മനുഷ്യ സമൂഹത്തിന്റെ ജീവിതാരംഭം മുതൽ ആരംഭിച്ചതാണ് കൃഷി. മനുഷ്യന്റെ അതിജീവനത്തിന് പോഷകാഹാരം ലഭ്യമാകുന്ന കൃഷി അനിവാര്യമായിരുന്നു. ഭൂമിയെ എങ്ങനെയാണ് കാർഷിക യോഗ്യമാക്കിയതെന്ന് അല്ലാഹു ഖുർആനിൽ വിശദീകരിക്കുന്നുണ്ട്. "അല്ലാഹുവാകുന്നു നിങ്ങള്ക്ക് ഭൂമിയെ വിധേയപ്പെടുത്തിത്തന്നവന്. അതിനാല് അതിന്റെ ചുമലുകളിലൂടെ നിങ്ങള് നടക്കുകയും അല്ലാഹു നൽകിയ ഉപജീവനത്തില് നിന്നു ഭക്ഷിക്കുകയും ചെയ്യുവീൻ"(സൂറതുൽ മുൽക്, പതിനഞ്ചാം സൂക്തം). പ്രവാചകൻ മുഹമ്മദ് നബി, കൃഷിയെ പ്രോത്സാഹിപ്പിക്കുന്ന തരത്തിലുള്ള ഇടപെടലുകൾ നിരന്തരം നടത്തിയിരുന്നു. ഇമാം ബുഖാരിയുടെ ഹദീസ് സമാഹാരത്തിലുള്ള തിരുനബിയുടെ ഒരു വാക്യം ഇങ്ങനെ: "കൃഷിഭൂമി ആരുടെ കൈവശമുണ്ടോ, അവർ കൃഷിചെയ്യട്ടെ. അല്ലെങ്കിൽ കൃഷിചെയ്യാൻ തന്റെ സഹോദരനെ ഏൽപ്പിക്കട്ടെ."
കൃഷിയോടുള്ള പ്രോത്സാഹനജനകമായ ഇത്തരം ഇസ്ലാമിക നിലപാടുകൾ കാരണം കൃഷി സംബന്ധിച്ച് കൂടുതൽ പഠനം നടത്താനും ഓരോ കാലത്തും ജനസംഖ്യ കൂടുന്നതിനനുസരിച്ച് എല്ലാവർക്കും ഭക്ഷണം ലഭ്യമാകുന്ന രീതിയിൽ, അതിനെ വികസിപ്പിക്കാനും മുസ്ലിം പണ്ഡിതർ ശ്രമിച്ചു. മധ്യകാലത്ത് കനപ്പെട്ട സംഭാവനകൾ കൃഷി പഠനവുമായി ബന്ധപ്പെട്ടുണ്ടായി. അതിലേറ്റവും പ്രധാനപ്പെട്ടതായിരുന്നു പത്താം നൂറ്റാണ്ടിൽ ജീവിച്ച ഇറാഖി കാർഷിക ശാസ്ത്രജ്ഞനും രസതന്ത്രജ്ഞനുമായിരുന്ന ഇബ്നു വഹ്ശിയ്യയുടെ 'അൽ ഫിലാഹതു നബ്തിയ്യ'. മെസപ്പെട്ടോമിയൻ നാഗരികകാലത്ത് നിലവിലുണ്ടായിരുന്ന കൃഷിരീതികളെക്കുറിച്ചു വിശദമായി പരാമർശിക്കുന്ന ഗ്രന്ഥങ്ങളെ ആശ്രയിച്ചാണ് ഇത് തയ്യാറാക്കിയിരിക്കുന്നത്. നൂറ്റിയൻപത് അധ്യായങ്ങളിലായി വിവിധ തരം കാർഷിക ഉത്പന്നങ്ങളെക്കുറിച്ച് സവിസ്തരം പ്രതിപാദിക്കുന്നുണ്ട്.
ഒന്നാംഭാഗം ഒലിവ് മരത്തെക്കുറിച്ചാണ്. രണ്ടാം അധ്യായം കൃഷിഭൂമിയുടെ അവസ്ഥയെയും, ജലലഭ്യതയെയുംപറ്റി. മൂന്നാമധ്യായം സുഗന്ധം ഉത്പാദിപ്പിക്കുന്ന ചെടികളെക്കുറിച്ചാണ്. നാലാമത്തേതിൽ മരുന്നുകൾ നിർമിക്കാൻ ഉപയോഗിക്കുന്ന അസംസ്കൃത വസ്തുക്കൾ ലഭ്യമാകുന്ന ചെടികളെക്കുറിച്ചും പറയുന്നു. അഞ്ചാം അധ്യായം എങ്ങനെ കൃഷിചെയ്യണമെന്നു വിവരിക്കുന്നു. ആറാംഭാഗത്തിൽ പയറുകളും ധാന്യങ്ങളും ലഭ്യമാകുന്ന ചെടികളെക്കുറിച്ചു പരാമർശിക്കുന്നു. ഏഴാം അധ്യായത്തിൽ വലിയ വലിപ്പമുള്ള സസ്യങ്ങളെ വിശദീകരിക്കുന്നു. എട്ടിൽ സൂര്യപ്രകാശം എങ്ങനെയാണ് ചെടികൾക്ക് ലഭ്യമാവേണ്ടതെന്ന വിഷയമാണ്. ഒൻപതാം അധ്യായം പച്ചക്കറികളെപ്പറ്റിയും പത്താമത്തേത് മുന്തിരിയെക്കുറിച്ചുമാണ്.
അന്തലൂസിയൻ (മുസ്ലിം സ്പെയിൻ) ഔഷധശാസ്ത്രജ്ഞനും മെഡിസിൻ വിദഗ്ധനുമായിരുന്ന ഇബ്നുൽ വാഫിദിന്റെ (ജീവിത കാലം എ.ഡി 1008-1074) 'മുഅജമു ഫിൽ ഫിലാഹ' കാർഷികസംസ്കൃതിയുമായി ബന്ധപ്പെട്ട വിലപ്പെട്ട വിവരങ്ങൾ പങ്കുവെക്കുന്ന രചനയാണ്. എൺപത്തിയേഴ് അധ്യായങ്ങളിലായി കാർഷികവ്യവസ്ഥയെക്കുറിച്ചുള്ള സമഗ്രവിവരങ്ങൾ പങ്കുവെക്കുന്നതോടൊപ്പം ഓരോ സീസണിലും എങ്ങനെ കൃഷിയിറക്കണമെന്നത് വിവരിക്കുന്ന ഒരു കാർഷിക കലണ്ടറും ഇതിൽ ചേർത്തിരിക്കുന്നു. മണ്ണിന്റെ തരങ്ങൾ, ജലം എങ്ങനെയാണ് കൃഷിഭൂമിയിലേക്ക് സന്നിവേശിപ്പിക്കേണ്ടത്, കൃഷിഭൂമിയോട് ചേർന്ന് ഉടമക്കോ കാവൽക്കരനോ താമസിക്കാൻവേണ്ടി നിർമിക്കുന്ന വീടുകൾ എങ്ങനെയാവണം, ഭൂമിയിലെ ഉത്പാദനക്ഷമത കൂട്ടാൻ ചെയ്യേണ്ട കാര്യങ്ങൾ, വിത്തുകളുടെ തിരഞ്ഞെടുപ്പ്, വിത്തുകളുടെ ഗുണം നഷ്ടപ്പെടുത്തുന്ന വസ്തുക്കൾ, ഗോതമ്പും ബാർലിയും കൃഷിചെയ്യേണ്ടതും വിളവെടുക്കേണ്ടതും എപ്പോഴാണ്, മുന്തിരിത്തോട്ടങ്ങൾക്കുള്ള സ്ഥലം എങ്ങനെ കണ്ടെത്താം, ഒലിവെണ്ണ നിർമാണം, വിവിധ പച്ചക്കറികൾക്ക് സ്വീകരിക്കേണ്ട കൃഷിരീതികൾ എന്നിവയെല്ലാം സമഗ്രമായി ഈ ഗ്രന്ഥത്തിൽ വിവരിച്ചിരിക്കുന്നു.
പിന്നീട് ഈ പുസ്തകം യൂറോപ്യൻ ഭാഷകളിലേക്ക് വിവർത്തനം ചെയ്യപ്പെടുകയും ആധുനിക കൃഷിരീതിയെ ശാസ്ത്രീയമായി വിന്യസിപ്പിക്കുന്നതിൽ പ്രധാന സംഭാവന നൽകുകയും ചെയ്തു. 1997 ൽ സ്പാനിഷ് ഭാഷയിലും ഈ ഗ്രന്ഥത്തിന്റെ വിവർത്തനം പ്രസിദ്ധീകരിച്ചു, 'Tratado de agricultura: Traducción Castellana' എന്ന ശീർഷകത്തിൽ. ഈ അത്യാധുനിക കാലത്തും പത്തുനൂറ്റാണ്ടു മുമ്പേ രചന നടന്ന ഇബ്നു വാഫിദിന്റെ കൃതി സ്വാധീനം ചെലുത്തുന്നുവെന്നത് അതിശയകരം തന്നെ.
മറ്റൊരു കാർഷികശാസ്ത്രജ്ഞൻ അന്തലൂസിൽ നിന്നുതന്നെയുള്ള ഇബ്നു ബസ്വാലാണ്. എ.ഡി പതിനൊന്നാം നൂറ്റാണ്ടിലാണ് അദ്ദേഹത്തിന്റെ ജീവിതം. ടോളഡോ ഭരിച്ചിരുന്ന അൽ മഅ്മൂൻ രാജാവിന്റെ സസ്യോദ്യാനത്തിലായിരുന്നു അദ്ദേഹത്തിനു ജോലി. സസ്യപഠന ശാസ്ത്രത്തിലും മഹാപ്രതിഭയായിരുന്നു ഇബ്നുൽ ബസ്വാൽ. കിഴക്കൻ രാജ്യങ്ങളിലേക്കു സഞ്ചരിച്ച് സ്പെയിനിൽ അന്ന് ലഭ്യമാകാത്ത വിത്തുകൾ ശേഖരിക്കുകയും, അവ ഉപയോഗിച്ചു മനോഹരമായ ബൊട്ടാണിക്കൽ ഗാർഡൻ പണിയുകയും ചെയ്തു. ഈ യാത്രക്കിടയിലും പിന്നീട് ഉദ്യാനനിർമിതിയിലും ചെടികളുടെ നടൽ, വളർച്ച, സ്വഭാവങ്ങൾ എന്നിവ സവിശേഷമായി അദ്ദേഹം നിരീക്ഷിച്ചു. അങ്ങനെ രചിച്ച പുസ്തകമാണ് 'കിതാബുൽ ഫിലാഹ'. പക്ഷേ, ഇതിന്റെ യഥാർഥപ്രതി കൈമോശം വന്നുപോയതിനാൽ, ‘കിതാബുൽ ഖസ്ദി വൽ ബയാൻ’ എന്ന സംഗ്രഹ പുസ്തകമാണ് ഈ രംഗത്ത് പഠനം നടത്തുന്നവർക്ക് ലഭ്യമായത്.
അനേകം അധ്യായങ്ങളിലായാണ് പുസ്തകം ക്രമീകരിക്കപ്പെട്ടിട്ടുള്ളത്. ഒന്നാം അധ്യായത്തിൽ നാല് തരം വെള്ളത്തെക്കുറിച്ചാണ് (മഴവെള്ളം, പുഴവെള്ളം, ഉറവവെള്ളം, കിണർവെള്ളം). രണ്ടാം അധ്യായത്തിൽ ഭൂമിയുടെയും മണ്ണിന്റെയും പത്തിനങ്ങളെകുറച്ചാണ് (മൃദുല ഭൂമി, കട്ടിയുള്ള മണ്ണ്, മലകൾ, മണൽ ഭൂമി, വിവിധ നിറങ്ങളിലുള്ള മണ്ണ് ലഭ്യമാകുന്നവ...), മൂന്നാം അധ്യായം വളം എങ്ങനെ ഭൂമിയിൽ ചേർക്കണം എന്നതിനെപ്പറ്റിയാണ് (ഏഴു തരത്തിലായി അത് വിവരിച്ചിരിക്കുന്നു- കുതിരയുടേത്, ആടിന്റേത്, കൃത്രിമമായി ഉണ്ടാക്കുന്ന വളങ്ങൾ, ഉണക്ക ഇലകൾ ചേർത്തുണ്ടാക്കുന്നത്..), നാലാമധ്യായം, ഭൂമിയുടെ ഗുണവിശേഷങ്ങൾ എങ്ങനെയാണ് ഒരു കർഷകന് തിരിച്ചറിയാൻ കഴിയുക എന്നതുമായി ബന്ധപ്പെട്ടാണ് (ഭൂമിയുടെ തിരഞ്ഞെടുപ്പ്, വെള്ളം എത്തിക്കൽ, ജലത്തിന്റെ വിനിയോഗരീതികൾ എന്നിവയെല്ലാം വിവരിച്ചിരിക്കുന്നു). അഞ്ചാം അധ്യായത്തിൽ അമ്പത്തിമൂന്ന് ഇനങ്ങളിലായി വിത്തുകൾ പാകുന്നതിന്റെയും ചെടി വളർത്തുന്നതിന്റെയും പലതരം മാതൃകകൾ നൽകിയിരിക്കുന്നു. ആറ്, ഏഴ് അധ്യായങ്ങളിൽ ചെടികളുടെ വളർച്ചാഘട്ടങ്ങളും വെട്ടിയൊതുക്കി നല്ല വിളവിനു അനിയോജ്യമായി അതെങ്ങനെ സജ്ജീകരിക്കണമെന്നുള്ള കാര്യങ്ങളും വിശദീകരിച്ചിരിക്കുന്നു. ടിഷ്യുകമ്പുകൾ ഒട്ടിച്ചു ഗ്രാഫ്റ്റ് ചെയ്യുന്നതിന്റെ വിശദാംശങ്ങളാണ് എട്ടാം അധ്യായത്തിൽ. ഒൻപതാം അധ്യായത്തിൽ ഏതെല്ലാം ചെടികൾ ഗ്രാഫ്റ്റ് ചെയ്യാമെന്ന് നൽകിയിരിക്കുന്നു. ഉദാഹരത്തിന്, ഒലിവുമരത്തിൽ അത്തിപ്പഴച്ചെടി ഒട്ടിച്ചു കൃഷിചെയ്യുന്ന രീതി. പത്താം അധ്യായം വളരെ ദീർഘമാണ്. ധാന്യങ്ങൾ, പച്ചക്കറികൾ, ഔഷധസസ്യങ്ങൾ എന്നിവയെല്ലാം എങ്ങനെ വിളവെടുക്കണമെന്നത് വിശദമാക്കുന്നു. പതിനൊന്നാം അധ്യായത്തിൽ, രുചിക്കും എരുവിനും വേണ്ടി ഉപയോഗിക്കുന്ന സ്പൈസസ് എങ്ങനെ വിളവെടുക്കണമെന്നാണ് പ്രതിപാദിക്കുന്നത്. അധ്യായം പന്ത്രണ്ടിൽ വലിയ അളവിൽ വിശാലമായ ഭൂമിയിൽ കൃഷി നടത്തുമ്പോൾ വിളവെടുക്കേണ്ട രീതികളെക്കുറിച്ചാണുള്ളത്. പതിമൂന്നാം നൂറ്റാണ്ടിൽ ഈ കൃതി ഓൾഡ് സ്പാനിഷ് ആയ കാസ്റ്റിലിയൻ ഭാഷയിലേക്ക് വിവർത്തനം ചെയ്യപ്പെട്ടു. എപ്പോഴും കാർഷികരീതിയുടെ വൈവിധ്യ മാർഗങ്ങളറിയാൻ ആശ്രയിക്കുന്ന ക്ലാസിക്കൽ കൃതിയാണിത്.
ഇബ്നു ബസ്വാലിന്റെ രണ്ടു ശിഷ്യന്മാർ -അബുൽ ഖൈർ അൽ ഇശ്ബീലിയും അബൂ അബ്ദുല്ല മുഹമ്മദും- കാർഷികശാസ്ത്രത്തിൽ സുപ്രധാനമായ സംഭാവനകൾ നൽകിയിട്ടുണ്ട്. അബുൽ ഖൈറിന്റെ രചനയുടെ പേര്: 'കാർഷിക ശാസ്ത്രത്തെക്കുറിച്ചുള്ള പുസ്തകം' എന്നായിരുന്നു. ജലസേചനം, കൃഷിഭൂമിയെ തരംതിരിക്കൽ, കിണർ നിർമാണം, ഒലിവ് കൃഷിരീതികൾ എന്നിവയെ സംബന്ധിച്ച് വിശദമായ വിവരണങ്ങളായിരുന്നു അദ്ദേഹത്തിന്റേത്. അബൂ അബ്ദുല്ല മുഹമ്മദ് രചിച്ചത് 'കിതാബു സഹ്റതുൽ ബുസ്താൻ വ നുസ്ഹതുൽ അദ്ഹാൻ' (പൂന്തോട്ടത്തിന്റെ ഖ്യാതിയും മനസ്സിന്റെ പുനരുജ്ജീവനവും ) എന്ന ഗ്രന്ഥമായിരുന്നു. ഗ്രനാഡ ഗവർണറായിരുന്ന അബൂ ത്വാഹിർ തമീമിനാണ് പന്ത്രണ്ടാം നൂറ്റാണ്ടിൽ രചിക്കപ്പെട്ട ഈ പുസ്തകം സമർപ്പിച്ചിരിക്കുന്നത്.
ഈ കൃതി ആരംഭിക്കുന്നത് കൃഷിരീതിയുമായി ബന്ധപ്പെട്ട ഒരു വാർഷിക കലണ്ടർ നൽകിയാണ്. ഗോളശാസ്ത്രപരമായ വിവരങ്ങളും ഭൂമിയിലെ താപനിലയിലെ വ്യത്യാസങ്ങളും അടിസ്ഥാനമാക്കിയാണ് ഇത് തയ്യാറാക്കിയത്. മണ്ണ്, ഭൂമിയിലെ ജലാംശത്തിന്റെ അളവ്, പൊതുവായി കർഷകർ സ്വീകരിച്ചുവരേണ്ട ജീവിതരീതി, പ്രദേശത്തിലെ സമ്പദ്വ്യവസ്ഥ, ഭീമൻമരങ്ങളെയും ചെറുസസ്യങ്ങളെയും നട്ടുവളർത്തേണ്ട രീതി, മൃഗങ്ങളെ കാർഷികാവശ്യങ്ങൾക്ക് ഉപയോഗിക്കേണ്ടത് എങ്ങനെ, അവയ്ക്കു വരാവുന്ന രോഗങ്ങളും പരിഹാരങ്ങളും- തുടങ്ങി ഒരു കർഷകന്റെ ജീവിതവുമായി ബന്ധപ്പെട്ട സമഗ്ര അറിവുകൾ ഇതിൽ പരാമർശിക്കുന്നു. പുസ്തകനാമം സൂചിപ്പിക്കുന്ന പോലെ, കൃഷി ഒരു തൊഴിലും ജീവിതോപാധിയും മാത്രമല്ല. ഒരാളുടെ മനസ്സിനെ സദാ സക്രിയമാക്കുന്ന കർമമാണ് എന്നായിരുന്നു അദ്ദേഹത്തിന്റെ നിരീക്ഷണം.
മധ്യകാലഘട്ടത്തിൽ ജീവിച്ച, ശ്രദ്ധേയനായ മറ്റൊരു കാർഷിക ശാസ്ത്രജ്ഞൻ ഇബ്നുൽ അവ്വാമാണ്. 'കിതാബുൽ ഫിലാഹ' എന്നാണു അദ്ദേഹത്തിന്റെ പുസ്തകത്തിന്റെ പേര്. പന്ത്രണ്ടാം നൂറ്റാണ്ടിൽ സെവിയ്യ കേന്ദ്രീകരിച്ചാണ് അദ്ദേഹം പഠിച്ചതും പരീക്ഷണങ്ങൾ നടത്തിയതും. ഇബ്നു ഖൽദൂന്റെ രചനയിൽ സവിശേഷമായി അദ്ദേഹത്തെക്കുറിച്ചു വിവരിച്ചിട്ടുണ്ട്. അമേരിക്കൻ അക്കാദമീഷ്യനായിരുന്ന തോമസ് ഗ്ലിക്കിന്റെ അഭിപ്രായപ്രകാരം, കാർഷികരീതിയുമായി ബന്ധപ്പെട്ടു രചിക്കപ്പെട്ട ഏറ്റവും പ്രധാനപ്പെട്ടതും മൗലികവുമായ പുസ്തകമാണിത്. മുൻകാലകങ്ങളിൽ നിലനിന്നിരുന്ന കൃഷിരീതികളെക്കുറിച്ചും, അവയെപ്പറ്റി പ്രസിദ്ധീകരിക്കപ്പെട്ട പുസ്തകങ്ങളെക്കുറിച്ചും ഇബ്നുൽ അവ്വാം ഗഹനമായ ജ്ഞാനം നേടിയിരുന്നു. കൃഷിരീതിയെ പ്രതി 1900 നിരീക്ഷണങ്ങൾ ഈ പുസ്തകത്തിലുണ്ട്. പൗരാണിക അറിവുകളുടെ ബലത്തിൽ സ്വയം പരീക്ഷണങ്ങൾ നടത്തിയാണ് അദ്ദേഹം അവ രേഖപ്പെടുത്തുന്നത്. 585 ചെടികളെ അദ്ദേഹം പരിചയപ്പെടുത്തുന്നുണ്ട്. അതിൽ അൻപതിലധികം ഫലവൃക്ഷങ്ങളാണ്. ഏതെല്ലാം കാലാവസ്ഥയിൽ ഏതുതരം മണ്ണിലാണ് അവ കൃഷി ചെയ്യേണ്ടതെന്നും, പരിപാലിക്കേണ്ടതെന്നും വിവരിച്ചു. സ്പാനിഷിലേക്കും പിന്നീട് ഫ്രഞ്ചിലേക്കും ഈ പുസ്തകം വിവർത്തനം ചെയ്യപ്പെട്ടു. ആധുനിക കൃഷിരീതികളെ പരിപോഷിപ്പിക്കാൻ ആവശ്യമായ മാറ്റങ്ങൾ തുടങ്ങാൻ ഇതിലെ അറിവുകൾ വലിയരീതിയിൽ സഹായകമായിട്ടുണ്ട്.
മറ്റു പ്രധാനപ്പെട്ട സംഭാവനകൾ നൽകിയ കാർഷികശാസ്ത്രജ്ഞർ
എ.ഡി പന്ത്രണ്ടാം നൂറ്റാണ്ടിൽ ഇറാഖിൽ ജീവിച്ച കാർഷികശാസ്ത്രജ്ഞനാണ് അബ്ദുൽ ലത്തീഫ് ബാഗ്ദാദി. കൈറോവിലെ അൽ അസ്ഹർ യൂണിവേഴ്സിറ്റിയിൽ പഠിച്ച അദ്ദേഹം 'അൽ ഇഫാദ വൽ ഇഅതിബാർ' എന്ന ശീർഷകത്തിൽ കാർഷികമേഖലയ്ക്ക് വലിയ സംഭാവനകൾ നൽകുന്ന ഗ്രന്ഥം എഴുതിയിട്ടുണ്ട്. പന്ത്രണ്ടാം നൂറ്റാണ്ടിൽ മുസ്ലിം സ്പെയിനിൽ ജീവിച്ച സിയാവുദ്ദീൻ ബിൻ ബൈത്താർ പേരുകേട്ട ബോട്ടണി ശാസ്ത്രജ്ഞനായിരുന്നു. വിവിധ രാഷ്ട്രങ്ങളിലൂടെ സംഞ്ചരിച്ച് ചെടികളെക്കുറിച്ചുള്ള സമഗ്രവിവരങ്ങൾ ശേഖരിച്ച ശേഷം, 'ജാമിഉൽ അദവിയ' എന്ന കൃതി രചിച്ചു. അതു പിന്നീട് ലാറ്റിൻ ഭാഷയിലേക്ക് വിവർത്തനം ചെയ്യപ്പടുകയും പതിനെട്ടാം നൂറ്റാണ്ടു വരെ യൂറോപ്യൻ യൂണിവേഴ്സിറ്റികളിൽ പാഠപുസ്തകമാകുകയും ചെയ്തു. പതിനൊന്നാം നൂറ്റാണ്ടിൽ കൊർഡോബയിൽ ജീവിച്ച അബൂ ഉബൈദുൽ ബകരി 'ഐനു നബാത്' എന്ന പേരിൽ പുസ്തകമെഴുതി, ചെടികളുടെ ഇനവും സവിശേഷതകളും വിശദമാക്കിയിട്ടുണ്ട്. സ്പെയിൻകാരനായിരുന്ന അബൂ ജാഫർ ബിൻ മുഹമ്മദും സസ്യശാസ്ത്രത്തിൽ പ്രധാനപ്പെട്ടൊരു രചന നടത്തിയിട്ടുണ്ട്; അൽ അദവിയ അൽ മുഫ്രിദ. പല ചെടികൾക്കും പേരുനൽകിയത് അദ്ദേഹമാണ്.
മുസ്ലിം കാർഷികശാസ്ത്രജ്ഞരുടെ വലിയസംഭാവനകളെ ആധുനിക യൂറോപ്യൻ പണ്ഡിതർ വിശദമായി രേഖപ്പെടുത്തിട്ടിട്ടുണ്ട്. അറബ് കാർഷികവിപ്ലവം എന്ന ശീർഷകത്തിലുള്ള ഈ പ്രബന്ധത്തിൽ ആൻഡ്രൂ വാട്സൺ പറയുന്നത് ഏഴാം നൂറ്റാണ്ടു മുതൽ സംഭവിച്ച വലിയ മാറ്റങ്ങൾ, മെഡിറ്റനേറിയൻ സമുദ്രത്തിനു ചുറ്റുമുള്ള ദേശങ്ങളിലെ കൃഷിരീതി സുസ്ഥിരമാക്കാനും ശാസ്ത്രീയമാക്കാനും നിദാനമായി എന്നാണ്. ആ രീതി പിന്നീട് സ്പെയിനിലേക്കും പേർഷ്യനിലേക്കും ഗ്രീക്കിലേക്കുമെല്ലാം വ്യാപിച്ചു. ജലസേചനത്തിനു വേണ്ടി കനാലുകൾ നിർമിക്കുന്നതിൽ അതീവ വൈദഗ്ധ്യം മുസ്ലിം കർഷകർ കാണിച്ചിരുന്നു.
പല കൃതികളും വഴിയേ നഷ്ടപ്പെട്ടുപോയി. പതിനൊന്നാം നൂറ്റാണ്ടു മുതൽ ബാഗ്ദാദിലും സ്പെയിനിലും പേർഷ്യയിലുമെല്ലാം മുസ്ലിം ഭരണകൂടങ്ങൾ പലതരം വെല്ലുവിളികൾ നേരിട്ടുവല്ലോ. യുദ്ധങ്ങൾ മനുഷ്യരെ മാത്രമല്ല, അവരുടെ ധൈഷണിക സംഭവനകളെയും ഇല്ലാതാക്കി. ലൈബ്രറികൾ നശിപ്പിക്കപ്പെട്ടു. കാർഷിക വ്യവസ്ഥയുമായി ബന്ധപ്പെട്ട പല പുസ്തകങ്ങളും അങ്ങനെ ഇല്ലാതായിട്ടുണ്ട്. എങ്കിലും ആധുനിക ലോകസമൂഹത്തിന്റെ വളർച്ചക്ക് ശ്രദ്ധേയ സംഭാവനകൾ നൽകുന്ന തരത്തിൽ പലതും അവശേഷിക്കുകയും അവ ഇപ്പോഴും ഗവേഷണങ്ങൾക്കായി ഉപയോഗിച്ചുവരികയും ചെയ്യുന്നു.




