വിജ്ഞാനവുമായി ബന്ധപ്പെട്ടുള്ള അനേകം പ്രോത്സാഹനങ്ങൾ ഖുർആനും, പ്രവാചകരുടെ വചനങ്ങളായ ഹദീസുകളും നൽകുന്നതിനാൽ, ഇസ്ലാമിലേക്ക് പ്രഥമമായി കടന്നുവന്നവരെല്ലാം ആ ഘടകത്തിന് പ്രാധാന്യം നൽകി. ഗ്രീക്ക് വിജ്ഞാനീയങ്ങളുടെ ശോഭ എ.ഡി നാലാം നൂറ്റാണ്ടോടെ കെട്ടുപോയതിനാൽ, ഇസ്ലാമിന്റെ അടിസ്ഥാന ഭാവങ്ങളെ ഉൾക്കൊണ്ട് ഒരു വിജ്ഞാനസമീപനം രൂപപ്പെടുത്തേണ്ടിയിരുന്നു. മുഹമ്മദ് നബിയുടെ പ്രോത്സാഹന വചനങ്ങൾ മുസ്ലിംകൾക്ക് ആവേശം പകർന്നു. പിൽക്കാല ഖലീഫമാരും, തുടർന്നുവരുന്ന മുസ്ലിം ഭരണകൂടങ്ങളും കാതലായി ശ്രദ്ധിച്ചത് വൈജ്ഞാനികമായ സാമൂഹിക പുരോഗതിയാണ്. അഥവാ വിജ്ഞാനത്തോടും ഗവേഷണത്തോടുമുള്ള അവരുടെ സമീപനം ഇസ്ലാമികമായിരുന്നു. ഇബ്നു ഖൽദൂൻ എഴുതിയ പോലെ, 'അവരുടെ രചനകളും പരീക്ഷണങ്ങളും എല്ലാം അല്ലാഹുവിന്റെയും നബിയുടെയും തൃപ്തി കാംക്ഷിച്ചായിരുന്നു'
എങ്ങനെയാണ് ഇസ്ലാമിക ഭരണാധികാരികളിൽ, ബൈതുൽ ഹിക്മ പോലുള്ള മഹാ വൈജ്ഞാനിക സംവിധാനങ്ങൾ ആരംഭിക്കാനുള്ള മോഹം രൂപപ്പെടുന്നത് എന്ന് ചരിത്രകാരന്മാർ പരിശോധിച്ചിട്ടുണ്ട്. ഇസ്ലാമിക ഗോൾഡൻ ഏജിലെ ഏറ്റവും പ്രധാനിയായി കണക്കാക്കപ്പെടുന്നയാളാണ് അബ്ബാസി ഖലീഫ 'അൽ മഅ്മൂൻ'. അദ്ദേഹത്തിന്റെ ജീവചരിത്രം എഴുതിയ അമേരിക്കൻ പണ്ഡിതനായ മൈകൽ കൂപ്പേഴ്സൺ വിവരിക്കുന്നുണ്ട്, എത്രമാത്രം ഇസ്ലാമിന്റെ അടിസ്ഥാന ജ്ഞാനശാസ്ത്രങ്ങളെ ഉൾക്കൊള്ളുന്ന തരത്തിലായിരുന്നു അദ്ദേഹത്തിന്റെ വൈജ്ഞാനിക സമീപനമെന്ന്.
പിതാവായ 'ഹാറൂൺ അൽ റഷീദിന്റെ' നിർദ്ദേശപ്രകാരം ഖുർആൻ ആണ് പ്രഥമമായി അദ്ദേഹം പഠിക്കുന്നത്. ഗണിതം, കവിത, ഗ്രാമർ എന്നിവയെല്ലാം തുടർന്നു പഠിക്കുന്നു. അറബി ഗ്രാമർ പഠനത്തിന്റെ മുഖ്യമായൊരു കാരണം, ഖുർആൻ ആഴത്തിൽ മനസ്സിലാക്കുക എന്നതായിരുന്നു. അതിനെ ആശ്രയിച്ച് ആവണമായിരുന്നു, മുസ്ലിം ജീവിതം പിന്നീട് വികസിക്കേണ്ടത്. തുടർന്ന്, ഹദീസുകൾ, ചരിത്രം, തത്വശാസ്ത്രം എന്നിവയിലെല്ലാം മഅ്മൂൻ അഗ്രഗണ്യൻ ആവുന്നുണ്ട്. അബ്ബാസികൾ പ്രവാചകരുടെ പിതൃസഹോദരൻ അബ്ബാസ് എന്നവരുടെ താവഴിയിൽ വരുന്നവരാണ്. ആ താവഴിയിലെ പ്രവാചകാനുചരരുടെ ഹദീസുകൾ എല്ലാം മനഃപാഠമാക്കുന്ന പതിവ് അവർക്കുണ്ട്. മഅ്മൂനും അക്ഷരംപ്രതി അതനുസരിച്ചു.
ഈ ഇസ്ലാമിക പഠന അടിത്തറയിൽ നിന്നാണ്, അധികാരത്തിലേക്ക് വന്നപ്പോൾ കൂടുതൽ വിപുലമായ വൈജ്ഞാനിക ഗവേഷണങ്ങൾക്ക് സാഹചര്യമൊരുക്കാൻ ഖലീഫ മഅ്മൂന് സാധിച്ചത്. പണ്ഡിതരുമായുള്ള വൈജ്ഞാനിക സംവാദങ്ങൾ അദ്ദേഹം ഏറെ ഇഷ്ടപ്പെട്ടിരുന്നു. ഇതേതുടർന്ന് വിജ്ഞാന മുന്നേറ്റത്തിന് വിവിധ മാർഗങ്ങൾ അദ്ദേഹം ആവിഷ്കരിച്ചു. ഇസ്ലാമിക ശാസ്ത്രത്തിന്റെ ഘടനാപരമായ വികാസത്തിന് കളമൊരുക്കുന്ന കുറെയേറെ പരിഷ്കരണങ്ങൾക്കും നാന്ദി കുറിച്ചു.
വിജ്ഞാനം ഏതെല്ലാം അവലംബങ്ങളിൽ ലഭ്യമാണോ, അതെല്ലാം ശുദ്ധ മനസ്സോടെ സ്വീകരിച്ചു കൊണ്ടുള്ള ഒരു സമീപനമായിരുന്നു ഖലീഫ മഅ്മൂനിന്റെത്. മുൻകാല ശാസ്ത്ര- സാങ്കേതിക ഗവേഷണങ്ങളുടെ പരിമിതികൾ വെളിച്ചത്തു കൊണ്ടുവരുന്നതായിരുന്നുവല്ലോ ഖുർആനിന്റെ ജ്ഞാനപരമായ വെളിപ്പെടുത്തലുകൾ. അതിനാൽ, ഖുർആനിക വാസ്തവത്തെ മുന്നിൽവെച്ച്, ഇസ്ലാമിക പൂർവസമൂഹങ്ങളിലെ വൈജ്ഞാനിക കണ്ടുപിടുത്തങ്ങളെ വിലയിരുത്തുവാനുള്ള ശ്രമങ്ങൾ അദ്ദേഹം നടത്തി.
ആ കാലത്ത് നിലനിന്നിരുന്ന ഇസ്ലാമിക പൂർവവിജ്ഞാനങ്ങളുടെ പ്രധാനപ്പെട്ടൊരു ആധാരം, അലക്സാൻഡ്രിയയിലും മെഡിറ്ററേനിയൻ സമുദ്രത്തിനു ചുറ്റുമുള്ള നഗരങ്ങളിലുമായി കിളിർത്തുവന്ന ഗ്രീക്ക് തത്വചിന്താ- ഗവേഷണ കണ്ടെത്തലുകളായിരുന്നു. വിജ്ഞാനത്തിനു മനുഷ്യനെ ദൈവത്തെപ്പോലെയാക്കാൻ കഴിയും എന്നവർ വിശ്വസിച്ചു. അറിവിന്റെ അടിസ്ഥാനം മനുഷ്യനാണ് എന്ന ബോധം അപകടകരമായിരുന്നു. കാരണം, മനുഷ്യന് ഉത്തരം കണ്ടെത്താൻ കഴിയാത്ത അനേകമനേകം മൗലിക പ്രശ്നങ്ങൾക്ക് മുമ്പിൽ അവർക്ക് അന്താളിച്ചു നിൽക്കേണ്ടി വന്നിരുന്നു.
ഖുർആനികവും പ്രവചകീയവുമായ ആധാരമുള്ള മുസ്ലിംകൾക്ക്, അറിവിന്റെ ഉറവിടത്തെക്കുറിച്ചോ ആഴത്തെക്കുറിച്ചോ സന്ദേഹങ്ങൾ ഇല്ലായിരുന്നു. ഖലീഫ മഅ്മൂൻ ചെയ്തത്, പൗരാണിക ഗ്രീക്ക് വിജ്ഞാനീയത്തെ മനസ്സിലാക്കാനും അവയിലെ പ്രശ്നങ്ങൾ വിലയിരുത്തി, ഇസ്ലാമികമായ ജ്ഞാനനിർധാരണ മാർഗങ്ങളിലൂടെ പുതിയ കണ്ടെത്തലുകൾ നടത്താനുമായിരുന്നു. ഇറാനിലും ഇന്ത്യയിലും അക്കാലത്ത് പ്രബലമായിരുന്ന വിജ്ഞാനത്തോടും അദ്ദേഹം സ്വീകരിച്ച സമീപനമിതായിരുന്നു. അതിനുവേണ്ടിയാണ് അദ്ദേഹം വിവർത്തന സെന്ററുകൾ തുടങ്ങിയത്. മറ്റുള്ളവർക്ക് പ്രോത്സാഹനം നൽകുക മാത്രമല്ല, ഖലീഫ മഅ്മൂൻ സ്വന്തമായി തന്നെ പലവിധ ഗവേഷണങ്ങളിൽ വ്യാപാരിച്ചിരുന്നു.
ഇസ്ലാമിക ജ്ഞാനത്തിന്റ സുവർണ കാലഘട്ടത്തിനു നിമിത്തം, ഖുർആനിന്റെ സ്വാധീനവും, പ്രവാചക മൊഴികളും അവയുടെ ബലത്തിൽ രൂപപ്പെട്ട അറിവിനോടുള്ള ഇസ്ലാമിന്റെ വളരെ ഗുണകരമായ സമീപനവും ആയിരുന്നു. അത്തരം കണ്ടെത്തലുകളെക്കുറിച്ചുള്ള വിശദാംശങ്ങളാണ് ചുവടെയുള്ള അധ്യായങ്ങളിൽ ഉള്ളത്.




