ഹസനുൽബസ്വരി ഒരിക്കൽ റാബിഅക്കരികിലെത്തി ഇങ്ങനെ അപേക്ഷിച്ചു: “ഭവതീ, മറ്റാരിൽ നിന്നും പഠിച്ചതോ കേട്ടതോ അല്ലാത്ത അറിവിൽ നിന്ന് ഒരക്ഷരമെങ്കിലും എന്നെ പഠിപ്പിക്കുക. അഥവാ ഒരു സൃഷ്ടിയുടെയും മാധ്യമമില്ലാതെ ഹൃദയത്തിൽ വന്നിറങ്ങിയ ജ്ഞാനശകലം എനിക്ക് പകർന്നു തരൂ.”
ബീവിയുടെ പ്രതികരണം ഇങ്ങനെയായിരുന്നു: “ഒരു ദിവസം ഞാൻ പരുത്തി കൊണ്ട് നൂലുണ്ടാക്കി. അതു മാർക്കറ്റിൽ കൊണ്ടുപോയി വിൽപ്പന നടത്തി വല്ലതും വിശപ്പടക്കാൻ സമ്പാദിക്കണം. ഇതായിരുന്നുലക്ഷ്യം. വിറ്റപ്പോൾ കിട്ടിയത് രണ്ടു ദിർഹമാണ്. ഇതിൽ ഒരു ദിർഹം ഞാൻ ഒരു കൈയ്യിലും മറ്റേ ദിർഹം മറുകൈയ്യിലും പിടിച്ചു. കാരണം മറ്റൊന്നുമല്ല; ഒരേസമയം ഒരു ജോഡി വസ്തു എൻ്റെ ഒരു കയ്യിൽ ഇല്ലാതിരിക്കാൻ വേണ്ടിയായിരുന്നു. ആ ദിനം എന്നെ സംബന്ധിച്ച് ആത്മീയ വെളിപാടിന്റെ തുറവു ദിനമായിരുന്നു.”
ഒരിക്കൽ ഹസനുൽ ബസ്വരിയുടെ ഒരു ശിഷ്യൻ പറഞ്ഞു: “ഹസൻ ഇങ്ങനെ പറയുന്നുണ്ട്: ‘സ്വർഗ്ഗത്തിൽ അല്ലാഹുവിന്റെ അപാര സൗന്ദര്യ ദർശനം ഒരു സെക്കൻഡ് തടയപ്പെട്ടാൽ സ്വർഗ്ഗവാസികൾ മുഴുവനും സങ്കടപ്പെടുന്ന രീതിയിൽ ഞാൻ കരഞ്ഞു പോകും.’
ഇതിന് റാബിഅയുടെ മറുപടി ഇങ്ങനെയായിരുന്നു: ‘അദ്ദേഹം പറഞ്ഞ ആശയം ശരിയാണ്. പക്ഷേ ഇഹലോകത്ത് തന്നെ അല്ലാഹുവിന്റെ സ്മരണ ഒരു സെക്കൻഡ് അലക്ഷ്യമായിപ്പോയാൽ ദുഃഖം കൊണ്ട് ഏങ്ങലടിച്ച് അദ്ദേഹം കരയണം. അതാണ് പരലോകത്ത് അദ്ദേഹം ലക്ഷ്യമിട്ട കരച്ചിലിനെ അടയാളപ്പെടുത്തുക. മറിച്ചാണെങ്കിൽ എല്ലാം വെറും ദിവാസ്വപ്നങ്ങളും സങ്കല്പങ്ങളും മാത്രമായി പരിണമിക്കും.’”
ബീവിയുടെ ആത്മീയ ചിന്തകൾ ഹസനുൽ ബസ്വരിയെ വല്ലാതെ ആകർഷിച്ചു. അവരുമായുള്ള പിരിയാത്ത ബന്ധം തനിക്ക് പാരത്രികഗുണം ചെയ്യുമെന്ന് അദ്ദേഹം ഒരുവേള നിനച്ചു. അതിനെന്തുണ്ട് മാർഗ്ഗം? ആലോചിച്ചപ്പോൾ മനസ്സിലേക്ക് ഓടിയെത്തിയത് ബീവിയെ ജീവിതത്തിൽ ഒപ്പം കൂട്ടുക എന്നുള്ളതാണ്; വൈകാരിക ലക്ഷ്യമുണ്ടായിരുന്നില്ല. ആത്മീയമായ ഇഴയുടുപ്പത്തിന് ഭൗതികമായ തടസ്സം നീക്കുക എന്ന ചിന്ത മാത്രമായിരുന്നു പിന്നിൽ.
പിന്നെ കാത്തുനിന്നില്ല. ബീവിയുടെ അരികിലേക്ക് ചെന്നു. “എന്തുകൊണ്ട് വിവാഹിതയാകുന്നില്ല?” ഹസനുൽ ബസ്വരി ചോദിച്ചു. ആദ്യ പടി അവരുടെ മനോഗതം മനസ്സിലാക്കുകയായിരുന്നു ലക്ഷ്യം.
റാബിഅ ബീവി പറഞ്ഞു: “മൂന്നു കാര്യങ്ങൾ നിങ്ങളോട് ഞാൻ ചോദിക്കും. അതിന് കൃത്യമായി ഉത്തരം തന്നാൽ നിങ്ങളുടെ നിർദ്ദേശം പാലിക്കാം. വാക്കുകൾ സ്വീകരിക്കാം. ഒന്നാമത്തെ കാര്യമിതാണ്. ഞാൻ ഈ ലോകത്ത് നിന്ന് വിശ്വാസത്തോടെ വിടവാങ്ങുമോ?
കൂടെയുള്ളവരും ഹസനുൽ ബസ്വരിയും ഒന്നിച്ചു പറഞ്ഞു: “അത് ഞങ്ങൾക്കറിയില്ല.”
“എങ്കിൽ രണ്ടാമത്തെ ചോദ്യം പറയട്ടെ. എന്റെ കർമങ്ങൾ രേഖപ്പെടുത്തിയ കണക്കുപുസ്തകം പരലോകത്ത് വച്ച് വലതുകയ്യിലാണോ ഇടതുകയ്യിലാണോ കിട്ടുക?”
അവർ പറഞ്ഞു: “അതും ഞങ്ങൾക്കറിയില്ല.”
മൂന്നാമത്തെ ചോദ്യമിതാണ്. “പാരത്രിക ലോകത്ത് വലതുപക്ഷത്തേക്കും ഇടതുപക്ഷത്തേക്കും സംഘങ്ങളായി ആളുകളെ വേർതിരിച്ചു നിർത്തുമ്പോൾ ഏത് ഗണത്തിലായിരിക്കും ഞാൻ ഉണ്ടാവുക? പറയാൻ സാധ്യമാണോ?”
അവർ പറഞ്ഞു: “സാധ്യമാകാത്ത കാര്യമാണ്.”
അപ്പോൾ റാബിഅ ബീവി പറഞ്ഞു: “ഈ മൂന്ന് കാര്യങ്ങളെക്കുറിച്ച് വ്യാകുലപ്പെടുന്ന ഒരാൾക്ക് എങ്ങനെയാണ് മണവാട്ടി ചമയാൻ കഴിയുക?”
പക്ഷേ, ഹസനുൽ ബസ്വരി വിവാഹമോഹം വെടിഞ്ഞില്ല. ബീവിയുടെ മനസ്സു മാറും. ഒരുപക്ഷേ തന്നെ മാരനായി സ്വീകരിക്കാൻ സാധ്യതയുണ്ട് എന്നു തന്നെ ചിന്തിച്ചു. തദടിസ്ഥാനത്തിൽ ഒരിക്കൽ കടന്നുചെന്ന് വിവാഹാലോചന നടത്തി. അപ്പോൾ റാബിഅ പ്രതികരിച്ചതിങ്ങനെ: “അല്ലയോ ഗുരൂ, വിവാഹമൊക്കെ അനിവാര്യമായിട്ടുള്ളത് ജീവിതത്തിൽ സ്വയം നിലപാട് സ്വീകരിക്കാൻ കഴിയുന്ന ആളുകൾക്കാണ്. എന്റെ സ്വന്തം ശരീരത്തിന് അത്തരമൊരു നിലപാട് സ്വീകരിക്കാൻ സാധ്യമല്ല. കാരണം ഞാൻ മുഴുവനും എൻ്റെ നാഥന് സമർപ്പിതയാണ്. അവൻ്റെ ആജ്ഞകളുടെ നിഴലിലാണ് എൻ്റെ ജീവിതം. സ്വന്തമായ ഒരു വിലയും നിലയും എനിക്കില്ല. വൈവാഹിക ജീവിതത്തിന് ആദ്യം സ്വന്തം ഉൺമയെക്കുറിച്ച് ബോധ്യം വേണ്ടേ. അത്തരമൊരു ഉൺമയുടെ ബോധ്യം എനിക്കില്ല. ഞാൻ എൻ്റെ നാഥനിൽ സ്വയം നഷ്ടപ്പെട്ടിരിക്കുന്നു. അവൻ്റെ ഉൺമയാണ് എൻ്റെ ഉൺമ. അതാണ് എൻ്റെ ആധാരം. അതുകൊണ്ട് ഗുരൂ, നിർബന്ധമാണെങ്കിൽ താങ്കൾ മറ്റു തരുണികളെ വിവാഹമാലോചിക്കുക.”
മറുപടി ഹസനുൽ ബസ്വരിയെ ഇരുത്തി ചിന്തിപ്പിച്ചു. അദ്ദേഹം ചോദിച്ചു. എങ്ങനെയാണ് ഈ ഒരു ചിന്താസ്ഥാനം ഭവതി എത്തിച്ചത്? മറുപടി ഇതായിരുന്നു: "ഞാൻ എല്ലാവിധ ഭൗതികാനുഭവങ്ങളെയും ഉപേക്ഷിച്ചു കളഞ്ഞു. അവൻ്റെ അസ്തിത്വത്തിലായി അവയെ ബലി കൊടുത്തു.”
