എ.ഡി 711-ൽ മുസ്ലിംകൾ സ്പെയിനിൽ എത്തി. താരിഖ് ബിൻ സിയാദ് എന്ന പ്രവാചക അനുചരനാണ് ആ പ്രയാണത്തിന് നേതൃത്വം നൽകിയത്. പിന്നീട് പല ഭരണാധികാരികളിലൂടെ അൽ അന്തലുസ് പുഷ്ടിപ്പെട്ടു. വിജ്ഞാനത്തോട് അടങ്ങാത്ത അഭിനിവേശമുള്ള മുസ്ലിംകൾ ബാഗ്ദാദിന് സമാനമായി അന്തലൂസിലും സമാനതയില്ലാത്ത ജ്ഞാന സപര്യകളിലേർപ്പെട്ടു. സ്പെയിനിൽ സ്വതന്ത്രമുസ്ലിം ഭരണം വരുന്നത് എ.ഡി 756 ൽ അബ്ദുറഹ്മാൻ ഒന്നാമൻ അധികാരത്തിലെത്തിയതോടെയാണ്. തുടർന്ന് വന്ന അബ്ദുറഹ്മാൻ രണ്ടാമന്റെയും (എ.ഡി 822-852), അബ്ദുറഹ്മാൻ മൂന്നാമന്റെയും (എ.ഡി 916-961) ഭരണകാലങ്ങളിൽ സ്പാനിഷ് മുസ്ലിം നാഗരികത വളരെ സമ്പന്നമായി.
മുസ്ലിംകളുടെ കടന്നുവരവിന് മുമ്പ് സ്പെയിനിൽ നിലനിന്നിരുന്ന ഗോളശാസ്ത്ര വിജ്ഞാനം, ടോളമിയുടെ കണ്ടെത്തലുകളും ഗ്രീക്ക് സയൻസിൽ പ്രതിപാദിച്ച കാര്യങ്ങളുമായിരുന്നു. ഇസ്ലാമിക പൂർവകാലത്ത്, പരിമിതമായ ആസ്ട്രോണമിക്കൽ ജ്ഞാനം അവിടത്തെ ജനത ഉപയോഗിച്ചത് മുഖ്യമായും ആളുകളെ ദൈവവത്കരിക്കാനും, മതപരമായ പ്രവചനങ്ങൾ നടത്താനും മാജികിനും അത്ഭുത ചരടുകൾക്കുമെല്ലാം വേണ്ടിയായിരുന്നു. മുസ്ലിം ഗോളശാസ്ത്രം പക്ഷേ, വൈജ്ഞാനിക ലക്ഷ്യത്തോടെയുള്ളതും ഭൂമിയെയും ആകാശത്തെയും സൂക്ഷ്മമായി നിരീക്ഷിക്കുന്നതിന് വേണ്ടിയും ആയതിനാൽ, സ്പെയിനിൽ അത് വിപുലമായി സ്വീകരിക്കപ്പെട്ടു.
അബ്ദുറഹ്മാൻ മൂന്നാമന്റെ കാലത്ത്, നിരവധി ഗോളശാസ്ത്ര മുന്നേറ്റങ്ങൾ ഉണ്ടായി. അബ്ബാസി ഖിലാഫതിന് കീഴിൽ പരിശീലനം നേടിയ ഒരു കൂട്ടം ശാസ്ത്രജ്ഞർ കൊർദോബ കേന്ദ്രമാക്കി, ഗോളശാസ്ത്രം, ഗണിതശാസ്ത്രം, ഉൽക്കാ ചലനങ്ങൾ എന്നിവയെക്കുറിച്ചു വിപുലമായ ഗവേഷണങ്ങൾ നടത്തി. ഇവരിൽ ഏറ്റവും പ്രധാനയിയായിരുന്നു മസ്ലമ ബ്ൻ അഹ്മദ് അൽ മജ്റീത്വി (ജീവിതകാലം എ.ഡി 950-1007). വളരെ ചെറിയ പ്രായത്തിലെ അദ്ദേഹം കൊർദോബയിലേക്ക് കുടിയേറി. ക്ഷേത്രഗണിതശാസ്ത്രജ്ഞനായ (ജ്യോമട്രീഷ്യൻ) അബ്ദുൽ ഗാഫിർ ബിൻ മുഹമ്മദിന് കീഴിൽ ഗോളശാസ്ത്ര നിരീക്ഷണങ്ങൾ നടത്തി. ഖവാരിസ്മിയുടെ രചനകൾ മജ്റീത്വിയെ വളരെയധികം സ്വാധീനിച്ചിരുന്നു.
അക്കാലം വരെ ഇന്ത്യയിലെ ഉജ്ജയ്നി കേന്ദ്രമാക്കി ഉണ്ടായിരുന്ന ധ്രുവരേഖയെ (meridian) കൊർദോബയിലേക്ക് മാറ്റി. പ്രകാശരശ്മികളെ കേന്ദ്രീകരിച്ചു അനേകം അസ്ട്രോളജിക്കൽ മാപ്പുകളും അദ്ദേഹം ഉണ്ടാക്കി. ഖവാരിസ്മിയുടെ കണ്ടെത്തലുകളെക്കാൾ കൂടുതൽ കൃത്യമായിരുന്നു മജ്റീത്വിയുടെ പ്രകാശരശ്മികളെക്കുറിച്ചുള്ള കണ്ടെത്തൽ.
വ്യാപാരഗുണിതം (Commercial Arithmetic) സംബന്ധിച്ചും മജ്റീത്വിക്ക് രചനകൾ ഉണ്ടായിരുന്നു. വിൽപന, നികുതി എന്നിവയെല്ലാം അതിൽ പരാമർശിക്കപ്പെട്ടു. ടോളമിയുടെ നക്ഷത്ര പട്ടികക്ക് (Planishaerium) അറബിയിൽ അദ്ദേഹം വിവർത്തനം തയ്യറാക്കുകയും ചെയ്തു. വളരെ ശ്രദ്ധേയരായ ശിഷ്യന്മാരായിരുന്നു മജ്റീത്വിക്ക് ഉണ്ടായിരുന്നത്. ഹമീദുദ്ദീൻ കിർമാനി (മരണം എ.ഡി 1021), ഇബ്നു സംഹ് (മരണം എ.ഡി 1035), ഇബ്നു സഫർ (മരണം എ.ഡി 1034) തുടങ്ങിയവർ അവരിൽ പ്രധാനപ്പെട്ടവരാണ്. നക്ഷത്രദൂര മാപിനി യന്ത്രത്തെക്കുറിച്ചു ഇബ്നു സംഹ് 130 അധ്യായങ്ങളുള്ള പുസ്തകം എഴുതിയിട്ടുണ്ട്.
മജ്റീത്വിക്ക് ശേഷം മുസ്ലിം സ്പെയിനിലുണ്ടായ മറ്റൊരു പ്രധാന ഗോളശാസ്ത്ര വിശാരദൻ അബൂ ഇസ്ഹാഖ് ഇബ്റാഹീം അൽ സർഖാലിയാണ് (ജീവിതകാലം എ.ഡി 1029 മുതൽ 1100 വരെ). ഗോളശാസ്ത്ര പഠനത്തിൽ ഒരു പുതിയ അധ്യായം തന്നെ അദ്ദേഹം ആരംഭിച്ചു. മറ്റുള്ളവരിൽ നിന്ന് വ്യത്യസ്തമായി, സ്വപഠനത്തിലൂടെ ജ്ഞാനം നേടിയ ആളായിരുന്നു അദ്ദേഹം. ഗോളശാസ്ത്ര ഉപകരണങ്ങൾ ഉണ്ടാക്കുന്ന ഒരാളായാണ് അദ്ദേഹം ജോലിയിൽ പ്രവേശിച്ചത്. അദ്ദേഹത്തിന്റെ അപാരമായ ബുദ്ധിയും ക്രിയാത്മകതയും കണ്ട് തൊഴിൽ ദാതാക്കൾ അദ്ദേഹത്തിന് ഗോളശാസ്ത്ര ഗവേഷണങ്ങൾക്ക് അവസരമൊരുക്കുകയായിരുന്നു. സൂര്യൻ, ചന്ദ്രൻ, ഗ്രഹങ്ങൾ, നക്ഷത്രങ്ങൾ തുടങ്ങിയവ നിരീക്ഷിച്ചു വിശദമായ രചനകൾ സർഖാലി നടത്തി. ടോളിഡോ എന്ന സ്ഥലത്തുണ്ടായിരുന്ന പ്രശസ്തമായ വാട്ടർ ക്ളോക്ക് ഡിസൈൻ ചെയ്തതും നിർമിച്ചതും അദ്ദേഹമായിരുന്നു.
ചന്ദ്രന്റെയും സൂര്യന്റെയും ഗ്രഹങ്ങളുടെയും സ്ഥാനം നിജപ്പെടുത്തുന്ന ഇക്വാട്ടോറിയം (equatorium) എന്ന ഉപകരണത്തെക്കുറിച്ച് രണ്ടു രചനകളുണ്ട് സർഖാലിക്ക്. സ്പെയിൻ പിന്നീട് മുസ്ലിംകൾക്ക് നഷ്ടമായപ്പോൾ, സ്പെയിൻ ഭരിച്ചിരുന്ന അൽഫോൻസോയുടെ നിർദ്ദേശപ്രകാരം പതിമൂന്നാം നൂറ്റാണ്ടിൽ ഈ പുസ്തകങ്ങൾ സ്പാനിഷിലേക്ക് വിവർത്തനം ചെയ്യപ്പെട്ടു.
സൂക്ഷ്മമായ അന്വേഷണങ്ങളിലൂടെയും വിശകലനങ്ങളിലൂടെയും ആയിരുന്നു സർഖാലി തന്റെ ഗോളശാസ്ത്ര വിവരങ്ങൾ രൂപപ്പെടുത്തിയിരുന്നത്. അദ്ദേഹത്തിന്റെ നിർദ്ദേശപ്രകാരം, മുസ്ലിംകളും ജൂതന്മാരും ഉൾപ്പെടുന്ന ഒരു സംഘം ഗോളശാസ്ത്ര വിദഗ്ധരെ രൂപപ്പെടുത്തി, അവരെക്കൊണ്ടു അനേക വർഷങ്ങൾ ആകാശം നിരീക്ഷിപ്പിക്കുകയും ചെയ്തു. എ.ഡി 1080 ൽ സർഖാലി അറബിയിൽ തയ്യാറാക്കിയ ഗ്രന്ഥമാണ് ടോളെഡൻ പട്ടികകൾ (Toledan tables). അതിന്റെ അറബി കോപി നഷ്ടപ്പെട്ടുപോയിട്ടുണ്ട്. ഇപ്പോൾ ലാറ്റിനിലേക്ക് ചെയ്യപ്പെട്ട വിവർത്തനം മാത്രമേ ലഭ്യമായിട്ടുള്ളൂ. ഖവാരിസ്മിയുടെ ഗ്രന്ഥത്തിനൊപ്പം, സർഖാവിയുടെ ഈ പുസ്തകം പന്ത്രണ്ടാം നൂറ്റാണ്ടു മുതൽ, മധ്യകാലം മുഴുവൻ യൂറോപ്പിൽ വളരെ ജനകീയമായിരുന്നു. ഖവാരിസ്മിയുടെ നിരീക്ഷണങ്ങളെക്കാൾ കൃത്യമായിരുന്നു സർഖാലിയുടെതെങ്കിലും ഇരുവരുടേയും ഗ്രന്ഥങ്ങൾ ഇംഗ്ലണ്ടിലും, ഫ്രാൻസിലും ഇറ്റലിയിലും ഒക്കെയുള്ള ഗോളശാസ്ത്രജ്ഞർ ഉപയോഗപ്പെടുത്തി.
എ.ഡി 1080 -ൽ സൂര്യനെക്കുറിച്ചു വിശദമായി പരാമർശിക്കുന്ന ഒരു ഗ്രന്ഥവും അദ്ദേഹം എഴുതി - 'സൂര്യനെക്കുറിച്ചുള്ള സമഗ്രമായ ഒരു കുറിപ്പ്' എന്ന ശീർഷകത്തിൽ. അതിന്റെ രചനയ്ക്ക് വേണ്ടി, വ്യവസ്ഥാപിതമായ രൂപത്തിൽ ഇരുപത്തിയഞ്ചു വർഷങ്ങൾ അദ്ദേഹം സൂര്യനെ നിരീക്ഷിക്കുകയുണ്ടായി. മുൻകാല ഗോളശാസ്ത്രജ്ഞരുടെ നിഗമനപ്രകാരം, ഭ്രമണപഥത്തിൽ ചന്ദ്രൻ നിൽക്കുന്ന സ്ഥാനം സ്ഥിരമാണെന്നായിരുന്നു. എന്നാൽ, സ്ഥാനചലനം സംഭവിക്കുന്നുണ്ടെന്നു സർഖാലി നിരീക്ഷിക്കുകയും, അതായിരുന്നു വാസ്തവമെന്നു പിൽക്കാല ലോകം തിരിച്ചറിയുകയും ചെയ്തു. സൂര്യന്റെ ചലനത്തെക്കുറിച്ചുള്ള അദ്ദേഹത്തിന്റെ നിരീക്ഷണങ്ങളെക്കുറിച്ചു, പതിനാറാം നൂറ്റാണ്ടിൽ കോപ്പർ നിക്കസ് ചർച്ചചെയ്തിട്ടുണ്ട്. എ.ഡി 1085 ൽ നക്ഷത്രങ്ങളെക്കുറിച്ചുള്ള ഒരു പുസ്തകമെഴുതി സർഖാലി.
മുപ്പത് വർഷത്തിലേറെ സ്ഥിരമായി ചന്ദ്രനെ നിരീക്ഷിച്ചാണ് അദ്ദേഹം, ചന്ദ്രിക ചലനങ്ങളെക്കുറിച്ചുള്ള രേഖപ്പെടുത്തലുകൾ നടത്തുന്നത്. ഗ്രഹങ്ങളുടെ ചലനങ്ങളെക്കുറിച്ചും സ്വാധീനത്തെത്തക്കുറിച്ചും അദ്ദേഹം ഒരു പുസ്തകം രചിച്ചിട്ടുണ്ട്. പിൽക്കാലത്ത് സ്പെയിനിലെ ഗലീഷ്യ ഭരിച്ച ക്രിസ്ത്യൻ രാജാവ് അൽഫോൻസോ പത്താമൻ (എ.ഡി 1252-84), ഇസ്ലാമിക കാലത്തെ അറിവിന്റെ വ്യാപനത്തെ വിവർത്തനങ്ങളിലൂടെ മനസിലാക്കാൻ ശ്രമിക്കുകയും, അതുവെച്ച് പുതിയ ഗവേഷണങ്ങൾക്കുള്ള നീക്കങ്ങൾ നടത്തുകയും ചെയ്തു. ആ ലക്ഷ്യത്തോടെ അറബിയിൽ നിന്ന് സ്പാനിഷിലേക്ക് വിവർത്തനം ചെയ്യാൻ ശേഷിയുള്ളവരുടെ ഒരു സ്കൂൾ തന്നെ അദ്ദേഹം ഉണ്ടാക്കി. സർഖാലിയുടെത് അടക്കമുള്ള ഗ്രന്ഥങ്ങൾ വിവർത്തനം ചെയ്യപ്പെടുകയും, ആ നിരീക്ഷണങ്ങളുടെമേൽ പുതിയ പഠനങ്ങൾ ഉണ്ടാവുകയും ചെയ്തു. മധ്യകാലഘട്ടത്തിലെ യൂറോപ്യൻ നവോത്ഥാനത്തിനു അത് പ്രധാന നിമിത്തമാവുകയും ചെയ്തു.




