അമേരിക്കൻ ചരിത്രകാരനും ഇസ്ലാമിക് സ്റ്റഡീസ് പണ്ഡിതനുമായ മാർഷൽ ഹോഡ്ജ്സൺ മുസ്ലിംചരിത്രത്തെ അവതരിപ്പിക്കുന്നതിൽ നീതിപുലർത്തിയ കഴിഞ്ഞ നൂറ്റാണ്ടിലെ പ്രധാനപ്പെട്ട ഒരു അക്കാദമീഷ്യനാണ്. ചിക്കാഗോ യൂണിവേഴ്സിറ്റിയിൽ ഇസ്ലാമിക് സ്റ്റഡീസ് അധ്യാകനായിരുന്നു അദ്ദേഹം. മാർഷൽ ഹോഡ്ജ്സണിന്റെ ഏറ്റവും പ്രധാനപ്പെട്ട രചനയാണ് The Venture of Islam: Conscience and History in a World Civilization. മൂന്ന് വോള്യങ്ങളിൽ അഞ്ഞൂറ് വീതം പേജുകളുള്ള രചനയാണിത്.
ഇസ്ലാമിക ചരിത്രത്തെ അവതരിപ്പിക്കുന്നതിൽ, മുൻപേയുള്ള പടിഞ്ഞാറൻ വിശകലന രീതികളിൽനിന്ന് വ്യത്യസ്തമായി, ഇസ്ലാമിനെ ആദരിച്ചുകൊണ്ടുള്ള ചരിത്രമെഴുത്താണ് അദ്ദേഹം നടത്തിയത്. ഈ ആദരവ് അദ്ദേഹത്തിൽ രൂപപ്പെട്ടത്, മുസ്ലിംചരിത്ര സംഭവങ്ങളെ യഥാർഥ അവലംബങ്ങളിൽ നിന്ന് പഠിക്കാൻ ശ്രമിച്ചപ്പോഴായിരുന്നു.
അഭിമാനത്തോടെ ജീവിച്ച ജനതയാണ് മുസ്ലിംകളെന്നും, അതുകൊണ്ടാണവർക്ക് നാഗരികമായ പുതിയ ഉണർവുകൾ രൂപപ്പെടുത്താൻ പ്രാപ്തി കൈവന്നതെന്നും മാർഷൽ ഹോഡ്ജ്സൺ വ്യക്തമാക്കുന്നു. "ഖുർആനിൽ മുസ്ലിംകൾക്ക് ഉറപ്പ് നൽകപ്പെട്ടൊരു കാര്യമുണ്ട്; നിങ്ങളാണ് ഉത്തമമായ സമുദായം, നന്മകളിൽ ഒരുമിക്കുമ്പോഴും തിന്മകളെ തടയുമ്പോഴും. തദനുസൃതമായി ദൈവത്തിൽ വിശ്വാസമുണ്ടാകുമ്പോഴും". ഈ വാഗ്ദാനം ഉൾക്കൊണ്ട തത്പര മനുഷ്യർ, ഉത്തമ സമുദായമാകാൻ വേണ്ടി മറ്റെല്ലാം മാറ്റിവെച്ച് യാത്രയായി. അവർ പുതിയൊരു ലോകത്തെ പണിതു. ഇസ്ലാമിക വിശ്വാസം പൂർണതയിൽ ഇറക്കപ്പെട്ടതോടെ, പുതിയക്രമത്തിലുള്ള സമൂഹത്തെ നിർമിക്കുന്നതിൽ മുസ്ലിംകൾ വ്യാപൃതരായി. മുസ്ലിംകളുടേതായ സവിശേഷമായ സ്ഥാപനങ്ങൾ രൂപപ്പെട്ടു. കല, സാഹിത്യം, ശാസ്ത്രം, ജ്ഞാനവ്യവസ്ഥ,രാഷ്ട്രീയ ഘടനകൾ, വിശ്വാസം എന്നിവകളിലെല്ലാം മുസ്ലിംകൾ, വ്യതിരിക്തമായ ഒരു ഇസ്ലാമിക രീതിയെ പരിപോഷിപ്പിച്ചെടുത്തു. പിന്നീടുള്ള നൂറ്റാണ്ടുകളിൽ, ഈ പുതിയസമൂഹം ലോകത്താകമാനം വ്യാപിച്ചു. മറ്റേതൊരു ആശയവും ലോകത്തെ ഒരുമിപ്പിക്കുന്നതിനെക്കാൾ കൂടുതൽ, ഇസ്ലാമിക ആശയം മനുഷ്യരെ ഒന്നിപ്പിച്ചു."
ഇസ്ലാമിക ചരിത്രത്തിന്റെ ഏറ്റവും പ്രധാനപ്പെട്ട ഗുണമേന്മ ധാർമികതയാണെന്ന് മാർഷൽ ഹോഡ്ജ്സണ് കുറിക്കുന്നു: "പൂർണവും കുറ്റമറ്റതുമായ ദൈവിക സന്ദേശങ്ങൾ ലോകത്ത് മുഴുവൻ വിപുലമാക്കുക എന്നതാണ് ധാർമികമായ കാഴ്ച്ചപ്പാടിന്റെ അടിസ്ഥാനം. പക്ഷേ, ഇത് നിറവേറ്റപ്പെട്ടത് ഇസ്ലാമിൻ്റെ മഹത്തായൊരു തത്വത്തിലൂടെയാണ്. അഥവാ, ഇസ്ലാമിലേക്ക് ഒരാളെയും ബലപ്രയോഗത്തിലൂടെ കൊണ്ടുവരേണ്ടതില്ല, എല്ലാവർക്കും നീതി ഉറപ്പാക്കുക, നമ്മളെല്ലാവരും ആദം നബിയുടെയും ഹവ്വ ബീവിയുടെയും മക്കളാണ് എന്ന സന്ദേശം- ഇവയെല്ലാം ഇസ്ലാമിന്റെ മുന്നേറ്റങ്ങളിൽ പാലിക്കപ്പെട്ടു."
മാർഷൽ ഹോഡ്ജ്സണിന്റെ നിരീക്ഷണങ്ങളിൽ ഏറ്റവും പ്രധാനം ഇസ്ലാമിന്റെ ധാർമിക മൂല്യങ്ങളെക്കുറിച്ചുള്ള കണ്ടെത്തലുകളാണ്. മുസ്ലിമിനെ നയിക്കുന്നത് ഈ ലോകത്തെ സുഖാഡംബരങ്ങൾ അല്ലെന്നും, ദൈവികമായ ആജ്ഞകളാണെന്നും അവ നീതിയിൽ അധിഷ്ഠിതമാണെന്നുമാണ് അദ്ദേഹം മനസ്സിലാക്കിയത്. അഥവാ, ഇസ്ലാമിക നീതിക്ക് നിരക്കാത്ത കർമങ്ങൾ ചെയ്യുന്ന മുസ്ലിം പേരുള്ളവരെ , മതത്തിന്റെ ഇച്ഛക്കൊത്ത് നീങ്ങിയവർ ആയിട്ടല്ല, മറിച്ചു സ്വന്തം ഇഷ്ടങ്ങൾക്ക് മതത്തെ മറയാക്കിയവർ ആയാണ് അദ്ദേഹം കാണുന്നത്. അതിനാൽ തന്നെ, ഇസ്ലാമിനെ സൈദ്ധാന്തികമായി പരിശോധിക്കുമ്പോൾ, ഏറ്റവും നന്മയുള്ള ദർശനമായും ലോക പുരോഗതിക്ക് പ്രധാനമായും നിമിത്തമായ മതമായും അദ്ദേഹം കണ്ടു.
ആധുനിക ഇസ്ലാമിക വിശകലങ്ങളിൽ വേറിട്ട് നിൽക്കുന്നു മാർഷലിന്റെ ഈ മൂന്നു വോള്യങ്ങൾ. അക്കാദമിക ചരിത്ര രചനാ രീതിയായതിനാൽ, ഇവയുടെ വായന അൽപം സങ്കീർണമാണെങ്കിലും, അക്കാദമിക രംഗത്ത് പ്രവർത്തിച്ച പിൽക്കാല ചരിത്രകാരന്മാരെ ഏറെ സ്വാധീനിക്കാൻ ഈ രചനകൾക്ക് കഴിഞ്ഞിട്ടുണ്ട്. മുസ്ലിംകളുടെ ചരിത്ര, വർത്തമാന,ഭാവി വ്യവഹാരങ്ങളെ സൂചിപ്പിക്കാൻ മാർഷൽ ഉപയോഗിച്ച, 'Islamicate' എന്ന സംജ്ഞ പിൽക്കാല അക്കാദമീഷ്യരെ ഏറെ സ്വാധീനിച്ചിട്ടുണ്ട്.
ഡ്യൂക് യൂണിവേഴ്സിറ്റിയിലെ മാനവിക വിഭാഗം പ്രഫസറായ ബ്രുക് ലോറൻസ് അദ്ദേഹത്തിന്റെ അക്കാദമിക സംഭാവനകളെ അടയാളപ്പെടുത്തി എഴുതിയ പ്രബന്ധത്തിൽ ഇങ്ങനെ കുറിക്കുന്നു: 'ഇബ്നു ഖൽദൂനിന് ശേഷം ഇസ്ലാം ലോകചരിത്രത്തിൽ ചെലുത്തിയ സ്വാധീനങ്ങളെ യഥാർത്ഥ തലത്തിൽ ഏറ്റവും ഗംഭീരമായി അവതരിപ്പിച്ച പ്രതിഭാശാലിയായിരുന്നു മാർഷൽ ഹോഡ്ജ്സൺ.
അമേരിക്കൻ എഴുത്തുകാരിയും സാഹിത്യ വിമർശകയുമായ ലിൻഡ്യ കീസ്ലിംഗ്, ദി ന്യൂയോർക് ടൈംസിൽ എഴുതിയ ലേഖനത്തിൽ വിവരിക്കുന്നത് പ്രകാരം, മാർഷൽ ഹോഡ്ജ്സണിന്റെ ഈ മൂന്നു വോള്യരചന പ്രസിദ്ധീകരിക്കുന്നതിന് മുമ്പ്, ഇംഗ്ലീഷിൽ രചിക്കപ്പെട്ട ഒരു ഗ്രന്ഥത്തിലും മുഹമ്മദ് നബിയുടെ വിപ്ലവത്തെ ഇത്ര സമഗ്രമായി രേഖപ്പെടുത്തിയിട്ടില്ല. ഓറിയന്റലിസ്റ്റുകൾ ഇസ്ലാമിനെക്കുറിച്ച് എഴുതിവെച്ച തെറ്റായ വാദങ്ങളെ ശരിയാക്കാനായി അക്കാദമിക ജീവിതത്തിലെ വലിയൊരു സമയം മാറ്റിവെച്ച പണ്ഡിതനായിരുന്നു അദ്ദേഹം. ഇസ്ലാമിനെ അദ്ദേഹം കണ്ടത് ഒരു ആഗോള സർഗാത്മക ശക്തിയായാണ്. കലയിലും ശാസ്ത്രത്തിലും രാഷ്ട്രീയത്തിലുമെല്ലാം നൂതനമായ നേട്ടങ്ങൾ കൈവരിച്ച സർഗാത്മക മതം. അതുകൊണ്ടുതന്നെ ഇസ്ലാമിനെക്കുറിച്ചുള്ള ശരിയായ അക്കാദമിക പഠനങ്ങളിൽ പ്രധാനമായി നിൽക്കുന്നു ഈ ഗ്രന്ഥം.
സമഗ്രമായ ഇസ്ലാമിക ചരിത്രാവതരണത്തിന്റെ പ്രകാശനത്തിനു സാക്ഷിയാകാൻ മാർഷലിനു ഭാഗ്യമുണ്ടായില്ല. ഈ രചനയുടെ കൈയ്യെഴുത്ത് പൂർത്തിയാക്കി പ്രസിദ്ധീകരണത്തിന് തയ്യാറാവുമ്പോൾ, ചിക്കാഗോ യൂണിവേഴിസിറ്റിയിലൂടെ സാധാരണ പോലെ ജോഗിങ് ചെയ്യുമ്പോൾ അദ്ദേഹം പെട്ടെന്ന് മരണപ്പെടുകയായിരുന്നു; 1968-ൽ നാൽപത്തിയാറാം വയസ്സിൽ.




