ഒരു ദിവസം ഒരു ചെറുപ്പക്കാരൻ റാബിഅയുടെ മുന്നിലൂടെ പോകാനിടവന്നു അയാൾ നെറ്റിയിൽ ഒരു ശീല കെട്ടിയിട്ടുണ്ട്. “എന്താണ് കൂട്ടീ ഈ കെട്ട് ?”
അയാൾ പറഞ്ഞു: “തലവേദന കൊണ്ട് കെട്ടിയതാണ് ഭവതീ.”
“നിനക്കെത്ര വയസ്സായി?” അടുത്ത ചോദ്യം.
“30 വയസ്സ്.” അയാൾ പ്രതികരിച്ചു.
“ഈ 30 വയസ്സിനിടയിൽ നിനക്ക് തലവേദന ഉണ്ടായിട്ടുണ്ടോ?”
“ഇല്ല. ഇത് ആദ്യമായിട്ടാണ്.” അപ്പാൾ 30 കൊല്ലം വേദനയിൽ നിന്നും മുക്തമായ ജീവിതം നീ നയിച്ചു; പക്ഷേ അതിന്റെ പേരിൽ ശുക്റിൻ്റെ (നന്ദിയുടെ) ഒരു കെട്ട് നീ തലയിൽ കെട്ടിയോ? ഇല്ലല്ലോ. ഇപ്പോഴിതാ ഒരു ദിവസം തലവേദന വന്നിരിക്കുന്നു. അപ്പോഴേക്കും നീ പരാതിയുടെ കെട്ട് തലയിൽ കെട്ടി നടക്കുന്നു."
റാബിഅയുടെ ചിന്ത തീർത്തും ആത്മീയമായിരുന്നു.
അഥവാ അല്ലാഹുവിന്റെ അനുഗ്രഹങ്ങളിൽ നന്ദി പ്രകടിപ്പിക്കാൻ മറക്കുന്ന മനുഷ്യൻ അവൻ തരുന്ന പ്രയാസങ്ങളിൽ സങ്കടപ്പെടാൻ ഒട്ടും മറക്കുന്നില്ല. ഇത് ശരിയല്ല എന്നർത്ഥം. ഒരിക്കൽ ബീവി പറഞ്ഞു. "മനുഷ്യമക്കളേ.. കണ്ണിൽ അല്ലാഹുവിന് സ്ഥാനമില്ല. നാവിലൂടെ അവനിലേക്ക് എത്താൻ സാധ്യമല്ല. കേൾവിയിലൂടെ അവനെ പ്രാപിക്കാൻ കഴിയില്ല. നാവിന്റെ വക്താക്കൾ പരിഭ്രമത്തിലാണ്. ബുദ്ധിയുടെ വക്താക്കൾ അവന്റെ കാര്യത്തിൽ ലഹരി ബാധിതരെപ്പോലെയാണ്. ഹൃദയമാണ് പ്രധാനം. അതുകൊണ്ട് ഉള്ളുകൊണ്ട് ജാഗ്രതരാവുക. ഉള്ളുണർത്താൻ പരിശ്രമിക്കുക. ഉള്ളം ഉണർന്നു കഴിഞ്ഞാൽ മറ്റൊന്നിന്റെയും സഹായം ആവശ്യമില്ല.”
ഒരിക്കൽ ബീവി പറഞ്ഞു: “നാവുകൊണ്ടുള്ള പാപമോചനാർഥന കപടന്മാരുടെ കട്ടിക്കൂട്ടൽ മാത്രമാകുന്നു.” ഉദ്ദേശ്യം വ്യക്തം. മനമറിഞ്ഞുകൊണ്ടുള്ള പ്രവർത്തനത്തിനാണ് സ്വീകാര്യത. ബീവി തുടർന്നു: "അല്ലാഹുവിന്റെ അനുഗ്രഹമില്ലാതെ ഞാൻ പാശ്ചാത്തപിച്ചു എന്ന് ആരെങ്കിലും പറഞ്ഞാൽ അവൻ വീണ്ടും പശ്ചാത്തപിക്കേണ്ടിയിരിക്കുന്നു.”
ക്ഷമയെക്കുറിച്ച് റാബിഅ പറഞ്ഞത് ഇങ്ങനെ: “ക്ഷമ ഒരു മനുഷ്യനായിരുന്നെങ്കിൽ അതായിരിക്കും ഏറ്റവും വലിയ മാന്യൻ."
ആധ്യാത്മികതയുടെ ഫലം എന്ന് പറയുന്നത് അല്ലാഹുവിലേക്ക് ആഗമിക്കലാണെന്നും അവർ പറയുന്നു. യഥാർത്ഥ ആത്മജ്ഞാനി അല്ലാഹുവിൽ നിന്ന് തേടുന്നത് നല്ല ഹൃദയത്തെയാണ്. അത് കിട്ടിക്കഴിഞ്ഞാൽ അതിനെ അവൻ അല്ലാഹുവിന് തന്നെ തിരിച്ചു നൽകുന്നു; അഥവാ അവന് സമർപ്പിക്കുന്നു. അതോടെ ആ ഹൃദയം അല്ലാഹുവിൻ്റെ നിയന്ത്രണത്തിൽ സുരക്ഷിതമാകുന്നു."
സ്വാലിഹുൽ മുരി പ്രമുഖ ആത്മീയ പ്രഭാഷകനായിരുന്നു. അദ്ദേഹം പലപ്പോഴും ഇങ്ങനെ പറയും: "അല്ലാഹുവിൻ്റെ വാതിലിൽ നിരന്തരം മുട്ടിയാൽ ഒടുവിൽ അത് തുറക്കപ്പെടും." ഇത് കേൾക്കാനിടവന്ന റാബിഅ അദ്ദേഹത്തോട് പറഞ്ഞത് ഇങ്ങനെ: “താങ്കൾ എന്ന് തുടങ്ങിയതാണ് ഈയൊരു വർത്തമാനം പറയാൻ. അവൻ്റെ വാതിൽ തുറയ്ക്കപ്പെടാൻ എപ്പോഴാണ് അത് അടഞ്ഞു കിടന്നിട്ടുള്ളത്? ആർക്കു മുമ്പിലും അവൻ്റെ വാതിൽ അടഞ്ഞുകിടക്കുന്നില്ല.”
ഇതുകേട്ട സ്വാലിഹ് പറഞ്ഞു: “അത്ഭുതം തന്നെ! ശക്തനും വിവരദോഷിയുമായ ഒരു പുരുഷനാണ് ഞാനെങ്കിൽ, ദുർബലയും പണ്ഡിതയുമായ ഒരു സ്ത്രീയാണിവർ.
"എന്റെ ദുഃഖമേ..” ഒരു ദിവസം ഒരാൾ സങ്കടപ്പെടുന്നത് ബീവി കേൾക്കാനിടവന്നു. ഉടൻ അയാളോട് പറഞ്ഞത് ഇങ്ങനെ: “താങ്കൾ പറയേണ്ടത് "എൻ്റെ ദുഃഖരാഹിത്യമേ" എന്നാണ്. താങ്കൾക്ക് യഥാർത്ഥ ദുഃഖമുണ്ടെങ്കിൽ ദുഃഖമില്ല എന്നാണ് അതിന്റെ അർത്ഥം.” ഉദ്ദേശിച്ചത് അല്ലാഹുവുമായി ബന്ധപ്പെട്ട ദുഃഖം അനിവാര്യമാണെന്നാണ്. അതില്ലാതെ പോകുമ്പോഴാണ് മനുഷ്യൻ ദുഃഖിതനാകുന്നത് എന്നർത്ഥം.
ആത്മീയ മയമായിരുന്നു അവരുടെ ഓരോ വാക്കുകളും.
ഒരു വസന്തകാലം; പ്രകൃതി രമണീയമായിരിക്കുന്നു. ഹരിതാപമായ അന്തരീക്ഷം. ഇത് കണ്ട് ബീവിയോട് ഭൃത്യ പറഞ്ഞു: “ഭവതീ.. കുറേയായില്ലേ വീടിനകത്ത്. ഇനിയൊന്ന് വീടിനു പുറത്തേക്ക് നോക്കൂ. പ്രകൃതി എത്ര സുന്ദരം. സ്രഷ്ടാവിൻ്റെ കരവിരുത് ഒന്ന് കാണൂ.” അതിന് റാബിഅയുടെ പ്രതികരണം ഇങ്ങനെയായിരുന്നു. “നീ വീട്ടിനകത്തേക്ക് കയറൂ. എന്നിട്ട് സ്രഷ്ടാവിനെ തന്നെ കാണൂ. സ്രഷ്ടാവിനോടുള്ള അടങ്ങാത്ത അഭിലാഷം അവൻ്റെ സൃഷ്ടികളെ കണ്ടാസ്വദിക്കുന്നതിൽ നിന്ന് എന്നെ വ്യാപൃതയാക്കി കളഞ്ഞിരിക്കുന്നു.
ഒരു ദിവസം വസ്ത്രം വാങ്ങാൻ വേണ്ടി കുറച്ചു ദിർഹംസ് ഒരാളുടെ കൈവശം റാബിഅ ഏൽപ്പിച്ചു. മതിയായ വസ്ത്രം ഉണ്ടായിരുന്നില്ല. അയാൾ പോയി തിരിച്ചു വന്നിട്ട് ചോദിച്ചു "ഏത് നിറത്തിലുള്ള വസ്ത്രമാണ് ഭവതിക്ക് ഞാൻ വാങ്ങേണ്ടത്? "
ഉടൻ ബീവിയുടെ അവസ്ഥ മാറി. "വസ്ത്രത്തിനിടയിൽ ഒരു നിറത്തിന്റെ കാര്യം കടന്നു വന്നിരിക്കുന്നു. തൽക്കാലം എൻ്റെ ദിർഹംസ് തിരിച്ചു തരിക. വസ്ത്രം നീ വാങ്ങേണ്ട..ആ പണം അവർ തിരിച്ചു വാങ്ങി. യൂഫ്രട്ടീസ് നദിയിൽ എറിഞ്ഞു കളഞ്ഞു.
ആഡംബരത്തിന്റെ അടയാളമായിട്ടാണ് റാബിഅ വർണ്ണത്തെ കണ്ടത്. അത്തരമൊരു ചിന്ത പോലും അന്യായമായി എന്ന് സ്വയം വിധിയെഴുതി. ആ ചിന്ത വരുത്തിയ പണവും ത്യജിക്കാനൊരുങ്ങി. ആ പണം ആർക്കെങ്കിലും ദാനം ചെയ്യാമായിരുന്നില്ലേ? ചോദ്യമാണ്. പക്ഷേ തൻ്റെ ആധ്യാത്മവിചാരത്തിൽ അന്യായത്തിന് ഹേതുകമായ പണത്തിൽ പരിശുദ്ധി കാണാത്തതാകാം കാരണം.
ഒരു സംഘം ആളുകൾ കാണാൻ വന്നപ്പോൾ ബീവി പല്ലുകൊണ്ട് പണിപ്പെട്ടു മാംസം മുറിക്കുന്നതാണ് കണ്ടത്. അവർ ചോദിച്ചു: “മാംസം മുറിക്കാൻ ഇവിടെ കത്തിയില്ലേ?”
ബീവിയുടെ മറുപടി വിചിത്രമായിരുന്നു: "കത്തി ഇവിടെയില്ല. ഞാൻ അത് ഇഷ്ടപ്പെടുന്നില്ല. അത് വിച്ഛേദനത്തിന്റെ ആയുധമാണ്. ബന്ധവിച്ഛേദനത്തെ ഞാൻ ഭയക്കുന്നു.” ആധ്യാത്മമായി മാത്രം വിശദീകരിക്കാവുന്ന ഇത്തരം ചിന്തകൾ ബീവിയുടെ ജീവിതത്തെ നിരന്തരം വരിഞ്ഞ് മുറുക്കികൊണ്ടിരുന്നു.
