പുസ്തകങ്ങൾ, കൈയെഴുത്തുപ്രതികൾ, ഗവേഷണ, പഠന പ്രബന്ധങ്ങൾ, തുടങ്ങിയ എല്ലാ വൈജ്ഞാനികശാഖകളെയും കേന്ദ്രീകരിച്ച് പുസ്തകങ്ങൾ മധ്യകാലം മുതൽ മുസ്ലിംകൾക്ക് കീഴിൽ പുറത്തുവന്നിട്ടുണ്ട്. എ.ഡി എട്ടാം നൂറ്റാണ്ടിൽ, എങ്ങനെയാണ് പേപ്പർ ഉത്പാദിപ്പിക്കുക എന്ന് മുസ്ലിംകൾ മനസ്സിലാക്കിയതോടെ പുസ്തകങ്ങൾ കൂടുതലായി വന്നുതുടങ്ങി. അബ്ബാസി ഖലീഫയായിരുന്ന മഅ്മൂൻ വിവിധ ലോകഭാഷകളിൽ നിന്ന് പുസ്തകങ്ങൾ അറബിയിലേക്ക് വിവർത്തനം ചെയ്യാൻ പ്രേരിപ്പിക്കുമായിരുന്നു. ഗ്രീക്കിൽ നിന്ന് അറബിയിലേക്കുള്ള ഓരോ വിവർത്തനത്തിന്റെയും ഭാരത്തിന് അനുസരിച്ച് സ്വർണനാണയങ്ങൾ സമ്മാനം നൽകുകയും ചെയ്തിരുന്നു. ഇത് പുസ്തകങ്ങളുടെ ഭണ്ഡാരങ്ങൾ സൃഷ്ടിച്ചു. അത് മുസ്ലിംകളും മുസ്ലിമേതരരുമായ ജ്ഞാനകുതുകികളിൽ ആദരവുണ്ടാക്കി. അബ്ബാസി ഖിലാഫത്തിന്റെ കാലത്ത് നൂറുകണക്കിന് പബ്ലിക് ലൈബ്രറികൾ തുറന്നു.
ഇത്തരം ശാസ്ത്ര സംബന്ധിയായ പുസ്തകങ്ങൾ വരുന്നതിന് മുമ്പ്, പ്രവാചകൻ മുഹമ്മദ് നബിക്ക് അവതീർണമായ ദൈവികഗ്രന്ഥം, വിശുദ്ധ ഖുർആന്റെ ക്രോഡീകരണം, സംരക്ഷണം എന്നിവ, ലൈബ്രറി എന്ന വ്യവസ്ഥക്ക് ആക്കംകൂട്ടി. സൂക്തസന്ദേശങ്ങളായി മുഹമ്മദ് നബിക്ക് ഇറക്കപ്പെട്ടതാണ് ഖുർആൻ. അവതീർണമായി അതു നബി വെളിപ്പെടുത്തുന്ന ഘട്ടത്തിൽ തന്നെ അനുചരരിൽ പലരും മനഃപാഠമാക്കി. പിന്നീട് ലഭ്യമായ, ഇലകൾ, വസ്ത്രങ്ങൾ, കല്ലുകൾ എന്നിവകളിൽ രേഖപ്പെടുത്തിവെച്ചു. ഖുർആന്റെ പൂർണസ്വഭാവത്തിലുള്ള ആദ്യകോപ്പി, രണ്ടാം ഖലീഫ ഉമറിന്റെ മകൾ ഹഫ്സയുടെ കൈയിലായിരുന്നു സൂക്ഷിച്ചിരുന്നത്. സവിശേഷ ശൈലിയിൽ ഖുർആനിക അക്ഷരങ്ങളും വാക്കുകളും അധ്യായങ്ങളും എഴുതി, ക്രോഡീകരിച്ചത് മൂന്നാം ഖലീഫ ഉസ്മാനാ യിരുന്നു. 1400 വർഷം മുമ്പുള്ള, ആ ഖുർആൻ പ്രതികൾ ലോകത്തിന്റെ പല ഭാഗങ്ങളിലുമുള്ള ലൈബ്രറികളിൽ ഇപ്പോഴും ലഭ്യമാണ്.
പുസ്തകങ്ങളോടുള്ള ആഴത്തിലുള്ള മുസ്ലിംകളുടെ തത്പരത കൂടുതൽ പുസ്തകങ്ങൾ ഇറക്കുന്നതിലേക്കും ലൈബ്രറികൾ സ്ഥാപിക്കുന്നതിലേക്കും വികസിച്ചു. പ്രധാനപ്പെട്ട നഗരങ്ങളിലെല്ലാം പബ്ലിക് ലൈബ്രറികളും സ്വകാര്യലൈബ്രറികളും ഉണ്ടായിരുന്നു. ലോകത്തിന്റെ എല്ലാ ഭാഗങ്ങളിൽ നിന്നുമുള്ള പണ്ഡിതരെ അവ ആകർഷിച്ചു. ആ പുസ്തകങ്ങളുടെ രൂപം നമ്മൾ ഇന്ന് കാണുന്ന പോലെ മികച്ച പേപ്പറുകൾ ഉപയോഗിച്ച് ഇരുവശങ്ങളിലും എഴുതി, ലതർ കൊണ്ട് കവർ പണിയുന്ന നിലയിലായിരുന്നു. എങ്ങും പബ്ലിക് ലൈബ്രറികൾ. ധാരാളം പുസ്തകങ്ങളില്ലാത്ത പള്ളികൾ ഉണ്ടാവില്ല. എ.ഡി 1258 ൽ മംഗോളിയൻസ് ബാഗ്ദാദ് പിടിച്ചടക്കുമ്പോൾ, അവിടെ 88 ലൈബ്രറികളും നൂറിലധികം പുസ്തകക്കച്ചവടക്കാരും ഉണ്ടായിരുന്നു. കൈയെഴുത്തുകലയിൽ വൈദഗ്ധ്യമുള്ള അനേകം പേർക്ക് ജോലിനൽകുന്ന പ്രസാധകരായിരുന്നു അവരിൽ പലരും. കൈറോവിലും അലെപ്പോയിലും ഇറാനിലും സെൻട്രൽ ഏഷ്യയിലുമെല്ലാം സമാനമായ ലൈബ്രറികൾ ഉണ്ടായിരുന്നു.
പള്ളികളിലുള്ള ലൈബ്രറികൾ അറിയപ്പെട്ടിരുന്നത് 'ദാറുൽ കുതുബ്' (ഗ്രന്ഥഭവനം) എന്നായിരുന്നു. ഓരോ പ്രദേശത്തെയും ധൈഷണിക പ്രവർത്തനങ്ങളുടെ കേന്ദ്രങ്ങളായിരുന്നു ഈ ലൈബ്രറികൾ. അവിടങ്ങളിൽ എഴുത്തുകാരും, പണ്ഡിതരുമെല്ലാം വരും. പള്ളികളായതുകൊണ്ട് സാധാരണക്കാരും ധാരാളമുണ്ടാകും. എല്ലാവർക്കും പങ്കെടുക്കാവുന്ന തരത്തിൽ വൈജ്ഞാനിക ചർച്ചകൾ നടക്കും. പ്രഫഷണൽ മികവുള്ള എഴുത്തുകാരും ആ കൂട്ടത്തിൽ ഉണ്ടാകും. പുതിയ വൈജ്ഞാനിക ആശയങ്ങൾ ഗ്രന്ഥങ്ങളാക്കി മാറ്റിയിരുന്നു അവർ.
വലിയ പബ്ലിക് ലൈബ്രറികൾക്ക് പുറമെ, വ്യക്തികൾക്കും ലൈബ്രറികൾ ഉണ്ടായിരുന്നു. ചരിത്രകാരനായ എഡ്വേർഡ് ഗിബ്ബൺ ഒരു സംഭവം ഉദ്ധരിക്കുന്നു. "ബുഖാറയിലെ സുൽത്താൻ ഒരു പ്രൈവറ്റ് മുസ്ലിം ഡോക്ടറെ കൊട്ടാരത്തിൽ വൈജ്ഞാനിക സേവനം നടത്താനായി ക്ഷണിച്ചു. അദ്ദേഹം അതു നിരസിച്ചു. കാരണം, ഡോക്ടറുടെ സ്വകാര്യശേഖരത്തിലുള്ള പുസ്തകങ്ങളുടെ എണ്ണം നാന്നൂറ് ഒട്ടകങ്ങൾക്ക് ചുമക്കാൻ മാത്രമുണ്ടായിരുന്നു. ആ പുസ്തകങ്ങൾ എടുക്കാതെ പോകാൻ അദ്ദേഹം തയ്യാറല്ലായിരുന്നു".
എ.ഡി എട്ടാം നൂറ്റാണ്ടിൽ ഇറാഖിൽ ജീവിച്ചിരുന്ന മുസ്ലിം ജ്ഞാനിയായിരുന്ന അൽ ജാഹിസ്, ബാഗ്ദാദിൽ അൻപത് വർഷം ജീവിച്ച ശേഷം തന്റെ ജന്മനഗരമായ ബസ്വറയിൽ തിരിച്ചെത്തി. അക്കാലത്ത് ഇരുന്നൂറിലധികം പുസ്തകങ്ങൾ അദ്ദേഹം രചിച്ചു. ബാക്കി സമയങ്ങൾ പഠനത്തിലായി കഴിച്ചുകൂട്ടി. ഏഴു വോള്യം വരുന്ന ജീവികളുടെ പുസ്തകം, അദ്ദേഹത്തിന്റെ രചനകളിൽ പെടുന്നു. ഉറുമ്പുകളുടെ സാമൂഹിക സംഘാടനം, മൃഗങ്ങളുടെ ജീവിതം എന്നിവയെല്ലാം അതിൽ പരാമർശിക്കുന്നു. എ.ഡി 868 ൽ സ്വകാര്യ ലൈബ്രറിയിലെ പുസ്തകക്കെട്ടുകൾ തൻ്റെ ശരീരത്തിലേക്ക് വീണാണ് അൽ ജാഹിസ് വിടപറഞ്ഞത്.
മധ്യകാലത്തെ മുസ്ലിം പണ്ഡിതർ പുസ്തകങ്ങളെ ഏറെ സ്നേഹിച്ചു. മരിക്കുമ്പോൾ തങ്ങളുടെ ശേഖരത്തിലുള്ള ആയിരക്കണക്കിന് കൈയെഴുത്തുപ്രതികളും പുസ്തകങ്ങളും പള്ളികളിലെ ലൈബ്രറികളിലേക്ക് ദാനംചെയ്യുന്ന പാരമ്പര്യം അക്കാലങ്ങളിലുണ്ടായിരുന്നു. എല്ലാ മനുഷ്യർക്കും ആ വിജ്ഞാനം ലഭ്യമാവുന്നതിനു വേണ്ടിയായിരുന്നു അത്. ചരിത്രകാരനായ അൽ ജബൂരി ഉദ്ധരിക്കുന്നു: തുർക്കിഷ് വംശജയായ നൈല ഖാത്തൂൻ എന്ന വിധവ, അവരുടെ മരണപ്പെട്ട ഭർത്താവിന്റെ പേരിൽ ഒരു പള്ളിയും, അനുബന്ധമായി സ്കൂളും, ലൈബ്രറിയും നിർമിച്ചു. അവിടെ യാത്രികർക്ക് താമസവും ഭക്ഷണവും സൗജന്യമായിരുന്നു. ജ്ഞാനതത്പരരായ യാത്രക്കാർ അവരുടെ കൈയിലുള്ള പുസ്തകങ്ങളിൽ നിന്ന് ചില പുസ്തകങ്ങൾ ലൈബ്രറിയിലേക്കും നൽകുമായിരുന്നു.
അതിഗംഭീരമായ നിർമിതികൾ ലൈബ്രറികൾക്കായി ഉണ്ടാക്കിയിരുന്നു. ഇറാനിലെ ശീറാസിൽ പത്താം നൂറ്റാണ്ടിലുണ്ടായിരുന്ന ലൈബ്രറികളെക്കുറിച്ചു മധ്യകാല ചരിത്രകാരൻ അൽ മുഖദ്ദസി വിശദീകരിക്കുന്നു: "ആ കെട്ടിടങ്ങൾ പൂന്തോട്ടങ്ങളാൽ ചുറ്റപ്പെട്ടതായിരുന്നു. അതിനിടയിൽ അരുവികളും ചെറുതടാകങ്ങളും ഉണ്ടായിരുന്നു. മനോഹരമായ താഴികക്കുടത്തോടെ രണ്ടു നിലകളിലായി പണിത കെട്ടിടത്തിൽ 360 മുറികളുണ്ടായിരുന്നു. ഓരോ ഡിപ്പാർട്മെന്റിലും ഷെൽഫുകളിൽ പുസ്തകങ്ങളുടെ കാറ്റലോഗുകൾ ലഭ്യമായിരുന്നു. റൂമുകൾ കാർപെറ്റ് വിരിച്ച് അലങ്കരിച്ചിരുന്നു.
ശീറാസിലേത് പോലെ കൈറോയിലും കൊർഡോബയിലുമെല്ലാം പള്ളിയിൽ നിന്ന് മാറി, പ്രത്യേക കെട്ടിടങ്ങളിൽ പ്രവർത്തിച്ച ലൈബ്രറികൾ ഉണ്ടായിരുന്നു. ഷെൽഫുകൾ, റീഡിങ് റൂം, ഗാലറികൾ, കൈയെഴുത്തു കോപ്പികൾ തയ്യാറാക്കാനുള്ള മുറികൾ, സാഹിത്യസംവാദങ്ങൾക്കുള്ള ഹാളുകൾ എന്നിങ്ങനെ വ്യത്യസ്ത ആവശ്യങ്ങൾക്കുള്ള ധരാളം ഇടങ്ങൾ സജ്ജീകരിക്കപ്പെട്ടിരുന്നു. ഇവയോരോന്നിലും ആവശ്യത്തിന് പ്രകാശസവിധാനങ്ങൾ, നിലത്ത് കാർപറ്റുകൾ, വിശ്രമിക്കാൻ കിടക്കകൾ, സോഫകൾ ഉണ്ടായിരുന്നു.
ഇന്നത്തേത് പോലെ ആയിരം വർഷങ്ങൾക്കു മുമ്പ്, ആ ലൈബ്രറികളിലെല്ലാം പുസ്തകങ്ങളെ തരം തിരിച്ച് കാറ്റലോഗുകൾ ഉണ്ടാക്കിയിരുന്നു. ലൈബ്രെറിയന്മാരെയും പുസ്തകം തേടിയെത്തുന്ന വായനക്കാരെയും ആ സംവിധാനം ഏറെ സഹായിച്ചിരുന്നു. എ.ഡി 1050 -ൽ കൈറോ അൽ അസ്ഹർ ലൈബ്രറിയിൽ കാറ്റലോഗുകൾ മാത്രം അറുപതെണ്ണം ഉണ്ടായിരുന്നു. ഓരോ കാറ്റലോഗിലും 150 പേജുകൾ വീതമെന്ന നിലയിൽ. സ്പെയിനിലെ അൽ ഹകം ലൈബ്രറിയിൽ 44 വോള്യം കാറ്റലോഗുകൾ ഉണ്ടായിരുന്നു.
പുസ്തക ഷെൽഫുകളും വായനക്കാരന് വേഗത്തിൽ തിരിച്ചറിയാൻ പറ്റുന്ന വിധമായിരുന്നു സജ്ജീകരിക്കപ്പെട്ടിരുന്നത്. ഓരോ ഷെൽഫിലുമുള്ള പുസ്തകങ്ങളുടെ ഉള്ളടക്കം അതിനു പുറത്ത് ആലേഖനം ചെയ്തിരുന്നു. ഇന്ന് പുസ്തകങ്ങൾ വായനക്കായി ലൈബ്രറിയിൽ കൊണ്ടുപോകുന്ന പോലെയുള്ള സംവിധാനം മധ്യകാലത്തുമുണ്ടായിരുന്നു. മധ്യകാലത്തെ ചരിത്രകാരനായ യാഖൂത് രേഖപ്പെടുത്തിയത്, അദ്ദേഹത്തിന് ഒരു സാക്ഷ്യപത്രം പോലും നൽകാതെ ഇരുന്നൂറു വോള്യങ്ങൾ വരെയുള്ള പുസ്തകങ്ങൾ ലോണായി കൊണ്ടുപോകാനുള്ള അനുമതി കിട്ടിയിരുന്നുവെന്നാണ്. അദ്ദേഹം പ്രഗത്ഭനായതുകൊണ്ടാവാം അങ്ങനെ സാധിച്ചത്. സാധാരണ നിലയിൽ പുസ്തകങ്ങൾ കൊണ്ടുപോകുമ്പോൾ സൂക്ഷിക്കേണ്ട നിയമങ്ങളും നിയന്ത്രണങ്ങളും അന്നുണ്ടായിരുന്നു. ഓരോ പുസ്തകവും കേടുവരാതെ സൂക്ഷിക്കണം, അവയിൽ അഭിപ്രായങ്ങൾ എഴുതിവെക്കാൻ പാടില്ല, നിർദിഷ്ട സമയത്ത് പുസ്തകങ്ങൾ തിരികെനൽകണം പോലുള്ളവ.
വളരെ ജ്ഞാനമുള്ളവരായിരുന്നു ലൈബ്രറിയന്മാരായി നിയമിക്കപ്പെട്ടിരുന്നത്. ലൈബ്രറിയൻ ആവുകയെന്നത് സമൂഹത്തിൽ ആദരിക്കപ്പെടുന്നൊരു പദവിയുമായിരുന്നു. പന്ത്രണ്ട്, പതിമൂന്നു നൂറ്റണ്ടുകളിൽ നോർത്ത് ആഫ്രിക്ക ഭരിച്ച അൽ മൊഹദ് ഭരണകൂടത്തിനു കീഴിലെ ഏറ്റവും ആദരണീയമായ ജോലിയായിരുന്നു ലൈബ്രറിയന്റേത്.




