അമേരിക്കൻ ചരിത്രകാരനും ഗണിതശാസ്ത്ര വിദഗ്ധനുമായ ജോർജ് സാലിബയുടെ അന്വേഷണങ്ങൾ പ്രധാനമായും കേന്ദ്രീകരിച്ചിരിക്കുന്നത്, എങ്ങനെയാണ് യൂറോപ്യൻ നവോഥാനം സാധ്യമായത് എന്ന വിഷയത്തിലാണ്. കൊളംബിയ യുണിവേഴ്സിറ്റിയിലെ പഠനാനന്തരം, അദ്ദേഹം ശ്രദ്ധ കേന്ദ്രീകരിച്ചത്, ശാസ്ത്രീയ ആശയങ്ങൾ എങ്ങനെയാണ് പൗരാണിക കാലത്തു നിന്ന് ആധുനിക കാലത്തേക്ക് വികസിച്ചത് എന്നതിലായിരുന്നു. ഇസ്ലാം നൽകിയ മഹത്തായ വൈജ്ഞാനിക സംഭാവനകൾ അദ്ദേഹം മനസ്സിലാക്കി. ആ വിഷയം കൂടുതൽ പഠിച്ചു. അങ്ങനെ ലോകപ്രശസ്തമായ ഒരു കൃതിയും രചിച്ചു. ‘ഇസ്ലാമും സയൻസും യൂറോപ്യൻ നവോഥാനത്തിന്റെ രൂപപ്പെടലും’ എന്ന ശീർഷകത്തിൽ 2007 ൽ വിരചിതമായ പുസ്തകം, ഇക്കാലത്തെ ഏറ്റവും അറിയപ്പെടുന്ന ശാസ്ത്ര- സാങ്കേതിക യൂണിവേഴ്സിറ്റിയായ മസ്സാചുസെറ്റ്സ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജിയാണ് പ്രസിദ്ധീകരിച്ചിട്ടുള്ളത്.
യൂറോപ്യൻ ജ്ഞാനോദയ നൂറ്റാണ്ടുകളിൽ മാത്രമല്ല, ഈ കാലത്തും മധ്യകാല മുസ്ലിം ശാസ്ത്രജ്ഞരുടെ കണ്ടെത്തെലുകൾ എത്രമാത്രം വിപ്ലവകരമായ മാറ്റങ്ങൾക്കാണ് നിമിത്തമായതെന്ന് ജോർജ് സാലിബ ഉദാഹരണ സഹിതം വ്യക്തമാക്കുന്നുണ്ട്. കഴിഞ്ഞ നൂറ്റാണ്ടിലെ ഏറ്റവും പ്രധാനപ്പെട്ട ഗണിതശാസ്ത്രജ്ഞനും ശാസ്ത്ര ചരിത്രകാരനുമായിരുന്ന Otto E. Neugebauer, കോപ്പർ നിക്കസിന്റെ കണ്ടെത്തലുകളെക്കുറിച്ച് വിശദമായി പഠിക്കുന്നതിനിടെ പതിനാലാം നൂറ്റാണ്ടിൽ ജീവിച്ച സിറിയൻ ശാസ്ത്രജ്ഞനും എൻജിനീയറുമായിരുന്ന ഇബ്നുൽ ശാത്വിറിന്റെ കൃതിയെക്കുറിച്ചറിഞ്ഞു. ശാത്വിറിന്റെ 'നിഹായതു സുആലി ഫീ തസ്ഹീഹിൽ ഉസൂൽ' എന്ന ഗ്രന്ഥത്തിൽ നിന്ന് ഗോളശാസ്ത്രം സംബന്ധിച്ച വിവരങ്ങൾ പങ്കുവെക്കുന്ന അദ്ദേഹം പഠിക്കാൻ തുടങ്ങി. അറബി വശമില്ലാത്തതിനാൽ തന്റെ സ്നേഹിതനും ബൈറൂത് അമേരിക്കൻ യൂണിവേഴ്സിറ്റി പ്രഫസറുമായ എഡ്വേർഡ് കെന്നഡിയുടെ സഹായത്തോടു കൂടിയാണ്, ഓരോ അധ്യായങ്ങളുടെയും വായനയും വിശകലനവും നടത്തിയത്.
കോപ്പർ നിക്കസിനും എത്രയോ മുമ്പ് മുസ്ലിം ശാസ്ത്രജ്ഞനായ ഇബ്നു അൽ ശാത്വിർ സൂര്യ -ചന്ദ്ര സ്ഥാനങ്ങളെക്കുറിച്ചും ദൗത്യങ്ങളെക്കുറിച്ചും വിശദമായി മനസ്സിലാക്കിയിരുന്നുവെന്നും, അത് കോപ്പർ നിക്കസിനെത്തന്നെ സഹായിച്ചുവെന്നും തിരിച്ചറിഞ്ഞ ഓട്ടോ, 'ഇബ്നു ശാത്വിറിന്റെ സൂര്യ-ചന്ദ്ര തിയറി' എന്ന ശീർഷകത്തിൽ വിശദമായ ഒരു പ്രബന്ധം തന്നെയെഴുതി. അറബ് ശാസ്ത്രജ്ഞർക്കും കോപ്പർ നിക്കസിനുമിടയിൽ ഇരുന്നൂറു മുതൽ മുന്നൂറു വരെ വർഷങ്ങളുടെ ഇടവേള ഉണ്ടെങ്കിലും, അവരുടെ കണ്ടെത്തലുകളിൽ വളരെ ദൃശ്യമായ ബന്ധങ്ങൾ ഉണ്ടന്ന് അദ്ദേഹം വിവരിച്ചു. ആ വസ്തുത അദ്ദേഹം മനസ്സിലാക്കുന്നത്, ദ്വിതീയമായ ഒരു സോഴ്സിലേക്കു പോയപ്പോഴാണ്. പ്രകടമായ ഈ യാഥാർഥ്യത്തെ ആരാണ് മറച്ചുവെച്ചത്!
മേൽകണ്ടെത്തലുകൾ ഓട്ടോ ന്യൂഗ്ബറിന്റെ ജിജ്ഞാസ വർധിപ്പിച്ചു. പതിമൂന്നാം നൂറ്റാണ്ടിലെ ഇറാനിയൻ ശാസ്ത്രജ്ഞനായിരുന്ന നാസിറുദ്ദീൻ തൂസിയുടെ 'തദ്കിറതു ഫി ഇൽമുൽ ഹയ്അ' എന്ന ഗ്രന്ഥം അദ്ദേഹം വിശദ പരിശോധനക്കെടുത്തു. പിൽക്കാലത്ത് 'തൂസി കപിൾ' എന്ന പേരിലറിയപ്പെട്ട വൃത്തവുമായി ബന്ധപ്പെട്ട ഗണിതശാസ്ത്ര സിദ്ധാന്തം അതിലാണ് വിശദീകരിച്ചിരിക്കുന്നത്. തൂസിയെയും കോപ്പർ നിക്കസിനെയും അദ്ദേഹം വിശദപരിശോധനക്ക് വിധേയമാക്കിയപ്പോൾ ഇരുവരുടെയും കണ്ടെത്തലുകൾ തമ്മിൽ വലിയ ബന്ധമുണ്ടെന്നും, തൂസിക്ക് നിവർത്താൻ കഴിയാത്ത പ്രശ്നങ്ങൾ, കോപ്പർ നിക്കസിനും പരിഹരിക്കാൻ കഴിഞ്ഞില്ലെന്നും അദ്ദേഹം മനസിലാക്കി.
ജർമൻ ശാസ്ത്രജ്ഞനായിരുന്ന വില്ലി ഹാർട്നർ 1973 ൽ നടത്തിയ ഒരു പഠനത്തിൽ, കോപ്പർ നിക്കസിനെയും നാസിറുദ്ദീൻ തൂസിയെയും താരതന്മ്യം ചെയ്തിട്ടുണ്ട്. കോപ്പർ നിക്കസ് പതിനാറാം നൂറ്റാണ്ടിലും തൂസി പതിമൂന്നാം നൂറ്റാണ്ടിലും എഴുതിയ കാര്യങ്ങൾ വിലയിരുത്തി അദ്ദേഹം പറഞ്ഞു:"കണ്ടെത്തലുകൾ അടയാളപ്പെടുത്താൻ ഉപയോഗിച്ച അക്ഷരങ്ങളേ മാറിയുള്ളൂ. ഇരുവരുടെയും ഗവേഷണഫലങ്ങൾ ഒന്നായിരുന്നു. തൂസി അലിഫ് എന്ന അറബി ആദ്യാക്ഷരം ഉപയോഗിച്ചിടത്ത് കോപ്പർ നിക്കസ് എ എന്ന് ഉപയോഗിച്ചിരിക്കുന്നു": വില്ലി ഹാർട്നർ, അവസാനമെത്തിയ നിരീക്ഷണം കോപ്പർ നിക്കസ് തീർച്ചയായും നാസിറുദ്ദീൻ തൂസിയെയും അദ്ദേഹത്തിന്റെ ഗവേഷണങ്ങളെയും കുറിച്ച് അറിഞ്ഞിരുന്നു എന്നു തന്നെയാണ്. അറബി അറിയാത്തതിനാൽ, ലാറ്റിനിലേക്ക് വിവർത്തനം ചെയ്യപ്പെട്ട തൂസിയുടെ രചനകളാവണം അദ്ദേഹം എടുത്തിരിക്കുക. ഇരുവരും വരച്ച ഡയഗ്രാമിൽ പോലും കാര്യമായ വ്യത്യാസങ്ങൾ ഉണ്ടായിരുന്നില്ല.
കുരിശു യുദ്ധാനന്തരം ഇസ്ലാമിൻ്റെ എല്ലാ സംഭവനകളെയും അദൃശ്യമാക്കുകയും, അറിവിന്റെ കേന്ദ്രം യൂറോപ്പാണെന്നും, യൂറോപ്പിനു മുമ്പുള്ള കേന്ദ്രങ്ങൾ പ്രാചീന ഗ്രീക്ക്-റോമൻ കാലമാണ് എന്നുമുള്ള തരത്തിൽ വലിയ ആഖ്യാനങ്ങൾക്ക് ശ്രമംനടന്നിട്ടുണ്ട്, യൂറോപ്യൻ ജ്ഞാനോദയ കാലം മുതൽ. ഇരുപതാം നൂറ്റാണ്ടിൽ പക്ഷേ ഓരോ ശാസ്ത്രശാഖയെയും പറ്റി ആഴമുള്ള ഗവേഷണങ്ങൾ വന്നുതുടങ്ങിയതോടെ, നേരത്തെ ഒളിപ്പിച്ചുവെക്കപ്പെട്ടവയെല്ലാം പുറത്തായിത്തുടങ്ങി. അങ്ങനെയാണ് നാസിറുദ്ദീൻ തൂസിയും ഇബ്നു അൽ ശാത്വിറുമെല്ലാം വലിയ അത്ഭുതമായിരുന്നുവെന്നാണ് ഇപ്പോൾ പടിഞ്ഞാറൻ ശാസ്ത്രജ്ഞർ വിലയിരുത്തുന്നത്.




