ഒരു ദിവസം ഒരു തസ്കരൻ റാബിഅയുടെ വീട്ടിൽ കടന്നു. മോഷ്ടിക്കാൻ കാര്യമായ ഒന്നും വീട്ടിലില്ല. ദാരിദ്ര്യത്തിന്റെ കാലമാണ്. കിട്ടിയതാവട്ടെ എന്ന് കരുതി കള്ളൻ ബീവിയുടെ മുഖമക്കന കൈവശപ്പെടുത്തി. പഴകിക്കൊണ്ടിരിക്കുന്ന മുഖമക്കനയാണ്. മോഷണ വസ്തുവുമായി കള്ളൻ വാതിലിൽ ചെന്നപ്പോൾ അത് അടഞ്ഞുകിടക്കുന്നു.
പരിഭ്രമം തോന്നിയ അയാൾ കിട്ടിയിടത്ത് തന്നെ മുഖമക്കന കൊണ്ടിട്ട് വീണ്ടും വാതിൽക്കലിലേക്ക് കുതിച്ചു. അപ്പോൾ വാതിൽ മലർക്കെ തുറന്നു കിടക്കുന്നുണ്ട്. ഏതായാലും മുഖമക്കനയെടുത്തു പോകാമെന്ന് കരുതി വീണ്ടും അത് കൈയ്യിലൊതുക്കി. വാതിലിലേക്ക് നടന്നു. വാതിൽ അടഞ്ഞുകിടക്കുന്നു. ഏഴുതവണ ഇതേ അനുഭവം ആവർത്തിച്ചു. ഏഴാമത്തെ തവണ ഒരു ശബ്ദം അയാൾ കേട്ടു: “അല്ലയോ തസ്കരാ…. ഈ മോഷണത്തിന് നിനക്ക് ഒരു വഴിയും തുറന്നു കിട്ടില്ല. നീണ്ട കാലമായി റാബിഅ സ്വന്തത്തെ എന്നെ ഏൽപ്പിച്ചിരിക്കുകയാണ്. നിദ്ര ഉപേക്ഷിച്ചാണ് അവരുടെ ആരാധന. ഇബിലീസിനെ പോലും അവരുടെ ഏകാന്തതയെ ഭേദിക്കാൻ നാം അനുവദിക്കില്ല.
അല്ലയോ തസ്കരാ…. നീ അവരുടെ മുഖമുക്കന മോഷ്ടിക്കാൻ ലക്ഷ്യമിട്ടു വന്നു. നീ ഒരു പരാജിതൻ തന്നെ. നമ്മുടെ പ്രണയിനി നിദ്രയിലാകാം. പക്ഷേ നാം ഉറക്കൊഴിച്ച് കാത്തിരിപ്പുണ്ട്. നീ വെറുതെ ശാരീരത്തിന് ക്ഷീണം വരുത്തി വയ്ക്കാതെ കടന്നുപോകൂ." കള്ളനു മനസ്സിലായി ഇതു സാധാരണ സ്ത്രീയല്ല. അയാൾ തുറന്ന വാതിലിലൂടെ പെട്ടെന്ന് രക്ഷപ്പെട്ടു.
ഓരോ ഘട്ടങ്ങളിലും അല്ലാഹുവിൽ നിന്നുള്ള അപാരമായ സഹായം ബീവിക്ക് ലഭിച്ചുകൊണ്ടിരുന്നു. ഇഷ്ടദാസന്മാരെ അവൻ ഏറ്റെടുക്കും എന്നുള്ളതിന്റെ തെളിവായിരുന്നു ഇത്. ഒരു ദിവസം ബീവിയുടെ വേലക്കാരിക്ക് ഭക്ഷണം പാചകം ചെയ്യാൻ ഉള്ളി ആവശ്യമായി വന്നു. ഒരുപാട് നാളായി സ്വാദുള്ള കറി കൂട്ടി പത്തിരി കഴിച്ചിട്ട്'. വേലക്കാരി പറഞ്ഞു: "നമുക്ക് അയൽവാസിയിൽ നിന്ന് വാങ്ങാം." പക്ഷേ റാബിഅ എതിർപ്പ് പ്രകടിപ്പിച്ചു. കഴിഞ്ഞ 40 കൊല്ലമായി ഒന്നും ഒരാളോടും ഞാൻ യാചിക്കില്ല എന്ന് അല്ലാഹുവിനോട് കരാറെടുത്തിട്ട്. അതുകൊണ്ട് തൽക്കാലം വേണ്ട. നീ ഉള്ളിയില്ലാതെ പാചകം ചെയ്യൂ. ഇത് പറഞ്ഞു തീർന്നതും പെട്ടെന്ന് ഒരു പക്ഷി പറന്നെത്തി. അതിൻ്റെ കൊക്കിൽ തൊലി പൊളിച്ച് വൃത്തിയാക്കിയ ഒരു ഉള്ളിയുണ്ട്. പാചകം ചെയ്യാൻ തയ്യാറാക്കി വെച്ച പാത്രത്തിലേക്ക് അവ ഇതളുകളായി പക്ഷി വീഴ്ത്തി. വന്ന വേഗത്തിൽ അത് പറന്നകലുകയും ചെയ്തു.
വേലക്കാരിക്ക് സന്തോഷമായി. അല്ലാഹു സമ്മാനിച്ചതാണ് ഇത് എന്ന് അവൾ വിശ്വസിച്ചു. പക്ഷേ ബീവിയോട് കഥ പറഞ്ഞപ്പോൾ ആ ഭക്ഷണം എനിക്ക് വേണ്ടെന്ന് പറഞ്ഞ് നിരസിക്കുകയായിരുന്നു. കറി കൂട്ടാതെ വെറും ഉണക്കപ്പത്തിരി മാത്രം തിന്നു. അവർ ന്യായം പറഞ്ഞത് “ഒരുപക്ഷേ ഇത് പിശാചിന്റെ ചതിയാകാം; നമ്മുടെ സൂക്ഷ്മത തെറ്റിക്കാനുള്ള തന്ത്രമാകാം"എന്നായിരുന്നു.
പല ഘട്ടങ്ങളിലും ബീവി കരഞ്ഞുകൊണ്ടിരിക്കും. ആത്മീയ ചിന്തകളും ദൈവഭയവുമായിരുന്നു കാരണം. ഒരിക്കൽ ചോദിച്ചപ്പോൾ പറഞ്ഞു: “ഞാൻ കരയുന്നത് ബന്ധവിച്ഛേദനത്തെ ഭയന്നാണ്'; ഞാൻ അവനിൽ ആനന്ദതുന്തിലയാണെങ്കിലും മരണസമയത്ത് "എന്നിൽ വിശ്വാസമർപ്പിച്ചവളല്ല നീ" എന്ന് വിളിച്ചു പറയപ്പെട്ടാലോ എന്ന ഭയമാണ് എനിക്ക്. അങ്ങനെ വല്ലതും സംഭവിച്ചാൽ ഞാൻ എന്ത് ചെയ്യും? എന്തായിരിക്കും എൻ്റെ അവസ്ഥ?”
ഒരിക്കൽ ബീവിയോട് ഒരു ചോദ്യം: “ഒരു അടിമ ദൈവപ്രീതി സമ്പാദിക്കുന്നത് എപ്പോഴാണ് ?”
മറുപടി ഇങ്ങനെയായിരുന്നു: “അനുഗ്രഹം കൊണ്ട് സന്തോഷിക്കും പോലെ പരീക്ഷണം കൊണ്ടും സന്തോഷിക്കുന്ന സമയം”.
ഒരാൾ ചോദിച്ചതിങ്ങനെ: “ഒരു അടിമ പാപിയായാൽ, പശ്ചാത്തപിച്ചാൽ സ്വീകരിക്കപ്പെടുമോ?” ബീവിയുടെ മറുപടി ഇതായിരുന്നു: “പാപിയായ ദാസന് എങ്ങനെ പാശ്ചാത്തപിക്കാൻ കഴിയും? അല്ലാഹു പാശ്ചാത്താപം സ്വീകരിച്ചവനല്ലാതെ പാശ്ചാത്തപിക്കാൻ സാധ്യമല്ല. അവൻ പശ്ചാത്താപം സ്വീകരിച്ചാൽ അടിമ പശ്ചാത്തപിക്കുന്നു എന്നതാണ് സത്യം."
ബീവി പറഞ്ഞതിന്റെ ഉദ്ദേശ്യം വ്യക്തം. അല്ലാഹുവിന്റെ സ്വീകാര്യത ഇല്ലാതെ ഒരാളും നന്നാകുന്നില്ല. നന്നാകാൻ അവൻ സ്വീകരിക്കണം; അവന്റെ സ്വീകാര്യത തന്നെയാണല്ലോ പശ്ചാത്താപത്തിന്റെ മർമം.
