സാമൂഹികശാസ്ത്രത്തിൽ ഏറ്റവും പ്രധാനപ്പെട്ട ഗ്രന്ഥം എന്ന് ലോകത്ത് ഇന്ന് എല്ലാ പണ്ഡിതരും സന്ദേഹമില്ലാതെ വിവരിക്കുന്നു, ഇബ്നു ഖൽദൂന്റെ 'മുഖദ്ദിമ'യെക്കുറിച്ച്. മുസ്ലിം സ്പെയിനിൽ ഏറെ പ്രഭാവത്തോടെ ഇസ്ലാമിക ഭരണകൂടം നിലനിന്ന, ഒരുപാട് വൈജ്ഞാനിക മുന്നേറ്റങ്ങൾ നടന്ന 1377-ലാണ് ഈ രചന അബ്ദുറഹ്മാൻ ഇബ്നു ഖൽദൂൻ പൂർത്തിയാക്കുന്നത്. അതിന്റെ പ്രാരംഭത്തിൽ ഖൽദൂൻ കുറിക്കുന്ന ചില വാക്യങ്ങൾ, എന്തായിരുന്നു ഈ രചനയിലേക്ക് അദ്ദേഹത്തെ നയിച്ച പ്രേരകമെന്ന് വസ്തുനിഷ്ഠമായി കാണിക്കുന്നതാണ്.
ഇബ്നു ഖൽദൂൻ കുറിക്കുന്നു: "അല്ലാഹുവിന്റെ നാമത്തിൽ. സാധുവായ ഇലാഹീ അടിമയായ, ഇബ്നു ഖൽദൂൻ എന്ന ഞാൻ ഈ ഗ്രന്ഥം രചിക്കുന്നതിനു സാഹചര്യം നൽകിയ അല്ലാഹുവിനു സ്തുതികൾ. അവനാണ് സർവ ഐശ്വര്യങ്ങൾ. സർവ പ്രതാപി. ലോകവും മറ്റെല്ലാതും നിയന്ത്രിക്കുന്നവൻ. ആകാശവും ഭൂമിയും, അതിലുള്ള സർവതും ചലിപ്പിക്കുന്നവൻ. ആ, അവസാനമില്ലാത്ത, അല്ലാഹുവാണ് എല്ലാറ്റിനെയും ഉറപ്പിക്കുന്നത് (അല്ലാഹുവിന്റെ വിശേഷണങ്ങൾ വീണ്ടും ചേർക്കുന്നു). അതേപ്രകാരം, നമ്മുടെ നേതാവായ മുഹമ്മദ് നബിക്ക് രക്ഷയുണ്ടാവട്ടെ. അറബി വംശജനായ, വേദഗ്രന്ഥങ്ങളായ തോറയിലും ബൈബിളിലും പേര് പരാമർശിക്കപ്പെട്ടവരാണ് നബി. അതുപോലെ പ്രവാചകരുടെ കുടുംബത്തിനും അനുചരർക്കും സമാധാനമുണ്ടാവട്ടെ. അവർക്ക് പ്രവാചകരുടെ സാമീപ്യവും, തുടർച്ചയും ഉണ്ട്"
ഇബ്നു ഖൽദൂന്റെ ഈ മഹാ ഗ്രന്ഥത്തിന്റെ രചനക്ക് നിമിത്തം, തീർച്ചയായും മേൽ അദ്ദേഹം തന്നെ വിവരിച്ച, തന്റെ മതപരമായ ദൗത്യമെന്ന നിലയിലുള്ള ചരിത്രാന്വേഷണവും, രേഖപ്പെടുത്തലുമാണ്. ഇസ്ലാമിക സുവർണ കാലത്തിന്റെ മുഖ്യ നിമിത്തവും, ബൗദ്ധികമായ ലാഭേച്ഛയിലോ പെരുമയിലോ ആയിരുന്നില്ല, അതിനുമുന്നിൽ നിന്ന മഹാജ്ഞാനികളുടെ കണ്ണ് എന്നും, വിജ്ഞാനം നേടുകയും, പുതിയ കാര്യങ്ങൾ പഠിക്കുകയും, അവയെ ആസ്പദമാക്കി ഭൗതികലോകത്തിന്റെ മുന്നേറ്റങ്ങൾക്ക് ചുക്കാൻ പിടിക്കുകയും വേണമെന്ന ഇസ്ലാമിക വിജ്ഞാന ശാസ്ത്രത്തിന്റെ അടിസ്ഥാനപരമായ അധ്യാപനത്തിലാണ്. ഇബ്നു ഖൽദൂൻ മാത്രമല്ല, ആ കാലഘട്ടത്തിലെ ഏതാണ്ടെല്ലാ പണ്ഡിതരും ഇതേ മാർഗത്തിലാണ്, ജീവിതം മുഴുവൻ ജ്ഞാന അന്വേഷണത്തിന് ഇറങ്ങിയതും, അതിഗംഭീരമായ കണ്ടുപിടുത്തങ്ങൾക്ക് നേതൃത്വം നൽകിയതും.
ബ്രിട്ടിഷ് തിയററ്റിക്കൽ ഫിസിസ്റ്റ് ആയ, ജിം അൽ ഖലീലി എഴുതിയ 'The House of Wisdom: How Arabic Science Saved Ancient Knowledge and Gave Us the Renaissance' എന്ന പുസ്തകത്തിൽ, ഇസ്ലാം എന്ന മതം എങ്ങനെയാണ്, ആധുനിക ലോകത്തിന്റെ നവോത്ഥാനത്തിനു മഹത്തായ നിമിത്തമായത് എന്ന് വിവരിക്കുന്നുണ്ട്: "ഒരു പണ്ഡിതന്റെ പേനയിലെ മഷി, രക്തസാക്ഷിയുടെ രക്തത്തെക്കാൾ പവിത്രമാണ്” എന്ന പ്രവാചകവചനം ഉദ്ധരിച്ച ശേഷം, ഡാർക് എജിലേക്ക് വീണുപോയ ലോകത്തെ, വൈജ്ഞാനിക വികാസത്തിലേക്ക് കൊണ്ടുവന്നത് മുഹമ്മദ് നബിയാണ് എന്ന് വ്യക്തമാക്കുന്നു.
ഇസ്ലാമിന്റെ ആവിർഭാവ കാലത്ത് പടിഞ്ഞാറൻ അറബ് ലോകത്തെ ഏറ്റവും പ്രധാനപ്പെട്ട രണ്ടു നഗരങ്ങളായിരുന്നു മക്കയും മദീനയും. മക്കയെ ചലിപ്പിച്ച ജീവാമൃത്, 'സംസം' വെള്ളമായിരുന്നു. ആ മരുഭൂമിക്കത് അതിശയ ഉറവയായി. മുഹമ്മദ് നബി പിറന്നു. മക്ക അന്നേ വിശുദ്ധ ഭൂമിയാണ്.
നാൽപതാം വയസ്സിൽ അല്ലാഹുവിൽ നിന്ന് ദിവ്യവെളിച്ചം ലഭിച്ചു, ജിബ്രീൽ മാലാഖയിലൂടെ വിശുദ്ധ ഖുർആനിന്റെ അവതീർണം മുഹമ്മദ് നബിയിലേക്ക് സംഭവിച്ചപ്പോൾ, ലോകത്തിന്റെ ചരിത്രത്തെത്തന്നെ മാറ്റുന്ന മഹാവിപ്ലവത്തിന് നാന്ദി കുറിക്കുകയായിരുന്നു.
അല്ലാഹുവിൽ നിന്നുള്ള ആദ്യവചനം ജിബ്രീൽ മാലാഖയിലൂടെ തിരുനബി ശ്രവിക്കുന്നത്, വായിക്കുന്നതിനെക്കുറിച്ചായിരുന്നു. "സൃഷ്ടിച്ച അല്ലാഹുവിന്റെ നാമം കൊണ്ട് വായിക്കുക. മനുഷ്യനെ അവന് ഭ്രൂണത്തില് നിന്ന് സൃഷ്ടിച്ചിരിക്കുന്നു. നീ വായിക്കുക; നിന്റെ രക്ഷിതാവ് ഏറ്റവും വലിയ ഔദാര്യവാനാകുന്നു. പേന കൊണ്ട് പഠിപ്പിച്ചവന്. മനുഷ്യന് അറിയാത്തത് അവന് പഠിപ്പിച്ചിരിക്കുന്നു". വിശുദ്ധ ഖുർആനിന്റെ ആദ്യവചനങ്ങൾ തന്നെ, വായനയെ, അറിവന്വേഷണത്തെ, ജ്ഞാനാധാരത്തെ, എല്ലാറ്റിന്റെയും പിന്നിലുള്ള സത്ത അല്ലാഹുവാണ് എന്ന വാസ്തവത്തെ ഊട്ടിയുറപ്പിക്കുന്നു. പ്രവാചകരുടെ കാലത്തും, പിന്നീടും മുസ്ലിംകളുടെ നേതൃത്വത്തിൽ സംഭവിച്ച വൈജ്ഞാനിക അന്വേഷണങ്ങൾ, യാദൃച്ഛികമായോ, കാലഘട്ടത്തിന്റെ നിമിത്തമായോ സംഭവിച്ചതല്ല എന്നും, ഖുർആനികവും പ്രവാചകീയവുമായ മാനങ്ങൾ ആയിരുന്നു അവയുടെ അടിസ്ഥാനമെന്നും മനസിലാക്കാവുന്നതാണ്.
ബാഗ്ദാദിലെ ബൈതുൽ ഹിക്മ കേന്ദ്രീകരിച്ചു മുന്നേറിയ മധ്യകാലത്തെ മുസ്ലിം കണ്ടുപിടുത്തങ്ങൾ, പിന്നീട് ലോകത്തിന്റെ മഹാമുന്നേറ്റത്തിന് നിമിത്തമായപ്പോൾ, അവയുടെയെല്ലാം ആധാരശില ഇസ്ലാമികമായ ദൈവശാസ്ത്ര അടിത്തറയായിരുന്നു. സയ്യിദ് ഹുസൈൻ നസ്ർ അദ്ദേഹത്തിന്റെ 'സയൻസ് ആൻഡ് സിവിലൈസേഷൻ ഇൻ ഇസ്ലാം' എന്ന ഗ്രന്ഥത്തിൽ ഈ വസ്തുത രേഖപ്പെടുത്തുന്നുണ്ട്. കലയും ശാസ്ത്രവും ഇസ്ലാമിക പ്രതലത്തിൽ നിന്ന് വായിക്കുമ്പോൾ, മതത്തിന്റെ അടിസ്ഥാന ഭാവമായ യൂണിറ്റി, അഥവാ ഒരുമ എന്ന ഘടകം പ്രധാനമാണ്. ഇസ്ലാമിക വെളിപാടിന്റെ ഹൃദയം അതാണ്. അൽഹംബ്ര പാലസ് പോലുള്ള ഇസ്ലാമിക നാഗരികതയുടെ ശോഭന ഘടകങ്ങൾ പരിശോധിക്കുമ്പോൾ, അതിനെ ക്രമീകരിച്ചതിൽ ഒരു ദൈവികമായ ഏകത എന്ന ആശയം കാണാം. ഇസ്ലാമിക ശാസ്ത്രങ്ങളിലെല്ലാം ഈ ഘടകം പ്രധാനമായി വരുന്നുണ്ട്.
അതിനാൽ തന്നെ ഇസ്ലാമിക് സയൻസ് എന്ന ആശയത്തെ മനസിലാക്കാൻ പ്രാഥമികമായി ഇസ്ലാമിൻ്റെ അടിസ്ഥാന വേരുകളെ മനസ്സിലാക്കേണ്ടതുണ്ട്. മുഹമ്മദ് നബിക്ക് അവതരിപ്പിക്കപ്പെട്ട ഇസ്ലാം മതം, ആ നാമത്തിന്റെ അർഥം തന്നെ സമർപ്പണം, സമാധാനം എന്നെല്ലാമാണ് . ഇസ്ലാമിക വിശ്വാസത്തിലേക്ക് പ്രവേശിക്കുമ്പോൾ പ്രഥമമായി ഉച്ചരിക്കുകയും ഉൾക്കൊള്ളുകയും ചെയ്യേണ്ട വാചകമായ, 'അല്ലാഹു മാത്രമാണ് ആരാധനക്ക് അർഹൻ, മുഹമ്മദ് നബി അല്ലാഹുവിന്റെ ദൂതനാകുന്നു' എന്നതിൽ ഈ മതത്തിന്റെ ലാളിത്യവും, എല്ലാറ്റിനോടുമുള്ള സമീപനവും അടങ്ങിയിരിക്കുന്നു.
സമർപ്പണം, കീഴൊതുക്കം എന്നത് ഇസ്ലാമിലെ ഏറ്റവും പ്രധാനപ്പെട്ട ഒരാശയമാണ്. ഉദാഹരണത്തിന് ഒരു പൂവിനു പുഷ്പമായിത്തീരാൻ, ഒരു ഡയമണ്ടിനു സൗന്ദര്യാത്മകമായി തിളക്കം വർഷിക്കാൻ, ഒക്കെ സാധിക്കുന്നത് അല്ലാഹു അവയെ സൃഷ്ടിച്ചത് അതുപോലെയാണെന്നും, അതിനാൽ ആ ക്രമത്തിൽ അവ അനുസരിക്കുന്നു എന്നുമുള്ള വാസ്തവം. മുസ്ലിംകളുടെ എല്ലാ വ്യവഹാരങ്ങളും, അല്ലാഹുവും നബിയും കൽപിച്ച പോലെ ക്രമീകരിക്കപ്പെട്ടു എന്നതാണ് ഇസ്ലാമിന്റെ ആവിർഭാവം മുതലുള്ള സംഗതി.
എല്ലാം അല്ലാഹുവിൽ സമർപ്പിച്ചുള്ള ജീവിതമാണ് ഇസ്ലാമിക വിശ്വാസത്തിന്റെ കാതൽ. ഉമവി ഖിലാഫതിന്റെ കാലത്ത്, സൈന്യാധിപനായിരുന്ന ഉഖ്ബതു ബിൻ നാഫിഅ് നോർത് ആഫ്രിക്കയിലേക്ക് ഇസ്ലാമിക ദൗത്യവുമായി പോകുമ്പോൾ, നാടും വീടും കുടുംബവും എല്ലാം വിട്ടിറങ്ങുകയാണ്. ആ യാത്രക്കായി കുതിരപ്പുറത്ത് കയറുമ്പോൾ, 'ഇനിയെന്റെ ആത്മാവിനെ അല്ലാഹു നോക്കും' എന്നൊരു വാചകമാണ് അദ്ദേഹം ഉദ്ധരിക്കുന്നത്. പേർഷ്യ കീഴടക്കുമ്പോൾ അലക്സാണ്ടർ ദി ഗ്രെറ്റിന്, അത്തരമൊരു ചിന്തയേ ഉണ്ടാവില്ല. അതായത്, എല്ലാത്തരം മുന്നേറ്റങ്ങളിലേക്കും മുസ്ലിംകൾ പ്രവേശിച്ചത്, ഈ അചഞ്ചലമായ ഭക്തിയോടെയായിരുന്നു എന്നതാണ്.
മുസ്ലിം ജ്ഞാന ഗവേഷങ്ങളെ പരിശോധിക്കുമ്പോൾ, ഇൽമ് എന്ന് വ്യവഹരിക്കുന്ന, അറിവിനോട് എന്ത് തരം സമീപനമാണ് ഇസ്ലാമിന്റെ ആവിർഭാവകാലം മുതൽ പ്രവാചകൻ മുഹമ്മദ് നബി എടുത്തിരുന്നത് എന്ന് പരിശോധിക്കേണ്ടതുണ്ട്. യു.എസിലെ യേൽ യൂണിവേഴ്സിറ്റി പ്രൊഫസറായിരുന്ന ഫ്രാൻസ് റോസെന്തൽ എഴുതിയ Knowledge Triumphant: The Concept of Knowledge in Medieval Islam എന്ന ഗ്രന്ഥത്തിൽ, മധ്യകാലഘട്ടത്തിൽ മുസ്ലിംകൾക്ക് കീഴിൽ നടന്നിരുന്ന എല്ലാത്തരം വൈജ്ഞാനിക മുന്നേറ്റങ്ങളുടെയും മൂലകാരണം 'ഇൽമ്' എന്ന ഇസ്ലാമിക ജ്ഞാന സങ്കൽപത്തെ യഥാക്രമം അനുഷ്ഠിച്ചതായിരുന്നു എന്ന് വിശദീകരിക്കുന്നുണ്ട്.
കേവലം 'വിജ്ഞാനം' എന്ന് മാത്രമായി ഇസ്ലാമിലെ ഇൽമ് എന്ന പദത്തെ പരിമിതപ്പെടുത്തരുത് എന്ന് പറയുന്നുണ്ട് റോസെന്തൽ. മറിച്ചു, സൂക്ഷ്മമായി പ്രവാചകരും, ശേഷം വരുന്ന മുസ്ലിം സമൂഹവും അനുവർത്തിച്ച, വികസിപ്പിച്ച സങ്കൽപമാണത്. 78000 പദങ്ങളാണ് വിശുദ്ധ ഖുർആനിലുള്ളത്. അവയിൽ 1300 തവണ പരാമർശിക്കപ്പെടുന്ന പദങ്ങൾ വിജ്ഞാനവുമായി നേരിട്ട് ബന്ധമുള്ളവയാണ്. എത്രമാത്രം പ്രാധാന്യത്തോടെയാണ് ഇസ്ലാമിന്റെ വിശുദ്ധഗ്രന്ഥം വിജ്ഞാനത്തെ പ്രോത്സാഹിപ്പിച്ചതെന്നു വ്യക്തം. ഈ പ്രാമുഖ്യമാണ് പിന്നീട് മുസ്ലിം സമൂഹത്തിന്റെ മുഖ്യമായ ലക്ഷ്യമായി അറിവിന്റെ മുന്നേറ്റം മാറാൻ നിമിത്തമാവുന്നത്.
ഖുർആനിന്റെ ഒരു പ്രയോഗമാണ് 'ഇൽമുൽയഖീൻ' അഥവാ വാസ്തവ ജ്ഞാനം എന്നത്. ഒരേസമയം മതപരമായ ജ്ഞാനത്തെ അത് കുറിക്കുന്നുണ്ട്. അതായത്, അല്ലാഹുവിനെ അറിയുക എന്നത്. അതോടൊപ്പം അല്ലാഹുവിന്റെ സൃഷ്ടിപ്പിലെ സർവ വൈജാത്യങ്ങളെയും ആകാവുന്നത്ര അന്വേഷിച്ചു മനസിലാക്കുക. ഈ രണ്ടു മേഖലകളിലും മുസ്ലിം പണ്ഡിതരും ഭരണാധികാരികളും ഒന്നിച്ചുശ്രമങ്ങൾ നടത്തിയതിന്റെ ഫലമായാണ്, അതിശയിപ്പിക്കുന്ന കണ്ടുപിടുത്തങ്ങൾ മുസ്ലിംകളിൽ നിന്നുണ്ടാകുന്നത്.
ദൈവിക ജ്ഞാനവും, മനുഷ്യന് നേടാവുന്ന ജ്ഞാനവും എന്ന തരത്തിൽ വർഗീകരണം നടത്തുന്നുണ്ട് ഫ്രാൻസ് റോസെന്തൽ. പല വിജ്ഞാനങ്ങളും അല്ലാഹുവിനു മാത്രം അറിയാം എന്ന പരാമർശങ്ങളോടെ വിവരിക്കപ്പെട്ടിട്ടുണ്ട്. ഉദാഹരണത്തിനു ലോകത്തിന്റെ അവസാനം എപ്പോഴായിരിക്കും എന്നത്. മുഹമ്മദ് നബിക്കും ഒരു ഘട്ടത്തിൽ അത് അറിയിച്ചുകൊടുത്തിട്ടുണ്ട്. ഖുർആന്റെ പരാമർശമുണ്ട്, അല്ലാഹുവിന് അതറിയാം, നിങ്ങൾക്ക് അറിയില്ല എന്ന്. അതായത് മനുഷ്യന്റെ വിജ്ഞാന അഭ്യാസങ്ങൾക്ക് പരിമിതിയുണ്ടെന്ന്. ഈ പരിമിതിയെ പൂർണമായും ഉൾക്കൊണ്ടാണ് ഇസ്ലാമിക ജ്ഞാനശാസ്ത്രം വികസിക്കുന്നത്.
ഖുർആനിൽ 'ഇൽമ്', 'ഹിക്മത്' - എന്നീ പദാവലികൾ കാണാം. വിജ്ഞാനവും വിവേകവും. ഈ രണ്ടു സങ്കൽപങ്ങളെ ഒന്നിച്ചു കൊണ്ടുപോയി എന്നതാണ് മുസ്ലിം പണ്ഡിതരുടെ സവിശേഷത. പുതിയ വിജ്ഞാനങ്ങളുടെ കണ്ടെത്തലുകൾ, മാനവിക നശീകരണത്തിനുള്ള ഉപാധിയേ ആയിരുന്നില്ല. മറിച്ച്, മാനുഷിക സംസ്കാരത്തെ കൂടുതൽ പുരോഗതിയിലേക്കു കൊണ്ടുവരാനായിരുന്നു. വിജ്ഞാനം എന്ന പദത്തെക്കാൾ മൂല്യമുണ്ട് വിവേകത്തിന് എന്ന് ഇസ്ലാം കരുതുന്നു. ഒരാളിൽ വിജ്ഞാനം ഏറ്റവും നന്നായും മൂല്യവത്തായും പ്രവർത്തിക്കുമ്പോൾ സംഭവിക്കുന്നതാണ് വിവേകം.




