾ നടന്നു. യൂറോപ്പിന്റെ വിജ്ഞാന ഉദയത്തിന് ബൈത്തുൽ ഹിക്മ അങ്ങനെ നിദാനമായി.




