മനുഷ്യരുടെ യാത്രകൾ, ആകാശ നിരീക്ഷണങ്ങൾ, മഴ, കാറ്റ് തുടങ്ങിയ ഭൂമിയുടെ ഭാവവ്യത്യാസത്തെ രേഖപ്പെടുത്തൽ എന്നിവയെ പ്രതി പൗരാണിക കാലം മുതൽ തന്നെ ഭൂമിശാസ്ത്ര മേഖലയിലേക്കുള്ള അന്വേഷണങ്ങൾ ഉണ്ടായിട്ടുണ്ട്. എന്നാൽ, ഇസ്ലാമിന്റെ ആവിർഭാവം ഈ മേഖലയിൽ പുതിയ നിരീക്ഷണങ്ങൾക്കും കണ്ടെത്തലുകൾക്കും നിമിത്തമായി.
ഇസ്ലാമിക പൂർവകാലത്തെ ഭൂമിശാസ്ത്ര ഗവേഷണങ്ങൾ, വിശേഷിച്ചും റോമക്കാരും ഗ്രീക്കുകാരും നൽകിയ സംഭാവനകൾ, എ.ഡി അഞ്ചാം നൂറ്റാണ്ടോടെ അവസാനിക്കുകയായിരുന്നു. ചർച്ചിന്റെ ആധിപത്യം പിന്നീട് വിജ്ഞാന മേഖലയിൽ വന്നതോടെ, രണ്ടു നൂറ്റാണ്ടുകാലം ആ രംഗത്ത് ജ്ഞാനമുന്നേറ്റം അടയപ്പെട്ടു. മുഹമ്മദ് നബി ഇസ്ലാമിക ദൈവശാസ്ത്രത്തെ പരിചയപ്പെടുത്തിയത് മുതൽ, ഭൂമിശാസ്ത്ര മേഖലയിൽ അഭൂതപൂർവമായ വളർച്ച സംഭവിച്ചു. ഖുർആനികമായ സൂക്തങ്ങൾ പലതും, ഭൂമിയുടെ ഘടനയെയും, സൂര്യ- നക്ഷത്ര ചലനങ്ങളെയും, മറ്റു ഗോളങ്ങളെയും, സമുദ്രത്തെയും കുറിച്ചെല്ലാം പരാമർശിക്കുന്നവയായിരുന്നു. മുസ്ലിം ഭൗമശാസ്ത്ര വിദഗ്ധർ നടത്തിയ രചനകളാണ്, പിന്നീട് ഈ മേഖലയിൽ പ്രധാനപ്പെട്ട സംഭാവനകൾ നൽകിയത്.
ഇമാം ജലാലുദ്ദീൻ സുയൂത്വിയുടെ (ജീവിതകാലം എ.ഡി 1445- 1505) പ്രശസ്തമായൊരു രചനയാണ് 'അൽ ഇത്ഖാനു ഫീ ഉലൂമിൽ ഖുർആൻ'. ഖുർആനിലെ ചില സൂക്തങ്ങളിൽ എങ്ങനെയാണ് ഭൂമിയെയും ആകാശത്തെയും കുറിച്ചുള്ള മൗലികമായ അറിവുകൾ പങ്കുവെക്കുന്നതെന്ന് അദ്ദേഹം അടയാളപ്പെടുത്തിയിട്ടുണ്ട്.
രണ്ടു തരത്തിലാണ് ഭൂമിശാസ്ത്രത്തെ ഇന്ന് വിലയിരുത്തപ്പെടുന്നത്. ഒന്ന്, ഫിസിക്കൽ. രണ്ട്. ആന്ത്രപോളജിക്കൽ. ഒന്നാമത്തെതും പ്രധാനപ്പെട്ടതും മൂർത്തമായ കാര്യങ്ങൾ ഉൾക്കൊള്ളുന്ന ഭൂമി, ആകാശം, നക്ഷത്രങ്ങൾ, ഗോളങ്ങൾ- എന്നിവയെല്ലാമാണ്. രണ്ടാമത്തെതിൽ, അനുബന്ധമായി മനുഷ്യന്റെ ഭൂമിയിലെ ചരിത്രപരവും സാമൂഹികവുമായ ഇടപെടലുകളെക്കുറിച്ചും.
ഇസ്ലാമിക വൈജ്ഞാനിക അന്വേഷണങ്ങൾ ഖുർആനെയും, നബിവചനങ്ങളെയും ആധാരമായി മുന്നോട്ടുപോവുകയുണ്ടായി. മുസ്ലിം ഭരണകൂടങ്ങൾ പുഷ്ടിപ്പെട്ടതോടെ, ആ അന്വേഷണങ്ങളുടെ ചലനവേഗത വർധിച്ചു, വിശേഷിച്ചും ബാഗ്ദാദ് കേന്ദ്രമായി. അത്തരത്തിൽ ഭൂമിശാസ്ത്രത്തിന് പ്രധാനമായും സംഭാവന നൽകിയ ചില പണ്ഡിതരെയാണ് ചുവടെ രേഖപ്പെടുത്തുന്നത്.
ഭൂമിശാസ്ത്രത്തിൽ പ്രധാനമായും സംഭാവന നൽകിയവർ.
1. മുഹമ്മദ് ബിൻ ജാബിർ ബിൻ സിനാൻ അൽ ബത്താനി (ജീവിതകാലം എ.ഡി 858 -929 )
നക്ഷത്ര നിരീക്ഷണ പ്രതിഭ, ഗ്രഹങ്ങളുടെ സ്ഥാനം നിർണയിക്കുന്നതിൽ വിദഗ്ധൻ, ഭൂമിയുടെ കിടപ്പിനെ സംബന്ധിച്ച് വിശദമായ പഠനം നടത്തിയയാൾ എന്നീ നിലകളിലെല്ലാം പ്രശസ്തനായിരുന്നു. പതിനെട്ടാം നൂറ്റാണ്ടിലെ ഫ്രഞ്ച് അസ്ട്രോണമറായ ലാലാൻഡേ പ്രസ്താവിച്ചത്, ലോകം കണ്ട ഏറ്റവും പ്രതിഭാശാലിയായ നക്ഷത്ര നിരീക്ഷകനായിരുന്നു ബത്താനിയെന്നാണ്. അൽ ബത്താനിയുടെ കണ്ടെത്തലുകളെ അടിസ്ഥാനമാക്കി, പതിനഞ്ചാം നൂറ്റാണ്ടിലെ ഇറ്റാലിയൻ ശാസ്ത്രജ്ഞനായ റെജിമോനേട്ടസ് നിർമിച്ച എഫമെരിസ് എന്ന ആകാശ നിരീക്ഷണ പട്ടിക ഉപയോഗിച്ചാണ് കൊളംബസ് തന്റെ നാവിക യാത്രകൾ നടത്തിയത്.
2. അബുൽ ഹസനുൽ മസ്ഊദി (ജീവിതകാലം എ.ഡി 896 -956)
പത്താം നൂറ്റാണ്ടിൽ ഈജിപ്തിൽ ജീവിച്ച ഭൗമശാസ്ത്രജ്ഞനും ചരിത്രകാരനുമായിരുന്നു അൽ മസ്ഊദി. നിരവധി യാത്രകൾ നടത്തി, ഗ്രീക്ക് റോമൻ കൃതികളിൽ ഭൂമിയെക്കുറിച്ചു പരാമർശിച്ച ഭാഗങ്ങൾ അദ്ദേഹം കണ്ടെത്തി, അവയിൽ പഠനം നടത്തി. ഭൂമിയുടെയും മറ്റു ഗ്രഹങ്ങളുടെയും കിടപ്പുകളെക്കുറിച്ചു രേഖപ്പെടുത്തി. ഭൂമിയുടെ പ്രതല സംബന്ധമായ അറിവുകൾ വിവരിക്കുന്ന ജിയോമോർഫോളജിയിലും അദ്ദേഹം സംഭാവനകൾ ചെയ്തു. വിവിധതരം ഭൂഭാഗങ്ങളുടെ സ്വഭാവത്തെ നിരീക്ഷിച്ച്, അവയെ തുലനം ചെയ്തുള്ള പഠന റിപ്പോർട്ടുകൾ തയ്യറാക്കി.
ഭൂമിയിൽ മണ്ണൊലിപ്പ് സംഭവിക്കുന്നതും, ഉപരിതലസ്വഭാവത്തിൽ മാറ്റം വരുന്നതും എങ്ങനെയെന്ന് മസ്ഊദി രേഖപ്പെടുത്തിയിട്ടുണ്ട്. ഇന്ത്യയിലെ മൺസൂണിനെക്കുറിച്ചും അദ്ദേഹം സവിസ്തരം പരാമർശിച്ചിച്ചിട്ടുണ്ട്. മനുഷ്യനെയും പ്രകൃതിയെയും ബന്ധിപ്പിക്കുന്ന തരത്തിലായിരുന്നു അദ്ദേഹത്തിന്റെ എഴുത്തുകൾ. പിൽക്കാലത്ത്, ഈ ക്രമത്തിൽ മനുഷ്യന്റെ ഭൂമിയിലുള്ള ഇടപെടലുകൾ, അതിന്റെ സ്വാഭാവിക ഘടനക്ക് കോട്ടം തട്ടാത്ത വിധത്തിലുള്ളതാകണമെന്ന് എല്ലാവരും അംഗീകരിക്കുന്ന സ്ഥിതി വന്നല്ലോ.
3. അബൂ റൈഹാൻ അൽ ബിറൂനി (ജീവിതകാലം എ.ഡി 973-1039)
ഭൂമിശാസ്ത്ര സംബന്ധമായി 27 ഗ്രന്ഥങ്ങൾ രചിച്ചു. ഭൂമിയുടെ ഘടനാശാസ്ത്രം, മാപ്പുകൾ, കാലാവസ്ഥാ ശാസ്ത്രം എന്നീ വിഷയങ്ങളെക്കുറിച്ചു നാല് വീതം പുസ്തകങ്ങളുണ്ടതിൽ. മറ്റുള്ള പുസ്തകങ്ങൾ വാൽനക്ഷത്രം, സർവേ നടത്തൽ എന്നിവയെപ്പറ്റിയാണ്. ഈ വിഷയങ്ങളുമായി ബന്ധപ്പെട്ട സവിശേഷ വിവരങ്ങൾ ലഭിക്കാൻ നാൽപത് വർഷം തുടർച്ചയായി അൽ ബിറൂനി യാത്രചെയ്തു. പ്രകാശം ശബ്ദത്തെക്കാൾ വേഗതയിൽ സഞ്ചരിക്കുന്നുവെന്ന് കണ്ടെത്തിയതും അദ്ദേഹം തന്നെ.
എ.ഡി 1030 ൽ അൽ ബിറൂനി രചിച്ച കിതാബുൽഹിന്ദ് എന്ന കൃതിയിൽ ഹിമാലയത്തിന്റെ തെക്കു ഭാഗത്ത് കാണപ്പെടുന്ന ഉരുണ്ട കല്ലുകളെക്കുറിച്ചു വിശദീകരിക്കുന്നത്, പ്രദേശത്തെ മലയിൽ നിന്നുള്ള നിരന്തരമായ വെള്ളമൊഴുക്കിൽ പെട്ട് ആ ആകൃതി പൂണ്ടതാണെന്നാണ്. അദ്ദേഹത്തിന്റെ ഏറ്റവും ഗംഭീര കൃതിയെന്നു വിശേഷിപ്പിക്കപ്പെടുന്നത് 'അസ്റാറുൽ ബാഖിയ'യാണ്. പൗരാണിക ദേശങ്ങളെക്കുറിച്ചും, അവയുടെ ഭൂ അതിർത്തി, ഭൂഘടന എന്നിവയെക്കുറിച്ചുമാണ് വിശദമായി ഇതിൽ പറയുന്നത്.
ഭൂമിയുടെ ആകൃതിയെയും വിസ്തൃതിയെയും കുറിച്ച് പഠിപ്പിക്കുന്ന 'geodesy' എന്ന ശാസ്ത്രശാഖയുടെ പിതാവായും അൽ ബിറൂനിയെ ആധുനികലോകം കണക്കാക്കുന്നു. അറേബ്യൻ പ്രദേശങ്ങൾ- ജുർജാൻ, ഖവാരിസ്മി, കാസ്പിയൻ കടൽ എന്നിവിടങ്ങളിൽ നിന്ന് കണ്ടെടുക്കപ്പെട്ട ഫോസിലുകളെക്കുറിച്ച് അദ്ദേഹം വിശദമായി പഠിച്ചു വ്യത്യാസങ്ങൾ രേഖപ്പെടുത്തി. അങ്ങനെ അദ്ദേഹം അവസാനം നിഗമനത്തിലെത്തിയത്, കരയായി മാറിയ പല സ്ഥലത്തും പണ്ട് കടലായിരുന്നുവെന്നാണ്. വെള്ളപ്പൊക്കത്തെക്കുറിച്ചും അദ്ദേഹം നിരീക്ഷണങ്ങൾ നടത്തി. നൈൽ നദിയിൽ ഇടയ്ക്കിടെ വെള്ളപ്പൊക്കമുണ്ടാകാൻ കാരണം, ആഫ്രിക്കയിലെ മൗണ്ടൈൻ ഓഫ് ദി മൂൺ ആണെന്നും, അവിടെ ശക്തമായ മഴയുണ്ടാകുമ്പോഴാണ് നദി കരകവിയുന്നതെന്നും അദ്ദേഹം എഴുതി. പ്രശസ്ത ചരിത്രകാരനായ ജോർജ് സർട്ടൺ, അൽബിറൂനിയെക്കുറിച്ചു രേഖപ്പെടുത്തിയതിങ്ങനെ: "അൽബിറൂനി അസാധാരണ മികവുകൾ ഉണ്ടായിരുന്ന ഭൂമിശാസ്ത്രജ്ഞനും തത്വചിന്തകനുമായിരുന്നു. ഭൂമിശാസ്ത്ര സംബന്ധമായി ഏറ്റവും ആധുനികമായ പര്യവേഷണങ്ങൾ ഉണ്ടാകുന്നത് അദ്ദേഹത്തിന്റെ കണ്ടെത്തലുകളെ ആശ്രയിച്ചാണ്.
4. ഇബ്നുസീന (ജീവിതകാലം എ.ഡി 980 - 1037)
ഭൂമിയുടെ ഉപരിതലമാറ്റങ്ങളും സവിശേഷതകളും പഠിക്കുന്ന 'ജിനോമോർഫോളജി' എന്ന ശാസ്ത്രശാഖക്ക് ആഴത്തിലുള്ള സംഭാവനകൾ നൽകിയ ഭൗമശാസ്ത്രജ്ഞനായിരുന്നു ഇബ്നുസീന. പർവതങ്ങൾ രൂപീകരികരിക്കപ്പെട്ടത് രണ്ടു തരത്തിലാണെന്ന് അദ്ദേഹം നിരീക്ഷിച്ചു. ഒന്ന്- വൻ ഭൂമികുലുക്കങ്ങൾ സംഭവിക്കുമ്പോൾ ഭൗമോപരിതലം ഉയരുന്നത് കാരണം. മറ്റൊന്ന് വെള്ളത്തിന്റെയും കാറ്റിന്റെയും ശക്തി കാരണം, പാറക്കെട്ടുകളും കൂടിച്ചേർന്ന്.
5. മുഹമ്മദ് അൽ ഇദ്രീസി: (ജീവിത കാലം എ.ഡി 1100- 1165)
ഭൗമശാസ്ത്രവുമായി ബന്ധപ്പെട്ട് ടോളമി നടത്തിയ നിഗമനങ്ങളിലെ പ്രശ്നങ്ങൾ പരിഹരിച്ചു, വസ്തുതാപരമായി ആ ജ്ഞാനശാഖയെ വികസിപ്പിച്ച ശാസ്ത്രജ്ഞനായിരുന്നു അൽ ഇദ്രീസി. ഡാന്യൂബ് നദി, നൈജർ നദി എന്നിവയുടെ ഉത്ഭവം സംബന്ധിച്ച കൃത്യമായ വിവരങ്ങൾ അദ്ദേഹം നൽകി. ലോകത്തിന്റെ ഒരു ഭൂപടവും അദ്ദേഹം നിർമിച്ചു. അതിൽ കാപ്സിയൻ കടലും അനുബന്ധ ഭാഗങ്ങളും വളരെ വിശദമായ വിവരണങ്ങളോടെ അടയാളപ്പെടുത്തി.
6. അബുൽ ഫിദ (ജീവിത കാലം 1271- 1331)
മധ്യകാലത്തെ ധിഷണാശാലിയായ മുസ്ലിം ഭൗമശാസ്ത്രജ്ഞനായിരുന്നു അബുൽഫിദ. ഭൂമിശാസ്ത്രവുമായി ബന്ധപ്പെട്ട് അദ്ദേഹം രചിച്ച 'മനുഷ്യന്റെ സംഗ്രഹ ചരിത്രം' എന്ന പുസ്തകം വളരെ പ്രശസ്തമാണ്. ആ കാലത്ത് ലോകത്ത് നിലനിന്നിരുന്ന നഗരങ്ങളെ ഇരുപത്തിയെട്ടു ഭാഗങ്ങളാക്കി വിഭജിച്ച് അദ്ദേഹം ചർച്ച ചെയ്യുന്നു. ഓരോ നഗരത്തിന്റെയും അക്ഷാംശം, രേഖാംശം, കാലാവസ്ഥാ സ്വഭാവം എന്നിവ ഇതിൽ ചേർത്തിരിക്കുന്നു. എ.ഡി 1650 ൽ യൂറോപ്യൻ ഭാഷകളിലേക്ക് ഈ പുസ്തകം വിവർത്തനം ചെയ്യപ്പെട്ടു.
7. ഇബ്നു ബതൂത്ത (ജീവിത കാലം എ.ഡി 1308- 1368)
പടിഞ്ഞാറൻ ആഫ്രിക്കയും കിഴക്കനേഷ്യയും അറബ് ലോകവുമെല്ലാം സഞ്ചരിച്ച്, ചരിത്രവും ഭൂമിശാസ്ത്രവും സാമൂഹിക ജീവിതവും രേഖപ്പെടുത്തിയ മഹാസഞ്ചാരിയായിരുന്നു ഇബ്നു ബതൂത്ത. 75000 കി. മീ അദ്ദേഹം യാത്രചെയ്തു. ആ കാലത്ത് അതൊരു റെക്കോർഡായിരുന്നു. അദ്ദേഹത്തിന്റെ ‘രിഹ് ല’ എന്ന ഗ്രന്ഥം, മണ്ണ്, കൃഷി, സാമ്പത്തികശാസ്ത്രം എന്നിവകളിലേക്കെല്ലാമുള്ള അറിവുകൾ നൽകുന്നു.




