അബ്ദുൽ വാഹിദ് ബിൻ ആമിർ പറയുന്നു: “ഞാനും സുഫ്യാനും റാബിഅയെ സന്ദർശിക്കാൻ ചെന്നു. അവർ അസുഖബാധിതയായി കിടപ്പിലാണ്. സംസാരിക്കാൻ ഞങ്ങൾക്ക് രണ്ടുപേർക്കും ധൈര്യം വന്നില്ല. റാബിഅയുടെ ഗാംഭീര്യ പശ്ചാത്തലം തന്നെ കാരണം.
ഞാൻ സുഫ്യാനോട് പറഞ്ഞു: “നിങ്ങൾ വല്ലതും സംസാരിക്കൂ.”
അദ്ദേഹം പറഞ്ഞു: “ഭവതീ, ഈ പ്രയാസം നീങ്ങുവാൻ എന്തുകൊണ്ട് അല്ലാഹുവിനോട് പ്രാർത്ഥിച്ചു കൂടാ. കാര്യങ്ങളൊക്കെ ഒന്ന് സുഗമമായി കിട്ടാൻ തേടിക്കൂടെ?”
റാബിഅ പ്രതികരിച്ചത് ഇങ്ങനെ: “സുഫ്യാനേ! താങ്കൾക്കറിയില്ലേ. എന്റെ ഈ വേദന അല്ലാഹുവിൻ്റെ ഉദ്ദേശ്യപ്രകാരമാണെന്ന കാര്യം?”
സുഫ്യാൻ പറഞ്ഞു: “അതേ. അറിയാം.”
“എങ്കിൽ പിന്നെ അല്ലാഹുവിന്റെ ഉദ്ദേശ്യത്തിന് വിരുദ്ധമായി വല്ലതും ഞാൻ അവനോട് തേടുന്നത് എങ്ങനെയാണ്? ഒരിക്കലും പ്രേമഭാജനത്തോട് എതിര് പ്രവർത്തിക്കാൻ പാടില്ല.”
റാബിഅ കൂടുതൽ സൂഫീ ചിന്തയിലേക്ക് കടക്കുകയായിരുന്നു. "നമ്മുടെ എല്ലാമറിയുന്നവനാണ് അല്ലാഹു. അവൻ ഇച്ഛിച്ചത് നൽകുന്നു. അത് നാം ഏറ്റുവാങ്ങുന്നു."
സുഫ്യാൻ ചോദിച്ചു: “ഈ വേളയിൽ മഹതിക്ക് വല്ല ആശയും ഉണ്ടോ?”
പ്രതികരണം വിചിത്രമായിരുന്നു: “കഴിഞ്ഞ പന്ത്രണ്ട് കൊല്ലമായി നല്ല പഴുത്ത ഈത്തപ്പഴം ഞാൻ കൊതിക്കുന്നു. താങ്കൾക്കറിയാമല്ലോ ബസ്വറയിൽ ധാരാളം ഈത്തപ്പഴം ലഭിക്കുമെന്ന്. പിന്നീട് എനിക്കത് കിട്ടി. ഞാൻ തിന്നു. പക്ഷേ ഞാനൊരു അടിമയാണ്. അടിമയെ സംബന്ധിച്ച് സ്വന്തമായ മോഹങ്ങൾക്ക് പ്രസക്തിയില്ല. ഞാൻ ഒരു കാര്യം ഉദ്ദേശിക്കുന്നു. എന്റെ യജമാനൻ അത് ഉദ്ദേശിക്കുന്നില്ല. എങ്കിൽ വലിയ നന്ദികേടാണത്. ഒരു അടിമയെ സംബന്ധിച്ച് ഒന്നും കൊതിക്കരുത്. ഒന്നും നിനക്കരുത്; തൻ്റെ യജമാനൻ കൊതിക്കുന്നതും നിനക്കുന്നതുമല്ലാതെ. എങ്കിലേ യഥാർത്ഥ അടിമയായി മാറൂ; കാരണം അല്ലാഹുവിന്റെ ഉദ്ദേശ്യം മറ്റൊന്നാണെങ്കിലോ."
സുഫ്യാൻ മൗനിയായി. പിന്നീട് ഒന്നും സംസാരിച്ചില്ല. അദ്ദേഹം പറഞ്ഞു: “ഭവതിയുടെ കാര്യത്തിൽ വല്ല അഭിപ്രായവും പറയാൻ നമുക്കാകില്ല. സ്വന്തം കാര്യം ഭവതി തന്നെ തീരുമാനിക്കുക.”
അപ്പോൾ റാബിഅ പ്രതികരിച്ചു: “താങ്കൾ ഏറ്റവും നല്ല മനുഷ്യനാണ്; ഭൗതിക പ്രേമം ഇല്ലായെങ്കിൽ.”
സുഫ്യാൻ ചോദിച്ചു: “അതെന്താണ് അങ്ങനെ പറഞ്ഞത്?”
“താങ്കൾ നബിവചനങ്ങൾ നിവേദനം ചെയ്യാൻ താല്പര്യപ്പെടുന്നു. പക്ഷേ അത് ഭൗതിക പ്രശസ്തിക്കായിക്കൂടാ.”സുഫ്യാന്റെ മനസ്സ് പിടച്ചു. മഹതിയുടെ സംഭാഷണം ഹൃദയത്തെ നിർമലമാക്കി. അദ്ദേഹം പറഞ്ഞു: “എൻ്റെ നാഥാ. എന്നോട് നീ പൊരുത്തപ്പെടണം.” അതിനും വന്നു റാബിഅയുടെ പ്രതികരണം: “താങ്കൾക്ക് നാണമില്ലേ. താങ്കൾ തൃപ്തിപ്പെടാത്ത ഒരാളുടെ തൃപ്തി യാചിക്കാൻ.”
മാലിക് ബിൻ ദീനാർ പറയുന്നു: “ഒരിക്കൽ ഞാൻ റാബിഅക്കരികിലെത്തി. ഒരു പൊട്ടിയ കൂജയാണ് അവർ ഉപയോഗിക്കുന്നത്. അതിൽ വെള്ളം പാനം ചെയ്യുന്നു. അതുകൊണ്ടു തന്നെ അംഗശുദ്ധിയും വരുത്തുന്നു. വളരെ പഴകിയ ഒരു ഷീറ്റാണുള്ളത്. ഒരു ഇഷ്ടികയിൽ തലചായ്ക്കുന്നു. കണ്ടപ്പോൾ എനിക്ക് വല്ലാത്ത വേദന തോന്നി. ഞാൻ പറഞ്ഞു: ‘അത്യാവശ്യം സമ്പന്നരായ കൂട്ടുകാർ എനിക്കുണ്ട്. സമ്മതം നൽകിയാൽ അവരിൽനിന്ന് വല്ലതും ഞാൻ സംഘടിപ്പിക്കാം. നിങ്ങളുടെ അത്യാവശ്യങ്ങൾക്ക് ഉപയോഗിക്കാമല്ലോ.’
ഇതിന് റാബിഅയുടെ പ്രതികരണം ഇങ്ങനെയായിരുന്നു: “അല്ലയോ മാലിക്! താങ്കൾക്ക് വലിയ തെറ്റ് പറ്റിയിരിക്കുന്നു. എനിക്കും താങ്കൾ പറഞ്ഞ പണക്കാർക്കും ജീവിതം മാർഗം നൽകുന്നവൻ ഒരാൾ തന്നെയല്ലേ?”
ഞാൻ പറഞ്ഞു: “അതെ.”
അവർ പ്രതികരിച്ചു: “എങ്കിൽ ഒരാൾ ദരിദ്രനായതിനാൽ അന്നദാതാവായ അവൻ അയാളെ മറക്കുമോ? ഒരാൾ സമ്പന്നനായതിനാൽ അന്നദാതാവായ അവൻ അയാൾക്ക് വാരിക്കോരി നൽകുമോ?”
ഞാൻ പറഞ്ഞു: “ഇല്ല.”
“എങ്കിൽ എന്റെ അവസ്ഥ അവനറിയാം. അവനെ ഓർമ്മപ്പെടുത്തേണ്ട കാര്യം എനിക്കില്ല. അവൻ്റെ ഉദ്ദേശ്യം എൻ്റെ ജീവിതത്തിൽ വിധി തീർപ്പായി നടക്കുന്നു. അത്രമാത്രം. അവൻ ഉദ്ദേശിക്കുന്നതല്ലാതെ ഉദ്ദേശിക്കാൻ നമുക്ക് സാധ്യമല്ല.”
ഒരിക്കൽ ബസ്വറയിലെ ഒരു പ്രമുഖൻ റാബിഅയെ കാണാൻ വന്നു. അവർ രോഗബാധിതയാണ്. വേദന തിന്ന് കഴിയുന്ന സമയം. ആഗതന് വല്ലാത്ത പ്രയാസം തോന്നി. അദ്ദേഹം ഇഹലോകത്തെ ആക്ഷേപിച്ച് സംസാരിക്കാൻ തുടങ്ങി. റാബിഅ അതുകേട്ട് പറഞ്ഞു: “വളരെ നന്നായിരിക്കുന്നു. താങ്കൾ ഇഹലോകത്തെ പ്രേമിക്കുന്നു എന്നാണ് ഈ പറഞ്ഞതിന് അർത്ഥം. ഇല്ലായിരുന്നുവെങ്കിൽ അതിനെപ്പറ്റി പറയാൻ താങ്കൾക്ക് നാവ് പൊങ്ങില്ലായിരുന്നു. ഒരു വസ്തുവിനെ വാങ്ങിയവനാണ് അതിന്റെ ന്യൂനതകൾ പറഞ്ഞു കൊണ്ടിരിക്കുക. അതിൻ്റെ വില കുറച്ചു കിട്ടാനാണത്. താങ്കളുടെ മനസ്സ് ഇഹലോകത്തിൽ നിന്ന് പൂർണ്ണമായും മുക്തമാണെങ്കിൽ നാവുകൊണ്ട് ഇഹലോകത്തെ പരാമർശിക്കുകയില്ലായിരുന്നു. അതാണ് പറഞ്ഞത്, “ഒരാൾ ഒന്നിനെ ഇഷ്ടപെട്ടാൽ അതിനെക്കുറിച്ചുള്ള പരാമർശം വർധിപ്പിക്കും.”
