എട്ടു പതിറ്റാണ്ട് നീണ്ടു നിന്നതായിരുന്നു റാബിഅയുടെ ജീവിതം. അന്ത്യത്തോടടുത്ത സമയം; ആത്മീയ ചിന്തകളിൽ മാത്രമായി അവർ ജീവിതം തള്ളിനീക്കി.
രോഗഗ്രസ്തയായ റാബിഅയെ സന്ദർശിക്കാൻ പലരും എത്തിച്ചേർന്നു. പുണ്യം നേടാനും അന്ത്യോപദേശം കേൾക്കാനുമെല്ലാം അവർ കൊതിച്ചു. റാബിഅ അല്ലാഹുവിലേക്ക് മടങ്ങാനുള്ള തത്രപ്പാടിലായിരുന്നു. ഇഹലോകത്തിൽ ഏകാന്തത കൊതിച്ച മനസ്സ് ബഹളമയമില്ലാതെ ഈ ലോകത്ത് നിന്ന് യാത്ര പോകാൻ ആഗ്രഹിച്ചു.
മരണമുഹൂർത്തം ആസന്നമായി എന്ന് തോന്നിയ സമയം. റാബിഅ ചുറ്റിലും ഇരിക്കുന്നവരോട് പറഞ്ഞു: “നിങ്ങൾ എല്ലാവരും എണീറ്റ് പോവുക. ഈ സ്ഥലം അല്ലാഹുവിന്റെ ദൂതന്മാർക്ക് വേണ്ടി ഒഴിഞ്ഞുകൊടുക്കുക." അവിടെ കൂടിയവർക്ക് ബോധ്യമായി; ബീവി മടങ്ങുകയാണെന്ന്. അവർ പുറത്തിറങ്ങി. പിന്നീട് വാതിൽ കൊട്ടിയടച്ചു. അതിനിടയിൽ തൻ്റെ ഭൃത്യ അബദയോട് ബീവി ഇങ്ങനെ കൽപ്പിച്ചു: "എൻ്റെ മരണ വിവരം കൊട്ടിഘോഷിക്കാൻ നീ നിൽക്കേണ്ട. എന്നെ കഫൻ (മറവു ചെയ്യുന്നതിന് മുന്നോടിയായി പൊതിയാൻ ഉപയോഗിക്കുന്ന വെളുത്ത തുണിക്കഷണം) ചെയ്യേണ്ടത് ഞാൻ ധരിച്ചിരിക്കുന്ന ഈ വസ്ത്രത്തിലും മുഖമക്കനയിലും മാത്രമായിരിക്കണം." അവർ അന്ത്യത്തിലും ഭൗതികവിരക്തി കാത്തുസൂക്ഷിക്കാനുള്ള തത്രപ്പാടിലായിരുന്നു.
അടഞ്ഞുകിടക്കുന്ന റാബിഅയുടെ മുറിയിൽ നിന്ന് വിശുദ്ധ ഖുർആനിൻ്റെ ഒരു വാക്യം ഉയർന്നു കേട്ടു. "ഓ ശാന്തി അടഞ്ഞ ആത്മാവേ! നിന്റെ രക്ഷിതാവിലേക്ക് പരിപൂർണ്ണ സംതൃപ്തിയോടെ മടങ്ങുക." അനന്തരം ശഹാദത്ത് കലിമയുടെ (സത്യസാക്ഷ്യം) വചനം ഉച്ചത്തിലുയർന്നു. പിന്നീട് ശബ്ദങ്ങൾ ഒന്നുമില്ല. പുറത്തു നിൽക്കുന്നവർക്ക് ബോധ്യമായി; റാബിഅ യാത്രയായിരിക്കുന്നെന്ന്. അവർ വാതിൽ തുറന്നു നോക്കി. ആ പുണ്യാത്മാവ് എന്നന്നേക്കുമായി വിട പറഞ്ഞിരിക്കുന്നു.
വാർത്ത കാട്ടുതീ പോലെ പരന്നു. സൂഫീ ലോകം ഞെട്ടിക്കരഞ്ഞു. ഒരുപാട് പേരുടെ ആശാ കേന്ദ്രം അസ്തമിച്ചിരിക്കുന്നു. പിന്നെ വൈകിയില്ല. മയ്യത്ത് കുളിപ്പിച്ചു. അവർ നിർദ്ദേശിച്ചിരുന്ന പോലെ ധരിച്ചിരുന്ന പഴയ വസ്ത്രത്തിൽ തന്നെ പൊതിഞ്ഞു. നിസ്കാരം നിർവഹിച്ചു. മറവു ചെയ്തു. വിശ്വാസികൾ ഒഴുകിയെത്തി. അവരുടെ അന്ത്യവിശ്രമകേന്ദ്രത്തിനരികിൽ പ്രാർത്ഥനയിലും മറ്റും മുഴുകി.
ഒരു സംഘം സാത്വികർ അവരുടെ അന്ത്യവിശ്രമകേന്ദ്രത്തിന് സമീപത്ത് വന്ന് ചോദിച്ചു: “അല്ലയോ റാബിആ! ഭവതി ഇഹലോകത്തിലേക്ക് തീരെ തിരിഞ്ഞു നോക്കിയിരുന്നില്ലല്ലോ. ഇപ്പോൾ എന്താണ് അവസ്ഥ? ലക്ഷ്യമാക്കിയത് കരസ്ഥമായോ? അത്ഭുതം സംഭവിച്ചു. കുഴിമാടത്തിൽ നിന്നും ഒരു ശബ്ദം ഉയർന്നു കേട്ടു: "ഞാൻ ലക്ഷ്യമാക്കിയത് ഞാൻ നേടിയെടുത്തിരിക്കുന്നു."
ഒരു വർഷം പിന്നിട്ടപ്പോൾ ഭൃത്യ അബദ റാബിഅയെ സ്വപ്നത്തിൽ കണ്ടു. അബദ പറയുന്നു: “ഞാൻ കാണുമ്പോൾ മഹതി നല്ല പട്ടിന്റെ വസ്ത്രമാണ് ധരിച്ചിരിക്കുന്നത്. പച്ചപ്പട്ട്! ഇത്രയും സൗന്ദര്യമുള്ളത് ഞാൻ ഇന്നുവരെ കണ്ടിട്ടില്ല. ഞാൻ ചോദിച്ചു: “ഞങ്ങൾ പൊതിഞ്ഞ കമ്പിളിയുടെ ജുബ്ബയും മുഖമൊക്കനയും എവിടെ?”
അവർ പ്രതികരിച്ചു: “അതെല്ലാം അല്ലാഹു എന്നിൽ നിന്ന് ഊരി വാങ്ങി. പകരം
നീ കാണുന്നത് സമ്മാനിച്ചു. ഊരി വാങ്ങിയ കഫൻ പുടവ ചുരുട്ടി സീൽ വെച്ചു. ഉന്നത സോപാനത്തിലേക്ക് (ഇല്ലിയ്യീൻ) ഉയർത്തി. അന്ത്യദിനത്തിൽ അത് എനിക്ക് പ്രതിഫലമായി മാറും.” ഞാൻ ചോദിച്ചു: “ഇതിനു വേണ്ടിയായിരുന്നോ ജീവിതത്തിൽ അവ ധരിച്ചിരുന്നത്?” അവർ പറഞ്ഞു: “നീ ഈ കണ്ടതല്ലാം അല്ലാഹു അവന്റെ ഇഷ്ടദാസന്മാർക്ക് നൽകുന്ന ഔദാര്യം മാത്രം.” ഹിജ്റ 185ലായിരുന്നു അന്ത്യം. എ.ഡി 801 ൽ.
