ഇന്ന് ലോകത്തേറ്റവും പ്രചാരമുള്ള വൈജ്ഞാനിക ശാഖകളിലൊന്നാണ് റോബോട്ടിക്സ്. 'ഫാദർ ഓഫ് റോബോട്ടിക്സ്' എന്നറിയപ്പെടുന്നത് ഒരു മുസ്ലിം ശാസ്ത്രജ്ഞനാണ്. ഇസ്മാഈൽ ഇബ്നു റസ്സാസ് അൽ ജസരിയാണത് (ജീവിതകാലം എ.ഡി 1136 -1206). അപ്പർ മെസപ്പെട്ടോമിയയിലാണ് ജനനം. ചെറുപ്രായത്തിലേ സാങ്കേതികവിദ്യയോട് വലിയ തത്പരത പ്രകടിപ്പിച്ചു. മെക്കാനിക്സ് സംബന്ധിച്ച് ഗ്രീക്കിൽ പ്രസിദ്ധീകരിക്കപ്പെട്ട പൗരാണിക പുസ്തകങ്ങൾ, അദ്ദേഹത്തിന്റെ ജനനത്തിനു മുമ്പേ അറബിയിലേക്ക് വിവർത്തനം ചെയ്യപ്പെട്ടിരുന്നു. യൂക്ലിഡിന്റ 'പ്രകാശവും ഭാരവും', ആർക്കിമിഡീസിന്റെ 'ജലഘടികാരം', അഹ്റന്റെ 'ഉയർന്ന ഭാരം വഹിക്കൽ' - എന്നീ കൃതികളൊക്കെ പഠനകാലത്തേ അൽ ജസരി വായിച്ചുതീർത്തു. മുൻകാല അറബി ശാസ്ത്രജ്ഞർ ഈ രംഗത്ത് നടത്തിയ ഗവേഷണങ്ങളും അദ്ദേഹം ഹൃദിസ്ഥമാക്കി.
രണ്ടു വർഷം പിന്നീട് അദ്ദേഹം നിർമാണ യത്നങ്ങൾക്ക് വേണ്ടി ചെലവഴിച്ചു. കുട്ടികൾക്കുള്ള കളിപ്പാട്ടങ്ങൾ, സ്ത്രീകളെ വീട്ടുജോലിക്ക് സഹായിക്കുന്ന തരം ഉപകരണങ്ങൾ, എന്നിവയെല്ലാം നിർമിച്ചു. ആളുകൾക്കിടയിൽ അദ്ദേഹത്തോടുള്ള മതിപ്പുകൂടി. പ്രശസ്തി ദിക്കുകൾ കടന്നു മുന്നേറി. അന്നത്തെ സുൽത്താൻ നാസിറുദ്ദീന്റെ ചെവിയിലും ഇതെത്തി. അദ്ദേഹം ദിയാർ ബക്ർ സിറ്റിയിലെ കൊട്ടാരത്തിലേക്ക് (ഇന്നത്തെ തുർക്കിയുടെ ഭാഗം) ജസരിയെ ക്ഷണിച്ചു. അവിടെ ഇരുപത്തിയഞ്ചു വർഷം ഗവേഷണവും പരീക്ഷണവുമായി അദ്ദേഹം കഴിച്ചുകൂട്ടി. ആ കാലത്താണ് ലോകത്തെ വിസ്മയിപ്പിച്ച, സാങ്കേതികവിദ്യ സംബന്ധിച്ച രചനകൾ പ്രധാനമായി നടന്നത്.
ജസ്രിയുടെ പ്രധാന രചന 'പുതിയ മെക്കാനിക്കൽ ഉപകരണങ്ങളുമായി ബന്ധപ്പെട്ട വിജ്ഞാനങ്ങൾ' (കിതാബുന് ഫീ മഅരിഫതില് ഹിയാലിൽ ഹൻദസിയ്യ) നൂറിലധികം ഉപകരണങ്ങളെക്കുറിച്ചുള്ള വിശദാംശങ്ങൾ ചിത്രസഹിതം രേഖപ്പെടുത്തിയിട്ടുണ്ട്. ഈ പുസ്തകം ഇംഗ്ലീഷിലടക്കം വിവിധ ലോക ഭാഷകളിൽ ഇപ്പോഴും പ്രസിദ്ധീകരിക്കപ്പെടുന്നുണ്ട്. ടെക്നോളജിയെക്കുറിച്ചു പഠിക്കാൻ തനിക്ക് ശേഷി നൽകിയ അല്ലാഹുവിനെ സ്തുതിച്ചുകൊണ്ട് ആരംഭിക്കുന്ന ജസരി, ഇസ്ലാമിക പൂർവകാലത്തും ഇസ്ലാമികജ്ഞാന വിപുലീകരണ കാലത്തും എഴുതപ്പെട്ട പുസ്തകങ്ങളെല്ലാം പഠിച്ചു, പുതിയ നിരവധി ഗവേഷണങ്ങൾ പൂർത്തിയാക്കിയാണ് ഈ രചനയിലേക്ക് ഇറങ്ങുന്നതെന്ന് ആമുഖത്തിൽ രേഖപ്പെടുത്തിയിട്ടുണ്ട്.
ആറ് ഇനങ്ങളിലായാണ് പുസ്തകം ക്രമീകരിച്ചിട്ടുള്ളത്: ഒന്ന്, വാട്ടർ ക്ലോക്കുകളുടെ നിർമാണം. എത്ര സൂക്ഷ്മമായാണ് ഈ ഗവേഷണം അദ്ദേഹം നടത്തിയതെന്ന് ഓരോ വരിയും വെളിപ്പെടുത്തുന്നുണ്ട്. ഈ ഭാഗത്തെ പത്തു ഖണ്ഡങ്ങളാക്കി വർഗീകരിച്ചിരിക്കുന്നു. 1. വാട്ടർ ക്ലോക്കിന് ആമുഖം, അതിന്റെ പ്രവർത്തന രീതി. 2. ജല സംരക്ഷണകേന്ദ്രം 3. ജലത്തിന്റെ ഒഴുക്ക് ക്രമീകരിക്കാനുള്ള നിർമിതി. 4. വിവിധ ഉപകരണങ്ങൾ ഘടിപ്പിക്കൽ. 5. ജലം പുറത്തുവരാനായുള്ള ക്രമീകരണങ്ങൾ. 6. യന്ത്രത്തിന്റെ ഘടിപ്പിക്കൽ 7. മുകളിൽ പരാമർശിച്ചവയെ കൃത്യമായി ചലിപ്പിക്കൽ 8. ട്രംപീറ്റർ ഉപയോഗം. 9. രാശിചക്രം, സൂര്യൻ, ചന്ദ്രൻ വലയത്തിലേക്ക് ഉപകരണത്തെ എത്തിക്കൽ. 10. ഈ വലയങ്ങളിൽ ലഭ്യമാകുന്നതിലേക്ക് യന്ത്രത്തെ എത്തിക്കൽ. സമയക്രമീകരണം, ഗോള നിരീക്ഷണം, നിനപരിപാടികളുടെ ക്രമീകരണം എന്നിവക്ക് വേണ്ടി പൗരാണിക കാലത്ത് ഉപയോഗിച്ചിരുന്ന വാട്ടർ ക്ലോക്ക് നിർമാണവുമായി ബന്ധപ്പെട്ട സാങ്കേതിക അറിവുകൾ ഈ ഉപ അധ്യായങ്ങളിലായി നാൽപ്പതു പേജുകളിൽ അൽ ജസരി വിവരിച്ചിരിക്കുന്നു. ഓരോ പേജിലും ചിത്രങ്ങളും ചേർത്തിട്ടുണ്ട്.
തുടർന്നുള്ള അധ്യായങ്ങളിൽ ബോട്ടിൽ ഘടിപ്പിക്കുന്ന ജലഘടികാരം, ആനയുടെ മേൽ ഘടിപ്പിച്ച് അളവ് തിട്ടപ്പെടുത്തുന്ന ജലഘടികാരം, മയിൽ ജലഘടികാരം എന്നിവയെല്ലാം വിശദീകരിച്ചിരിക്കുന്നു. മധ്യകാലഘട്ടത്തിലെ മഹാവിസ്മയകരമായ കണ്ടുപിടുത്തങ്ങൾ എന്ന നിലയിലാണ് ആധുനികകാലത്ത് ടെക്നോളജിയിൽ ഗവേഷണം നടത്തുന്നവർ പോലും ഇതിനെ വിശേഷിപ്പിക്കുന്നത്.
ബ്രിട്ടീഷ് എൻജിനീയറും ചരിത്രകാരനുമായിരുന്ന ഡോറാൾഡ് ഹിൽ ആണ് ഈ പുസ്തകം ഇംഗ്ലീഷിലേക്ക് വിവർത്തനം ചെയ്തത്. അദ്ദേഹം ആമുഖത്തിൽ ഇങ്ങനെ കുറിച്ചിട്ടുണ്ട്; "ഈ പുസ്തകം ഇംഗ്ലീഷിലേക്ക് വിവർത്തനം ചെയ്യാനായി പേർഷ്യൻ, ചൈനീസ് രചനകൾ ഒക്കെ എനിക്ക് പഠിക്കേണ്ടി വന്നിട്ടുണ്ട്. ജസരിയെ വായിക്കുമ്പോൾ, എന്റെ അറിവ് എത്ര കുറവായിരുന്നുവെന്നു മനസ്സിലാക്കാൻ കഴിഞ്ഞു."
ലിയാണോർഡോ ഡാവിഞ്ചി, ഓട്ടോമോഷൻ/ റോബോട്ട്സ് വികസിപ്പിക്കുന്നതിനും ഇരുന്നൂറു വർഷങ്ങൾക്ക് മുമ്പ് ജസരി അക്കാര്യം ചെയ്തിരുന്നു. എൻജിൻ നിർമിക്കാൻ അടിസ്ഥാനപരമായി വേണ്ട Crankshaft കണ്ടെത്തിയത് ജസരിയായിരുന്നു. ജലം ഉയർത്താനുള്ള യന്ത്രം നിർമിക്കുന്നതിന്റെ ഭാഗമായാണ് അദ്ദേഹം അത് കണ്ടെത്തിയത്. ഓട്ടോമാറ്റിക് സംവിധാനത്തെക്കുറിച്ചുള്ള Cybernetics എന്ന സാങ്കേതികപദം തന്നെ, 1948 ൽ നോർബെർട് വെയ്നർ ഉപയോഗിച്ചുതുടങ്ങിയതു മുതലാണ് വ്യാപകമാകുന്നത്. 800 വർഷങ്ങൾക്ക് മുമ്പ് ഇതിനെക്കുറിച്ചുള്ള പ്രാഥമിക നിരീക്ഷണങ്ങൾ നടത്തിയതും ജസരിയായിരുന്നു.
ജസരിയുടെ ടെക്നോളജി സംഭാവനകളെക്കുറിച്ച് അമേരിക്കൻ ചരിത്രകാരനായിരുന്ന ജോർജ് സൾട്ടൺ വിശേഷിപ്പിച്ചത് ശ്രദ്ധേയം. ഈ വിഷയത്തിൽ രചിക്കപ്പെട്ട ഏറ്റവും ആഴമുള്ള രചനകളായിരുന്നു ജസരിയുടേതെന്നും, ഇസ്ലാമിക വിജ്ഞാനോണർവിന്റെ പൂർണതയിലായിരുന്നു അദ്ദേഹത്തിന്റെ കണ്ടുപിടുത്തങ്ങൾ നടന്നതെന്നുമാണ് സൾട്ടൺ പറഞ്ഞത്.
ബനൂ മൂസ സഹോദരരും, ടെക്നോളജി ഗ്രന്ഥവും.
ഒൻപതാം നൂറ്റാണ്ടിൽ അറബ് ലോകത്ത് ടെക്നോളജിക്കൽ വൈജ്ഞാനികമായി അദ്വിതീയമായ ഇടപെടലുകൾ നടത്തിയ മൂന്ന് എഴുത്തുകാരായിരുന്നു, ബനൂ മൂസ എന്ന അപരനാമത്തിൽ വിഖ്യാതരായ മുഹമ്മദ്, അഹ്മദ്, അൽ ഹസൻ എന്നിവർ. ആധുനിക സാങ്കേതികവിദ്യയുടെ വികാസത്തിൽ അവർ പ്രധാന പങ്കുവഹിച്ചു.
അവരുടെ പിതാവ് മൂസ ബിൻ ശാകിർ 'അൽ മുനജ്ജിം' (നക്ഷത്ര നിരീക്ഷക വിദഗ്ദൻ) എന്നറിയപ്പെട്ടിരുന്ന ഗോളശാസ്ത്ര പ്രതിഭയായിരുന്നു. അദ്ദേഹത്തിന്റെ മരണശേഷം മക്കളുടെ ശേഷി മനസിലാക്കിയ അബ്ബാസി ഖലീഫ മഅ്മൂൻ ബിൻ ഹാറൂൻ റശീദ്, അവരെ കൊട്ടാരത്തിലേക്കു ക്ഷണിക്കുകയും വൈജ്ഞാനിക പ്രവർത്തനങ്ങളുടെ ചുമതല നൽകുകയും ചെയ്തു. അക്കാലം വരെ ദാരിദ്ര്യത്തിൽ കഴിഞ്ഞിരുന്ന കുടുംബത്തിന്, കൊട്ടാരത്തിലെ പദവികൾ സമ്പത്ത് വേണ്ടുവോളം നൽകി. പൂർണമായും വിജ്ഞാനത്തിനായി ജീവിതം സമർപ്പിക്കാനാകുന്ന ശേഷി അതിലൂടെ കൈവന്നു.
മൂന്നുപേരും ജ്യോമട്രിയിലും വിവിധ ഉപകരണങ്ങൾ നിർമിക്കുന്നതിലും വിദഗ്ധരായിരുന്നു. കൊട്ടാര സേവനം വഴി ലഭിച്ച സമ്പത്തിന്റെ വലിയൊരു ഭാഗവും അവർ ചെലവഴിച്ചത് നൂതനമായ വിജ്ഞാന അന്വേഷണങ്ങൾക്കു വേണ്ടിയായിരുന്നു. ജ്ഞാനം തേടി മുഹമ്മദ് ബൈസാന്റിയത്തിലേക്ക് യാത്രയായി (ഇന്നത്തെ ഇസ്താംബൂൾ). അക്കാലത്തെ പ്രഗത്ഭനായ വിവർത്തകൻ സാബിത് ബിൻ ഖുറയും കൂടെയുണ്ടായിരുന്നു. ബാഗ്ദാദിലെ വിവർത്തകർക്കും വലിയ പണം നൽകി, ഗ്രീക്ക് കൃതികളെ അറബിയിലേക്ക് കൊണ്ടുവന്നു.
എൻജിനീയറിങ് ശാസ്ത്രകാരന്മാർ എന്നതിനപ്പുറം, തങ്ങൾ ജീവിച്ച കാലത്തെ രാഷ്ട്രീയ പ്രതിസന്ധികളിലൊക്കെ അബ്ബാസി ഖലീഫമാരെ സഹായിച്ചവരായിരുന്നു ബനൂ മൂസ സഹോദരന്മാർ എന്ന് ഡൊണാൾഡ് ആർ ഹിൽ പറയുന്നുണ്ട്. ഖലീഫ മഅ്മൂന്റെ നിർദേശപ്രകാരം, അവർ നിർവഹിച്ച ആദ്യ ദൗത്യം, ഭൗമോപരിതല പരിശോധനയായിരുന്നു. ഇസ്ലാമിക പൂർവകാലത്തെ എഴുത്തുകാർ വിശദീകരിച്ച 24000 മൈലുകൾ, കണക്ക് പരിശോധിക്കാനുള്ള പുറപ്പാടിൽ, അവർ ഇറാനിലെ അൽ സഞ്ചാർ എന്ന സ്ഥലത്തേക്ക് മരുഭൂമിയിലൂടെ യാത്രചെയ്തു. അവിടം ഒരു അടിസ്ഥാന കേന്ദ്രമാക്കി പരിഗണിച്ച്, അതിൽനിന്ന് ധ്രുവനക്ഷത്രത്തിലേക്കുള്ള ഉയരം കണക്കാക്കി. പിന്നീടവർ സൗത്തിലേക്കും നോർത്തിലേക്കുമെല്ലാം ഇപ്രകാരം യാത്രചെയ്ത് അളവുകൾ രേഖപ്പെടുത്തി. പൗരാണിക അളവ് ഏതാണ്ട് കൃത്യമായിരുന്നുവെന്ന നിഗമനത്തിലെത്തി.
ഇരുപത് പ്രധാന രചനകൾ ഈ മൂന്നു സഹോദരരും ചേർന്ന് നടത്തിയിട്ടുണ്ടെന്ന്, കിതാബുൽ ഫിഹ്രിസ്തിന്റെ രചയിതാവ് ഇബ്നു നദീം രേഖപ്പെടുത്തിയിട്ടുണ്ട്. അവയിൽ പ്രധാനപ്പെട്ടവ: സ്റ്റീൽ യാർഡിനെക്കുറിച്ചുള്ള പുസ്തകം, നിർമാണങ്ങളുടെ പുസ്തകം, ഗോളത്തിന്റെ ആദ്യ ചലനങ്ങളെക്കുറിച്ചുള്ള പുസ്തകം, മരങ്ങളെക്കുറിച്ചുള്ള പുസ്തകം, ജോമെട്രിക്കൽ ആകൃതിയെക്കുറിച്ചുള്ള പുസ്തകം, ലോകാരംഭത്തെക്കുറിച്ചുള്ള പുസ്തകം, സംസാര സ്വഭാവത്തെക്കുറിച്ചുള്ള പുസ്തകം, അസ്ട്രോണമിക്കൽ ടേബിൾ, സമയത്തെക്കുറിച്ചുള്ള രണ്ടു രചനകൾ തുടങ്ങിയവയാണ്.
ഇവയിൽ ബനൂമൂസ സഹോദരന്മാരുടെ ഏറ്റവും പ്രധാനപ്പെട്ട സംഭാവനയായി കണക്കാക്കപ്പെടുന്നത് 'കിതാബുൽഹിയൽ' ആണ്. നൂറു മെഷീനുകളെക്കുറിച്ച് അവയുടെ ഉപയോഗം, നിർമാണരീതി, പ്രവർത്തനരീതി എന്നിവയെല്ലാം വിശദമാക്കി എഴുതിയിട്ടുണ്ട്. പതിനൊന്ന് നൂറ്റാണ്ടു കഴിഞ്ഞ് നമ്മൾ ജീവിക്കുന്ന ആധുനികലോകത്തും ആ ഗ്രന്ഥത്തിന് വലിയ പ്രസക്തയുണ്ടെന്നു മനസ്സിലാക്കി, ബ്രിട്ടീഷ് എൻജിനീയറും ചരിത്രകാരനുമായ ഡൊണാൾഡ് ആർ ഹിൽ അത് ഇംഗ്ലീഷിലേക്ക് വിവർത്തനം ചെയ്തിട്ടുണ്ട്.
മധ്യകാലത്ത് തന്നെ ഈ രചന ഏറെ പ്രശസ്തി നേടിയിരുന്നു. പന്ത്രണ്ടാം നൂറ്റാണ്ടിൽ ഈജിപ്തിൽ ജീവിച്ച ചരിത്രകാരനായ അൽ ഖിഫ്തി രേഖപ്പെടുത്തിയത്, ഉപകരണങ്ങളെക്കുറിച്ചുള്ള ഈ പുസ്തകം അതിശയകരവും പ്രശസ്തവുമാണെന്നാണ്. പതിമൂന്നാം നൂറ്റാണ്ടിൽ ഡമസ്കസിൽ ജീവിച്ച ചരിത്രകാരൻ അബൂബകർ ബിൻ ഖലീഖാൻ എഴുതിയതിങ്ങനെ: ഒരു വോള്യത്തിലായി ഉപകരണങ്ങളെക്കുറിച്ച് എഴുതപ്പെട്ട ഈ പുസ്തകം, അപൂർവവും അത്ഭുതകരവുമാണ്. ഞാനത് മുഴുവൻ പഠിച്ചിട്ടുണ്ട്. ഈ വിഷയത്തിൽ ലഭ്യമായ മികച്ച കൃതിയാണത്.
അറബ് വിവർത്തകരെക്കൊണ്ട് ഗ്രീക്കിൽ രചിക്കപ്പെട്ട ടെക്നോളജി സംബന്ധിച്ച കൃതികൾ വിവർത്തനം ചെയ്ത്, അവയിലെ കണ്ടെത്തലുകൾക്ക് അനുസരിച്ച് ഉപകരണങ്ങൾ ഉണ്ടാക്കി നോക്കി, പലതും പ്രശ്നകരമാണെന്നു മനസ്സിലാക്കി, പുതിയ അന്വേഷണങ്ങളിലൂടെ മുന്മാതൃകകൾ ഇല്ലാത്ത ഡിവൈസുകൾ ഉണ്ടാക്കുകയായിരുന്നു അവർ ചെയ്തത്. ഹീറോ, ടോളമി, പപ്പോസ് എന്നിവരുടെ പ്രാചീന കണ്ടെത്തലുകൾ ഈ ഗ്രന്ഥത്തിലേക്ക് വഴികൾ തുറന്നിട്ടുണ്ട്. മൂന്ന് സഹോദരരിൽ അഹ്മദായിരുന്നു ടെക്നൊളജിയിൽ ഏറ്റവും തത്പരൻ. അദ്ദേഹമാണ് മറ്റു രണ്ടു പേരുടെയും സഹായത്തോടെ ഈ പുസ്തകം എഴുതിയതെന്നാണ് അനുമാനിക്കപ്പെടുന്നത്.
പുസ്തകത്തിൽ രേഖപ്പെടുത്തിയ നൂറു കണ്ടെത്തലുകളിൽ പ്രധാനപ്പെട്ടവ ഇവയാണ്. ലബോട്ടറിയിൽ അളവുകൾക്ക് ഉപയോഗിക്കുന്ന 'ബീക്കർ', വെള്ളത്തിന്റെ സുഗമ ഉപയോഗത്തിന് വേണ്ടിയുള്ള 'ഇബ്രീഖ്' എന്നപേരിലുള്ള 'പിച്ചർ, ജലപ്രസരണത്തിനു താഴെ കുഴൽവെച്ച് നിർമിക്കുന്ന ജാറുകൾ, പശു പോലുള്ള മൃഗങ്ങൾക്ക് പാനീയങ്ങൾ നൽകാൻ സുഗമമായി ഉപയോഗിക്കാവുന്ന പാത്രം, ഇരുപത് മൃഗങ്ങൾക്ക് ഒരേസമയം വെള്ളം, മറ്റു പോഷക പാനീയങ്ങൾ കുടിക്കാനായി തയ്യാറാക്കുന്ന വലിയ ജാറുകൾ, വെള്ളം ചൂടാക്കി ക്ഷണത്തിൽ കുടിക്കാനായി ലഭ്യമാക്കുന്ന മില്യാർ.. ഇങ്ങനെ ഓരോ ഉപകരണത്തിന്റെയും നിർമാണവും പ്രയോഗവും വാക്കുകളിലൂടെയും ചിത്രങ്ങളിലൂടെയും വിശദമായി വിവരിക്കുന്നു. ഇവയിലെ ചില ഉപകരണങ്ങൾ ഓട്ടോമാറ്റിക്കായി പ്രവർത്തിക്കുന്നവയായിരുന്നു. മാനുഷിക അധ്വാനം കുറക്കുന്ന, എന്നാൽ വലിയ ഫലം നൽകുന്ന ഇത്തരം ഉപകരണങ്ങൾ, പിന്നീട് കൃഷിയുടെ വ്യാപനത്തിനു നിദാനമായി.




